Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടികളുടെ ഭൂസ്വത്ത് ആശുപത്രിക്കും നാട്ടുകാർക്കുമായി ദാനം ചെയ്ത നന്മ മുത്തശ്ശി യാത്രയായി; സ്വന്തം നാടിനു വേണ്ടി നന്മ ചൊരിഞ്ഞ സരസ്വതിഭായിക്ക് ആദരഞ്ജലികൾ അർപ്പിച്ച് നാട്ടുകാരും രാഷ്ട്രീയക്കാരും

കോടികളുടെ ഭൂസ്വത്ത് ആശുപത്രിക്കും നാട്ടുകാർക്കുമായി ദാനം ചെയ്ത നന്മ മുത്തശ്ശി യാത്രയായി; സ്വന്തം നാടിനു വേണ്ടി നന്മ ചൊരിഞ്ഞ സരസ്വതിഭായിക്ക് ആദരഞ്ജലികൾ അർപ്പിച്ച് നാട്ടുകാരും രാഷ്ട്രീയക്കാരും

സ്വന്തം ലേഖകൻ

വിളപ്പിൽശാല: സ്വന്തം നാട്ടിൽ ആശുപത്രി സ്ഥാപിക്കാനും പാവപ്പെട്ട ജനങ്ങൾക്ക് വീടുവയ്ക്കാനും കോടികളുടെ ഭൂസ്വത്ത് ദാനം നൽകിയ നന്മ മുത്തശ്ശിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ച് ഒരു നാട് മുഴുവനും. വിളപ്പിൽശാല അമ്പലത്തുംവിള ജെ.സരസ്വതിഭായി(96)യുടെ വേർപാടാണ് സങ്കടം പരത്തിയത്. അസുഖബാധിതയായി കിടപ്പിലായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.

കുടുംബസ്വത്തായി കിട്ടിയ ഒന്നേകാൽ ഏക്കർ ഭൂമിയാണ് സരസ്വതി ഭായി നാടിനു വേണ്ടി ദാനം ചെയ്തത്. ഒരേക്കർ ഭൂമി വിളപ്പിൽശാലയിൽ ആശുപത്രി സ്ഥാപിക്കാൻ 1957-ൽ സരസ്വതിഭായി സൗജന്യമായി നൽകി. ബാക്കി 25-സെന്റ് നാട്ടിലെ പാവങ്ങൾക്കു വീടുവയ്ക്കാനും നൽകി. സൗജന്യമായി ലഭിച്ച വിളപ്പിൽശാല ജംക്ഷനിലെ ഭൂമിയിൽ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങി. ഇന്ന് അത് വിളപ്പിൽ സാമൂഹിക കേന്ദ്രമാണ്. അനേകർക്ക് അഭയമായ ആശുപത്രി.

1961-ൽ വിളപ്പിൽശാല ആശുപത്രി പ്രവർത്തനം തുടങ്ങിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള, സരസ്വതിഭായിയെയും ഭർത്താവ് കൃഷ്ണപിള്ളയെയും വീട്ടിലെത്തി അഭിനന്ദിച്ചു. ഭൂമി ദാനംചെയ്തതിനു പകരമായി സർക്കാർ ജോലിയും മുഖ്യമന്ത്രി വാഗ്ദാനംചെയ്തു. സമ്പന്നതയിൽ കഴിഞ്ഞിരുന്ന കുടുംബം വർഷങ്ങൾ കഴിഞ്ഞപ്പോൾ ക്ഷയിച്ചു. പേരക്കുട്ടിക്ക് ജോലിതേടി സരസ്വതിഭായി മന്ത്രി മന്ദിരങ്ങൾ കയറിയിറങ്ങിയെങ്കിലും അവഗണനയായിരുന്നു ഫലം.

2013-ൽ വിളപ്പിൽശാല ആശുപത്രി സാമൂഹികാരോഗ്യകേന്ദ്രമായി ഉയർത്തി നിർമ്മിച്ച ബഹുനില മന്ദിരത്തിന് സരസ്വതിഭായിയുടെ പേരു നൽകണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിച്ചില്ല. പ്രതിഷേധമുയർന്നപ്പോൾ ആശുപത്രി ഹാളിന് സരസ്വതിഭായിയുടെ പേരു നൽകി. ആശുപത്രിയിൽ അവരുടെ ഛായാചിത്രവും സ്ഥാപിച്ചു. ഇതു മാത്രമാണ് അവരോട് കാണിച്ച നീതി.

ഭർത്താവിന്റെ മരണശേഷം മകൻ റിട്ട. എസ്‌ഐ. ഭദ്രകുമാറിന്റെയും മരുമകൾ ശാന്തകുമാരിയുടെയും സംരക്ഷണയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. മറ്റുമക്കൾ: പരേതനായ രാജമോഹനൻനായർ, ജയധരൻനായർ(റിട്ട. അദ്ധ്യാപകൻ, കേന്ദ്രീയ വിദ്യാലയം), സുധാകരൻനായർ, പ്രഭാകരൻനായർ, രാജലക്ഷ്മി, ജയലക്ഷ്മി, അംബാലികദേവി(റിട്ട. കെ.എസ്.ആർ.ടി.സി.), പരേതനായ അജിത്കുമാർ(റിട്ട. എഎസ്ഐ.). മറ്റു മരുമക്കൾ: പത്മജ, സുലോചന(റിട്ട. നഴ്സിങ് സൂപ്രണ്ട്), വത്സല, പരേതയായ വിജയകുമാരി, പരേതനായ രാമചന്ദ്രൻനായർ(റിട്ട. ആരോഗ്യവകുപ്പ്), പരേതനായ ഗോപാലൻനായർ(റിട്ട. കെ.എസ്.ഇ.ബി.), പരേതനായ മണികണ്ഠൻനായർ(റിട്ട. കെ.എസ്.ആർ.ടി.സി.), സിന്ധു. സഞ്ചയനം ഞായറാഴ്ച 8.30-ന്.

വിളപ്പിൽശാല ആശുപത്രിയിൽ മൃതദേഹം പൊതുദർശനത്തിനുവച്ചു. ഐ.ബി.സതീഷ് എംഎ‍ൽഎ., ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനൻ, വൈസ് പ്രസിഡന്റ് ഡി.ഷാജി, മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരൻ, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

ബുധനാഴ്ച ശാന്തികവാടത്തിലായിരുന്നു ശവസംസ്‌കാരം. മികച്ച ആരോഗ്യപ്രവർത്തകന് ഇവരുടെ സ്മരണയ്ക്കായി സരസ്വതിഭായി പുരസ്‌കാരം ഏർപ്പെടുത്തി. പുളിയറക്കോണം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രതീക്ഷ ട്രസ്റ്റാണ് പുരസ്‌കാരം നൽകുന്നത്. ജില്ലയിൽ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനം നടത്തുന്നയാൾക്ക് വർഷംതോറും സെപ്റ്റംബർ ഒന്നിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP