Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഫോടനം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് പൗരന്മാരെ ഒഴിപ്പിച്ചിട്ടും കാബൂൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാവാതെ അമേരിക്ക; കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർ; ഐസിസിനെ മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ; ഒഴിയുന്നതിനു തൊട്ടു മുൻപത്തെ ദുരന്തത്തിൽ തളർന്ന് അമേരിക്ക

സ്ഫോടനം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് പൗരന്മാരെ ഒഴിപ്പിച്ചിട്ടും കാബൂൾ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാനാവാതെ അമേരിക്ക; കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർ; ഐസിസിനെ മുച്ചൂടും മുടിക്കുമെന്ന മുന്നറിയിപ്പുമായി ബൈഡൻ; ഒഴിയുന്നതിനു തൊട്ടു മുൻപത്തെ ദുരന്തത്തിൽ തളർന്ന് അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: ഒടുവിൽ, പ്രതീക്ഷിച്ചിരുന്ന ആ ദുരന്തം സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ രണ്ടു ഭീകരർ ചാവേറുകളായി പൊട്ടിത്തെറിച്ചപ്പോൾ 13 അമേരിക്കൻ സൈനികർ അടക്കം നൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. കുട്ടികളും സ്ത്രീകളും മരണമടഞ്ഞവരിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താലിബാനും ഐസിസും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന കുടിപ്പകയുടെ അനന്തരഫലമാണ് ഈ സ്ഫോടനം എന്നാണ് താലിബാൻ പറയുന്നത്. ഇസ്ലാമിക തത്വങ്ങളിൽ വേണ്ടത്ര കാർക്കശ്യം പുലർത്തുന്നില്ല എന്നത് ഐസിസ് എന്നും താലിബാന് നേരെ ഉയർത്തിയിട്ടുള്ള ആരോപണമായിരുന്നു.

കാബൂളിലെ ഹമീദ്കർസായി വിമാനത്താവളത്തിനു മുന്നിലും തൊട്ടടുത്തെ ബാരൺ ഹോട്ടലിനു മുന്നിലുമായാണ് സ്ഫോടനം നടന്നത്. വിമാനത്താവളത്തിലോ പരിസരത്തോ സ്ഫോടനം നടക്കുമെന്ന് നേരത്തേ അമേരിക്കൻ-ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ പൗരന്മാർ ആരും തന്നെ വിമാനത്താവള പരിസരത്തേക്ക് വരരുതെന്ന് ഇരു രാജ്യങ്ങളും നിർദ്ദേശിച്ചിരുന്നു. വിമാനത്താവളത്തിൽ കയറാനാകാതെ പുറത്തുനിൽക്കുന്ന അമേരിക്കൻ - ബ്രിട്ടീഷ് പൗരന്മാർ ഉടൻ തിരിച്ചുപോകണമെന്നും നിർദ്ദേശിച്ചിരുന്നു.

സ്ഫോടനത്തെ അപലപിച്ചും അതിനെ ഭീകര പ്രവർത്തനമെന്ന് ആക്ഷേപിച്ചും താലിബാൻ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഫോടനത്തിനുള്ള സാധ്യത തങ്ങൾ അമേരിക്കയെ അറിയിച്ചിരുന്നതായും താലിബാൻ വക്താവ് അറിയിച്ചു. രാജ്യന്തരസമൂഹത്തോടെ പ്രതിജ്ഞാബദ്ധരാണ് താലിബനെന്നു,ം തങ്ങളുടെ മണ്ണ് ഭീകരപ്രവർത്തകർക്ക് വളരാനുള്ള ഭൂമിക ആക്കില്ലെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

ഐസിസ്- കെ, സമാനതകളില്ലാത്ത ഭീകര സംഘടന

അഫ്ഗാനിൽ നടന്ന ഇരട്ടസ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. തങ്ങളുടെ ടെലെഗ്രാം അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച പോസ്റ്റർ അവർ ഇട്ടിരിക്കുന്നത്. കാബൂളിലെ ഹമീദ് കർസായ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അബേ ഗേറ്റ്, ബാരൺ ഹോട്ടൽ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനം നടന്നത്. ഐസിസിന്റെ ഒരു വിഭാഗമായ ഐസിസ്-കെ എന്ന ഭീകരസംഘടനയാണ് ഈ അക്രമത്തിനു പുറകിലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. അത് ശരിവയ്ക്കും വിധമാണ് ഇപ്പോൾ അവർ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻപോട്ട് വന്നിരിക്കുന്നത്.

അബേ ഗേറ്റിലെ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ബോംബർ അബ്ദുൾ റഹ്മാൻ അൽ ലോഗ്രി ആണെന്നും ഐസിസ്-കെ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ-ബ്രിട്ടീഷ് സൈനികരായിരുന്നു ഈ ഗേറ്റിൽ സുരക്ഷയൊരുക്കി ഉണ്ടായിരുന്നത്. 13 അമേരിക്കൻ സൈനികർ ഉൾപ്പടെ നൂറോളം പേർ മരിച്ച സ്ഫോടനത്തിൽ 150-ൽ ഏറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും മദ്ധ്യേഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന പുരാതനകാലത്തെ ഖൊറാസൻ മേഖല കേന്ദ്രീകരിച്ച് ഒരു ഖിലാഫത്ത് സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ രൂപീകൃതമായതാണ് ഐസിസി -കെ. ഖൊറാസൻ എന്നതിന്റെ ആദ്യാക്ഷരമായതിനാലാണ് കെ എന്ന അക്ഷരം പേരിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇതുവരെ നൂറിലധികം ആക്രമണങ്ങൾ ഈ ഭീകര സംഘടന അഫ്ഗാനിസ്ഥാനിലെ പൗരന്മാർക്കെതിരെ നടത്തിയിട്ടുണ്ട്. അമേരിക്കൻ-അഫ്ഗാൻ സുരക്ഷാ സൈനികർക്കെതിരെയും അതുപോലെ പാക്കിസ്ഥാൻ സൈനികർക്കെതിരെയുമായി 250-ൽ ഏറെ മിന്നലാക്രമണങ്ങളും ഇവർ അഴിച്ചുവിട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ കാബൂളിലെ സയ്യിദ് അൽ ഷാഹ്ദ ഗേൾസ് സ്‌കൂളിനു മുന്നിൽ മൂന്നു കാർ ബോംബുകൾ പൊട്ടിച്ച് ഇവർ കൊന്നത് 68 സാധാരണക്കാരായ അഫ്ഗാൻ പൗരന്മാരെ ആയിരുന്നു. ഇരകളിൽ അധികവും യുവാക്കളായിരുന്നു. പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസം നടത്തുന്നത് ഇസ്ലാമിക വിശ്വാസങ്ങൾക്ക് എതിരാണെന്ന് തീവ്രമായി വിശ്വസിക്കുന്ന വിഭാഗമാണ് ഈ ഭീകരർ

സംഘടനയുടെ ആദ്യത്തെ എമീർ അഥവാ നേതാവ് ഒരു മുൻ പാക്കിസ്ഥാൻ താലിബാനി കമാൻഡർ ആയിരുന്ന ഹഫീസ് സയിദ് ഖാൻ ആയിരുന്നു. ഇയാൾ 2016-ൽ കൊല്ലപ്പെട്ടു.ഇക്കൂട്ടത്തിൽ ഏറെ പേരും താലിബാന് തീവ്രതയില്ലെന്നാരോപിച്ച് സംഘടനയിൽ നിന്നും പുറത്തുവന്നവരാണ്. അക്കാലത്ത് സിറിയയിലും ഇറാഖിലും നിലനിൽപിനായി ബുദ്ധിമുട്ടുകയായിരുന്ന ഐസിസ്, ഒരു ഇടത്താവളം എന്നരീതിയിൽ അഫ്ഗാനെ കണ്ടു. അവിടം തങ്ങൾക്ക് സുരക്ഷിത താവളമാക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു അബു ബക്കർ അൽ ബാഗ്ദാദി അഫ്ഗാനിലേക്ക് പണമൊഴുക്കി ഐസിസ്-കെ എന്ന ഭീകരസംഘടനയ്ക്ക് അസ്ഥിവാരം ഒരുക്കിയത്.

ആദ്യമാദ്യം ആത്മഹത്യാ ആക്രമണങ്ങളിൽ ഒതുങ്ങിനിന്ന ഐസിസ് ഖാന്റെ മരണശേഷം അബ്ദുൾ ഹസീബ് നേതൃത്വം ഏറ്റെടുത്തതോടെ തികച്ചും മാറി. വീട്ടുകാരുടെ മുന്നിൽ വച്ച് നാട്ടുപ്രമാണിമാരുടെ കഴുത്തറുത്തുകൊല്ലുക, സ്ത്രീകളേയും പെൺകുട്ടികളേയും തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുക തുടങ്ങിയ പ്ര്വർത്തനങ്ങളും അവർ ആരംഭിച്ചു. 2017- ലെ ഒരു അമേരിക്കൻ ആക്രമണത്തിൽ ഈ ഭീകരനും കൊല്ലപ്പെട്ടു. ഏകദേശം നൂറോളം ഭീകരരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഹസീബിന്റെ പിൻഗാമികളായെത്തിയ അബു സെയ്യദും അബു ഒറാക്സിയുമൊക്കെ തുടർന്ന് കൊല്ലപ്പെട്ടു. നിരവധി ആക്രമണങ്ങളിലൂടെ 4000 പേരുണ്ടായിരുന്ന ഭീകരസംഘടനയുടെ അംഗബലം 800 ആയി ചുരുക്കാനും അമേരിക്കയ്ക്ക് സാധിച്ചിരുന്നു. എന്നാലും പൂർണ്ണമായും ഈ ഭീകരരെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കാൻ കഴിഞ്ഞിരുന്നില്ല. തുടരെ തുടരെ നേതാക്കൾ കൊല്ലപ്പെട്ടതോടെ മറ്റ് ഐസിസ് വിഭാഗങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തി നേതാവാക്കുകയായിരുന്നു ഈ സംഘടന.

ഭീകരർ കനത്ത വില നൽകേണ്ടി വരും; ജോ ബൈഡൻ

കാബൂൾ സ്ഫോടനമൊരുക്കിയ ഐസിസ് കെ യുടെ അന്ത്യം കാണുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. 13 അമേരിക്കൻ സൈനികർ ഉൾപ്പടെ നൂറോളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നേരത്തേ ഐസിസ് ഏറ്റെടുത്തിരുന്നു. ജനങ്ങളുടെ സുരക്ഷായ്ക്കായി നിസ്വാർത്ഥ പ്രവർത്തനം കാഴ്‌ച്ചവെച്ച ധീരരായ സൈനികരാണ് മരിച്ചതെന്നുംമരണത്തിന്റെ വിലയെന്തെന്ന് അധികം താമസിയാതെ ഐസിസിനെ മനസ്സിലാക്കിക്കും എന്നും അദ്ദേഹം തുടര്ന്നു പറഞ്ഞു.

അഫ്ഗാൻ വിട്ടൊഴിയുന്നതിന്റെ അവസാന മുഹൂർത്തത്തിൽ ഉണ്ടായ ഈ ദുരന്തം ഏതായാലും അമേരിക്കയെ തളർത്തിയിരിക്കുകയാണ്. അതോടൊപ്പം അവരെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. അതോടെ അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം മറ്റൊരു അമേരിക്കൻ അധിനിവേശത്തിന് വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പണ്ട് അമേരിക്കയെ ആക്രമിച്ച് അഫ്ഗാനിൽ അഭയം തേടിയ ഒസാമ ബിൻ ലാഡനെ തേടിയാണ്അമേരിക്ക അഫ്ഗാനിൽ എത്തിയതെന്നോർക്കണം. ഇപ്പോഴും ആക്രമണം പ്രത്യക്ഷത്തിൽ അമേരിക്കയ്ക്ക് നേരെത്തന്നെയായിരുന്നു.

അതേസമയം, അഫ്ഗാനിൽ അമേരിക്ക കൈക്കൊണ്ട പിൻവാങ്ങൽ നടപടിക്കെതിരെ കടുത്ത വിമർശ്നമാണ് എങ്ങും ഉയരുന്നത്. പിൻവാങ്ങാനുള്ള അവസാനതീയതിയിൽ ഉറച്ചു നിന്ന് നിങ്ങൾ പ്രതിബദ്ധത തെളിയിച്ചു എന്നാൽ ഇപ്പോൾ നഷ്ടമായിരിക്കുന്നത് 13 ജീവനുകളാണ് എന്നായിരുന്നു ഇന്നലെ പത്രസമ്മേളനത്തിനിടയിൽ ഒരു മാധ്യമ പ്രവർത്തകൻ ബൈഡനെ ഓർമ്മിപ്പിച്ചത്. ഇതിന്റെ ഉത്തരവാദിത്തവും പ്രസിഡന്റ് ഏറ്റെടുക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP