Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താൻ ഗ്രൂപ്പ് മാറിയോ എന്ന് ആന്റണിയോ ഉമ്മൻ ചാണ്ടിയോ പറയട്ടെ; ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല; 365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പുചൂട്; പുനഃസംഘടനയിൽ കെ സുധാകരന് വീഴ്‌ച്ച പറ്റിയിട്ടില്ല; അതൃപ്തി വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ

താൻ ഗ്രൂപ്പ് മാറിയോ എന്ന് ആന്റണിയോ ഉമ്മൻ ചാണ്ടിയോ പറയട്ടെ; ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല; 365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പുചൂട്; പുനഃസംഘടനയിൽ കെ സുധാകരന് വീഴ്‌ച്ച പറ്റിയിട്ടില്ല; അതൃപ്തി വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിലെ എ ഗ്രൂപ്പിനോടുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും 365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പു ചൂടെന്നും തിരുവഞ്ചൂർ പറഞ്ഞു. പുനഃസംഘടനയിൽ കെ സുധാകരന് വീഴ്‌ച്ച പറ്റിയിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. അതേസമയം താൻ ഗ്രൂപ്പു വിട്ടെന്ന വാർത്തകളും അദ്ദേഹം നിഷേധിച്ചു.

എ.കെ. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും തന്നെ നന്നായിട്ട് അറിയാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. ഇരു നേതാക്കളുമായി പതിറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഈ ബന്ധത്തെ കുറിച്ച് ഏതെങ്കിലും പുത്തൻകൂറ്റുകാർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവർ പിന്നാമ്പുറം അറിയാത്ത പാവങ്ങളാണ്. അവരോട് അനുകമ്പ മാത്രമാണുള്ളത്. അന്നന്നത്തെ കാര്യത്തിന് വേണ്ടി അവർ എന്തെങ്കിലും പറയുകയാണ്. അതിൽ ഗൗരവമായി ഒന്നും കാണുന്നില്ല. ഉമ്മൻ ചാണ്ടിയുടെയും ആന്റണിയുടെയും അനുയായി ആയിട്ടാണ് താൻ വന്നത്. താൻ ഗ്രൂപ്പ് മാറിയോ എന്ന് എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും പറയട്ടെ എന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് തന്നോട് ഒരു തവണ പോലും ചർച്ച ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. ഒരു ലിസ്റ്റിന്റെ പേരിലല്ല തന്റെ നിലപാട്. ജീവരക്തം നൽകി കൊണ്ടു വന്ന നിലപാടാണെന്നും അത് ആന്റണിയും ഉമ്മൻ ചാണ്ടിയും വ്യക്തമാക്കുമെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. ഡി.സി.സി പുനഃസംഘടന സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് എടുത്ത തീരുമാനം പരസ്യ പ്രതികരണമില്ലാതെ തീർക്കാൻ സാധിക്കുമായിരുന്നു. പാർട്ടിയിൽ തർക്കങ്ങൾ സ്വാഭാവികമാണ്. ഈ തർക്കങ്ങൾ വലിയ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു പോകാതെ സംസാരിച്ച് പരിഹരിക്കാമായിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ മാനിച്ചെന്നാണ് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലും ഉമ്മൻ ചാണ്ടി ഗ്രൂപ്പു രാഷ്ട്രീയത്തോടുള്ള അതൃപ്തി പരസ്യമായിക്കിയിരുന്നു. ഉമ്മൻ ചാണ്ടി പട്ടികയോട് കലഹിച്ച് പരസ്യ പ്രതികരണം നടത്തിയ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ ചേരിമാറ്റം. ഡിസിസി പട്ടികയെ അദ്ദേഹം സ്വാഗതം ചെയ്തുവെന്ന് മാത്രമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉള്ള പട്ടിക എന്നും അഭിനന്ദിക്കുന്നു. കോൺഗ്രസിന് മാത്രമേ ഇങ്ങനെ ഒരുനിലപാട് സ്വീകരിക്കാൻ കഴിയൂ എന്നും പാർട്ടിയെ ഏകീകരിക്കാനുള്ള ചുവട് വയ്പ് ആണിതെന്നും അദ്ദേഹം സുധാകരനെയും വി.ഡി.സതീശനെയും ശരിവെച്ചിരുന്നു.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സുധാകരൻ വേണ്ട രീതിയിൽ ചർച്ച നടത്തിയില്ല എന്ന ആക്ഷേപത്തെ കുറിച്ച് ചോദിക്കുമ്പോഴും താൻ ഉമ്മൻ ചാണ്ടിക്കൊപ്പമല്ല എന്ന് തിരുവഞ്ചൂർ പരോക്ഷമായി സൂചിപ്പിക്കുന്നു. ഇരുവരും വളരെ നാളുകളായി കോൺഗ്രസിനെ നയിക്കുന്നവരാണെന്നും ഇന്ന് അതേ സ്ഥാനത്ത് അവരില്ല എന്നു മാത്രമേ ഉള്ളുവെന്നും അവരുടെ അഭിപ്രായം പട്ടികയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത് എന്നുമാണ് മറുപടി. ഇരുവരും സോണിയയ്ക്ക് പരാതി അയച്ചത് സംബന്ധിച്ച ചോദ്യത്തിനും ഒഴിഞ്ഞുമാറിയുള്ള പ്രതികരണമാണ് തിരുവഞ്ചൂരിന്റെത്്. 'അതിന്റെ പശ്ചാത്തലം എന്താണെന്ന് അവർക്കല്ലേ അറിയൂ. പരമാവധി ചർച്ചകളും അഭിപ്രായം സ്വരൂപിക്കലും നടത്തണം. ഇവിടെത്തന്നെ അതു കുറേ നടന്നു. അവസാന വട്ടവും നേതൃത്വം ചർച്ച നടത്തി, എന്ന് തിരുവഞ്ചൂർ പറഞ്ഞു.

എഗ്രൂപ്പിലെ പ്രമുഖ നേതാവായിട്ടും താൻ അകന്നു നിൽക്കുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. തന്നെ ചുമതലപ്പെടുത്തുന്ന കാര്യങ്ങൾ അല്ലാതെ എല്ലാം എന്റെ തലയിൽ കൂടിയാണ് കറങ്ങുന്നതെന്ന തെറ്റായ ധാരണ ഇപ്പോൾ തനിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. താൻ എ ഗ്രൂപ്പിൽ നിന്ന് മാറി നിൽക്കുന്നില്ലെന്നും അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചതാണെന്നുമാണ് മറുപടി.

പ്രതിപക്ഷ നേതാവായി ഐ വിഭാഗത്തിലെ രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടപ്പിച്ചുവോ എന്ന് തുറന്നുപറയാൻ തിരുവഞ്ചൂർ തയ്യാറല്ല. പ്രതിപക്ഷ നേതാവായി സ്വന്തം പേരു നിർദ്ദേശിക്കുന്നതിന് എ ഗ്രൂപ്പ് വിലക്കേർപ്പെടുത്തിയതിലെ പരിഭവവും അദ്ദേഹം പറയാതെ പറയുന്നു. എന്നാൽ, ഇതിന് ഉമ്മൻ ചാണ്ടിയെ പഴിക്കാൻ അദ്ദേഹം തയ്യാറുമല്ല.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിൽ പെട്ട ജോപ്പനെ അറസ്റ്റ് ചെയ്തതിലും തിരുവഞ്ചൂരിന് ന്യായീകരണമുണ്ട്. പരാതിക്കാരിയുടെ മൊഴിയിൽ പറഞ്ഞവർക്കെതിരെ മാത്രമേ അന്വേഷണ നടപടി ഉണ്ടായിട്ടുള്ളുവെന്നാണ് അദ്ദേഹത്തിന്റെ ന്യായം. തന്നെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി രമേശ് ചെന്നിത്തലയെ ആ പദവിയിലേക്ക് നിയോഗിച്ചപ്പോൾ പ്രതിഷേധിച്ചില്ലെങ്കിലും അത് തന്റെ മനസ്സിലുണ്ടാക്കിയ മുറിവ് അദ്ദേഹം മറച്ചുവയ്ക്കുന്നുമില്ല. വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ ആദ്യം മനസ്സിനു വിഷമം തോന്നിയെങ്കിലും സതീശന്റെ നിയമസഭയിലെ പ്രകടനം സൂപ്പർ ആണെന്നാണ് തിരുവഞ്ചൂരിന് തോന്നുന്നത്. സുധാകരനും സതീശനും വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായും അദ്ദേഹം കരുതുന്നു.

തുറന്ന അഭിപ്രായ പ്രകടനങ്ങൾക്ക് മുതിർന്ന് ആരെയും ഞെട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും എ ഗ്രൂപ്പിൽ നിന്ന് മാറി നിൽക്കുന്നതിന്റെ കാരണങ്ങൾ വായിച്ചെടുക്കാവുന്ന രീതിയിൽ തിരുവഞ്ചൂർ വ്യക്തമാക്കുന്നു. കെ.സിജോസഫും, കെ.ബാബുവും ഉമ്മൻ ചാണ്ടിക്കൊപ്പം ഇപ്പോഴും നിലകൊള്ളുമ്പോൾ ടി.സിദ്ധിരക്കിന് പിന്നാലെ തിരുവഞ്ചൂർ, സുധാകര പക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP