Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈകിക്കിട്ടിയ നീതി പോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെന്റ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ? നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടും ഉടക്കുവെച്ച സർക്കാറിനെതിരെ കെ കെ സുരേന്ദ്രൻ; നമ്പി നാരായണന് കോടികൾ കൊടുത്തവർ സുരേന്ദ്രന്റെ കാര്യത്തിൽ കണ്ണടക്കുന്നത് എന്തുകൊണ്ട്?

വൈകിക്കിട്ടിയ നീതി പോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെന്റ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ? നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടും ഉടക്കുവെച്ച സർക്കാറിനെതിരെ കെ കെ സുരേന്ദ്രൻ; നമ്പി നാരായണന് കോടികൾ കൊടുത്തവർ സുരേന്ദ്രന്റെ കാര്യത്തിൽ കണ്ണടക്കുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളാ പൊലീസിന്റെ അതിക്രമങ്ങളുടെ ഇരയാണ് നമ്പി നാരായണൻ എന്ന ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ. കാലം ഏറെ വൈകിയാണ് അദ്ദേഹത്തിന് നീതി ലഭിച്ചതും. എന്നാൽ, പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല. ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പകരം അവരെ വേട്ടയാടുന്ന സമീപനമാണ് സർക്കാറിന്.

മുത്തങ്ങയിൽ പൊലീസ് നടപടിക്കിരയായ അദ്ധ്യാപകൻ കെ കെ സുരേന്ദ്രന് നഷ്ടപരിഹാരം നൽകാനുള്ള ബത്തേരി സബ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയതാണ് സർക്കാറിന്റെ നിഷേധ മനോഭാവത്തിന്റെ തെളിവായി നിൽക്കുന്നത്. അതിക്രമം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്നായിരുന്നു കോടതി വിധി.

മുത്തങ്ങ പൊലീസ് നടപടിയിൽ നിരാലംബരായ ആദിവാസികൾ മാത്രമല്ല അവർക്ക് ധാർമിക പിന്തുണ നൽകിയവരും അന്നത്തെ പൊലീസ് രാജിനിരകളായിരുന്നു. പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിനിരയായി കേൾവിശക്തി തകരാറിലായ ബത്തേരി ഡയറ്റിലെ മുൻ അദ്ധ്യാപകൻ കെ കെ സുരേന്ദ്രൻ അവരിൽ ഒരാളാണ്. ക്രൂര മർദ്ദനത്തിന് പുറമെ 30 ദിവസത്തെ ജയിൽ വാസവും അനുഭവിക്കേണ്ടി വന്ന സുരേന്ദ്രന്റെ പേര് പക്ഷേ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല.

താൻ നേരിട്ട മാനഹാനിക്കും ശാരീരിക പീഡകൾക്കും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സുരേന്ദ്രൻ ബത്തേരി സബ് കോടതിയെ സമീപിച്ചു. 17 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ ഇക്കഴിഞ്ഞ ജനുവരിയിൽ അനുകൂല വിധി വന്നു. സുരേന്ദ്രന് സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ഈ തുക കുറ്റക്കാരായ അന്നത്തെ ബത്തേരി സബ് ഇൻസ്‌പെക്ടറിൽ നിന്നും സർക്കിൾ ഇൻസ്‌പെക്ടറിൽ നിന്നും ഈടാക്കാം. പൊലീസ് അതിക്രമങ്ങൾക്കെതിരായ താക്കീതായി കൂടി ഈ വിധി ചർച്ച ചെയ്യപ്പെട്ടു. ഈ വിധിക്കെതിരെയാണ് സർക്കാർ ഇപ്പോൾ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് നടന്ന മുത്തങ്ങ പൊലീസ് നടപടി അന്ന് സർക്കാരിനെതിരായ സിപിഎമ്മിന്റെ പ്രധാന പ്രാചരണ വിഷയമായിരുന്നു. മാത്രമല്ല ഈ കേസിൽ ബത്തേരി സബ് കോടതി കുറ്റക്കാരായി കണ്ടെത്തിയ അന്നത്തെ ബത്തേരി എസ്‌ഐ പി വിശ്വഭരനും സിഐ ദേവരാജനും കോടതി വിധിക്കെതിരെ അപ്പീൽ പോയിട്ടുമില്ല. എന്നിട്ടും ഈ കേസിൽ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനം നിയമം കൈയിലെടുക്കുന്ന പൊലീസുകാർക്കുള്ള സംരക്ഷണമായി മാറുന്നുവെന്നാണ് വിമർശനം.

സംഭവത്തിൽ പ്രതിഷേധിച്ച് സുരേന്ദ്രനും രംഗത്തുവന്നു. വളരെ വൈകിക്കിട്ടിയ നീതിപോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെന്റ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ? എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.

കെ കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

മുത്തങ്ങയിൽ ആദിവാസികൾക്കെതിരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പട്ടിക വർഗ കമ്മീഷനും ആവശ്യപ്പെട്ടിരുന്നു. 2003 ഫെബ്രുവരി 19 മുതൽ 22 വരെ സുൽത്താൻ ബത്തേരി കേന്ദ്രമാക്കി ആദിവാസികൾക്കെതിരെ ഭീകരമായ പൊലീസ് അതിക്രമമാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ദേശീയ കമ്മീഷനുകൾ സിബിഐ അന്വേഷണത്തോടൊപ്പം ഇത്തരമൊരു ശിപാർശ നൽകിയത്. അന്ന് ഈ അതിക്രമം നടത്തിയ എ.കെ.ആന്റണിയുടെ സർക്കാർ ടേം സ് ഓഫ് റഫറൻസിൽ അക്കാര്യം ഉൾപ്പെടുത്താതെ പൊലീസുകാരന്റെ മരണവും അതിന്റെ ഗൂഢാലോചനയും മാത്രം അന്വേഷിക്കാൻ ഉത്തരവിറക്കി.

സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മർദ്ദനമേറ്റു. സമരത്തിൽ പങ്കെടുക്കാത്തവരടക്കം ജയിലിലായി. ജാനുവിനും ഗീതാനന്ദനും എനിക്കു മൊക്കെ അതി ഭീകരമായ മർദ്ദനമേറ്റു. അന്ന് കേരളത്തിലെ മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം അന്വേഷിച്ചെങ്കിലും റിപ്പോർട്ട് എഴുതി വെച്ചതല്ലാതെ ഒന്നും ചെയ്തില്ല. മുത്തങ്ങ അതിക്രമം ചോദ്യം ചെയ്ത് ഞാൻ സുൽത്താൻ ബത്തേരി കോടതിയിൽ നൽകിയ കേസുകൾ മാത്രമായിരുന്നു ഇക്കാര്യത്തിൽ നടന്ന ഏക നിയമനടപടി. മുൻസിഫ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം ചാർജ് ചെയ്ത് വിചാരണ ഘട്ടത്തിലെത്തിയപ്പോൾ അത് ഹൈക്കോടതിയാൽ ക്വാഷ് ചെയ്യപ്പെട്ടു. ഹൈക്കോടതിയിൽ ഞാൻ പോയെങ്കിലും അനുകൂല വിധി കിട്ടിയില്ല. പൊലീസിന് അത്രമേൽ സംരക്ഷണമാണ് ഭരണകൂടം നൽകുന്നത്. അതിക്രമം നടത്തിയാൽ പോലും പൊലീസിനെതിരെ നടപടികൾ എളുപ്പമല്ല. നിയമാനുസൃതം സബ് കോടതിയിൽ നൽകിയ സിവിൽകേസാണ് പതിനെട്ടാമത്തെ വർഷം എനിക്കനുകൂലമായി വിധിയായത്.

നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതിൽ മൂന്നിലൊന്ന് തുകയാണ് വിധിച്ചത്. മുത്തങ്ങയിൽ നടന്ന പൊലീസ് അതിക്രമം ചോദ്യം ചെയ്ത് അന്ന് സമരം ചെയ്ത പാർട്ടികളാണ് (കേരള കോൺഗ്രസൊഴികെ ) ഇപ്പോൾ കേരളം ഭരിക്കുന്നത്. ക്രൂരമായ പൊലീസ് മർദ്ദനവും അതിക്രമവും നേരിട്ടയാളാണ് ആഭ്യന്തര വകുപ്പിനും ഭരണത്തിനും നേതൃത്വം കൊടുക്കുന്നത്. വളരെ വൈകിക്കിട്ടിയ നീതിപോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെന്റ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP