Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിൽ അടി മുതൽ മുടി വരെ കാതലായ മാറ്റം നടക്കുന്നു; ഡിസിസി പുനഃസംഘടനയിൽ എല്ലാവരുമായി ചർച്ച നടത്തിയിരുന്നു; കൂടിയാലോചന ഉണ്ടായില്ലെന്ന ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നു; ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം തള്ളി ടി സിദ്ദിഖ്

കോൺഗ്രസിൽ അടി മുതൽ മുടി വരെ കാതലായ മാറ്റം നടക്കുന്നു; ഡിസിസി പുനഃസംഘടനയിൽ എല്ലാവരുമായി ചർച്ച നടത്തിയിരുന്നു; കൂടിയാലോചന ഉണ്ടായില്ലെന്ന ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നു; ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം തള്ളി ടി സിദ്ദിഖ്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ഡിസിസി പുനഃസംഘടനയിൽ ചർച്ച നടത്തിയില്ലെന്ന് ഉമ്മൻ ചാണ്ടി ആവർത്തിക്കുമ്പോഴും അദ്ദേഹത്തിന്റെ നിലപാട് തള്ളി കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്. പുനഃസംഘടന സംബന്ധിച്ച് എല്ലാവരുമായും ചർച്ച നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായും ചർച്ച നടന്നിരുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി. കോൺഗ്രസിൽ അടിമുതൽ മുടിവരെ കാതലായ മാറ്റം നടക്കുന്നു എന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ദിഖ്.

കേരളം പ്രത്യേകസാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഒരു തവണ യുഡിഎഫ്, പിന്നെ എൽഡിഎഫ് എന്നിങ്ങനെയാണ് അധികാരത്തിൽ വരാറ്. എന്നാൽ ഇടതുമുന്നണി ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിന്റെ പ്രവർത്തനത്തിന്റെ ആത്മവിശ്വാസത്തിൽ കുറവുണ്ടായി. താഴേത്തട്ടിൽ സംഘടനാപരമായ ദൗർബല്യങ്ങൾ പുറത്തുവന്നു.

ഈ ദൗർബല്യങ്ങളെ തിരിച്ചറിയുക എന്നതാണ് ഒരു നേതൃത്വത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേതാവും ചേർന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി സംഘടനാ വിഷയങ്ങളും പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം മണിക്കൂറുകളോളം ചർച്ച ചെയ്തിരുന്നു. എല്ലാവരുമായും കൂടിക്കാഴ്ച നടന്നിരുന്നു. സിദ്ദിഖ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയം ഉണ്ടാകില്ലെന്ന് ടി സിദ്ദിഖ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിയുമായി വൈകാരിക ബന്ധമാണുള്ളത്. അദ്ദേഹത്തെ ഇരുട്ടിൽ നിർത്തിയിട്ടില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിൽ കൂടിയാലോചന നടന്നില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നതായിപ്പോയി. അദ്ദേഹത്തെപ്പോലൊരാൾ ഇത്തരം സംസാരത്തിലേക്കു വഴുതി വീഴരുതായിരുന്നു. സംസാരത്തിലും പ്രവർത്തനത്തിലും സംയമനം പാലിക്കുന്നതിനു പകരം എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുകയെന്നതാണ് സംഘടനയോട് ഇപ്പോൾ ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടിരുന്നു.

എ ഗ്രൂപ്പ് നോമിനിയെ ഒഴിവാക്കി കോഴിക്കോട് ഡിസിസി പ്രസിഡന്റായി പ്രവീൺ കുമാറിനെ നിയമിച്ചതിൽ തനിക്കും പങ്കുണ്ടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഗ്രൂപ്പ് പരിഗണയിൽ വന്നില്ല. പലരെയും പോലെ തന്നെ താനും പ്രവീണിനെയാണ് പിന്തുണച്ചത്. ഇക്കാര്യം തുറന്ന് പറയാൻ ആഗ്രഹിക്കുകയാണ്. ജില്ലയിൽ പാർട്ടിയെ നയിക്കാൻ കരുത്തുറ്റയാൾ പ്രവീൺ ആണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയതെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ ടി സിദ്ദിഖ് കൂട്ടിച്ചേർത്തു.

തന്റെ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് നിയമനമല്ല. മലബാർ രാഷ്ട്രീയം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ രാഹുൽ ഗാന്ധിയും എ കെ ആന്റണിയുമടക്കമുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. എന്നാൽ താൻ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെ കനത്ത ആക്രമണമാണ് പാർട്ടിയിൽ നിന്ന് തന്നെ നേരിടേണ്ടി വന്നതെന്നും സിദ്ദിഖ് പറഞ്ഞു.

തങ്ങൾ അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല വെള്ളിയാഴ്ച പറഞ്ഞിരുന്നു. 'ഞങ്ങൾ അധികാരം കിട്ടിയ സമയത്ത് അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചിട്ടില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് പോകാനെ ശ്രമിച്ചിട്ടുള്ളൂ. തങ്ങളുടെ നേതൃത്വം ധാർഷ്ട്യത്തിൻ ഭാഷ ഉപയോഗിച്ചിട്ടില്ല. കെ കരുണാകരനെയും മുരളീധരനേയും തിരികെ കൊണ്ടു വന്നതടക്കം ആ സമയത്താണ്. പാർട്ടിയിലെ കാര്യങ്ങൾ തന്നോട് ആലോചിക്കണമെന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടിയോട് ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ഞാനിപ്പോൾ നാലണ മെമ്പർ മാത്രമാണ്. ഉമ്മൻ ചാണ്ടി അതുപോലെയല്ല.

എഐസിസിയുടെ ജനറൽ സെക്രട്ടറിയും വർക്കിങ് കമ്മിറ്റി അംഗവുമാണ്. എഐസിസിയുടെ ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. അദ്ദേഹത്തെ അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാവില്ല' - എന്നും ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP