Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപി വധക്കേസ് പ്രതികളുടെ പരോൾ ജീവിതം ഏത് കുറ്റവാളിയെയും അസൂയപ്പെടുത്തുന്നത്; സാധാരണക്കാർക്ക് വല്ലപ്പോഴും ലഭിക്കുന്ന പരോൾ ആനുകൂല്യം പ്രതികൾക്ക് പരമാവധി അനുവദിച്ച് പിണറായി സർക്കാർ; കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോൾ

ടിപി വധക്കേസ് പ്രതികളുടെ പരോൾ ജീവിതം ഏത് കുറ്റവാളിയെയും അസൂയപ്പെടുത്തുന്നത്; സാധാരണക്കാർക്ക് വല്ലപ്പോഴും ലഭിക്കുന്ന പരോൾ ആനുകൂല്യം പ്രതികൾക്ക് പരമാവധി അനുവദിച്ച് പിണറായി സർക്കാർ; കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ജയിലിൽ പോയാലും അതുഭരിക്കുന്ന പാർട്ടിക്ക് വേണ്ടി ആയാൽ പരമസുഖം എന്നതാണ് കേരളത്തിലെ അവസ്ഥ. രാഷ്ട്രീയ കൊലപാതക കേസുകളിൽ ആണെങ്കിൽ ഇഷ്ടം പോലെ ജാമ്യം, പരോൾ, പോരാത്തതിന് കോവിഡ് അവധിയും. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളാകട്ടെ ജയിലിൽ ഇരുന്നാണ് ഓപ്പറേഷൻ. ജയിലിൽ കിടന്നു തന്നെ മൊബൈൽ ഉപയോഗിച്ചും മറ്റും ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാൻ ടി.പി കൊലക്കേസ് പ്രതികൾക്ക് സാധിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് വിയ്യൂർ ജയിലിൽവെച്ച് കൊടി സുനിയുടെ കൈയിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉൾപ്പെടെ പിടികൂടിയത്. ഇവർക്ക് തോന്നും പോലെ പരോൾ അനുവദിക്കുന്നതിൽ സർക്കാർ അതീവ തൽപ്പരരാണ്. പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം തുടർച്ചയായി പരോൾ ലഭിക്കുകയാണ് പ്രതികൾക്ക്. ഇങ്ങനെ പരോൾ അനുവദിച്ചതിന്റെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോൾ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ.രമ തന്നെ പുതിയ കണക്കുകളുമായി രംഗത്തെത്തി.

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് അനധികൃതമായി നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യമാണെന്ന് ആർക്കും ബോധ്യമാവുമെന്ന് രമ പറയുന്നു. പൊലീസും ഡോക്ടർമാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം നൽകുന്നതെന്നും പൊലീസിന് പ്രതികളെ പേടിയാണെന്നും രമ കുറ്റപ്പെടുത്തി. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നത്. ടി പി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് ജയിലിൽ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നത് പൊലീസാണെന്നും രമ ആരോപിച്ചു.

കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോളാണ് അനുവദിച്ചത്. കൊടി സുനി ഒഴികെ എല്ലാ പ്രതികളും പ്രത്യേക കൊറോണ അവധിയിൽ ജയിലിന് പുറത്താണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം 327 ദിവസം അവധി ലഭിച്ച പി.കെ. കുഞ്ഞനന്തൻ പ്രത്യേക ജാമ്യത്തിലിരിക്കെയാണ് മരിച്ചത്. 2017 മുതൽ കിർമാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണൻ സിജിത്തിന് 255 ദിവസവും വാഴപടച്ചി റഫീഖിന് 170 ദിവസവും ട്രൗസർ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്ക് 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവുമാണ് അവധി നൽകിയത്. 2020ൽ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിതെന്നും രമ ഫേസ്‌ബുക്കിൽ കുറിച്ചു.

കെ.കെ.രമയുടെ ഫേസ്‌ബുക്ക് കുറിപ്പ്

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്ന വാക്യത്തെ അന്വർത്ഥമാക്കും വിധം ഒരു സംസ്ഥാന ഭരണകൂടം ഒരു കൂട്ടം ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ജനാധിപത്യ നൈതികതയെത്തന്നെ ചോദ്യം ചെയ്യുന്ന കാഴ്ചയ്ക്ക് കുറച്ച് നാളുകളായി കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.

ക്രൂരകൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവർക്ക് ഇടതടവില്ലാതെ പരോൾ നൽകി നീതിന്യായ വ്യവസ്ഥയേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണ് കേരള ഭരണം കയ്യാളുന്ന ഇടത് സർക്കാർ. രണ്ടു ജില്ലാ കമ്മിറ്റികൾക്ക് കീഴിലെ രണ്ട് ഏരിയാ നേതൃത്വങ്ങളിൽ പെട്ടവർ ശിക്ഷിക്കപ്പെട്ട കേസാണിത്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ നടന്ന ഗൂഢാലോചനകളാണ് ടി.പി.യുടെ വധത്തിലേക്ക് നയിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്.

ടി.പി കേസ് പ്രതികൾക്ക് നിരന്തരം ജാമ്യം ലഭിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യമാണെന്ന് ആർക്കും ബോധ്യമാവും. തീവെട്ടിക്കൊള്ളക്കും സ്വജനപക്ഷ താല്പര്യങ്ങൾക്കും തുടർഭരണം ഒരവസരമാക്കുകയാണ് സിപിഐ.എം. ടി.പി കേസിലെ 11 പ്രതികൾക്കായി 4614 ദിവസത്തെ പരോളാണ് അനുവദിച്ചത്. 290 ദിവസത്തെ കോവിഡ് പ്രത്യേക അവധി കൂടാതെയാണ് 291 ദിവസത്തെ അധിക അവധി ജയിൽ വകുപ്പ് നൽകിയത്.

കൊടി സുനി ഒഴികെ എല്ലാ പ്രതികളും പ്രത്യേക കൊറോണ അവധിയിൽ ജയിലിന് പുറത്താണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം 327 ദിവസം അവധി ലഭിച്ച പി.കെ കുഞ്ഞനന്തൻ പ്രത്യേക ജാമ്യത്തിലിരിക്കെയാണ് മരിച്ചത്. 2017 മുതൽ കിർമാണി മനോജിന് 180 ദിവസവും അനൂപിന് 175 ദിവസവും അണ്ണൻ സിജിത്തിന് 255 ദിവസവും വാഴപടച്ചി റഫീഖിന് 170 ദിവസവും ട്രൗസർ മനോജിന് 257 ദിവസവും മുഹമ്മദ് ഷാഫിക്ക് 180 ദിവസവും ഷിനോജിന് 150 ദിവസവും രജീഷിന് 160 ദിവസവുമാണ് അവധി നൽകിയത്.

2020ൽ അനുവദിച്ച 290 ദിവസത്തെ പ്രത്യേക കൊറോണ അവധി കൂടാതെയാണിത്. ജയിലിൽ കിടന്നു തന്നെ മൊബൈൽ ഉപയോഗിച്ചും മറ്റും ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാൻ ടി.പി കൊലക്കേസ് പ്രതികൾക്ക് സാധിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് വിയ്യൂർ ജയിലിൽവെച്ച് കൊടി സുനിയുടെ കൈയിൽനിന്ന് ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഉൾപ്പെടെ പിടികൂടിയത്.

ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണ് ടി.പി കൊലക്കേസ് പ്രതികൾ ജയിലിലും പുറത്തും വിലസുന്നത്. ടി.പി കൊലക്കേസ് പ്രതികളോട് മാത്രം മുഖ്യമന്ത്രിക്ക് എന്താണിത്ര താല്പര്യമെന്ന് കേരള ജനതക്ക് കൃത്യമായറിയാം. ഭരണത്തുടർച്ചയേയും പല പ്രമുഖരുടേയും രാഷ്ട്രീയ ഭാവിയേയും ബാധിക്കാവുന്ന സത്യങ്ങൾ താഴിട്ടു വച്ച മൗനങ്ങളാണ് ടി.പി.കേസ് പ്രതികളുടേത്.

രണ്ടു ജില്ലാ കമ്മിറ്റികൾക്ക് കീഴിലെ രണ്ട് ഏരിയാ നേതൃത്വങ്ങളിൽ പെട്ടവർ ഒത്തുചേർന്നു നടത്തിയ ഗൂഢാലോചനകളാണ് ടി.പി.യുടെ വധത്തിലേക്ക് നയിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ആ പ്രതികൾക്ക് ഒരു അനിഷ്ടവും വരാതെ നോക്കേണ്ടതും അവർ മിണ്ടാതിരിക്കേണ്ടതും സിപിഎമ്മിന് മറ്റെന്തിനേക്കാളും പ്രധാനമാണ്.

ടി.പി കേസ് പ്രതികൾക്ക് വഴിവിട്ട പരോളനുവദിക്കാൻ ആഭ്യന്തര വകുപ്പിനേയും ആരോഗ്യ വകുപ്പിനേയും ദുരുപയോഗിക്കുകയാണ് മുഖ്യമന്ത്രി.ജനാധിപത്യത്തേയും നിയമവാഴ്ചയേയും, നോക്കുകുത്തിയാക്കുന്ന ഈ ഭരണകൂട ഭീകരത വലിയ സാംസ്‌കാരിക / രാഷ്ട്രീയ വിചാരണകൾക്ക് വിധേയമാവേണ്ടതുണ്ട്.
കെ.കെ.രമ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP