Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിയറ ലിയോണിൽ സ്വർണഖനിയുള്ള മലയാളി പിവി അൻവർ എംഎൽഎ മാത്രമല്ല; സ്വർണകടത്ത് കേസിലെ പ്രതിക്കും സിയറയിൽ സ്വർണഖനിയിൽ നിക്ഷേപം; ഖനിയിൽ പണമിറക്കിയത് കേരളത്തിൽ ഉന്നതർ; സംസ്ഥാനത്തേക്ക് ദുബായി വഴി ഒഴുകുന്നതും ആഫ്രിക്കൻ പൊന്ന്; മലയാളികളുടെ സ്വന്തം 'കെജിഎഫ്' ആയി സിയറ മാറുന്നോ?

സിയറ ലിയോണിൽ സ്വർണഖനിയുള്ള മലയാളി പിവി അൻവർ എംഎൽഎ മാത്രമല്ല; സ്വർണകടത്ത് കേസിലെ പ്രതിക്കും സിയറയിൽ സ്വർണഖനിയിൽ നിക്ഷേപം; ഖനിയിൽ പണമിറക്കിയത് കേരളത്തിൽ ഉന്നതർ; സംസ്ഥാനത്തേക്ക് ദുബായി വഴി ഒഴുകുന്നതും ആഫ്രിക്കൻ പൊന്ന്; മലയാളികളുടെ സ്വന്തം 'കെജിഎഫ്' ആയി സിയറ മാറുന്നോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി ആൻവറിന്റെ ഇടയ്ക്കിടെയുള്ള നാടുവിടലിലൂടെ വാർത്തകളിൽ ഇടംനേടിയ ആഫ്രിക്കയിലെ സിയറ ലിയോൺ വീണ്ടും ചർച്ചയാകുന്നു. നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിക്ക് സിയറ ലിയോണിൽ സ്വർണഖനിയിൽ നിക്ഷേപമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാഷ്ട്രീയ ഉന്നതർക്കടക്കം ഇയാൾക്കൊപ്പം ഖനിയിൽ പങ്കാളിത്തമുള്ളതായാണ് സൂചന.

എൻ.ഐ.എ.യും കസ്റ്റംസും അറസ്റ്റുചെയ്യുകയും ജാമ്യത്തിലിറങ്ങുകയുംചെയ്ത പ്രതിക്കാണ് ഖനിയിൽ നിക്ഷേപമുള്ളതായി വിവരങ്ങൾ പുറത്തായത്. നയതന്ത്ര സ്വർണക്കടത്തിലെ കൂട്ടുപ്രതികളോടാണ് ഇയാൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതോടെ, കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രാഥമിക വിവരശേഖരണം തുടങ്ങി.

ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വർണഖനിയിലാണ് സ്വർണക്കടത്ത് പ്രതിക്ക് നിക്ഷേപമുള്ളത്. എന്നാൽ, എൻഐഎയുടെയോ കസ്റ്റംസിന്റെയോ ചോദ്യംചെയ്യലിൽ ഇയാൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഏതാനും നിർണായക വിവരങ്ങൾ നൽകിയതോടെ ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തി. അതിനാൽ ജാമ്യാപേക്ഷയെ എതിർത്തില്ല. ജാമ്യം ലഭിക്കുകയും പാസ്‌പോർട്ട് തിരികെ ലഭിക്കുകയും ചെയ്ത ശേഷവും ഇയാൾ വിദേശയാത്രകൾ നടത്തിയതായി സൂചനയുണ്ട്.

ഇതിനുശേഷമാണ് കൂട്ടുപ്രതികളോട് ആഫ്രിക്കയിലെ ഖനിയിലെ നിക്ഷേപത്തെക്കുറിച്ചും രാഷ്ട്രീയ ഉന്നതരുടെ പങ്കാളിത്തത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. ഈ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ആഫ്രിക്കയിലെ സ്വർണ സാമ്രാജ്യം

ഇന്ത്യയിലും കേരളത്തിലുമടക്കം എത്തുന്ന കള്ളക്കടത്ത് സ്വർണ്ണത്തിന്റെ 90 ശതമാനവും വരുന്നത് ആഫ്രിക്കയിൽ നിന്നാണ്. അരിയും, ഉള്ളിയും, മണ്ണെണ്ണയുമൊക്കെ കരിഞ്ചന്തയിൽ വാങ്ങിയ അനുഭവമേ നമുക്കുള്ളൂ. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, ടാൻസാനിയ, സാംബിയ, ബുർക്കിനോ ഫാസോ, കോംഗോ, സഹേൽ, നൈജർ, മാലി തുടങ്ങിയ രാജ്യങ്ങളിലെ ഏറ്റവും വലിയ കരിഞ്ചന്ത സ്വർണ്ണമാണ്.

ആഫ്രിക്കയിലെ പ്രധാന സ്വർണ്ണഖനികൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് അവിടങ്ങളിലെ സ്വർണ്ണ കരിഞ്ചന്ത. കുടിൽവ്യവസായമായി ജനങ്ങൾ സ്വർണം അരിച്ചെടുക്കയാണ്. ദുബായിലേക്ക് ഏറ്റവും കൂടുതൽ അസംസ്‌കൃത സ്വർണ്ണമെത്തുന്നതും ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ. ആദ്യകാലങ്ങളിൽ എല്ലാ ഗവണ്മെന്റുകളേയും പോലെ ഈ ആഫ്രിക്കൻ ഗവണ്മെന്റുകൾ സ്വർണ്ണക്കയറ്റുമതിക്ക് നികുതി ഈടാക്കിയിരുന്നു. ഏത് രാജ്യവും അവരുടെ ധാതുഖനനത്തിന്, പ്രകൃതിവിഭവങ്ങൾ എടുക്കുന്നതിന്, സ്വാഭാവികമായും നികുതിയേർപ്പെടുത്തും. പിന്നീട് നികുതി വെട്ടിക്കാനാകും മിക്കവരുടേയും ശ്രമം. അങ്ങനെ നികുതി വെട്ടിക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ അതിൽ ഇടപെട്ടു നിയന്ത്രിക്കാൻ ശ്രമിക്കുമല്ലോ. ആ സംവിധാനങ്ങളെ വരുതിയിലാക്കാൻ അഴിമതിയും ഇടനിലക്കാരും മാഫിയകളും സായുധസംഘങ്ങളും എല്ലാം ചേർന്ന ഒരു ശൃംഖല ആ ആഫ്രിക്കൻ രാജ്യങ്ങളിൽ രൂപപെട്ടു. ചുരുക്കിപ്പറഞ്ഞാൽ സ്വർണ്ണ നിക്ഷേപം ആ നാടുകളുടെ സ്വസ്ഥത തകർക്കയാണ് ചെയ്തത്.

ഈ ഇടനിലക്കാരുടേയും സമാന്തര സർക്കാർ സംവിധാനങ്ങളുടേയും മാഫിയകളുടേയും ശൃംഖലകൾ പതിയെ സമാന്തര സർക്കാരുകളായി വളർന്നു. ആഗോളഭീകരവാദവും സ്വർണ്ണവും തമ്മിൽ ബന്ധപ്പെടുന്നത് ഈ സമാന്തര സർക്കാരുകളിൽ നിന്നാണ്. ഇന്ന് അൽഖ്വായിദ അടക്കമുള്ള ഇസ്ലാമിക തീവ്രാദ സംഘങ്ങളുടെ കൈയിലാണ് ഈ അനധികൃത സ്വർണ്ണ ഖനനം. അവർക്ക് കൈക്കൂലി കൊടുത്താൽ നിങ്ങൾക്കും അവിടെ പ്രവേശിക്കാം. കള്ളക്കടത്ത് സ്വർണം വാങ്ങി ദുബൈയിൽ എത്തിച്ചുതരാനും അവിടെ സംഘങ്ങൾ ഉണ്ട്. പലയിടത്തും കുട്ടികളെ അടക്കം അടിമകൾ ആക്കി പണിയെടുപ്പിച്ചും സ്വർണം ഉണ്ടാക്കുന്നുണ്ട്. ഖനിയപകടങ്ങളിൽ കുട്ടികൾ കൊലപ്പെടുന്നു. ഈ ദരിദ്രരാഷ്ട്രങ്ങളുടെ ദാരിദ്ര്യം ഒന്ന് കൂടി വർധിക്കയാണ് സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതിലൂടെ ഉണ്ടായത്. മയക്കുമരുന്ന് കടത്തിന് പ്രതിഫലമായി സ്വർണം നൽകുന്ന സംഘങ്ങളും ഇവിടെ തഴച്ചു വളർന്നു.

പിവി ആൻവറിലൂടെ മലയാളി അറിഞ്ഞ സിയേറ ലിയോൺ

ശതകോടികൾ വിലയുള്ള ഡയമണ്ട് നിക്ഷേപവും നാടൊട്ടുക്ക് ഡയമണ്ട് ഖനികളും ഉണ്ടായിട്ടും തൊണ്ണൂറ്റഞ്ചു ശതമാനം ജനങ്ങളും കൊടും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന നാടാണ് ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോൺ. 'ലോകത്ത് ഏറ്റവും സമ്പന്നമായ ദരിദ്ര രാഷ്ട്രം' എന്നാണു സിയേ ലിയോണിലെ ഡയമണ്ട് ഖനികളുടെ ഫോട്ടോകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് അന്തർദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.

കേരളം ഈ ആഫ്രിക്കൻ രാജ്യത്തെക്കുറിച്ച് ശ്രദ്ധിച്ചുതുടങ്ങിയത് പി.വി അൻവർ എംഎൽഎയെ ഇടയ്ക്ക് 'നാട്ടിൽ കാണാനില്ല' എന്ന വാർത്ത പരന്നതോടെയാണ്. രാഷ്ട്രീയപ്രവർത്തനത്തിലൂടെ തനിക്കുണ്ടായ വൻ സാമ്പത്തിക ബാധ്യത മറികടക്കാൻ ഡയമണ്ട് ഖനനത്തിലേക്ക് 'എത്തിച്ചേർന്ന' കാര്യം വെളിപ്പെടുത്തിയതോടെ സിയേറ ലിയോണിനെ അടുത്തറിയാനായി കേരളത്തിന്റെ അടുത്ത ശ്രമം.

സിയേറ ലിയോണിൽ ഡയമണ്ട് ഖനനമാണ് തന്റെ പുതിയ ബിസിനസ് എന്നാണ് പി.വി അൻവർ പറയുന്നത്. സാമ്പത്തിക ബാധ്യത മറികടക്കാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറയുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വ്യവസായികളെ ആകർഷിക്കാൻ മാത്രം സ്വർണനിക്ഷേപമുണ്ടോ ഈ രാജ്യത്ത്?

പശ്ചിമ ആഫ്രിക്കയിലെ രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് സിയേറ ലിയോൺ. 1700ൽ സിയേറ ലിയോൺ അറ്റ്ലാന്റിക്ക് സമുദ്രത്തിനു കുറുകെ ഉള്ള ആഫ്രിക്കൻ അടിമവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു. 1787-ൽ ബ്രിട്ടിഷുകാർക്കുവേണ്ടി അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ അടിമകളെ പുനരധിവസിപ്പിക്കുവാനാണ് ഈ സ്ഥലം രൂപീകരിച്ചത്.

ഭൂപ്രകൃതിയുടെ മുക്കാൽ ഭാഗത്തും ഡയമണ്ട് നിക്ഷേപമുണ്ട്. 1870 മുതലാണ് ഇവിടെ ഖനനം ആരംഭിച്ചത്. ബ്രിട്ടീഷുകാർ വന്നതോടെയാണ് സിയേറ സ്വർണത്തിന്റെ വജ്രത്തിന്റെയും അമൂല്യ നിധിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടീഷുകാരാണ് സിയേറയിൽ വ്യാവസായികാടിസ്ഥാനത്തിൽ സ്വർണഖനനം തുടങ്ങിയത്. 1930ൽ ബ്രിട്ടിഷുകാർ ഇവിടെ നിന്നു ഉയർന്ന മൂല്യമുള്ള 9 ദശലക്ഷം ഡയമണ്ട് കണ്ടെത്തി. കോളനി ഭരണത്തിന്റെ കാലത്ത് അതിന്റെ ചെറിയൊരു കഷണം പോലും ആഫ്രിക്കയ്ക്കു കിട്ടിയില്ല.

മലമടക്കുകളും കുന്നിൻ ചെരിവും പരന്നു കിടക്കുന്ന പറമ്പുകളുമാണ് ഖോനോ, ഖെനേമ, ബോ ജില്ലകളുടെ പ്രകൃതി. ബോ ജില്ലയിലാണ് വൻ തോതിൽ ഡയമണ്ട് ഖനനം ചെയ്യപ്പെട്ടത്. നദിയുടെ തീരദേശമെന്നു വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങൾ.

2010ൽ ഒരു ബ്രിട്ടീഷ് കമ്പനി കങ്കാരി മലനിരകളിലെ പാറകളിൽ സ്വർണനിക്ഷേപം കണ്ടെത്തിയതോടെയാണ് യന്ത്രവൽകൃത ഖനനം ആരംഭിച്ചത്. 2008ൽ 6150 ട്രോയ് ഔൺസ് സ്വർണമായിരുന്നു ഉൽപാദിപ്പിച്ചത്. 2009ൽ ഇത് 5060 ട്രോയ് ഔൺസ് ആയി കുറഞ്ഞു. ഇത് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വർധനക്ക് കാരണമായിരുന്നു.

നിലവിൽ നാഷണൽ ഡയമണ്ട് മൈനിങ് കമ്പനിയാണ് സിയേറ ലിയോണിലെ ഔദ്യോഗിക ഖനന കമ്പനി. സിറാ റുടിൽ കമ്പനി, സിറാ ലിയോൺ ഡെവലപ്‌മെന്റ് കമ്പനി എന്നിവയും ഗവൺമെന്റിന് വേണ്ടി ഖനനം നടത്തുന്നു.

2018ൽ സിയേറ ലിയോണിൽ 446 കിലോ സ്വർണമാണ് ഉൽപാദിപ്പിച്ചത്. 2017ൽ ഇത് 140 കിലോ ആയിരുന്നു. 1990-2018 കാലഘട്ടത്തിൽ സിയേറ ലിയോണിലെ സ്വർണത്തിന്റെ ശരാശരി ഉൽപാദന നിരക്ക് 98 കിലോയാണ്.

സ്വർണം, വജ്രം, റൂട്ടെയിൽ, ബോക്‌സൈറ്റ്, ഇരുമ്പ്, ലിമോണൈറ്റ് എന്നിവയാണ് ഇവിടെ പ്രധാനമായും ഖനനം ചെയ്‌തെടുക്കുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയുടെ 20 ശതമാനവും കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും വരുന്നത് ഖനനവ്യവസായത്തിൽ നിന്നാണ്. 30,000 പേർ നേരിട്ടും മൂന്ന് ലക്ഷത്തോളം പേർ പരോക്ഷമായും ഖനന വ്യവസായത്തിന്റെ ഗുണഭോക്താക്കളാണെന്നും 2013ൽ പുറത്തുവന്ന കണക്കുകൾ പറയുന്നു.

കള്ളക്കടത്ത് സംഘങ്ങളും ഖനന വ്യവസായത്തിൽ സജീവമാണ്. മണ്ണിനടിയിൽ ഡയമണ്ട് തിരിച്ചറിയാൻ ഏറെക്കാലത്തെ ഖനന പരിചയം വേണം. കുട്ടയിൽ മണ്ണെടുത്ത് വെള്ളം ഒഴിവാക്കി മണ്ണ് അരിച്ചെടുത്താണ് ഡയമണ്ട് ഖനനം. കല്ലിന്റെ രൂപമുള്ള ഡയമണ്ട് കട്ട് ചെയ്ത് മനോഹരമാക്കാൻ വിദഗ്ധരായ തൊഴിലാളികൾക്കേ കഴിയൂ. കട്ടിങ്ങിൽ വിദഗ്ധരായ തൊഴിലാളികൾ ഇവിടെ ഏറെയുണ്ട്. സർക്കാർ ഖനികളിൽ കൂലി കുറവായതിനാൽ കൂടുതൽ പണം സമ്പാദിക്കുന്നതിനായി കള്ളക്കടത്തുകാർക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് തൊഴിലാളികളിൽ കൂടുതലും.

ശതകോടികൾ വിലയുള്ള ഡയമണ്ട് നിക്ഷേപമുള്ള നാട്ടിൽ തൊണ്ണൂറ്റഞ്ചു ശതമാനം ജനങ്ങളും കൊടും ദാരിദ്ര്യത്തിലും പട്ടിണിയും അനുഭവിക്കുന്നു. ഒരു ഡോളർ മാത്രമാണ് അവിടത്തെ തൊഴിലാളികളുടെ ദിവസക്കൂലി.

7700 ചതുരശ്രമൈൽ പ്രദേശത്ത് ഡയമണ്ട് നിക്ഷേപം ഉണ്ടായിട്ടും ഖനനം ചെയ്തെടുക്കുന്ന രത്നക്കല്ലുകളുടെ നാലിലൊന്നു തുക പോലും ഖജനാവിലേക്ക് എത്താറില്ല. ഏക്കർ കണക്കിന് ഭൂമി കൃഷിക്കെന്നു പറഞ്ഞു പാട്ടത്തിനെടുക്കുന്നു. അവിടെ ഖനനം നടത്തി ഡയമണ്ട് കുഴിച്ചെടുത്ത് കള്ളക്കടത്തുകാർക്ക് വിൽക്കുന്നു.

പട്ടിണിപ്പാവങ്ങളായ ഗ്രാമീണരാണു ഖനികളിൽ ജോലിക്കാർ. അവരെ അടിമകളാക്കി ജോലി ചെയ്യിച്ചാണ് മണ്ണു കുഴിക്കുന്നതെന്ന് മാധ്യമങ്ങൾ കണ്ടെത്തി. ദാരിദ്ര്യവും അഴിമതിയും മാറാ രോഗങ്ങളും നിരന്തരം വേട്ടയാടുന്ന സ്ഥലമാണു സിയേറ ലിയോൺ. രോഗങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ കൂട്ടമരണം സംഭവിക്കുന്നു.

ക്രമസമാധാന പാലനത്തിന് പരാജയപ്പെട്ട ഗവൺമെന്റിന് ഒരിക്കലും കള്ളക്കടത്തുകാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. അതേസമയം, അടിമത്തത്തിനും കള്ളക്കടത്തിനുമെതിരേ ശബ്ദം ഉയർത്തിയവരെല്ലാം ഒരിക്കലും പുറത്തു വരാത്ത വിധം ജയിലുകളിൽ അടയ്ക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP