Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തല കുനിക്കാതെ പഞ്ച്ശീർ; താലിബാൻ ഭീകരരെ കൊന്നൊടുക്കി ചെറുത്ത് നിൽപ്പ്; ഖവാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 340 താലിബാൻകാരെ വധിച്ചെന്ന് ഔദ്യോഗിക ട്വിറ്റർ പേജിൽ നോർത്തേൺ അലയൻസ്; അമേരിക്കൻ ടാങ്കുകൾ പിടിച്ചെടുത്തു; ഒരിക്കലും കീഴടങ്ങില്ലെന്ന് അമറുല്ല സാലിഹ്

തല കുനിക്കാതെ പഞ്ച്ശീർ; താലിബാൻ ഭീകരരെ കൊന്നൊടുക്കി ചെറുത്ത് നിൽപ്പ്; ഖവാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 340 താലിബാൻകാരെ വധിച്ചെന്ന് ഔദ്യോഗിക ട്വിറ്റർ പേജിൽ നോർത്തേൺ അലയൻസ്; അമേരിക്കൻ ടാങ്കുകൾ പിടിച്ചെടുത്തു; ഒരിക്കലും കീഴടങ്ങില്ലെന്ന് അമറുല്ല സാലിഹ്

ന്യൂസ് ഡെസ്‌ക്‌

കാബൂൾ: യു എസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ പഞ്ച്ശീർ കീഴടക്കാനുള്ള ആദ്യനീക്കത്തിൽ താലിബാന് കനത്ത തിരിച്ചടി. താലിബാൻ ഭീകരരെ കൊന്നൊടുക്കി പഞ്ച്ശീറിലെ വടക്കൻ സഖ്യം. കടുത്ത പോരാട്ടത്തിനൊടുവിൽ 41 താലിബാൻകാരെ വധിക്കുകയും 20 പേരെ തടവിലാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. പഞ്ച്ശീർ മലനിരകൾ പിടിക്കാനുള്ള താലിബാൻ നീക്കത്തിലാണ് ഖവാകിന് സമീപം നാഷനൽ റെസിസ്റ്റന്റ് ഫ്രണ്ടുമായി (എൻആർഎഫ്) ഏറ്റുമുട്ടലുണ്ടായത്.

അതേ സമയം ഖവാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 340 താലിബാൻകാരെ വധിച്ചതായി നോർത്തേൺ അലയൻസ് അവകാശപ്പെട്ടു. നാൽപ്പത് പേരെ തങ്ങൾ തടവിലാക്കിയിട്ടുണ്ടെന്നും നോർത്തേൺ അലയൻസ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പറഞ്ഞു. താലിബാന്റെ പക്കൽനിന്ന് നിരവധി അമേരിക്കൻ നിർമ്മിത വാഹനങ്ങളും ആയുധങ്ങളും പ്രതിരോധ സേന പിടിച്ചെടുത്തിട്ടുണ്ടെന്നും നോർത്തേൺ അലയൻസ് വ്യക്തമാക്കി.

 

അന്ദരാബ് ജില്ലയിലെ ഗസ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 34 താലിബാൻകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ നിരവധിപ്പേർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ''മലനിരകളിൽ പ്രവേശിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും, എന്നാൽ ഇവിടെനിന്നു പുറത്തുപോകാൻ അനുവദിക്കില്ല''നോർത്തേൺ അലയൻസ് കമാൻഡർ ഹസിബ് താലിബാനുള്ള മുന്നറിയിപ്പായി പറഞ്ഞു.



അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യയുടെ ഭാഗങ്ങളിൽ താലിബാൻ ഭീകരരും ദേശീയ പ്രതിരോധ മുന്നണി(എൻആർഎഫ്)യും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. പഞ്ച്ശീർ വളഞ്ഞുവെന്ന് താലിബാൻ വക്താവ് അവകാശപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ താഴ്‌വരയിൽ തങ്ങൾക്ക് മേൽക്കൈയുണ്ടെന്ന് വടക്കൻ സഖ്യവും പ്രതികരിച്ചു.

എൻആർഎഫ് പ്രതിരോധ സേനാ അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് അംഗങ്ങളെയാണ് പഞ്ച്ശീർ കീഴടക്കാൻ താലിബാൻ അയച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പഞ്ച്ശീറിലേക്കുള്ള വൈദ്യുതിയും ഇന്റർനെറ്റും താലിബാൻ വിച്ഛേദിച്ചു. ഇവിടേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചിരുന്ന വഴികൾ താലിബാൻ നേരത്തേ അടച്ചിരുന്നു. എന്നാൽ ഒരിക്കലും കീഴടങ്ങില്ലെന്ന് പഞ്ച്ശീർ മേഖലയുടെ രക്ഷാധികാരിയായ അമറുല്ല സാലിഹ് പറഞ്ഞു.



അന്തരിച്ച സൈനിക കമാൻഡർ അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് ഇവിടെ താലിബാനെതിരെ പ്രതിരോധം തീർക്കുന്നത്. അഫ്ഗാനിൽ താലിബാന് മുൻപിൽ കീഴടങ്ങാതെ നിൽക്കുന്ന ഒരേയോരു പ്രദേശം പഞ്ച്ശീർ മാത്രമാണ്.

ചൊവ്വാഴ്ച രാത്രി പതിനൊന്നിന് താലിബാൻ ആക്രമണം ആരംഭിച്ചതായി വാർത്താ ഏജൻസി അവാസ്‌കയുടെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണവും പ്രത്യാക്രമണവും പുരോഗമിക്കുകയാണ്.തിങ്കളാഴ്ച രാത്രിയിലും രണ്ടുകൂട്ടരും തമ്മിൽ പോരാട്ടം നടന്നു. എട്ട് താലിബാൻകാർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ച്ശീറിന്റെ പടിഞ്ഞാറൻ കവാടത്തിലാണ് പ്രതിരോധ സേന താലിബാനെ നേരിടുന്നതെന്ന് വക്താവ് ഫഹീം ദഷ്ടി അറിയിച്ചു.



പ്രാദേശിക പോരാളികളും അഫ്ഗാൻ സൈന്യത്തിന്റെ ഭാഗമായിരുന്നവരും പ്രത്യേക സേനാ വിഭാഗവുമാണ് പ്രതിരോധ സേനയുടെ പിന്തുണയ്ക്കുള്ളത്. അഫ്ഗാനിലെ ഭരണം നഷ്ടമായതുമുതൽ മുൻ വൈസ് പ്രസിഡന്റ് അംറുള്ള സലേഹും ഇവർക്കൊപ്പമുണ്ട്. താഴ്‌വരയിലേക്കുള്ള ആശയ വിനിമയ സേവനങ്ങൾ താലിബാൻ വിച്ഛേദിച്ചതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേ സമയം അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രദേശങ്ങളിൽ അമേരിക്കൻ സൈന്യം ഉപേക്ഷിച്ച ആയുധങ്ങളും, വസ്ത്രങ്ങളും ധരിച്ച താലിബാൻ ഭീകരർ നിരത്തുകളിൽ റോന്ത് ചുറ്റുകയാണ്. യു എസ് സൈന്യം പിൻവാങ്ങിയതിന്റെ ആഘോഷം നിർത്താതെയുള്ള താലിബാന്റെ വെടിയൊച്ചകൾ ഒരു പകലും രാത്രിയും കഴിഞ്ഞും മുഴങ്ങുന്നുണ്ട്.

എന്നാൽ പ്രതീക്ഷിച്ചതിനും വിപരീതമായ ചില സംഭവങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. താലിബാൻ നിയന്ത്രണം ഏറ്റെടുത്തിട്ടും തെരുവുകളിൽ ജനക്കൂട്ടത്തിന് കുറവൊന്നുമുണ്ടായില്ല. എന്നാൽ വരും നാളുകളിലെ അവസ്ഥയോർത്ത് അവശ്യ വസ്തുക്കൾ സംഭരിക്കുവാനുള്ള തിരക്കിലാണവർ.



അഫ്ഗാനിലെ എ ടി എമ്മുകളുടെ മുൻപിൽ വലിയ ക്യൂവാണുള്ളത്. രാജ്യത്തെ സാമ്പത്തികാവസ്ഥ തകിടം മറിയുമെന്ന കണക്കുകൂട്ടലിൽ ബാങ്കുകളിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കുവാനുള്ള തിരക്ക് കൂട്ടുകയാണ് ജനം. എ ടി എമ്മുകൾ കാലിയായെങ്കിലും പിരിഞ്ഞ് പോകാൻ കൂട്ടാക്കാതെ ജനം നിൽക്കുകയാണ്.

അതേസമയം സ്ത്രീകളുടെ ഇടയിൽ നിന്നും തെരുവുകളിൽ ഇറങ്ങുന്നവരുണ്ട്. ഇത്രയും നാൾ ആസ്വദിച്ച സ്വാതന്ത്ര്യം താലിബാൻ നിയന്ത്രണങ്ങളിൽ നഷ്ടമാകുമോ എന്ന് ആശങ്കപ്പെടുന്നവരാണ് അവരിൽ ഏറെയും. പത്രപ്രവർത്തകയായ മോസ്‌ക സംഗർ നിയാസെ അത്തരമൊരു അഭിപ്രായമാണ് പങ്കുവച്ചത്. നിരത്തുകളിൽ താലിബാൻ ഭീകരർ എത്തുന്ന മുറയ്ക്ക് വീടുകളിലേക്ക് പോകുന്ന സ്ത്രീകളെയും മാധ്യമപ്രവർത്തകർ കണ്ടു.

സ്ത്രീകളുടെ ജീവിതം താലിബാന് കീഴിൽ അനിശ്ചിതത്വത്തിലേക്ക് നീളുകയാണ്. പഠനം, ജോലി തുടങ്ങിയ മേഖലകളിൽ ഇനി തുടരാനാവുമോ എന്ന് അവർ ഭയപ്പെടുന്നുണ്ട്. കോവിഡ് ഭീതി മറ്റു രാജ്യങ്ങൾക്കെന്ന പോലെ അഫ്ഗാനിലുമുണ്ട്. അതിനാൽ സ്ത്രീകൾ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകരെ ജോലിയിൽ നിന്നും വിലക്കുന്നത് സ്ഥിതി രൂക്ഷമായേക്കാം എന്ന ആശങ്കയും ഉയരുന്നു.

വിദേശ ശക്തികളെ സഹായിച്ചവരെ തേടിയുള്ള താലിബാൻ ഭീകരരുടെ തിരച്ചിൽ തുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. പൊതുമാപ്പ് അനുവദിച്ചെന്ന് പറയപ്പെടുമ്പോഴും രാത്രിയിൽ താലിബാൻ തിരച്ചിൽ നടത്തുന്ന വീടുകൾക്കുള്ളിൽ വെടിയൊച്ച കേൾക്കുന്നുണ്ടെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശ സൈനികർക്ക് സഹായം നൽകിയവരെ പ്രത്യേകം അടയാളപ്പെടുത്തി അവരെ വേട്ടയാടാനായി വീടുകളിൽ തിരച്ചിൽ നടത്തുകയാണ് ഇപ്പോൾ ഭീകരർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP