Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രമേഹത്താലുണ്ടാകുന്ന സങ്കീർണതകളാണ് രക്തക്കുഴൽ സംബന്ധ രോഗങ്ങളുടെ മുഖ്യകാരണം; പ്രാരംഭത്തിൽ കണ്ടെത്തിയാൽ 80 % അവയവ വിച്ഛേദനങ്ങളും ഒഴിവാക്കാം; 'അവയവ വിച്ഛേദനരഹിത കേരളം' പ്രചാരണം തുടങ്ങി

പ്രമേഹത്താലുണ്ടാകുന്ന സങ്കീർണതകളാണ് രക്തക്കുഴൽ സംബന്ധ രോഗങ്ങളുടെ മുഖ്യകാരണം; പ്രാരംഭത്തിൽ കണ്ടെത്തിയാൽ 80 % അവയവ വിച്ഛേദനങ്ങളും ഒഴിവാക്കാം; 'അവയവ വിച്ഛേദനരഹിത കേരളം' പ്രചാരണം തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രക്തക്കുഴൽ സംബന്ധമായ രോഗലക്ഷണങ്ങൾ പ്രാരംഭത്തിൽ തിരിച്ചറിഞ്ഞ് അതിവേഗം ഉചിതമായ ചികിത്സ ലഭ്യമാക്കിയാൽ 80 ശതമാനം അവയവ വിച്ഛേദനങ്ങളും ഒഴിവാക്കാനാകുമെന്ന് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വാസ്‌കുലർ സൊസൈറ്റി ഓഫ് കേരളയുടെ (വാസ്‌ക്) 'അവയവ വിച്ഛേദനരഹിത കേരളം' പ്രചാരണ പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.

പ്രമേഹത്താലുണ്ടാകുന്ന സങ്കീർണതകളാണ് രക്തക്കുഴൽ സംബന്ധമായ രോഗങ്ങളുടെ മുഖ്യകാരണം. വിദ്യാസമ്പന്നർക്കുപോലും ഇക്കാര്യത്തിൽ അവബോധമില്ല. ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണ് ഇന്ത്യ. 75 ദശലക്ഷം പ്രമേഹ രോഗികളാണ് രാജ്യത്തുള്ളത്. കേരളത്തിലും പ്രമേഹ ബാധിതർ കൂടുതലാണ്. ഇത് പ്രമേഹ സംബന്ധമായ പാദരോഗങ്ങളിലേക്കും അവയവ വിച്ഛേദനത്തിലേക്കും നയിക്കുന്നു. സംസ്ഥാനത്ത് മുപ്പതു മുതൽ അൻപതോളം പേരുടെ കാലുകളാണ് പ്രതിദിനം മുറിച്ചുമാറ്റപ്പെടുന്നത്. അംഗപരിമിതരുടെ ജീവിതത്തേയും ആരോഗ്യത്തേയും ഈ അവസ്ഥ പ്രതികൂലമായി ബാധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

എല്ലാവരും പ്രചാരണത്തിന്റെ ഭാഗമാകണമെന്ന് ഗവർണർ അഹ്വാനം ചെയ്തു. പ്രമേഹത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുന്നതിലൂടെ പ്രമേഹത്തിന്റെ ദൂഷ്യവശങ്ങളാലോ പുകവലിയാലോ ആരുടേയും കാൽ മുറിച്ചു മാറ്റപ്പെടില്ലെന്ന് ഉറപ്പുവരുത്താനാകുമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

'അവയവ വിച്ഛേദനരഹിത കേരളം' എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ബോധവൽക്കരണം അത്യാവശ്യമാണെന്നു വാസ്‌ക് പ്രസിഡന്റും തിരുവനന്തപുരം മെഡിക്കൽ കോളജ് വാസ്‌കുലർ സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ആർ.സി.ശ്രീകുമാർ പറഞ്ഞു. പ്രമേഹ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതു കാരണം പ്രമേഹ സംബന്ധമായ പാദരോഗങ്ങളും കാൽമുറിക്കലും വർദ്ധിച്ചുവരികയാണ്. അവബോധത്തിന്റെ അഭാവമാണ് ഈ ദുരിതത്തിന് കാരണം. ഇതിലേക്കായി പ്രമേഹ സംബന്ധമായ സങ്കീർണതകളേയും സംസ്ഥാനത്തെ ചികിത്സാമാർഗങ്ങളേയും കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് പ്രചാരണ ലക്ഷ്യം. 'അവയവ വിച്ഛേദനരഹിത കേരളം' സാധ്യമാക്കാനായി ഒരു വർഷം നീളുന്ന ബോധവൽക്കരണ പരിപാടിക്കാണ് വാസ്‌ക് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്തക്കുഴൽ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പ്രാരംഭത്തിൽ തന്നെ പ്രത്യേക ചികിത്സ തേടാൻ പ്രേരിപ്പിക്കുന്നതിനും കാൽമുറിക്കൽ പോലുള്ള സങ്കീർണതകൾ ഒഴിവാക്കാനുമാണ് വാസ്‌ക് ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഡോ. ശ്രീകുമാറും വാസ്‌കുലർ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രൊഫ. ഡോ എം ഉണ്ണിക്കൃഷ്ണനും വാസ്‌കിന്റെ ഉപഹാരം ഗവർണർക്ക് സമർപ്പിച്ചു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി വാസ്‌കുലർ സർജറി വിഭാഗം മേധാവി ഡോ.പി ശിവനേശൻ നന്ദി പറഞ്ഞു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി വാസ്‌കുലർ സർജൻ ഡോ. ശ്രീറാമും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP