Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലഹരിമരുന്നു പിടിച്ചശേഷം എക്‌സൈസ് സെറ്റിട്ടത് സിനിമാ സ്‌റ്റൈൽ രംഗങ്ങൾ; നാട്ടുകാരുടെ മുന്നിൽ പ്രതിയാക്കിയ യുവാവ് ക്ലൈമാക്‌സിൽ അപ്രത്യക്ഷൻ; പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും കോടതിയിൽ എത്തിയില്ല; എക്‌സൈസ് ലഹരിക്കേസ് അട്ടിമറിച്ചത് ആസൂത്രിതമായി; വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ലഹരിമരുന്നു പിടിച്ചശേഷം എക്‌സൈസ് സെറ്റിട്ടത് സിനിമാ സ്‌റ്റൈൽ രംഗങ്ങൾ; നാട്ടുകാരുടെ മുന്നിൽ പ്രതിയാക്കിയ യുവാവ് ക്ലൈമാക്‌സിൽ അപ്രത്യക്ഷൻ; പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും കോടതിയിൽ എത്തിയില്ല; എക്‌സൈസ് ലഹരിക്കേസ് അട്ടിമറിച്ചത് ആസൂത്രിതമായി; വീഴ്‌ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാരംഗങ്ങളെ വെല്ലുന്ന സെറ്റാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് കാക്കനാട് വാഴക്കാല ജംഗ്ഷനിൽ എക്‌സൈസ് തീർത്തത്. ഈ സെറ്റൊക്കെ ഇട്ട് വൻ ലഹരി മരുന്നു വേട്ടയാണ് നടത്തിയത് എന്നതായിരുന്നു എക്‌സൈസ് വാദം. എന്നാൽ, ഈ വാദങ്ങൾ എല്ലാം തന്നെ അപ്രസക്തമാക്കിയ പ്രതികളിൽ പലരെയും വെറുതേ വിട്ടതാണ്.

കാക്കനാട്ടെ ഫ്‌ളാറ്റിൽനിന്നു കോടികളുടെ എംഡിഎംഎ പിടിച്ചതിനു പിന്നാലെ എറണാകുളം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് പ്രതിയെ പിടിച്ചതായി നാട്ടുകാരെ ബോധിപ്പിക്കാൻ നടത്തിയ ഈ ശ്രമങ്ങളെല്ലാം ഇപ്പോൾ സംശയനിഴലിലാണ്. പ്രതിയെ നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ച ശേഷം മടങ്ങിപ്പോയി എക്‌സൈസ് സമർപ്പിച്ച പ്രതിപ്പട്ടികയിലെങ്ങും ഈ യുവാവിന്റെ പേരുണ്ടായിരുന്നില്ല! ഈ ആന്റി ക്ലൈമാക്‌സാണ് എംഡിഎംഎ റെയ്ഡിൽ എറണാകുളം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡിനു പാരയായതും വിവാദങ്ങളിലേക്കു വലിച്ചിട്ടതും.

ആദ്യം കസ്റ്റഡിയിലെടുത്ത 7 പേരിലുൾപ്പെടുകയും പിന്നീടു വിട്ടയയ്‌ക്കേണ്ടി വരികയും ചെയ്ത യുവാവുമായി എത്തിയാണ് തിരക്കേറിയ പാതയോരത്ത് എക്‌സൈസ് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. എംഡിഎംഎ വേട്ടയിൽ ആദ്യം ഒപ്പമുണ്ടായിരുന്ന കസ്റ്റംസിനെയും എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയും ഒഴിവാക്കി ക്രെഡിറ്റ് ഒറ്റയ്ക്ക് തട്ടുകയായിരുന്നു പ്രതിയുമായി ജനങ്ങൾക്കു മുന്നിലെത്തിയതിന്റെ ലക്ഷ്യമെന്നാണു വിമർശനം.

കസ്റ്റഡിയിലെടുത്ത യുവാവിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കേണ്ടി വന്നതോടെ നീക്കം പാളി. കേസന്വേഷണത്തിന്റെ ഭാഗമായിരുന്ന മറ്റു 2 ഏജൻസികളുടെയും നീരസം സമ്പാദിച്ചുവെന്നു മാത്രമല്ല, കേസിൽ അട്ടിമറി നടന്നുവെന്നു സംശയിക്കാനും ഇതു വഴിവച്ചു. മഹസർ സാക്ഷികളായി ജംക്ഷനിലുണ്ടായിരുന്ന അട്ടിമറിത്തൊഴിലാളികളെ ഉൾപ്പെടുത്തി വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങിയ ശേഷമാണ് എക്‌സൈസ് സംഘം മടങ്ങിയത്. എന്നാൽ, എന്തു കാരണത്താലാണ് എഫ്‌ഐആറിൽ ഈ പ്രതി ഉൾപ്പെടാതിരുന്നത് എന്നതിനു വിശ്വസനീയമായ വിശദീകരണം നൽകാൻ എക്‌സൈസിന് ആയിട്ടില്ല.

അതേസമയം കേരളത്തിലേക്ക് രാസലഹരി കടത്തിയ സംഘത്തിന്റെ രാജ്യാന്തര ബന്ധം തെളിയിക്കുന്ന തൊണ്ടി മുതലുകൾ എക്‌സൈസ് കോടതിയിൽ എത്തിച്ചില്ല. ലഹരിമരുന്ന് ഒളിപ്പിച്ച ഫ്‌ളാറ്റും പ്രതികൾ സഞ്ചരിച്ച കാറും പരിശോധിച്ച സംഘം വ്യക്തമായ സെർച് റിപ്പോർട്ട് കൈമാറാതിരുന്നതാണു കാരണം. എന്നാൽ പരിശോധന നടത്തിയ സേനാവിഭാഗങ്ങൾ ഇക്കാര്യം അംഗീകരിക്കുന്നില്ല.

സംസ്ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സംയുക്തമായാണു പരിശോധന നടത്തിയത്. എന്നാൽ, സെർച് റിപ്പോർട്ട് തയാറാക്കാതെ ഇവർ പോയതിനാലാണ് രണ്ടാമത് എത്തിയ ജില്ലാ യൂണിറ്റ് ലഹരിമരുന്നു മാത്രം പിടിച്ചെടുത്തതായി കാണിച്ചു കോടതിയിൽ റിപ്പോർട്ട് നൽകിയതെന്ന് വിശദീകരിക്കുന്നു. പ്രതികളുടെ 9 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്, സ്വർണാഭരണം എന്നിവ മാൻകൊമ്പിനു പുറമേ കസ്റ്റഡിയിലെടുത്ത് എക്‌സൈസ് ജില്ലാ യൂണിറ്റിനു കൈമാറിയിരുന്നു. പക്ഷേ, സെർച് റിപ്പോർട്ട് നൽകിയില്ലെന്നാണ് ആരോപണം.

അന്വേഷണത്തിൽ 3 സംഘങ്ങൾ ഒന്നിക്കുമ്പോൾ ആവശ്യമായ ഏകോപനം ഇല്ലാതെ പോയതാണ് കേസ് ദുർബലമാക്കിയത്. രഹസ്യാന്വേഷണം നടത്തി പ്രതികളെ തൊണ്ടി സഹിതം കസ്റ്റഡിയിലെടുത്ത സംഘത്തെ അറിയിക്കാതെ ജില്ലാ യൂണിറ്റ് 1.115 കിലോഗ്രാം രാസലഹരി പിടികൂടിയതോടെ ആദ്യ സംഘത്തിനുണ്ടായ നീരസവും പ്രശ്‌നം വഷളാക്കി. വിദേശ ലഹരി റാക്കറ്റുമായി കേസിനെ നേരിട്ടു ബന്ധിപ്പിക്കുന്ന നിർണായക തെളിവുകളാണു കസ്റ്റംസ് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിലുള്ളത്. ഇവ മഹസറിൽ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചാൽ മാത്രമേ വീണ്ടെടുക്കുന്ന വിവരങ്ങൾ തെളിവുനിയമപ്രകാരം നിലനിൽക്കുകയുള്ളൂ.

പ്രതികളെ ചോദ്യം ചെയ്യുമ്പോഴും ഇത്തരം തെളിവുകൾ ഉപയോഗപ്പെടും. എന്നാൽ എക്‌സൈസ് ജില്ലാ യൂണിറ്റിനു കൈമാറിയ ഫോണുകളും ലാപ്‌ടോപ്പും കോടതിയിൽ സമർപ്പിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടുകയാണ്. കൊച്ചിയിലെ പൊലീസ്, എക്‌സൈസ് സേനകളിൽ ലഹരി റാക്കറ്റിന്റെ മാസപ്പടിക്കാരുണ്ടെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഇത്തരം വീഴ്ചകളും പുറത്തുവരുന്നത്.

അതിനിടെ കൊച്ചി ലഹരിക്കേസ് അട്ടിമറിച്ച സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മഹസർ എഴുതിയതിലും കേസ് രജിസ്റ്റർ ചെയ്തതിലും വീഴ്ച വരുത്തുകയും 2 പ്രതികളെ ഒഴിവാക്കുകയും ചെയ്ത എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ എൻ.ശങ്കറിനെ സസ്‌പെൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ കെ.എസ്. പ്രമോദിനെ മലപ്പുറത്തേക്കും സിഇഒ എം.എസ്. ശിവകുമാറിനെ ആലപ്പുഴയ്ക്കും സിഇഒ എം.എ.

മേൽനോട്ടച്ചുമതലയുണ്ടായിരുന്ന സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി.വിനോജിനെ കാസർകോട് വെള്ളരിക്കുണ്ടിലേക്കു സ്ഥലം മാറ്റി. സ്‌ക്വാഡിലെ ഒരു പ്രിവന്റീവ് ഓഫിസറെയും 2 സിവിൽ എക്‌സൈസ് ഓഫിസർമാരെയും എറണാകുളം ജില്ലയ്ക്കു പുറത്തേക്കു മാറ്റി. ഷിബുവിനെ തൃശൂരിലേക്കുമാണു മാറ്റിയത്.

അഡീഷനൽ എക്‌സൈസ് കമ്മിഷണർ അബ്ദുൽ റാഷി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനാണു നടപടിയെടുത്തത്. വകുപ്പിന്റെ വിശ്വാസ്യതയ്ക്കു മങ്ങലേൽപിക്കാൻ ഉദ്യോഗസ്ഥരുടെ പ്രവൃത്തി കാരണമായെന്ന പരാമർശത്തോടെയാണു നടപടി.

നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്ന കുറ്റപ്പെടുത്തൽ മാത്രമാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. മനഃപൂർവം കേസ് അട്ടിമറിക്കാനുള്ള ശ്രമം നടത്തിയില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ഒരു കേസിനെത്തുടർന്ന്, അതേ സ്ഥലത്തു നടത്തിയ റിക്കവറി മറ്റൊരു കേസായി രജിസ്റ്റർ ചെയ്തതിന്റെ നിയമസാധുത പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. വിശദമായ അന്വേഷണം വേണമെന്ന് എക്‌സൈസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

കാക്കനാട്ടെ ഫ്‌ളാറ്റിൽനിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും ചേർന്നാണ് 84 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘത്തെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്യാനായി പ്രതികളെയും തൊണ്ടിമുതലും എറണാകുളത്തെ സ്‌ക്വാഡിനു കൈമാറി. പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്നു തന്നെ ഇതേ ഫ്‌ളാറ്റിൽ പരിശോധന നടത്തി 1.115 കിലോഗ്രാം എംഡിഎംഎ കൂടി ഇൻസ്‌പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ എറണാകുളത്തെ സ്‌ക്വാഡ് പിടികൂടി. എന്നാൽ രണ്ടാമത്തെ കേസ് പ്രതികളും സാക്ഷികളുമില്ലാത്ത അൺ ഡിറ്റക്റ്റഡ് കേസായി എഴുതുകയും 2 പ്രതികളെ ആദ്യ കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. മാൻകൊമ്പ് ഉൾപ്പെടെ ഫ്‌ളാറ്റിൽനിന്നു കണ്ടെത്തിയ പല വസ്തുക്കളും മഹസറിൽ ചേർത്തതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP