Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രതിസന്ധിക്ക് ഉന്നതതല യോഗത്തിൽ പരിഹാരം കണ്ടെത്തി

ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രതിസന്ധിക്ക് ഉന്നതതല യോഗത്തിൽ പരിഹാരം കണ്ടെത്തി

സ്വന്തം ലേഖകൻ

പാലാ: കടുത്തുരുത്തി - പാലാ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് മീനച്ചിലാറിന് കുറുകെ യാഥാർത്ഥ്യമാകുന്ന ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണം മുടങ്ങിപ്പോകാൻ ഇടയാക്കിയ എല്ലാ പ്രതിസന്ധികളും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ചർച്ച ചെയ്ത് പരിഹരിച്ചതായി രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന അഡ്വ: മോൻസ് ജോസഫ് എംഎൽഎ, മാണി.സി.കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.

2018 - ൽ ടെണ്ടർ ചെയ്ത് 2019 ജനുവരി 30 ന്, എഗ്രിമെന്റ് വച്ച ചേർപ്പുങ്കൽ പാലത്തിന്റെ ഡിസൈനും, ഡ്രോയിംഗും പ്രവർത്തി ഏറ്റെടുത്ത മുളമൂട്ടിൽ കൺസ്ട്രക്ഷന് കൈമാറിയത് 2019 മെയ് മാസത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പാലം നിർമ്മാണം ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റും കരാറുകാരന് കൈമാറിയ ഡ്രോയിംഗും തമ്മിൽ പൊരുത്തക്കേട് വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. ഡ്രോയിങ് അനുസരിച്ചുള്ള എസ്റ്റിമേറ്റല്ല പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കരാറുകാരൻ സർക്കാരിന് പരാതി നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി. സുധാകരന് എംഎൽഎ മാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചെങ്കിലും ഉദ്യോഗസ്ഥ വിഭാഗം നിലപാട് മാറ്റാതിരുന്നതിനെ തുടർന്ന് പ്രശ്‌നപരിഹാരം ഉണ്ടായില്ല. ഇതേ തുടർന്ന് പ്രവർത്തി ഏറ്റെടുത്ത കമ്പനി പാലം നിർമ്മാണം നിർത്തി വെക്കുകയും പ്രശ്‌ന പരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മൂന്നാഴ്ചയ്ക്കുള്ളിൽ പ്രശ്‌നത്തിൽ തീർപ്പ് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകികൊണ്ടുള്ള വിധി പുറപ്പെടുവിച്ചത് പുതിയ വഴിത്തിരിവായി തീർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ആദ്യത്തെ നിയമസഭാ സമ്മേളനത്തിൽ എംഎൽഎ മാരായ മോൻസ് ജോസഫും, മാണി.സി.കാപ്പനും ചേർപ്പുങ്കൽ പാലത്തിന്റെ നിർമ്മാണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സബ്മിഷൻ ഉന്നയിച്ചു. ഇതിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ചോദിച്ചു. ബന്ധപ്പെട്ട എല്ലാവരെയും പങ്കെടുപ്പിച്ച് ഉന്നതതല യോഗം വിളിച്ച് കൂട്ടാമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകുകയും ചെയ്തത് പാലിച്ച് കൊണ്ടാണ് തിരുവനന്തപുരത്ത് ഇന്ന് സർക്കാർ അടിയന്തിര യോഗം ചേർന്നത്.

ഇതിനിടയിൽ കോട്ടയം ജില്ലയിൽ നിന്നുള്ള മന്ത്രി വി.എൻ വാസവനും, കോട്ടയം എംപി തോമസ് ചാഴിക്കാടനും പ്രശ്‌ന പരിഹാരത്തിന് വേണ്ടി ആവശ്യമായ ഇടപെടൽ നടത്തി.
പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 4/5/2019 - ൽ ഇറക്കിയ സർക്കാർ ഉത്തരവ് പ്രകാരം ചേർപ്പുങ്കൽ പാലം നിർമ്മാണം മുന്നോട്ട് കൊണ്ട് പോകാൻ കരാറുകാരനോട് സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇത് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി നൽകിയ മറുപടി ഇന്നത്തെ മന്ത്രിതല യോഗത്തിൽ ചർച്ചയായി.

ചേർപ്പുങ്കൽ പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നിർമ്മാണ സാമഗ്രികളുടെ അളവ് യഥാവിധി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്താൻ കഴിയാതെ ഡിപ്പാർട്ട്‌മെന്റ് തലത്തിൽ ഉണ്ടായ വീഴ്ച മോൻസ് ജോസഫ് എംഎൽഎ യോഗത്തിൽ ചൂണ്ടിക്കാട്ടി. പാലത്തിന് വേണ്ടി 12 ബീം പണിയേണ്ട സ്ഥാനത്ത് 5 എണ്ണത്തിലുള്ള ക്വാണ്ടിറ്റി മാത്രമാണ് എസ്റ്റിമേറ്റിൽ ചേർത്തിട്ടുള്ളതെന്ന് കണ്ടെത്തി. എസ്റ്റിമേറ്റിൽ ഏഴ് ബീം മിസ്സിങ് ആണെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. പാലത്തിന്റെ മുകളിൽ സ്ഥാപിക്കാനുള്ള 4 സ്ലാബുകളിൽ 3 എണ്ണം മാത്രമാണ് എസ്റ്റിമേറ്റിൽ കാണുന്നത്. എസ്റ്റിമേറ്റിൽ ഒരു സ്ലാബ് മിസ്സിങ് ആണെന്നുള്ള കാര്യവും എംഎൽഎ ചൂണ്ടിക്കാട്ടി. ഇതു പ്രകാരം പാലം നിർമ്മിച്ചാൽ രണ്ടറ്റവും കൂട്ടിമുട്ടാത്ത പ്രശ്‌നമാണ് ഉണ്ടാകുന്നത്. അല്ലാതെ കൂട്ടിമുട്ടിക്കാൻ ശ്രമിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പാലം ഇടിഞ്ഞ് താഴെ വീഴും. ഈ ദുരവസ്ഥ ചൂണ്ടിക്കാണിച്ചതിലൂടെ ചേർപ്പുങ്കൽ പാലം നിർമ്മാണത്തിൽ പ്രതിസന്ധി ഉണ്ടായത് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ സർക്കാർ തലത്തിൽ സംഭവിച്ച പാളിച്ച കൊണ്ട് മാത്രമാണെന്ന് വ്യക്തമായതായി മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ് നടത്തിയ വിശദമായ പരിശോധനയിലും ഈ തെറ്റ് കണ്ടെത്തിയിട്ടുണ്ട്. ക്ലറിക്കൽ മിസ്റ്റേക്ക് എന്നും ടെക്‌നിക്കൽ ഡിഫക്ട് എന്നും പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അംഗീകരിച്ച് ആവശ്യമായ തെറ്റ് തിരുത്തൽ നടപടിക്കാണ് സർക്കാർ നിർദ്ദേശം നൽകേണ്ടതെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

ചർച്ചയിൽ പങ്കെടുത്ത മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, മാണി സി.കാപ്പൻ എംഎൽഎ, തോമസ് ചാഴികാടൻ എംപി എന്നിവരും പ്രശ്‌ന പരിഹാരത്തിന് സാധ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം വെളിച്ചത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് ചെയ്യാവുന്ന പരമാവധി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു. സർക്കാർ പുതുക്കി നിശ്ചയിച്ച 2018 നിരക്ക് ലിസ്റ്റ് പ്രകാരം പാലം നിർമ്മാണം നടപ്പാക്കാനുള്ള തീരുമാനം കൈക്കൊണ്ടു. എസ്റ്റിമേറ്റിൽ കുറവ് വന്നതും പാലം നിർമ്മാണത്തിന് അത്യന്താപേക്ഷിതവുമായ നിർമ്മാണ സാമഗ്രികളുടെ ഇനങ്ങൾ പരിശോധിച്ച് തിട്ടപ്പെടുത്താൻ തീരുമാനിച്ചു.

ചേർപ്പുങ്കൽ പാലത്തിന്റെ ഡ്രോയിംഗിലും ഡിസൈനിലും നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരമുള്ള വിവിധയിനങ്ങൾ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. പാലം നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാവിധ സഹായ സഹകരണവും പൊതുമരാമത്ത് വകുപ്പ് നൽകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകി.2009 -ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി മോൻസ് ജോസഫ് പ്രവർത്തിക്കുന്ന സന്ദർഭത്തിലാണ് ചേർപ്പുങ്കൽ സമാന്തര പാലത്തിന് 9 കോടി രൂപയുടെ ഭരണാനുമതി നൽകുന്നത്. എന്നാൽ സ്ഥലം നൽകേണ്ടതായ കുടുംബാംഗങ്ങൾ പാലം നിർമ്മാണത്തിനെതിരെ
ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും പോയത് മൂലമാണ് ചേർപ്പുങ്കൽ പാലം നിർമ്മാണം തടസ്സപ്പെട്ടത്. കോടതി വിധികൾ അനുകൂലമായി വന്നതിന് ശേഷമാണ് 2019 - ൽ പാലം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത്. സർക്കാർ തലത്തിൽ ഉണ്ടായ വീഴ്ച മൂലം പാലം നിർമ്മാണം നിർത്തി വയ്ക്കാൻ കരാറുകാരൻ നിർബന്ധിതമായതാണ് പുതിയ പ്രതിസന്ധിയായി തീർന്നത്. ഈ പ്രശ്‌നങ്ങളാണ് നിരന്തരമായ ചർച്ചകളിലൂടെ ഇപ്പോൾ പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നത് കണക്കാക്കി പാലം നിർമ്മാണം പുനരാരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രശ്‌ന പരിഹാരത്തിന് വേണ്ടി എല്ലാ ജനനേതാക്കളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി സഹകരിച്ച് പ്രവർത്തിച്ചത് വികസന രംഗത്ത് മാതൃകയായി തീർന്നു.

തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിലെ ശ്രുതി ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ വി.എൻ വാസവൻ, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എം പി, മോൻസ് ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ എന്നിവർ നേരിട്ടും ഓൺലൈനായും പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആനന്ദ് സിങ് ഐ. എ.എസ്, അഡീഷണൽ സെക്രട്ടറി അജിത് കെ. ജോസഫ്, ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയർ എസ്. മനോമോഹൻ, കോട്ടയം ബ്രിഡ്ജസ് എക്‌സിക്യൂട്ടിവ് എൻജിനീയർ സിസിലി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP