Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു വർഷം മുമ്പ് ട്രാവലർ മുതലാളി; ഇന്ന് വഴിയോരത്തെ ലോട്ടറി കച്ചവടക്കാരൻ; കോവിഡ് തകർത്ത ജീവിതവുമായി മല്ലിശ്ശേരി മുരളി

ഒരു വർഷം മുമ്പ് ട്രാവലർ മുതലാളി; ഇന്ന് വഴിയോരത്തെ ലോട്ടറി കച്ചവടക്കാരൻ; കോവിഡ് തകർത്ത ജീവിതവുമായി മല്ലിശ്ശേരി മുരളി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോവിഡ് മൂലം ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം കൺമുമ്പിൽ മാഞ്ഞുപോയ കഥയാണ് തൃശൂർ തിരുവത്ര സ്വദേശി മല്ലിശ്ശേരി മുരളി(47)യ്ക്ക് പറയാനുള്ളത്. ഒരുവർഷം മുമ്പ് നാട്ടുകാർക്ക് മുരളി സമ്പന്നനായ ട്രാവലർ മുതലാളി ആയിരുന്നു. ഇന്ന് അദ്ദേഹം മണത്തലയിൽ ദേശീയപാതയോരത്ത് ലോട്ടറി വിൽക്കുകയാണ്. കോവിഡിനെത്തുടർന്ന് വണ്ടികൾക്ക് ഓട്ടമില്ലാതായതോടെയാണ് മുരളിയുടെ ജീവിത യാത്രും വഴിയിൽ കുടുങ്ങിയത്. കോവിഡിന്റെ താണ്ഡവത്തിൽ ജീവിതം പ്രതിസന്ധിയിലായ അനേകരിൽ ഒരാളാണ് മുരളി. എന്നാൽ ഈ വെല്ലുവിളിഘട്ടങ്ങളിൽ തളർന്നിരിക്കാൻ മുരളി തയ്യാറല്ല. ലോട്ടറി കച്ചവടത്തിലൂടെ എല്ലാം ആദ്യം മുതൽ ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. നഷ്ടപ്പെട്ടതെല്ലാം ഒരിക്കൽ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്.

വളരെ ലാഭത്തിലായിരുന്നു മുരളിയുടം ട്രാവലർ ബിസിനസ്. സ്‌കൂൾകുട്ടികൾക്കായുള്ള പതിവ് ഓട്ടവും കല്യാണം ഉൾപ്പെടെയുള്ള പരിപാടികളുടെ ഓട്ടവുമാണ് പ്രധാനമായി കിട്ടിയിരുന്നത്. ഇത്തരം ആവശ്യങ്ങളുടെ ഓട്ടം ഇപ്പോഴില്ലാത്തതിനാൽ ഒരുവർഷത്തിലേറെയായി രണ്ട് വണ്ടികളും ഷെഡ്ഡിൽ കയറ്റിയിട്ടിരിക്കുകയാണ്. വണ്ടികൾ ഓടുന്നില്ലെങ്കിലും ടാക്‌സ്, ഇൻഷുറൻസ് പോലുള്ള ചെലവുകൾക്ക് ഒരു ഇളവുമില്ല. മറ്റൊരു ജോലിയും അറിയാത്തതിനാൽ കോവിഡിന്റെ തുടക്കത്തിൽ കുറച്ചുനാൾ പെയിന്റിങ് തൊഴിലാളികൾക്കൊപ്പം സഹായിയായി പോയി. സ്ഥിരമായ ജോലി ആ മേഖലയിലും ഇല്ലാതായതോടെ ജീവിതം വഴിമുട്ടി. അതോടെയാണ് ലോട്ടറിവില്പനയിലേക്ക് കടന്നത്.

വണ്ടികളിലൊന്ന് കഴിഞ്ഞ ദിവസം പൊളിക്കാൻ കൊടുത്തു. വണ്ടിയുടെ ഇൻഷുറൻസും റോഡ് ടാക്‌സുമൊക്കെ അടച്ച് അറ്റകുറ്റപ്പണി നടത്തി ടെസ്റ്റും പൂർത്തിയാക്കി ഫിറ്റ്നസ് നേടി റോഡിൽ ഓടുന്ന നിലയിലാക്കാൻ രണ്ടുലക്ഷം രൂപയെങ്കിലും വേണം. ഇത്രയും ചെലവാക്കി ഫിറ്റ്നസ് നേടിയാലും വീണ്ടും ഷെഡ്ഡിൽ ഇടേണ്ടിവരുമെന്നു കരുതിയതുകൊണ്ടാണ് പെർമിറ്റ് കാലാവധി അഞ്ചുവർഷം ബാക്കിയിരിക്കെ മനസ്സില്ലാമനസ്സോടെ ടെമ്പൊ പൊളിച്ചുവിൽക്കാൻ തയ്യാറായതെന്ന് മുരളി പറഞ്ഞു.

അവശേഷിക്കുന്ന വണ്ടിയുടെ ഇൻഷുറൻസ്, റോഡ് ടാക്‌സ് എന്നിവയുടെ അടവിനും ടെസ്റ്റിനുമായി ഒന്നരലക്ഷം രൂപ വേണം. എല്ലാം പഴയനിലയിലായാൽ എങ്ങനെയെങ്കിലും അത്രയും തുക ചെലവിട്ട് വണ്ടിയുമായി വീണ്ടും ഓട്ടം തുടങ്ങാമല്ലോയെന്ന പ്രതീക്ഷയിലാണ് മുരളി. അതുവരെ ഭാര്യയും അമ്മയും ബി.ടെക്., പ്ലസ്ടു വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാതിരിക്കാനാവില്ലല്ലോയെന്ന് മുരളി ചോദിക്കുന്നു. അതിനായി തിരഞ്ഞെടുത്ത വഴിയാണ് ലോട്ടറിക്കച്ചവടം.

രാവിലെ ഏഴുമണിക്ക് ലോട്ടറിക്കച്ചവടത്തിനെത്തുന്ന മുരളി വൈകീട്ട് ഏഴുവരെ ലോട്ടറിവിൽപ്പനയുമായി ദേശീയപാതയോരത്ത് തുടരും. രണ്ടുമാസംമുമ്പ് കുറച്ച് സൃഹൃത്തുക്കൾ ചേർന്നാണ് ലോട്ടറി നിരത്തിവെക്കാനുള്ള സ്റ്റാൻഡും കുടയും നൽകിയത്. കോവിഡ് മാറി എല്ലാം പഴയനിലയിലാകുന്ന ഒരുനാൾ സ്വപ്‌നം കണ്ട് ലോട്ടറി വിൽപന തുടരുകയാണ് മുരളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP