Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എവിജി സൂപ്പർ! പിണറായിയുടെ വീട്ടിലെ വേലക്കാരനാകുന്നത് അഭിമാനത്തോടെ കാണുന്ന നേതാവിന് സുസ്വാഗതം; കോൺഗ്രസ് വിട്ടത് ആത്മാർത്ഥതയുള്ള നേതാവെന്ന് വിശദീകരിച്ച് സിപിഎം; പെരിങ്ങാട്ടുകുറിശ്ശി കോൺഗ്രസിന് നഷ്ടമാകും; എവി ഗോപിനാഥിനെ സ്വീകരിക്കാൻ പിണറായി

എവിജി സൂപ്പർ! പിണറായിയുടെ വീട്ടിലെ വേലക്കാരനാകുന്നത് അഭിമാനത്തോടെ കാണുന്ന നേതാവിന് സുസ്വാഗതം; കോൺഗ്രസ് വിട്ടത് ആത്മാർത്ഥതയുള്ള നേതാവെന്ന് വിശദീകരിച്ച് സിപിഎം; പെരിങ്ങാട്ടുകുറിശ്ശി കോൺഗ്രസിന് നഷ്ടമാകും; എവി ഗോപിനാഥിനെ സ്വീകരിക്കാൻ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജി വച്ച എ വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതം ചെയ്ത് സിപിഎം. ഫലത്തിൽ എവി ഗോപിനാഥിനെ ഇടതുപക്ഷത്തേക്ക് കൂടി ക്ഷണിക്കുകയാണ് സിപിഎം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യ വാദികൾക്കും ഒന്നിച്ചണിനിരക്കാൻ കഴിയണം. അതിന് സഹായകരമായ തീരുമാനം എ വി ഗോപിനാഥ് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും സിപിഎം വാർത്താക്കുറിപ്പിൽ പറയുന്നു. അതായത് ഗോപിനാഥിന് സിപിഎമ്മിലേക്ക് സ്വാഗതമരുളുകയാണ് പാർട്ടി.

എവിജി എന്നാണ് എവി ഗോപിനാഥിനെ പാലക്കാട്ടെ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. ഈ എവിജിയെ പാലക്കാട്ടെ സിപിഎം എല്ലാ അർത്ഥത്തിലും സ്വാഗതം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും സമ്മതത്തോടെയും അറിവോടെയുമാണ്. അർഹമായ സ്ഥാനം സിപിഎം ഗോപിനാഥിന് നൽകും. ഇതിന്റെ സൂചനയാണ് വാർത്താ കുറിപ്പിലും ഉള്ളത്.

ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ഗോപിനാഥിന്റെ മാതൃക ഇനിയും നിരവധി കോൺഗ്രസ്സ് നേതാക്കൾ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു. മുൻ ഡിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവാണെന്നും സിപിഎം പത്രക്കുറിപ്പിൽ പറയുന്നു. ഗോപിനാഥിനെ പുകഴ്‌ത്തിയാണ് ഈ പത്രക്കുറിപ്പ് എന്നതും ശ്രദ്ധേയമാണ്. ഗോപിനാഥിനെ സിപിഎമ്മിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സ്വീകരിക്കുമെന്ന സൂചനകളാണ് മറുനാടന് ലഭിക്കുന്നത്.

നേരത്തെ താൻ സിപിഎമ്മിലേക്ക് പോകുമെന്ന സൂചനകൾ ഗോപിനാഥും നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഗോപിനാഥ് പുകഴ്‌ത്തിയിരുന്നു. പാലക്കാട്ടെ രാഷ്ട്രീയം കുറച്ചു കാലമായി സിപിഎമ്മിന് അനുകൂലമാണ്. അപ്പോഴും പെരിങ്ങാട്ടുകുറിശ്ശിയിൽ നുഴഞ്ഞു കയറാൻ സിപിഎമ്മിന് ആയില്ല. ഇതിന് കാരണം എവി ഗോപിനാഥായിരുന്നു. ഈ പഞ്ചായത്തിൽ ഭരണത്തിലെത്താൻ ഗോപിനാഥിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ കഴിയുമെന്നാണ് സിപിഎം വിലയിരുത്തൽ.

കേരളത്തിൽ കോൺഗ്രസിന് പൊന്നാപുരം കോട്ടയെന്ന് പറയാൻ ഒരു പഞ്ചായത്തുണ്ടായിരുന്നു. 1979 മുതൽ ഇങ്ങോട്ട് ഇതുവരെ കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന പെരിങ്ങോട്ടുകുറിശ്ശി. ഇതിന് കാരണം എവി ഗോപിനാഥിന്റെ കരുത്തായിരുന്നു. ഇങ്ങനെ ഒരു പഞ്ചായത്തിൽ ആകെ സ്വാധീന ശക്തിയായി നിലയുറപ്പിക്കാൻ കഴിയുന്ന മറ്റൊരു കോൺഗ്രസ് നേതാവും ഇന്നില്ല. ഇത് സിപിഎമ്മിനും അറിയാം. ഇതു മനസ്സിലാക്കിയാണ് ഗോപിനാഥിനെ അടുപ്പിക്കുന്നത്.

പിണറായി വിജയൻ മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും എവി ഗോപിനാഥ് വിശദീകരിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഗോപിനാഥിനെ പുകഴ്‌ത്തി സിപിഎം വാർത്താ കുറിപ്പും. ഇതിൽ നിന്ന് തന്നെ രാഷ്ട്രീയം വ്യക്തമാണ്. താമസിയാതെ ഗോപിനാഥ് സിപിഎമ്മിന്റെ ഭാഗമാകും. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 മെമ്പർമാരും രാജിവയ്ക്കും. ഗോപിനാഥും ഈ പഞ്ചായത്തിലെ അംഗമാണ്. 25 കൊല്ലം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ഗോപിനാഥ് കളം മാറിയാൽ ഈ പഞ്ചായത്തും സിപിഎമ്മിന് സ്വന്തമാകും.

ഒരു കോൺഗ്രസ്സ് പ്രവർത്തകനെന്ന നിലയിൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിന് ആത്മാർത്ഥതയോടുകൂടി പ്രവർത്തിച്ച ഒരു നേതാവായിരുന്നു അദ്ദേഹം. തന്റെ നിലപാടുകളിൽ ഉറച്ചുനിന്നതുകൊണ്ടും കോൺഗ്രസ്സിന്റെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തെ തുറന്നുകാണിച്ചതുകൊണ്ടും കോൺഗ്രസ്സിൽ അനഭിമതനായി മാറേണ്ടിവന്നു എന്നതാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിൽ നിന്നും മനസ്സിലാക്കുന്നത് എന്ന് സിപിഎം പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.

ജനതാൽപ്പര്യമോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ആൾക്കൂട്ടമായി കോൺഗ്രസ്സ് മാറികഴിഞ്ഞു. തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് കപ്പലിൽ നിന്ന് കപ്പിത്താൻ ആദ്യം തന്നെ കടലിൽ ചാടി രക്ഷപ്പെട്ടു. കപ്പിത്താനില്ലാത്ത ഈ കപ്പലിൽ നിന്ന് സ്വയം നീന്തി രക്ഷപ്പെടാൻ കോൺഗ്രസ്സിന് വേണ്ടി ദീർഘകാലം ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ഇടതിനൊപ്പം നിൽക്കുന്ന തരൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്താണ് പെരിങ്ങോട്ടുകുറിശ്ശി. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഇടതുസ്ഥാനാർത്ഥിക്ക് ലീഡ് ലഭിക്കാറുണ്ടെങ്കിലും പഞ്ചായത്ത് ഭരണം, അത് കോൺഗ്രസിനൊപ്പമാണ്. ഇതിന് കാരണക്കാരൻ ഗോപിനാഥാണ്. തരൂരിനെ നിയമസഭയിൽ നേരത്തെ പ്രതിനിധീകരിച്ചത് എകെ ബാലനാണ്. ബാലനും ഗോപീനാഥനും അടുത്ത സുഹൃത്തുക്കളും. ഇത് പലപ്പോഴും വോട്ടുകളെ ഇടതുപക്ഷത്ത് എത്തിച്ചെന്ന കഥ പാലക്കാട് രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്. ഈ ബാലനാണ് ഇന്ന് ഗോപീനാഥിനെ സിപിഎം പക്ഷത്ത് എത്തിക്കാൻ മുന്നിൽ നിൽക്കുന്നത്.

42 വർഷത്തിത്തിനിടെ പ്രസിഡന്റ് പദവി സംവരണമായ മൂന്നുതവണ ഒഴികെ ബാക്കി മുഴുവൻകാലവും ഗോപിനാഥ് തന്നെയായിരുന്നു പ്രസിഡന്റ്. 25 വർഷം പ്രസിഡന്റ് പദവി പൂർത്തിയാക്കിയപ്പോൾ പദവി ഒഴിഞ്ഞുകൊടുത്തു. ഇത്തവണ പ്രസിഡന്റ് പദവി വനിതാ സംവരണമായിട്ടും പ്രവർത്തകരുടെ നിർബന്ധത്തിനുവഴങ്ങി മത്സരിച്ച എ.വി. ഗോപിനാഥ് ജയിച്ചിരുന്നു. 16 അംഗ പഞ്ചായത്തിൽ 11 പേരും കോൺഗ്രസ് അംഗങ്ങളാണ്.

ഞങ്ങൾ 11 പേരും ഒരുമിച്ചാണ്, ഞങ്ങൾ അഞ്ചുവർഷം ഭരിക്കും. അഞ്ചുവർഷം ഭരിക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം തന്നത് എന്ന് ഗോപിനാഥ് വൃത്തിയായി പറഞ്ഞിട്ടുണ്ട്. ഗോപിനാഥ് എങ്ങോട്ട് പോയാലും പഞ്ചായത്ത് ഭരണവും ആ പക്ഷത്തേക്ക് നീങ്ങും. സിപിഎമ്മിലേക്കെന്ന സൂചന ഗോപീനാഥ് നൽകിയിട്ടുണ്ട്. അങ്ങനെയെങ്കിൽ 42 വർഷത്തിന് ശേഷം ആദ്യമായി പഞ്ചായത്തിൽ സിപിഎം ഭരണത്തിലേറും. ഇതാണ് എകെ ബാലന്റെ ഓപ്പറേഷനും.

15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു ഗോപിനാഥ്. ജില്ലയിലെ പ്രമുഖ നേതാവായിരുന്ന ഗോപിനാഥ്, മുൻപ് ഡി.സി.സി. അധ്യക്ഷനുമായിരുന്നു. 2009-ൽ സതീശൻ പാച്ചേനി എം.ബി. രാജേഷിനോട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് ഗോപിനാഥ് രാജിവെച്ചത്. പിന്നീട് എല്ലാ അർത്ഥത്തിലും ഒതുക്കപ്പെട്ടു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോപീനാഥും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കിട്ടില്ല. അന്ന് ഗോപിനാഥ് പാർട്ടി വിടാൻ പോകുന്നെന്ന് വാർത്തകളും ശക്തമായി.

എന്നാൽ കെ. സുധാകരന്റെ സമയോചിതമായ ഇടപെടൽ ഗോപിനാഥന്റെ പാർട്ടിവിടലിനെ താത്കാലികമായെങ്കിലും തടഞ്ഞു. ഡി.സി.സി. പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തായിരുന്നു ഗോപിനാഥിനെ പിടിച്ചുനിർത്തിയത്. എന്നാൽ കഴിഞ്ഞദിവസം പുറത്തുവന്ന ഡി.സി.സി. അധ്യക്ഷ പട്ടികയിൽ ഗോപിനാഥിന് ഇടംപിടിക്കാനായില്ല. മുമ്പ് ഡിസിസി പ്രസിഡന്റായിരുന്നവരെ പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡമാണ് വിനയായത്. എന്നാൽ സുധാകരൻ തനിക്ക് നൽകിയ വാക്ക് പാലിച്ചില്ലെന്ന പരിഭവം ഗോപിനാഥിനുണ്ട്. ഇതുകാരണമാണഅ അദ്ദേഹം പാർട്ടി വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP