Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിയാസുമായുള്ള പ്രണയത്തിനിടെ മറ്റൊരാളുമായി വിവാഹം; ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ഭർത്താവ് വിവാഹ മോചനം നേടി; കമുകനൊപ്പം ജീവിക്കാൻ പിതാവ് തടസ്സമായപ്പോൾ വിഷം കൊടുത്തു; മരിക്കാതെ വന്നപ്പോൾ തലക്കടിച്ചു കൊലപ്പെടുത്തി; ശശിധരപ്പണിക്കരെ കൊന്ന കേസിൽ മകളും കാമുകനും കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ

റിയാസുമായുള്ള പ്രണയത്തിനിടെ മറ്റൊരാളുമായി വിവാഹം; ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ഭർത്താവ് വിവാഹ മോചനം നേടി; കമുകനൊപ്പം ജീവിക്കാൻ പിതാവ് തടസ്സമായപ്പോൾ വിഷം കൊടുത്തു; മരിക്കാതെ വന്നപ്പോൾ തലക്കടിച്ചു കൊലപ്പെടുത്തി; ശശിധരപ്പണിക്കരെ കൊന്ന കേസിൽ മകളും കാമുകനും കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: കായംകുളത്ത് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും ഉൾപ്പെടെ 3 പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. ശിക്ഷ ഈമാസം 31ന് വിധിക്കാനിരി്കയാണ്. ചാരുംമൂട് ചുനക്കര ലീലാലയം ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസിൽ കായംകുളം കൃഷ്ണപുരം ഞക്കനാൽ മണപ്പുറത്ത് റിയാസ് (37), സുഹൃത്ത് നൂറനാട് പഴനിയൂർകോണം രതീഷ് ഭവനം രതീഷ് (38), റിയാസിന്റെ കാമുകിയും കൊല്ലപ്പെട്ട ശശിധരപ്പണിക്കരുടെ മൂത്ത മകളുമായ ശ്രീജമോൾ (36) എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. കാമുകനൊപ്പം ജീവിക്കാൻ പിതാവ് തടസമാകുന്നത് കണ്ട് ക്രൂരമായി മകൾ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

കേസിലെ പഴുതടച്ചുള്ള അന്വേഷണം പ്രതികളെ കുരുക്കി. വിചാരണയിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി സി.എസ്.മോഹിത് കണ്ടെത്തിയത്. ഇതോടെ അരുംകൊലയിലെ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായി. 2013 ഫെബ്രുവരി 23നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹത്തിന് മുമ്പായി ശ്രീജമോൾക്കുണ്ടായ പ്രണയമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

കേസിലെ ഒന്നാം പ്രതിയായ റിയാസ് ചാരുംമൂട്ടിലെ വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യവേ സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്നാം പ്രതിയായ ശ്രീജമോളുമായി പ്രണയത്തിലായി. ഇതിനിടെ റിയാസ് ജോലി തേടി വിദേശത്തു പോയി. ശ്രീജമോൾ ഒപ്പം ജോലി ചെയ്ത തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷവും ശ്രീജമോൾ റിയാസുമായുള്ള അടുപ്പം തുടരുന്നതു മനസിലാക്കിയ ശ്രീജിത് വിവാഹമോചനം നേടി.

ഈ ബന്ധത്തിൽ ശ്രീജമോൾക്കു 12 വയസുള്ള മകളുണ്ട്. വിവാഹമോചനത്തിനു ശേഷവും മകൾ ആർഭാട ജീവിതം നയിക്കുന്നതിനെ ശശിധരപ്പണിക്കർ എതിർത്തതോടെ വീട്ടിൽ വഴക്കു പതിവായി. പിതാവ് ജീവിച്ചിരുന്നാൽ റിയാസിനൊപ്പം കഴിയാൻ സാധിക്കില്ലെന്നു ബോധ്യപ്പെട്ട ശ്രീജമോൾ റിയാസുമായി ഗൂഢാലോചന നടത്തി. തനിക്കൊപ്പം വിദേശത്തു മുൻപ് ജോലി ചെയ്തിരുന്ന രതീഷുമായി ആലോചിച്ചുറപ്പിച്ച് റിയാസ് അവധിക്കു നാട്ടിലെത്തി.

2013 ഫെബ്രുവരി 19നു ഇരുവരും നാട്ടിൽ കണ്ടുമുട്ടി. ശശിധരപ്പണിക്കരെ മദ്യത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്താൻ തീരുമാനിച്ചു. തിരുവല്ല തുകലശേരിയിലെ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ശശിധരപ്പണിക്കരെ ഇടുക്കിയിലെ എസ്റ്റേറ്റിൽ മികച്ച ശമ്പളത്തിൽ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു സംഭവദിവസം രാത്രി 8നു നൂറനാട് പടനിലത്തു കരിങ്ങാലിപ്പുഞ്ചയ്ക്കു സമീപം എത്തിച്ച് മദ്യത്തിൽ വിഷം കലർത്തി നൽകി.

വിഷം കലർന്ന മദ്യം കുടിച്ച ശശിധരപ്പണിക്കർ ഛർദിച്ചതോടെ മരിക്കില്ലെന്നു കരുതിയ റിയാസും രതീഷും വെട്ടുകല്ല് ഉപയോഗിച്ചു തലയ്ക്ക് അടിച്ചു . കത്തി ഉപയോഗിച്ചു കുത്തിയും പരുക്കേൽപ്പിച്ചു. തോർത്തുകൊണ്ട് ശ്വാസം മുട്ടിച്ച ശേഷം സമീപത്തെ കുളത്തിൽ ഉപേക്ഷിച്ചതായാണു പ്രോസിക്യൂഷൻ കേസ്. 26നാണ് മൃതദേഹം സമീപവാസികൾ കണ്ടത്.

ശശിധരപ്പണിക്കർക്കു മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്താനാണു പ്രതികൾ തീരുമാനിച്ചത്. ഇതിനായി രതീഷ് 2013 ഫെബ്രുവരി 22നും 23നും മദ്യശാലയിൽ നിന്നു 2 ബീയറും ഒരു റമ്മും വീതം വാങ്ങി. 22നു വിഷം ലഭിക്കാത്തതിനാൽ കൊലപാതകം നടത്താനായില്ല. 3 പേരും കരിങ്ങാലിപ്പുഞ്ചയുടെ തീരത്തു പടനിലം ഭാഗത്തിരുന്നു മദ്യപിച്ചു മടങ്ങി. തൊട്ടടുത്ത ദിവസമാണ് വിഷം ലഭിച്ചത്.

വിഷം കലർത്തിയ മദ്യം നൽകിയ ശേഷം രതീഷ് സ്ഥലത്തു നിന്നു മടങ്ങി. ശശിധരപ്പണിക്കർ ഛർദിച്ചതിനെ തുടർന്നു മരിക്കില്ലെന്നു സംശയിച്ച റിയാസ് രതീഷിനെ വീണ്ടും വിളിച്ചു വരുത്തി. രതീഷ് കത്തിയുമായാണ് എത്തിയത്. സമീപത്തു കിടന്ന കല്ലെടുത്തു ശശിധരപ്പണിക്കരുടെ തലയിൽ ഇടിച്ചു.

രതീഷ് കൈവശം കരുതിയിരുന്ന കത്തിയുപയോഗിച്ചു തുടയിൽ വെട്ടി. മദ്യം പൊതിഞ്ഞു കൊണ്ടുവന്ന തോർത്ത് ഉപയോഗിച്ചു ശശിധരപ്പണിക്കരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി സമീപത്തെ കുളത്തിൽ തള്ളി. 2 ദിവസവും മദ്യം തോർത്തിൽ പൊതിഞ്ഞു കൊണ്ടുപോയയാളെ മദ്യശാലയിലെ ആൾ തിരിച്ചറിഞ്ഞതു കേസിൽ നിർണായക മൊഴിയായി. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും കല്ലും താർത്തും പിന്നീടു കണ്ടെത്തി.

അന്നത്തെ മാവേലിക്കര സിഐ: കെ.ജെ.ജോൺസൻ, നൂറനാട് എസ്‌ഐ ആർ.ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ കേസന്വേഷിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സോളമൻ ഹാജരായി. വിചാരണ വേളയിൽ ശശിധരപ്പണിക്കരുടെ ഭാര്യയും മറ്റൊരു മകളും മൂന്നാം പ്രതിയായ ശ്രീജമോൾക്ക് അനുകൂലമായി മൊഴി നൽകിയതിനാൽ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. 31 സാക്ഷികളെ വിസ്തരിച്ച കേസിൽ 42 തൊണ്ടിമുതലും 70 രേഖകളും ഹാജരാക്കി.

ശശിധരപ്പണിക്കരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ അസിസ്റ്റന്റ് ഫൊറൻസിക് സർജൻ ഡോ.ഉന്മേഷ് നൂറനാട് എസ്‌ഐ: ആർ.ഫയാസിനു നൽകിയ 2 സൂചനകളാണ് മുങ്ങിമരണമെന്ന പ്രാഥമിക നിഗമനത്തിൽ നിന്നു കൊലപാതകത്തിലേക്കു വഴി തുറന്നത്. ശശിധരപ്പണിക്കരുടെ തലയിലും തുടയിലും കാണപ്പെട്ട മുറിവുകൾ മൂർച്ചയുള്ള ആയുധം കൊണ്ടുള്ളതാണെന്നും തലയിലേതു കല്ലു പോലുള്ള വസ്തു ഉപയോഗിച്ചുള്ള മുറിവാണെന്നും വ്യക്തമാക്കി.

സംശയം മകളിലേക്ക് നീണ്ടതോടെ ഫോൺരേഖകൾ പരിശോധിക്കുകയായിരുന്നു പൊലീസ്. മദ്യത്തിൽ വിഷം നൽകി കൊലപ്പെടുത്താമെന്ന് ആലോചിച്ചുറപ്പിച്ച ശേഷം 2013 ഫെബ്രുവരി 20നു ശശിധരപ്പണിക്കരെ അന്വേഷിച്ചു തിരുവല്ല തുകലശേരിയിലെ സ്ഥാപനത്തിൽ റിയാസും രതീഷും എത്തിയിരുന്നു. ശശിധരപ്പണിക്കർ ഇല്ലാതിരുന്നതിനാൽ റിയാസിന്റെ ഫോണിൽ നിന്നു ശശിധരപ്പണിക്കരെ വിളിച്ച് ഇടുക്കിയിലെ ജോലിയുടെ കാര്യം പറഞ്ഞു. 21ന് കായംകുളം, 22ന് ചാരുംമൂട് എന്നിവിടങ്ങളിലെ ടെലിഫോൺ ബൂത്തിൽ നിന്നു ശശിധരപ്പണിക്കർക്കു ഫോൺ ചെയ്തു. ബൂത്തിൽ നിന്നു ഫോൺ വന്ന അതേ സമയത്തു റിയാസിന്റെ മൊബൈൽ 2 സ്ഥലങ്ങളിലും ഉണ്ടായിരുന്നു.

2013 ഫെബ്രുവരി 20 മുതൽ 23 വരെ ശ്രീജമോളെ 58 തവണയും രതീഷിനെ 54 തവണയും റിയാസിന്റെ ഫോണിൽ നിന്നു വിളിച്ചതായി കണ്ടെത്തി. ഇതു മനസിലാക്കിയ പൊലീസ് കൃത്യമായ അന്വേഷണത്തിനൊടുവിൽ ഒരു മാസത്തിനു ശേഷം രതീഷിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കഥയുടെ ചുരുളഴിഞ്ഞതോടെ അന്നു വൈകിട്ടു തന്നെ ശ്രീജമോളയും അറസ്റ്റ് ചെയ്തു.

കൊലപാതകത്തിനു ശേഷം റിയാസ് സിം കാർഡ് ശ്രീജമോളുടെ കൈവശം നൽകി. ഇതു മറ്റൊരു ഫോണിൽ ശ്രീജമോൾ ഉപയോഗിച്ചതാണ് റിയാസിന്റെ നമ്പർ ചുനക്കര ലൊക്കേഷനിൽ കാണിക്കാനിടയാക്കിയത്. കൊലപാതകത്തിനു പിന്നാലെ വിദേശത്തേക്കു പോയ റിയാസ് പിന്നീടു നാട്ടിലെത്തി കീഴടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP