Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചരിത്രം കുറിച്ച് സത്യപ്രതിജ്ഞ; സുപ്രീം കോടതിയിൽ ഒമ്പത് ജഡ്ജിമാർ ചുമതലയേറ്റു; പുതിയ ജഡ്ജിമാരിൽ മൂന്ന് പേർ വനിതകൾ

ചരിത്രം കുറിച്ച് സത്യപ്രതിജ്ഞ; സുപ്രീം കോടതിയിൽ ഒമ്പത് ജഡ്ജിമാർ ചുമതലയേറ്റു; പുതിയ ജഡ്ജിമാരിൽ മൂന്ന് പേർ വനിതകൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രിംകോടതിയിൽ പുതുചരിത്രം കുറിച്ച് ഒമ്പത് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ. ജസ്റ്റിസ് സി ടി രവികുമാർ അടക്കമുള്ള ഒമ്പതു പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ ജഡ്ജിമാരിൽ മൂന്നു പേർ വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒമ്പതു ജഡ്ജിമാർ ഒരേസമയം സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സാധാരണ ചീഫ് ജസ്റ്റിസിന്റെ കോർട്ട് റൂമിലാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കാറുള്ളത്.

എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് സാമൂഹിക അകലം ഉറപ്പാക്കുക ലക്ഷ്യമിട്ട് സുപ്രീംകോടതി കോംപ്ലക്സിലെ ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചത്. പുതിയ ജഡ്ജിമാർ ചുമതലയേറ്റതോടെ, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 33 ആയി.

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഭയ് ശ്രീനിവാസ് ഓഖ, ഗുജറാത്ത് ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജിതേന്ദ്രകുമാർ മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം എം സുന്ദരേശ്, കേരള ഹൈക്കോടതി ജഡ്ജി സി ടി രവികുമാർ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന, തെലങ്കാന ഹൈക്കോടതി ജഡ്ജി ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹ എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റത്.

ഇതോടെ 2027 ൽ ഇന്ത്യയ്ക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകാനും അവസരമൊരുങ്ങി. ജസ്റ്റിസ് ബി വി നാഗരത്നയാകും സുപ്രീംകോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകുക. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്ന.

കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയായിരുന്നു ജസ്റ്റിസ് സി ടി രവികുമാർ. ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ബെഞ്ച് ക്ലർക്കായിരുന്നു രവികുമാറിന്റെ അച്ഛൻ തേവൻ. അച്ഛൻ കോടതി ജീവനക്കാരനായിരുന്നത് നീതിന്യായമേഖല തെരഞ്ഞെടുക്കാൻ പ്രചോദനമായതായി ജസ്റ്റിസ് രവികുമാർ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ലോ കോളേജിലായിരുന്നി നിയമപഠനം. 1996 ൽ ഗവൺമെന്റ് പ്ലീഡറായ ജസ്റ്റിസ് രവികുമാർ, 2009 ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനാകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP