Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി: യുവജന സഹകരണ സംഘങ്ങൾ സെപ്റ്റംബർ ആറിന് ഉദ്ഘാടനം ചെയ്യും: മന്ത്രി വാസവൻ

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി: യുവജന സഹകരണ സംഘങ്ങൾ സെപ്റ്റംബർ ആറിന് ഉദ്ഘാടനം ചെയ്യും: മന്ത്രി വാസവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ച യുവജന സഹകരണ സംഘങ്ങൾ സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 സഹകരണ സംഘങ്ങളാണ് തീരുമാനിച്ചതെങ്കിലും ഇതുവരെ 26 സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് യുവജന സഹകരണ സംഘങ്ങൾ നിലവിൽ വരുന്നത്. യുവ ശക്തിയെ ഗുണപരമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വ്യത്യസ്തമായ ആശയങ്ങളുമായാണ് യുവജനങ്ങൾ സഹകരണ സംഘം രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വന്നത്. വ്യത്യസ്ത ആശയങ്ങളിൽ നിന്നും വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സംഘങ്ങളെ തിരഞ്ഞെടുത്തത്. ഈ സഹകരണ സംഘങ്ങളിൽ വായ്പാ പ്രവർത്തനങ്ങളില്ല. സംരംഭകരായാണ് പ്രവർത്തിക്കുന്നത്.

18 വയസു മുതൽ 45 വയസുവരെയുള്ളവർക്കായിരിക്കും യുവജന സഹകരണ സംഘങ്ങളിൽ അംഗത്വം നൽകുക.
ഐടി, നിർമ്മാണം, കാർഷികം, മാലിന്യ നിർമ്മാർജ്ജനവും പുനരുപയോഗവും, വാണിജ്യം, ഉത്പാദനം, വിപണനം, സിനിമ, ഇക്കോ ടൂറിസം, ജൈവ കൃഷി മേഖലകളിലാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. കാറ്ററിങ് രംഗവും പ്രവർത്തന മേഖലയായി തിരഞ്ഞെടുത്തിട്ടുണ്ട്. തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സംഘങ്ങൾ, അവശ്യ സാധനങ്ങൾ മൊബൈൽ ആപ്പിലെ രജിസ്‌ട്രേഷനിലൂടെ വീട്ടിലെത്തിക്കുന്ന സഹകരണ സംഘങ്ങൾ, ചലച്ചിത്ര, ദൃശ്യ മാധ്യമ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന സഹകരണ സംഘങ്ങൾ, പുസ്തക പ്രസാധനത്തിനും അച്ചടിക്കുമുള്ള സഹകരണ സംഘം, ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിന് ഉതകുന്ന തരത്തിൽ മാറ്റിയെടുക്കുന്ന സഹകരണ സംഘം, തൊഴിലാളികളെ ലഭ്യമാക്കുന്ന സംഘം, എല്ലാ തൊഴിലുകൾക്കും ആവശ്യമായ പണി ആയുധങ്ങൾ ലഭ്യമാക്കുന്ന സംഘം ഇങ്ങനെ വൈവിദ്ധ്യമായ പ്രവർത്തനങ്ങളാണ് യുവജന സഹകരണ സംഘങ്ങൾ നടത്തുകയെന്ന് മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് സഹകരണ വകുപ്പ് ശ്രമിക്കുകയാണ്. പാലക്കാട് 36 പ്രാഥമിക സംഘങ്ങൾ ചേർന്നാണ് നെൽ ഉത്പാദന സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം ആരംഭിച്ചത്. ഇപ്പോൾ കോട്ടയം ആസ്ഥാനമാക്കി സഹകരണ സംഘം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അപ്പർ കുട്ടനാടും കുട്ടനാടും അരി മില്ലുകൾ തുടങ്ങാനാണ് പദ്ധതി. ഇപ്പോൾ സ്വകാര്യ മില്ലുകാരുടെ ചൂഷണമുണ്ട്. രണ്ട് കിലോ മുതൽ 14 കിലോ വരെ തിരിവ് വരുന്നു. പല തരത്തിലാണ് കർഷകർ ബുദ്ധിമുട്ടുന്നത്. പുതിയ സഹകരണ സംഘം കർഷകർക്ക് ആശ്വാസമാകും. നെല്ല് സംസ്‌കരിച്ച് അരിയാക്കി സപ്ലൈകോ ഔട്ട് ലെറ്റുകൾ വഴി വിൽക്കാൻ കഴിയും. കാർഷിക മേഖലയിൽ മറ്റ് രംഗങ്ങളിലും സഹകരണ സംഘങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കും. നാളികേര രംഗത്ത് കേരഫെഡ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.

യുവജന സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിൽ വട്ടിയൂർക്കാവ് കേന്ദ്രമാക്കി രജിസ്റ്റർ ചെയ്ത യൂത്ത് ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തിൽ ആറിന് വൈകിട്ട് നാലു മണിക്ക് നടക്കും. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎ‍ൽഎ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹു എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP