Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാപ്പുപറഞ്ഞ് തലയൂരിയ ഡിവൈഎസ്‌പി വിരമിച്ചപ്പോൾ നുണക്കഥയുമായി രംഗത്ത്; പാലിയേക്കര ടോൾ പ്ലാസ വിവാദ സംഭവത്തിൽ ഇരയായ ഇൻഫോ പാർക്ക് ജീവനക്കാരനെ വീണ്ടും അപമാനിച്ച് കെ.കെ.രവീന്ദ്രൻ; ഹരിറാം ടോൾ കൊടുക്കാത്തത്‌ ആർഎസ്എസുകാരൻ ആയത്‌ കൊണ്ട് എന്നും പരാമർശം

മാപ്പുപറഞ്ഞ് തലയൂരിയ ഡിവൈഎസ്‌പി വിരമിച്ചപ്പോൾ നുണക്കഥയുമായി രംഗത്ത്; പാലിയേക്കര ടോൾ പ്ലാസ വിവാദ സംഭവത്തിൽ ഇരയായ ഇൻഫോ പാർക്ക് ജീവനക്കാരനെ വീണ്ടും അപമാനിച്ച് കെ.കെ.രവീന്ദ്രൻ; ഹരിറാം ടോൾ കൊടുക്കാത്തത്‌ ആർഎസ്എസുകാരൻ ആയത്‌ കൊണ്ട് എന്നും പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് പാലിയേക്കര ടോൾ പ്ലാസയിൽ നടന്ന ഒരുസംഭവത്തിന്റെ പേരിൽ തന്നെ 'മറുനാടൻ മലയാളി' ഭീഷണിപ്പെടുത്തി എന്ന റിട്ട.ഡിവൈഎസ്‌പി കെ.കെ.രവീന്ദ്രന്റെ വാദം പൊളിയുന്നു. 2016 ൽ കൊച്ചി ഇൻഫോ പാർക്കിലെ ജീവനക്കാരനും ഒറ്റപ്പാലം സ്വദേശിയുമായ ഹരിറാമിനും കുടുംബത്തിനുമാണ് ചാലക്കുടി ഡിവൈഎസ്‌പി ആയിരുന്ന കെ കെ രവീന്ദ്രനിൽ നിന്ന് മോശം അനുഭവം ഉണ്ടായത്.ഈ വാർത്ത മറ്റു മാധ്യമങ്ങളെ പോലെ മറുനാടനും നൽകിയിരുന്നു. ഇരയായ ഹരിറാം ഫേസ്‌ബുക്കിൽ വീഡിയോ ഇടുകയും സംഭവം വിവാദം ആകുകയും ചെയ്തു. ഡിവൈഎസ്‌പിക്ക് എതിരെ പൊലീസ് കംപെയിന്റ്‌സ് അഥോറിറ്റിയിലും, വിജിലൻസിലും പരാതി പോയി. ഒടുവിൽ ഡിവൈഎസ്‌പി കെ.കെ.രവീന്ദ്രന് എതിരെ സസ്‌പെൻഷൻ നടപടിയും വന്നിരുന്നു. പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞ് തലയൂരി. വാർത്തയുടെ പേരിൽ അന്ന് അദ്ദേഹം മനോരമയ്ക്ക് എതിരെ കേസ് കൊടുത്തതായി പറയുന്നു. എന്നാൽ, മറുനാടന്റെ കാര്യം അന്ന് എവിടെയും പരാമർശിച്ചിട്ടില്ല. അഞ്ചുവർഷത്തിന് ശേഷം അദ്ദേഹം ഒരു യൂട്യൂബ് വീഡിയോയിൽ പുതിയ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

മറുനാടൻ, തന്നെ വളരെ മോശമായ പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിച്ചു, വ്യാഖ്യാനിച്ചു, അദ്ദേഹത്തിന്റെ മകന്റെ എൻട്രൻസ് പഠനം മുടങ്ങി, അദ്ദേഹത്തിന്റെ അമ്മ തകർന്നുപോയി, വലിയ നഷ്ടങ്ങൾ സംഭവിച്ചു എന്നൊക്കെയാണ് ഡിവൈഎസ്‌പി കെ.കെ.രവീന്ദ്രൻ യൂട്യൂബ് വീഡിയോയിൽ ആരോപിക്കുന്നത്. എന്തായാലും ഡിവൈഎസ്‌പിയുടെ ആരോപണം ഹരിറാം തന്നെ പൊളിക്കുന്നു. ' എന്റെ അന്നത്തെ പാലിയേക്കര വിഷയം മറ്റ് എല്ലാ മാധ്യമങ്ങളിലും വന്നതിന് ശേഷമാണ് മറുനാടൻ സ്റ്റോറി ചെയ്യുന്നത്. അപ്പോ എങ്ങനെയാ അത് മറുനാടൻ താങ്കളെ തകർക്കാൻ ചെയ്യുന്ന വാർത്ത ആകുന്നത്. ' ഹരിറാം തന്റെ കുറിപ്പിൽ ചോദിച്ചു.

2016 ലെ സംഭവം ഇങ്ങനെ

കൊച്ചി ഇൻഫോ പാർക്കിലെ ജീവനക്കാരനും ഒറ്റപ്പാലം സ്വദേശിയുമായ ഹരിറാമിനും കുടുംബത്തിനുമാണ് ചാലക്കുടി ഡിവൈഎസ്‌പി കെ കെ രവീന്ദ്രനിൽ നിന്ന് മോശം അനുഭവം ഉണ്ടായത്. തുടർന്ന് ഹരിറാം ഡി.ജി.പിക്കും ആഭ്യന്തര മന്ത്രിക്കും ഇമെയിലൂടെ പരാതി നൽകുകയായിരുന്നു. കുടുംബത്തെ അപമാനിക്കുക മാത്രമല്ല, അവരോട് ടോൾ നൽകി യാത്ര ചെയ്യാൻ നിർദ്ദേശിച്ചത് തെറ്റാണെന്നും എസ്‌പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ടോൾ പ്ലാസയുമായി ഒത്തുകളിച്ചു എന്ന ആരോപണവും ഡിവൈഎസ്‌പിക്കെതിരെ ഉയർന്നിരുന്നു.
അതിനിടെ സംഭവം ഒത്തുതീർപ്പാക്കാനുള്ള ഡിവൈഎസ്‌പിയുടെ ശ്രമങ്ങൾ മാധ്യമ ഇടപെടൽ കാരണം പൊളിയുകയും ചെയ്തിരുന്നു.

എറണാകുളം-തൃശൂർ റോഡിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമാന്തരമായ റോഡിലൂടെ യാത്ര ചെയ്യവെയാണ് ഹരിയെ ഔദ്യോഗിക വാഹനത്തിലെത്തിയ ഡിവൈഎസ്‌പിയും സംഘവും തടഞ്ഞത്. ഭാര്യയും കൈക്കുഞ്ഞും ഹരി റാമിനൊപ്പമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഒത്തു തീർപ്പിന് ചാലക്കുടി ഡിവൈഎസ്‌പിയും എത്തി. വാഹന രേഖകൾ തിരിച്ചു നൽകി പ്രശ്നം ഒത്തു തീർപ്പിലാക്കാനായിരുന്നു ശ്രമം. സമാന്തര റോഡ് വഴി ആയുധങ്ങളുമായി സംഘം പോകുന്നുവെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് ഡിവൈഎസ്‌പി അന്നും ഇന്നും വിവാദത്തോട് പ്രതികരിക്കുന്നത്.

സംഭവം അന്ന് ഹരി റാം വിശദീകരിച്ചത് ഇങ്ങനെ: 'ഇത് പഞ്ചായത്തിന്റെ വഴിയാണെന്നും പ്രദേശവാസികൾക്ക് മാത്രമേ ഇതുവഴി പോകാൻ നിയമമുള്ളുവെന്നും ഡിവൈഎസ്‌പി ഹരിയോട് പറഞ്ഞു. എന്നാൽ അങ്ങനെയൊരു നിയമത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഹരിയോട് പൊലീസ് വാഹനത്തിന്റെ ബുക്കും പേപ്പറും ചോദിച്ചു. തുടർന്ന് ലൈസൻസിന്റെ കോപ്പി എടുത്ത് നൽകിയെങ്കിലും ഒറിജിനൽ വേണമെന്ന് ഡിവൈഎസ്‌പി നിർബന്ധം പിടിക്കുകയായിരുന്നു. ഒറിജിനൽ രേഖകൾ വാഹനത്തിൽ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാൽ അത് എടുത്തില്ലെന്നായിരുന്നു ഹരിയുടെ മറുപടി. എന്നാൽ താൻ നിയമം പഠിപ്പിക്കേണ്ട കാര്യമില്ലെന്ന പറഞ്ഞ് ഡിവൈഎസ്‌പി കയർത്തു സംസാരിക്കുകയായിരുന്നു.' ആർസി ബുക്ക് രാവിലെ ഓഫീസിൽ വന്ന് വാങ്ങാൻ പറഞ്ഞ ശേഷം ഡിവൈഎസ്‌പി മടങ്ങുകയായിരുന്നെന്ന് ഹരി പറഞ്ഞിരുന്നു.

രേഖകൾ കിട്ടാതെ പോകില്ലെന്ന പറഞ്ഞ ഹരിയോട് റോഡിലിരുന്ന് സമരം നടത്താനാണ് ഡിവൈഎസ്‌പി പറഞ്ഞത്. ഇതിന്റെ വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന ഹരിക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ വൻപ്രതിഷേധവും ഉയർന്നിരുന്നു. പരാതി ഇമെയിലിൽ ആഭ്യന്തരമന്ത്രിക്ക് നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎസ്‌പിയെ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് കാസർകോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു.

റിട്ട.ഡിവൈഎസ്‌പി കെ.കെ.രവീന്ദ്രൻ പുതിയ യൂട്യൂബ് വീഡിയോയിൽ പറയുന്നത് ഇങ്ങനെ

മറുനാടൻ എന്നെ മോശമായി ചിത്രീകരിക്കുന്നതിന് കാരണമായത് പാലിയേക്കര ടോൾ പ്ലാസയിൽ, ഒരുവിഷയവുമായി ബന്ധപ്പെട്ടാണ്. ആ സംഭാവത്തില് ഒരാൾ, ഞങ്ങൾ കള്ളക്കടത്തുമായി ബന്ധപ്പെട്ട്, കാര്യത്തിന് വേണ്ടി കണ്ടുപിടിക്കുന്നതിന് വേണ്ടി മഫ്തിയില് പൊലീസുകാരും, അവിടെ മറഞ്ഞ് നിൽക്കുന്ന സമയത്ത്, ഒരുവാഹനം പെട്ടെന്ന് വന്ന് ടോൾ കൊടുക്കാതെ, ടോൾ കൊടുക്കാത്ത വിഷയവുമായി ബന്ധപ്പെട്ടല്ല, കട്ടിങ് റോഡിൽ കൂടി രക്ഷപ്പെട്ട് പോകാൻ ശ്രമിക്കുന്ന സമയത്ത് ഞങ്ങൾക്ക് സംശയം തോന്നി. ആ വണ്ടി തടയാൻ ചെന്നപ്പോൾ ഞങ്ങളെ ബ്ലോക്ക് ചെയ്തു, ആ ഡ്രൈവർ, അപ്പോൾ നമ്മള് കാര്യങ്ങൾ ചോദിച്ചു. ചോദിച്ചപ്പോൾ ആളുപറഞ്ഞ ഭാഗം, ആള് ശരിക്കും ഒറ്റപ്പാലം ഭാഗത്തുള്ള ആർഎസ്എസുകാരനാണ്, അതുകൊണ്ട് മോദി ഭരിക്കുമ്പോൾ, കേന്ദ്രത്തിൽ മോദി ഭരിക്കുമ്പോൾ ഞാൻ ഒരിക്കലും ടോൾ കൊടുത്തുപോവില്ല,ഞാൻ ഒരു ആർഎസ്്‌സുകാരനാണ്. അതുകൊണ്ടാണെന്ന് പറഞ്ഞു. അപ്പോ, അങ്ങനെയാണെങ്കിൽ, നിങ്ങളെ തിരിച്ചറിയാൻ നിങ്ങളുടെ കാർഡോ, ഡ്രൈവിങ് ലൈസൻസോ തരണമെന്ന് മാത്രമാണ് പറഞ്ഞത്. ആ സമയത്ത് അയാളുടെ കൈയിൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ല.

സത്യത്തിൽ ഇയാൾ കാക്കനാട് ജോലി ചെയ്യുന്നൊരു ഐടി എക്‌സപേർട്ടാണ്. രാത്രി കാലങ്ങളിലൊക്കെ കൂടലൊക്കെ കഴിഞ്ഞിട്ട്, ഞങ്ങളന്ന് സൗകര്യക്കുറവ് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ വൈദ്യ പരിശോധന നടത്താതിരുന്നത്. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നെങ്കിൽ, വേറെ പലകാര്യങ്ങളും തെളിയിക്കപ്പെടുമായിരുന്നു. ഞങ്ങളുടെ ലക്ഷ്യം എന്താണെന്ന് വച്ചാൽ, കള്ളക്കടത്ത് പിടിക്കുകയായിരുന്നു. അന്നു അദ്ദേഹം പറഞ്ഞ വാക്കിതാണ്....ആൾ ഒരിക്കലും ടോൾ കൊടുക്കില്ല എന്നാണ്. അതിന് എതിരെയാണ് ഈ സംഭവം ഉണ്ടായത്.

അതേസമയം, ഡിവൈഎസ്‌പി ധാർഷ്ട്യം കാട്ടിയ ഹരിറാം എംവി ഇദ്ദേഹം പച്ചക്കള്ളമാണ് പറയുന്നതെന്ന് പ്രതികരിച്ചു. ഇങ്ങനെ കള്ളം പറയുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. താൻ ജീവിതത്തിൽ ഈ നിമിഷം വരെ മദ്യമോ, മറ്റ് ഒരു ലഹരിയോ ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉണ്ടെന്ന് തെളിയിച്ചാൽ അദ്ദേഹം പറയുന്ന എന്തു പണിയും താൻ ചെയ്യാമെന്നും ഹരിറാം കുറിപ്പിൽ പറഞ്ഞു. അന്ന് തന്റെ കൂടെ ഗർഭിണിയായ ഭാര്യയും, രണ്ടര വയസ്സുള്ള മകനും ആണ് ഉണ്ടായിരുന്നത്.

പാലിയേക്കര ടോൾ പ്ലാസ വിഷയം മറ്റ് എല്ലാ മാധ്യമങ്ങളിലും വന്നതിന് ശേഷമാണ് മറുനാടൻ സ്റ്റോറി ചെയ്യുന്നത്. അപ്പോ അത് മറുനാടൻ ഡിവൈഎസ്‌പിയെ തകർക്കാൻ ചെയ്യുന്ന വാർത്ത ആകുന്നത് എങ്ങനെ എന്നും ഹരിറാം ചോദിച്ചു. അന്നത്തെ എസ്‌പി കാർത്തിക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മണൽ കടത്തിയതിന് പിടിച്ചതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന ഡിവൈഎസ്‌പി കെ.കെ.രവീന്ദ്രന്റെ വാദവും ഹരിറാം തള്ളുന്നു.

തന്റെ കരിയറും കുടുംബവും തകർക്കരുതെന്നും പൊലീസ് കംപ്ലൈന്റ് അഥോറിറ്റി, വിജിലൻസ് എന്നിവയിൽ മാപ്പുപറയാം കേസ് പിൻവലിക്കണം എന്ന അഭ്യർത്ഥന പരിഗണിച്ചതൊക്കെ ഡിവൈഎസ്‌പി സൗകര്യപൂർവം മറന്നതും ഹരിറാം ഓർമിപ്പിക്കുന്നു. ചെറിയ നടപടിയിൽ പ്രശ്‌നം ഒതുക്കിയതും കേസിന്റെ പിന്നാലെ താൻ പോകാത്തതും ആണോ തെറ്റെന്നും ഹരിറാം തന്റെ കുറിപ്പിൽ ചോദിച്ചു.

ഹരിറാമിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ഇപ്പോഴാണ് ഇത് കണ്ടത്.. ഇദ്ദേഹം ഇമ്മാതിരി കള്ളം പറയുന്നത് എന്തിനാണ് എന്നു മനസ്സിലാകുന്നില്ല. ഞാൻ ജീവിതത്തിൽ ഈ നിമിഷം വരെ മദ്യമോ, മറ്റ് ഒരു ലഹരിയോ ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉണ്ടെന്ന് തെളിയിച്ചാൽ അദ്ദേഹം പറയുന്ന എന്തു പണിയും ഞാൻ ചെയ്യാം.. അന്ന് എന്റെ കൂടെ എന്റെ ഗർഭിണിയായ ഭാര്യയും, 2.5 വയസ്സുള്ള മകനും ആണ് ഉണ്ടായിരുന്നത്. ഇന്നും അവന് പേടിയാണ് പൊലീസ് എന്നത്..

( ആ വിഡിയോ https://www.facebook.com/7pmstatus/videos/554398664737218/ )

പിന്നെ അന്നത്തെ വിഡിയോയിൽ ഞാൻ RSS കാരൻ ആയതുകൊണ്ട് ടോൾ കൊടുക്കില്ല എന്നു പറഞ്ഞ ഭാഗം കണ്ടവർക്ക് അദ്ദേഹത്തിന്റെ കൂടെ നിൽക്കാം. ഒരു ഭാഗം മാത്രം കേട്ട് വാർത്ത ചെയ്ത Kerala Pradeshikam എന്ന മാധ്യമത്തിന്റെ ധർമ്മം ഇപ്പൊ മനസ്സിലായി. വേറെ ഒന്ന് കൂടെ.. എന്റെ അന്നത്തെ പാലിയേക്കര വിഷയം മറ്റ് എല്ലാ മാധ്യമങ്ങളിലും വന്നതിന് ശേഷമാണ് മറുനാടൻ സ്റ്റോറി ചെയ്യുന്നത്. അപ്പോ എങ്ങനെയാ അത് മറുനാടൻ താങ്കളെ തകർക്കാൻ ചെയ്യുന്ന വാർത്ത ആകുന്നത്.
ഇനി ഒരു ചോദ്യം കൂടെ.. അന്നത്തെ SP കാർത്തിക് സർ എന്തിന്റെ പേരിലാണ് താങ്കൾക്ക് എതിരെ നടപടി എടുത്തത് എന്നു പറഞ്ഞേ.. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മണൽ കടത്തിയത് പിടിച്ചതിനോ. അപ്പൊ പിന്നെ ഞാൻ കൊടുത്ത പരാതി ചുമ്മാതാവും ല്ലേ.

പൊലീസ് കംപ്ലൈന്റ് അഥോറിറ്റി, വിജിലൻസ് എന്നിവയിൽ ഒക്കെ സാർ തന്നെ എന്നോട് മാപ്പ് പറയാം ഈ കേസ് പിൻവലിക്കണം, എനിക്കൊരു മകനുണ്ട്, അവന്റെ വിദ്യാഭ്യാസം, പിന്നെ retire ആകാറായ താങ്കളുടെ പെൻഷൻ പിടിച്ചു വെക്കുന്ന നടപടി ഒക്കെ വേണോ എന്ന് നമ്മുടെ പൊലീസ് കംപ്ലൈന്റ് അഥോറിറ്റി ജഡ്ജി ശ്രീ.കമാൽ പാഷ സർ പറഞ്ഞതും താങ്കൾ മറന്നു ല്ലേ..
പണ്ടത്തെ വടക്കാഞ്ചേരി കേസിൽ വരെ താങ്കൾക്ക് എതിരെയുള്ള വാർത്ത ഉണ്ടെന്ന് പറഞ്ഞു താങ്കളെ ശകാരിച്ചത് അന്ന് അതേ ജഡ്ജി ആണ്.. സാറ് മറന്നു ല്ലേ..

താങ്കൾക്ക് അധികം പേഴ്സണൽ ബുദ്ധിമുട്ട് ഉണ്ടാക്കാതെ, ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഇങ്ങനെ ചെയ്യ്തത് ശെരിയായില്ല എന്ന രീതിയിൽ മാത്രം താങ്കൾക്ക് എതിരെ ചെറിയ നടപടി എടുത്തൊള്ളൂ എന്നു പറഞ്ഞു കേസിന്റെ പിന്നാലെ ഞാൻ പോകാത്തത് ആണോ തെറ്റ്??

2016 ൽ എഴുതിയ മറ്റൊരു കുറിപ്പിൽ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയിൽ സംഭവിച്ചത് എന്തെന്ന് ഹരിറാം വിശദീകരിക്കുന്നുണ്ട്.

ഇതിന്റെ ബാക്കി ഉണ്ടായത് ഇങ്ങനെ :

പൊലീസ് കംപ്ലൈന്റ്‌റ് അഥോറിറ്റി മുമ്പാകെ മൊഴി കൊടുത്തു. ഞാൻ എന്റെ ഭാര്യയേയും, മോനെയും കൂടേ കൂട്ടിയിരുന്നു. അവർ കാറിൽ ഇരുന്നു. രവീന്ദ്രൻ സർ ഉണ്ടായിരുന്നു അവിടെ. പൊലീസ് കംപ്ലൈന്റ്‌റ് അഥോറിറ്റി അദ്ദേഹത്തെ കുറേ ശകാരിച്ചു. അദ്ദേഹം ചെയ്തത് 100% തെറ്റാണ് എന്ന് അഥോറിറ്റി വിലയിരുത്തി. അവിടെ വച്ച് അദ്ദേഹം പരസ്യമായി മാപ്പു പറയുകയും, നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അഥോറിറ്റി ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റ് കണ്ടെത്തി എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി മേൽ ഇങ്ങനെയുള്ള പ്രവർത്തികൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അഥോറിറ്റി ഉറപ്പു വാങ്ങിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP