Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ നെഞ്ചത്തൂടെ അതിവേഗ റെയിൽവേ പാത; പിണറായി കണ്ണൂരിനെ നന്ദിഗ്രാമാക്കുമെന്ന വിമർശനമുയരുന്നു; പദ്ധതിക്കെതിരെ പരിഷത്തും പാർട്ടി അണികളും; രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ കടമ്പകളേറെ

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളുടെ നെഞ്ചത്തൂടെ അതിവേഗ റെയിൽവേ പാത; പിണറായി കണ്ണൂരിനെ നന്ദിഗ്രാമാക്കുമെന്ന വിമർശനമുയരുന്നു; പദ്ധതിക്കെതിരെ പരിഷത്തും പാർട്ടി അണികളും; രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ കടമ്പകളേറെ

അനീഷ് കുമാർ

കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ വമ്പൻ വികസന പരിപാടികൾക്കെതിരെ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നു വരെ പ്രതിഷേധം പുകയുന്നു' സെപ്റ്റംബർ രണ്ടാം വാരം തുടങ്ങുന്ന സിപിഎം പാർട്ടി സമ്മേളനങ്ങളിൽ ഈ വിഷയം ചൂടേറിയ ചർച്ചയ്ക്കിടയാക്കും.ഈക്കാര്യം മുൻകൂട്ടി കണ്ടു കൊണ്ട് വമ്പൻ വികസന പദ്ധതികളിൽ പുനഃപരിശോധന വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കല്ലേപ്പിളർക്കുന്ന ഉഗ്രശാസനകൾക്കു മുൻപിൽ എത്രകണ്ട് പിടിച്ചു നിൽക്കാൻ കഴിയുമെന്നറിയില്ല.

ഫലത്തിൽ പിണറായി സർക്കാരിന്റെ രണ്ടാം വരവ് ഭസ്മാസുരന് വരം കൊടുത്ത അവസ്ഥയിലായെന്ന വിമർശനമാണ് വ്യാപകമായി ഉയരുന്നത്.സിപിഎം നിയന്ത്രിത സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്തും 'സർവീസ് സംഘടനകളും കണ്ണും മുക്കും നോക്കാതെ എടുത്തു ചാടി സർക്കാർ വമ്പൻ പദ്ധതികൾക്കു പുറകേ പോവുകയാണെന്ന വിമർശനമുന്നയിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി അതിവേഗ റെയിൽപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതാണ് ഇവരെ പ്രകോപിച്ചത്.

ഇതേ രീതിയിൽ കുടിയിറക്കപ്പെടുകയാണെങ്കിൽ നന്ദിഗ്രാമിന്റെ അവസ്ഥയിലാകും കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളെന്നാണ് ഇതേ കുറിച്ച് സിപിഎം സഹയാത്രികനായ ഒരു പരിസ്ഥിതി സംഘടനാ നേതാവ് തുറന്നടിച്ചത് ' ബംഗാളിൽ നിന്നും നന്ദിഗ്രാമിൽ നിന്നും പാർട്ടി യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നതാണ് ഇപ്പോഴുള്ള നീക്കങ്ങൾ വ്യക്തമാവുന്നത്. അധികാരപ്രമത്തതയുടെ ഒരു പ്രശ്‌നം കൂടിയാണിത്.ബംഗാളിലെ അവസാനത്തെ കമ്യുണിസ്റ്റ് മുഖ്യമന്തി ബുദ്ധദേവ് ദാസ് ഭട്ടാചാര്യ കോർപറേറ്റ് വികസനമാണ് കൃഷിഭൂമി പിടിച്ചെടുത്ത് നടപ്പാക്കാൻ ശ്രമിച്ചത്.ഇവിടെ കൃഷിഭൂമിയല്ല കിടപ്പാടം പോലും പിടിച്ചെടുത്താണ് അതിവേഗ റെയിൽവേപ്പാത നടപ്പാക്കാൻ ശ്രമിക്കുന്നത്.

പിണറായി സർക്കാരിന്റെ വികസന നയങ്ങൾ പാർട്ടിക്ക് വിനയായി മാറുമെന്ന് മാത്രമല്ല അടിവേരുതന്നെയിളക്കാനിടയാക്കുമെന്നാണ് കമ്യുണിസ്റ്റ് സഹയാത്രികരായ ബുദ്ധിജീവികളുടെ വിലയിരുത്തൽ. കണ്ണുരിലെ പാർട്ടി ഗ്രാമമായ കുഞ്ഞിമംഗലത്ത് അതിവേഗ റെയിൽവേ പാതയുടെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന്റെ പകർപ്പ് സ്വന്തം വീടുകളിൽ വെച്ചു കത്തിച്ചു കൊണ്ടാണ് സിപിഎം കുടുംബങ്ങൾ പ്രതിഷേധിച്ചത്. സിൽവർ ലൈൻ പദ്ധതിക്കായി 11 ജില്ലകളിൽ 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

തിരുവനന്തപുരത്ത് 78 ഉം, കൊല്ലത്ത് 83 ഉം, ആലപ്പുഴയിൽ 42 ഉം, പത്തനംതിട്ടയിൽ 44 ഉം, കോട്ടയത്ത് 108 ഉം, എറണാകുളത്ത് 120 ഉം, തൃശ്ശൂരിൽ 111 ഉം, മലപ്പുറത്ത് 110 ഉം, കോഴിക്കോട് 42 ഉം കണ്ണൂരിൽ 53 ഉം, കാസർഗോഡ് 161 ഹെക്ടർ ഭൂമിയുമാണ് പദ്ധതിക്കായി ആവശ്യമുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിന് 11 ജില്ലക്കിലും തഹസിൽദാർ ഓഫീസ് തുറക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും സ്‌പെഷ്യൽ തഹസിൽദാർ ഉൾപ്പെടെ 18 ജീവനക്കാരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കുന്നതിനായി ആദ്യഘട്ടത്തിൽ കിഫ്ബി യിൽ നിന്ന് 2100 കോടി രൂപ വായ്പയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. റെയിൽവെ ബോർഡിന്റെ അംഗീകാരവും സാമൂഹികാഘാത പഠന റിപ്പോർട്ടും വിദഗ്ദ്ധ സമിതിയുടെയും കലക്ടർമാരുടെയും അനുമതി ലഭിച്ച ശേഷമാവും അന്തിമാനുമതി നൽകുകയെന്ന് പറയുന്നുണ്ടെങ്കിലും അതിന് മുമ്പുതന്നെ നടപടിക്രമങ്ങൾ തുടങ്ങിയതാണ് ജനങ്ങളിൽ ആശങ്കയുയരാനും പരസ്യ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനും പ്രേരിപ്പിച്ചതെന്നാണ് സൂചന. പദ്ധതിയുടെ വിവരങ്ങൾ രഹസ്യമായി വെക്കുന്നുവെന്നു ഇടതു പക്ഷ അനുകൂല സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്ത് തന്നെ ആരോപിച്ചിരുന്നു.

കണ്ണൂർ ജില്ലയിൽ പദ്ധതി പ്രഖ്യാപനത്തോടെ തന്നെ എതിർപ്പുയർന്നിരുന്നു. റെയിൽവെയുടെ കൈവശമുള്ള സ്ഥലങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി, കുടിയൊഴിപ്പിക്കൽ ഒഴിവാക്കിയാവും നിർമ്മാണമെന്നായിരുന്നു ആ ദ്യ വിശദീകരണം. എന്നാൽ ജനവാസ മേഖലകളിൽ പദ്ധതിക്കായി സർവ്വേ നടത്താൻ കൺസൾട്ടൻസി ഉദ്യോഗസ്ഥരെത്തിയതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു'തുടർന്ന് ആകാശ സർവ്വേ വഴിയാണ് രൂപരേഖ പൂർത്തിയാക്കിയത്. കണ്ണൂർ ജില്ലയിൽ, കണ്ണൂർ, പയ്യന്നൂർ താലൂക്കുകളിലെ ഒൻപതുവില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുക. കണ്ണൂർ താലൂക്കിലെ ചിറക്കൽ, ചെറുകുന്ന്, കണ്ണപുരം, വളപട്ടണം, പാപ്പിനിശ്ശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ വില്ലേജുകളിലെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

അഞ്ച് സ്‌ട്രെച്ചു കളിലായി നിർമ്മിക്കുന്ന റെയിൽപാതയുടെ അവസാന ഘട്ടത്തിലാണ് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ നിർമ്മാണം. 2025 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്കായി 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റെയിൽവെ അടക്കമുള്ള പദ്ധതികൾക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടെന്ന കേന്ദ്ര നിലപാടിലും, പദ്ധതി നിർവ്വഹണത്തിനായി ലഭിക്കാൻ സാധ്യതയുള്ള വി ദേശ വായ്പകളിലും പ്രതീക്ഷ അർപ്പിച്ചാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. എന്നാൽ കേന്ദ്ര അനുമതിയോ നിർമ്മാണതുക സമാഹരിക്കുന്നതിന്റെ സാധ്യതകളോ അതിവേഗ റെയിൽവേ പാതയുടെ കാര്യത്തിൽ ഇനിയും തെളിഞ്ഞിട്ടില്ല.

പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ ജൈവവൈവിധ്യങ്ങളുടെ 'കലവറയായ മാടായിപ്പാറയടക്കം നശിക്കും. കുടിയിറക്കലിനു പുറമേ വൽ പരിസ്ഥിതിനാശമാണ് ഈ കെ.റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടാവുക. മാടായിപ്പാറ ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ശാസ്ത്ര പരിഷത്ത് അടക്കമുള്ള സംഘടനകൾ രംഗത്തു വന്നിട്ടുണ്ട് ഇവിടെ യാതൊരു വിധ സർവ്വേയും നടത്താൻ വിടില്ലെന്ന് മറ്റു സംഘടനകളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ എതിർപ്പിനെ മറികടന്നു കൊണ്ട് ആകാശ സർവ്വേയുമായാണ് സർക്കാർ മുൻപോട്ടു പോകുന്നത്.

അതിവേഗ റെയിൽവേ പാത സാമ്പത്തികമായി സർക്കാരിന്റെ കൈ പൊള്ളിക്കുമെന്ന വിദഗ്ദ്ധ റിപ്പോർട്ടും ഇതിനകം പുറത്തുവന്നിട്ടുണ്ട്.കാസർകോടുമുതൻ തിരുവനന്തപുരം വരെ നാലു മണിക്കൂർ കൊണ്ടു എത്താൻ കഴിയുമെന്നാണ് പദ്ധതിയുടെ ഗുണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സാധാരണക്കാരന് താങ്ങാൻ കഴിയാത്ത ടിക്കറ്റ് നിരക്കാണ് ഇതിനുണ്ടാവുക. നാലായിരത്തിലേറെ രൂപയാത്രാ ചിലവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓഫ് സീസണിൽ കണ്ണുർ വിമാനതാവളത്തിനും തിരുവനന്തപുരത്തേക്ക് പറക്കാൻ 1900 രൂപയ്ക്കു വരെ ടിക്കറ്റ് ലഭ്യമാണ്. കൊ വിഡ് പ്രതിസന്ധിയിൽ ജിവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാവാതെ ഞെരി പരി കൊള്ളുന്ന സംസ്ഥാന സർക്കാർ എങ്ങനെ ഇതിനുള്ള ഫണ്ട് കണ്ടെത്തുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

നിലവിൽ വിദേശ ഫണ്ടോ കേന്ദ്ര സർക്കാർ ധനസഹായ മോ ലഭിക്കുമെന്ന് ഉറപ്പായിട്ടില്ല.കെ. ഫോൺ പദ്ധതി നടപ്പിലാക്കാനിറങ്ങിയതു പോലെ കേന്ദ്ര അനുമതിയില്ലാതെ കാള പെറ്റെന്നു കേട്ടപ്പോൾ കയറെടുത്തു ഓടുന്ന രീതിയിലാണ് ഇപ്പോൾ സർവ്വെ നടത്തലും പദ്ധതി പ്രദേശം അളന്ന് തിട്ടപ്പെടുത്താൻ സ്‌പെഷ്യൽ തഹസി ദാരെയും കൺസൾട്ടൻസിയെയും നിയോഗിച്ചത്. ഇപ്പോൾ തന്നെ ഇതിനായി കോടികൾ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇനിയും അധിക തസ്തികകൾ നിർമ്മിക്കാനും പ്രത്യേക ക്യാംപ് ഓഫിസുകൾ തുറക്കാനുമുള്ള ഒരുക്കത്തിലുമാണ് സർക്കാർ ' എന്നാൽ റെയിൽവേ - പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി പോലും ഈ കാര്യത്തിൽ നേടിയെടുക്കാത്തത് ആശങ്കയുയർത്തിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ വികസന സ്വപ്ന പദ്ധതിയായിട്ടാണ് അതിവേഗ റെയിൽവേ പാത വിഭാവനം ചെയ്യുന്നത്. തന്റെ ഭരണകാലത്തു തന്നെ ഈ പദ്ധതി എന്തു വില കൊടുത്തും നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ കടുംപിടുത്തവുമായി മുൻപോട്ടു പോകുമ്പോൾ കണ്ണുരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നുയരുന്നത് അതൃപ്തിയുടെയും അമർഷത്തിന്റെയും പെരുമ്പറ മുഴക്കങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP