Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തെ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിൽ : സർക്കാർ ഉത്തരവിനെതിരെ ഐ.എം.എ നിയമ നടപടിക്ക്

സംസ്ഥാനത്തെ ബയോമെഡിക്കൽ മാലിന്യ സംസ്‌കരണം പ്രതിസന്ധിയിൽ : സർക്കാർ ഉത്തരവിനെതിരെ ഐ.എം.എ നിയമ നടപടിക്ക്

സ്വന്തം ലേഖകൻ

കൊച്ചി :(30.08.2021) സംസ്ഥാനത്തെ ബയോമെഡിൽ മാലിന്യ സംസ്‌കരണ സംവിധാനത്തെ അപ്പാടെ തകർക്കുന്ന സർക്കാർ ഉത്തരവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐ.എം.എ) സംസ്ഥാന ഘടകം നിയമ നടപടിക്ക് ഒരുങ്ങുന്നു. കൊച്ചിയിലെ അമ്പലമേട്ടിൽ പുതിയതായി ആരംഭിച്ച കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ഇ.ഐ.എൽ) എന്ന ബയോമെഡിക്കൽ മാലിന്യ സംസ്‌കരണ കമ്പനിയെ വഴിവിട്ട് സഹായിക്കാനായി സംസ്ഥാന പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഇറക്കിയ ഉത്തരവിനെതിരെയാണ് ഐ.എം.എ ഹൈക്കോടതിയെ സമീപിക്കുന്നത്.

ബയോമെഡിക്കൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിന് 75 കിലോമീറ്റർ ചുറ്റളവിൽ സംവിധാനം വേണമെന്നാണ് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നിഷ്‌കർഷിച്ചിട്ടുള്ളത്. കേന്ദ്രചട്ടം ഇതായിരിക്കെ സംസ്ഥാന സർക്കാർ ഇതിനായി ഇന്നുവരെ യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടുമില്ല. കഴിഞ്ഞ 18 വർഷമായി (2003 മുതൽ) ഐ.എം.എയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഇമേജ് (ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ ഗോസ് ഇക്കോഫ്രണ്ട്ലി ) എന്ന ചാരിറ്റബിൾ സൊസൈറ്റിയാണ് യാതൊരു ലാഭേച്ഛയും ഇല്ലാതെ സംസ്ഥാനത്തെ മുഴുവൻ ബയോമെഡിക്കൽ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആരോഗ്യപരിപാലന കേന്ദ്രങ്ങളിൽ നിന്നും അഫിലിയേഷൻ ഫീസ് ഈടാക്കിയാണ് ദിവസേന 55.8 ടൺ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റ് പാലക്കാട് സ്ഥാപിച്ചിരിക്കുന്നത്. സ്വന്തം നിലയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ കഴിയാത്ത ചെറുകിട ഇടത്തരം ആശുപത്രികളും സ്വകാര്യ ലാബുകളും തങ്ങളുടെ മാലിന്യ സംസ്‌കരണത്തിന് ആശ്രയിക്കുന്നത് രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന ഇമേജിനെയാണ്. ഈ പ്ലാന്റ് സ്ഥാപിക്കാൻ സർക്കാർ ആശുപത്രികൾ നൽകേണ്ടിയിരുന്ന വിഹിതമായ 44 കോടി ഇതുവരെയും നൽകിയിട്ടുമില്ല. എന്നിരിക്കിലും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെയും ആശുപത്രി മാലിന്യങ്ങൾ ഇമേജാണ് ശേഖരിച്ച് സംസ്‌കരിച്ചുവരുന്നത്. പതിനായിരത്തിൽ കൂടുതൽ കിടക്കകളുള്ള പ്രദേശങ്ങളിൽ ഒന്നിലധികം പ്ലാന്റ്കൾ സ്ഥാപിക്കാമെന്നും ചട്ടം പറയുന്നു. ഇതിൻ പ്രകാരം ഐ.എം.എ തിരുവനന്തപുരത്ത് പാലോടും, കൊച്ചി ബ്രഹ്‌മപുരത്തും പുതിയ പ്ലാന്റുകൾ സ്ഥാപിക്കാനായി വർഷങ്ങളായി ശ്രമിക്കുന്നു. സർക്കാരിന്റെ മെല്ലെപ്പോക്കും, സ്ഥാപിത താൽപര്യക്കാരുടെ ഇടപെടലും മൂലം ഇതുവരെയും ഇവ നടപ്പാക്കാനായിട്ടില്ല.

വസ്തുത ഇതായിരിക്കെ അമ്പലമേട്ടിൽ പ്രവർത്തനം തുടങ്ങിയ 16 ടൺ മാലിന്യം സംസ്‌കരിക്കാൻ മാത്രം ശേഷിയുള്ള കമ്പനിക്ക് സെപ്റ്റംബർ ഒന്ന് മുതൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ ആശുപത്രികൾ തങ്ങളുടെ ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരണത്തിനായി നൽകണം എന്നാണ് ബോർഡിന്റെ വിചിത്രമായ ഉത്തരവ്. ഇതിനായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ 75 കിലോമീറ്റർ ചുറ്റളവിൽ ബയോമെഡിക്കൽ നിർമ്മാർജ്ജന സംവിധാനം ഉണ്ടായിരിക്കണം എന്ന മാനദണ്ഡവും. ഈ ഉത്തരവിൻ പ്രകാരം കാര്യങ്ങൾ നീങ്ങിയാൽ സംസ്ഥാനം ബയോമെഡിക്കൽ മാലിന്യ സംസ്‌കരണം വൻ പ്രതിസന്ധിയിലാകും. ഇമേജിന്റെ പാലക്കാട് പ്ലാന്റിൽ നിന്നും പാറശ്ശാലയിലേയ്ക്ക് 400 കിലോമീറ്ററും, മഞ്ചേശ്വരത്തേയ്ക്ക് 380 കിലോമീറ്ററും ദൂരവുമാണുള്ളത്.

ശാസ്ത്രീയമായി മാലിന്യം സംസ്‌കരിക്കണം എന്ന് നിഷ്‌കർഷിക്കാൻ മാത്രം അധികാരമുള്ള ബോർഡ് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സ്വകാര്യ കമ്പനിക്ക് വേണ്ടി സാമൂഹിക നീതിക്ക് നിരക്കാത്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവിൻ പ്രകാരം ഈ ജില്ലകളിലെ ആരോഗ്യ പരിപാലന രംഗത്തെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ മാലിന്യം സംസ്‌കരിക്കുന്നതിന് സ്വയം സംവിധാനം ഉണ്ടാക്കാനോ, കുറഞ്ഞ ചെലവിൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്തുവാനോ സാധിക്കില്ല. ഇമേജിന് പാലക്കാട്ടെ പ്ലാന്റിന്റെ 75 കിലോമീറ്റർ ദൂരത്തിനപ്പുറത്തുള്ള മാലിന്യം ശേഖരിക്കാനുമാവില്ല. ഇത് സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും കോവിഡ് മാലിന്യം ഉൾപ്പെടെയുള്ള ബയോമെഡിക്കൽ മാലിന്യങ്ങളുടെ കൂമ്പാരം തന്നെ സൃഷ്ടിക്കും.

സർക്കാരിന്റെ ഉത്തരവാദിത്വമാണ് പൗരന്മാരുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും. ബയോമെഡിക്കൽ സംസ്‌കരണം വലിയ പ്രതിസന്ധി നേരിട്ടപ്പോഴാണ് 18 വർഷം മുമ്പ് ഐ.എം.എ സംസ്ഥാന ഘടകം സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച് സംസ്ഥാനത്തെ ബയോമെഡിൽ മാലിന്യ മുക്തമാക്കിയത്. കോവിഡ് മാലിന്യം ഉൾപ്പെടെയുള്ളവ ശാസ്ത്രീയമായി ഇപ്പോഴും സംസ്‌കരിച്ചുവരുന്നു. പുതിയ പ്ലാന്റുകൾ വരുന്നതിനെ ഐ.എം.എ സ്വാഗതം ചെയ്യുന്നു. എന്നാൽ സാമൂഹിക നീതിക്ക് നിരക്കാത്ത സർക്കാർ ഉത്തരവിനെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സഖറിയാസും സെക്രട്ടറി ഡോ.പി.ഗോപികുമാറും പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP