Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2019 മാർച്ച് വരെ ആകെ നഷ്ടം 5.75 കോടി; അതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ലാത്തിനാൽ ഇപ്പോൾ നഷ്ടം എത്രയെന്ന് അറിയില്ല; പാർട്ടി പത്രത്തിന് വരിസംഖ്യ നൽകാൻ 2.12 ലക്ഷം എടുത്തു; സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി കരുവന്നൂരിനെ കടത്തി വെട്ടുന്നത്; മുഴുവൻ ഉത്തരവാദിത്തവും സെക്രട്ടറിയുടെ തലയിലേക്ക് വച്ച് സിപിഎം നേതാക്കൾ തലയൂരി

2019 മാർച്ച് വരെ ആകെ നഷ്ടം 5.75 കോടി; അതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ലാത്തിനാൽ ഇപ്പോൾ നഷ്ടം എത്രയെന്ന് അറിയില്ല; പാർട്ടി പത്രത്തിന് വരിസംഖ്യ നൽകാൻ 2.12 ലക്ഷം എടുത്തു; സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതി കരുവന്നൂരിനെ കടത്തി വെട്ടുന്നത്; മുഴുവൻ ഉത്തരവാദിത്തവും സെക്രട്ടറിയുടെ തലയിലേക്ക് വച്ച് സിപിഎം നേതാക്കൾ തലയൂരി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതി ഞെട്ടിക്കുന്നത്. തട്ടിപ്പിന്റെ രീതികൾ ഓരോന്നായി പുറത്തു വരുമ്പോൾ സഹകാരികൾക്ക് നിക്ഷേപിച്ച പണവും തിരികെ ലഭിക്കുന്നില്ല. കരുവന്നൂർ സഹകരണ ബാങ്കിനെ വെല്ലുന്ന തട്ടിപ്പാണ് ബാങ്കിൽ അരങ്ങേറിയത്. ഇതിനെല്ലാം പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിന്റെ ജനപ്രതിനിധി അടക്കമുള്ള ഉന്നത നേതാക്കൾ ഒടുവിൽ കൈകഴുകി. കോടികളുടെ ബാധ്യത സെക്രട്ടറിയുടെ തലയിൽ കെട്ടി വച്ചു. എത്രയും വേഗം പണം അടച്ച് ബാധ്യത തീർക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് കൈയിട്ടു വാരൽ നടത്തിയ സിപിഎം നേതാക്കൾ. താനെവിടെ ചെന്ന് എടുത്തു കൊടുക്കാനെന്ന് സെക്രട്ടറി ചോദിക്കുമ്പോൾ തങ്ങൾക്ക് അത് അറിയേണ്ടതില്ലെന്ന് നിലപാടിലാണ് നേതാക്കൾ.

2018-19 ലെ ഓഡിറ്റ് വരെയാണ് ബാങ്കിൽ അവസാനമായി നടന്നിട്ടുള്ളത്. ഈ റിപ്പോർട്ടിലെ കണക്ക് പ്രകാരം ബാങ്കിന്റെ ഇതു വരെയുള്ള നഷ്ട േ5, 75,69,056.97 രൂപയാണ്. ഇതിന് ശേഷം ഓഡിറ്റ് നടന്നിട്ടില്ല. നടത്താൻ അനുവദിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. നടന്നിരുന്നുവെങ്കിൽ തട്ടിപ്പ് ഇതിന്റെ മൂന്നിരട്ടി വരുമായിരുന്നു. ദേശാഭിമാനി വരിസംഖ്യ ബാങ്കിൽ നിന്ന് എടുത്ത് അടച്ചിട്ടുണ്ട്. കൃഷിഭവൻ അഡ്വാൻസ് എന്ന് കാണിച്ചാണ് ഈ പണം തിരിമറി നടത്തിയത്. 2018 വർഷം 721 പേരുടെ വാർഷിക വരിസംഖ്യയാണ് സീതത്തോട് ലോക്കൽ കമ്മറ്റി ദേശാഭിമാനിക്ക് അടച്ചത്. സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത ലോക്കൽ കമ്മറ്റിയായി സീതത്തോട് മാറി. ഇതിനായി ബാങ്കിൽ നിന്ന് വകമാറ്റിയത് 12.12 ലക്ഷം രൂപയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്വാധീനം ചെലുത്താൻ ഈ വരിസംഖ്യയ്ക്ക് ആയി. കോന്നി ഉപതെരഞ്ഞെടുപ്പിൽ കെയു ജനീഷ്‌കുമാറിന് സീറ്റ് കിട്ടാൻ ഈ വരിസംഖ്യയും ഒരു കാരണമായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൃഷിഭവൻ അഡ്വാൻസ് എന്ന പേരിൽ 2018 സെപ്റ്റംബർ മൂന്നിന് 3530 റഫറൻസ് നമ്പരായി 12,12000 രൂപ പമ്പ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന് നൽകിയെന്നാണ് ഡിറ്റെയിൽഡ് ജനറൽ വൗച്ചറിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിനാമി പേരിൽ അഡ്വാൻസ് നൽകിയ തുക ദേശാഭിമാനി വരിസംഖ്യ അടയ്ക്കാനാണ് ഉപയോഗിച്ചത് എന്ന് പറയുന്നു. ഇതേ ലഡ്ജറിൽ ബാലമുരളി എന്നയാൾ ലക്ഷങ്ങൾ ഒരു മാസം തന്നെ അഞ്ചു തവണ നൽകിയിട്ടുള്ളതായും പറയുന്നു. ബാലമുരളി എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്നും ഈ പേരിലേക്ക് പണം അഡ്വാൻസ് ചെയ്ത് ജീവനക്കാരോ ഡയറക്ടർ ബോർഡ് അംഗങ്ങളോ വാങ്ങിയെടുത്തിരിക്കാമെന്നാണ് പറയുന്നത്. കൃഷിഭവൻ അഡ്വാൻസ്, സസ്പെൻസ് അക്കൗണ്ട്, എഫ്ഡി വായ്പ, പണ്ടമില്ലാതെ സ്വർണ പണയ വായ്പ എന്നിങ്ങനെ പലതരം തട്ടിപ്പുകൾ ബാങ്കിൽ അരങ്ങേറി. കെയു ജനീഷ്‌കുമാർ എംഎൽഎ, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ എന്നിവർ ഡയറക്ടർ ബോർഡിലുള്ള സമയത്താണ് തട്ടിപ്പിൽ ഏറെയും നടന്നിട്ടുള്ളത് എന്നാണ് പറയുന്നത്.

സിപിഎമ്മിന്റെ അധോലോകം പോലെ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് പരിശോധനയ്ക്ക് ഓഡിറ്റ് സംഘത്തെയോ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ ഉള്ളവരെയോ പ്രവേശിപ്പിക്കാറില്ല. നേതാക്കളുടെ തട്ടിപ്പ് ബാങ്ക് സെക്രട്ടറിക്ക് അറിയാമായിരുന്നു. എന്നാൽ, ഭീഷണി ഭയന്ന് ഇദ്ദേഹം എല്ലാത്തിനും കൂട്ടുനിൽക്കേണ്ടി വരികയായിരുന്നുവെന്ന് പറയുന്നു. ഇതു കാരണം തട്ടിപ്പിന്റെ മുഴുവൻ ബാധ്യതയും ഇയാളുടെ ചുമലിലായി. ഉടൻ പണം തിരികെ അടയ്ക്കാൻ ഇയാൾക്ക് കർശന നിർദ്ദേശം നൽകി കഴിഞ്ഞു. പാർട്ടി സമ്മേളനം അടുത്ത വന്ന സാഹചര്യത്തിൽ തങ്ങളുടെ മുഖം രക്ഷിക്കാൻ കുറ്റം മുഴുവൻ സെക്രട്ടറിയുടെ മേൽ കെട്ടി വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള നീക്കവും നടക്കുന്നു. ഒട്ടനവധി ബിനാമി അക്കൗണ്ടുകൾ ബാങ്കിലുണ്ട്. നേതാക്കളിൽ ചിലർ വളം ഇടപാടുകളിൽ 25 ശതമാനം കമ്മിഷൻ നേരിട്ട് കൈപ്പറ്റിയിരുന്നു. ഈ തുക ബാങ്കിലെ ബിനാമി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ട് പിന്നീട് അവിടെ നിന്ന് പിൻവലിക്കുകയാണ് ചെയ്തിരുന്നത്. പാർട്ടി സമ്മേളനം അടുക്കുകയും ബാങ്കിലെ തട്ടിപ്പുകൾ സംബന്ധിച്ച് നിരന്തരം വാർത്തകൾ വരികയും ചെയ്തതോടെ ജനീഷ് അടക്കമുള്ള നേതാക്കൾ അങ്കലാപ്പിലാണ്.

ബാങ്ക് തട്ടിപ്പിനെതിരേ കോൺഗ്രസ് സമരവും തുടങ്ങിയിട്ടുണ്ട്. സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതിയും പണാപഹരണവും വിജിലൻസ് അന്വേഷിക്കണമെന്ന് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭരണ സമിതി ഉടൻ പിരിച്ചു വിടണം. കോൺഗ്രസ് നേതൃത്വത്തിൽ രണ്ടാഴ്ചയായി ബാങ്കിനു മുന്നിൽ സമരം നടക്കുകയാണ്. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ജില്ലാ തലത്തിലേക്ക് സമരം വ്യാപിപ്പിക്കുക യാണെന്ന് ഭാരവാഹികൾ പറഞ്ഞു. സഹകാരികൾ നിക്ഷേപിച്ച പണം ആവശ്യത്തിന് തിരികെ നൽകുന്നില്ല. സെക്രട്ടറി ഇല്ല എന്ന കാരണം പറഞ്ഞ് പലരെയും തിരിച്ച് അയയ്ക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾ നടത്താൻ പോലും കൈയിൽ പണമില്ലാതെ ആളുകൾ വിഷമിക്കുന്നു. സ്വർണപണയം ഉൾപ്പെടെയുള്ള വായ്പകൾ ലഭിക്കുന്നില്ല. ഓൺലൈൻ വിദ്യാഭ്യാസത്തിനായി സർക്കാർ പ്രഖ്യാപിച്ച മൊബൈൽഫോൺ വായ്പയും നൽകിയിട്ടില്ല. നേരത്തെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ബാങ്കായിരുന്നു. വളം ഡിപ്പോയുടെ പ്രവർത്തനവും നിലച്ചു. സാമൂഹിക പെൻഷൻ നൽകുന്നതും വൈകിപ്പിക്കുകയാണ്. പെൻഷൻ ലഭിക്കാത്ത നിർധന കുടുംബങ്ങൾക്ക് ആയിരം രൂപ നൽകുന്ന പദ്ധതിക്ക് അനുവദിച്ച തുക ഇതേവരെ വിതരണം ചെയ്തിട്ടില്ല. ഇടപാടുകാരുടെ സ്ഥിര നിക്ഷേപത്തിൽ നിന്നും അവരറിയാതെ വായ്പ എടുക്കുന്നു. തിരികെ അടയ്ക്കേണ്ടി വരുമ്പോൾ അനധികൃതമായി സസ്പെൻസ് അക്കൗണ്ടിൽ നിന്നും വരവ് വെച്ച് തിരിമറി നടത്തുകയാണ്. അടിയന്തരഘട്ടത്തിൽ മാത്രം വിനിയോഗ അവകാശമുള്ള സസ്പെൻസ് അക്കൗണ്ടിൽ കോടിക്കണക്കിനു രൂപയുടെ തിരിമറിയാണ് നടക്കുന്നത്.

ഇതിന്റെ മുഴുവൻ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും അവർ പറഞ്ഞു. ബാങ്കിന്റെ സാമ്പത്തിക അടിത്തറ തകർന്നിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് ബാങ്ക് നിയന്ത്രണം. കേരള ബാങ്കിൽ നിന്നും സ്വർണപ്പണയത്തിന്മേൽ ലഭിച്ച ഓവർ ഡ്രാഫ്റ്റ് ഇനത്തിൽ ഏഴുകോടിയിൽ അധികം രൂപയും പലിശയും തിരിച്ചടയ്ക്കാതെ ഭീമമായ ബാധ്യത ബാങ്ക് വരുത്തി വച്ചിട്ടുണ്ട്. ഇതുകാരണം കേരള ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പ നിലച്ചു. ഈട് നൽകുന്ന വസ്തുവിന്റെ മതിപ്പ് വിലയിൽ അധികരിച്ച തുകയുടെ അനധികൃത വായ്പകൾ പാർട്ടി പ്രവർത്തകർക്കും ഇഷ്ടക്കാർക്കും തരപ്പെടുത്തി നൽകുകയാണ്. ഇത്തരത്തിൽ തിരിച്ചടവ് മുടങ്ങിയ വായ്പകൾ നിരവധിയാണ്. ഈട് നൽകുന്ന വസ്തുവിൽ ബിനാമികളുടെ പേരിൽ വായ്പയെടുത്തും തട്ടിപ്പ് നടന്നിട്ടുണ്ട്. ആധാരങ്ങളുടെ പകർപ്പ് ഉപയോഗിച്ചും വായ്പ എടുത്തിട്ടുണ്ട്. ഇടപാടുകളുടെ ഒറിജിനൽ ആധാരങ്ങൾ തിരികെ ചോദിക്കുമ്പോൾ ബാങ്കിൽ നിന്നും നഷ്ടപ്പെട്ടതായാണ് പറയുന്നത്. സമീപ കാലത്ത് ബാങ്കിൽ പല അനധികൃത നിയമനങ്ങളും നടന്നു. സിപിഎം നേതാക്കളും അവരുടെ ബന്ധുക്കളുമാണ് നിയമനം നേടിയത്. ഇവരിൽ പലരും പിരിഞ്ഞു പോയെങ്കിലും ബാധ്യതകൾ നില നിൽക്കുകയാണ്. നിയമനങ്ങൾ സംബന്ധിച്ച പരാതിയിൽ അന്വേഷണം ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചിരിക്കുകയാണ്. നിയമനം വിവാദമായപ്പോൾ രാജി വച്ചു പോയവരാണ് പലരും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബാങ്കിൽ പരിശോധനകൾ പ്രഹസനമാണ്. തങ്ങളുടെ ഇഷ്ടക്കാരെ ഉപയോഗിച്ചുള്ള പരിശോധനകൾ മാത്രമാണ് ഭരണസമിതി നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുറമേ നിന്നുള്ള പരിശോധനകൾ പോലും സീതത്തോട് ബാങ്കിൽ നടന്നിട്ടില്ല.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൃത്രിമ രേഖകൾ നിർമ്മിച്ച് നടത്തിയിട്ടുള്ള ഓഡിറ്റുകൾ പുനഃപരിശോധിക്കാൻ തയാറാകണം: പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓഡിറ്റ് അട്ടിമറിക്കുന്ന രീതിയാണ് തുടരുന്നത്. ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജോയിന്റ് രജിസ്ടാർക്കും സംസ്ഥാന വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോൺഗ്രസ് സീതത്തോട് മണ്ഡലം പ്രസിഡന്റ് രതീഷ് കെ. നായർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് ജോയൽ മാത്യു, കെഎസ്‌യു ജില്ലാ സെക്രട്ടറി അലൻ ജിയോ മൈക്കിൾ എന്നിവർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP