Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ മാധ്യമങ്ങളിൽ; കോവിഡ് അവലോകന യോഗത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; റിപ്പോർട്ടുകൾ 'ചോരുന്നത്' ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം

തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ മാധ്യമങ്ങളിൽ; കോവിഡ് അവലോകന യോഗത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി; റിപ്പോർട്ടുകൾ 'ചോരുന്നത്' ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപ് മാധ്യമങ്ങളിൽ വരുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

യോഗത്തിൽ ഉയർന്നു വരുന്ന നിർദേശങ്ങൾ തീരുമാനം ആകുന്നതിനു മുൻപ് സർക്കാർ തീരുമാനമായി മാധ്യമങ്ങളിൽ വരുന്നതിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി ഓഗസ്റ്റ് 7ന് ചേർന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

സർക്കാർ യോഗതീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പെ മാധ്യമങ്ങളിൽ വാർത്തകൾ വന്നതോടെയാണ് കർശന നിർദേശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. യോഗത്തിന്റെ മിനിട്ട്‌സിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്.

ഏറെക്കാലമായി യോഗത്തിന്റെ മിനിട്ട്‌സ് സർക്കാർ പുറത്തു വിട്ടിരുന്നില്ല. ജൂലൈ 30നു നടന്ന യോഗത്തിലാണു കടുത്ത കോവിഡ് നിയന്ത്രണങ്ങളുമായി ഏറെക്കാലം മുന്നോട്ടുപോകാനാകില്ലെന്നും ഇളവുകളെക്കുറിച്ച് ആലോചിക്കാനും മുഖ്യമന്ത്രി ശക്തമായ ഭാഷയിൽ ഉദ്യോഗസ്ഥരോടു നിർദേശിച്ചത്. ഇതു മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു

പല ജില്ലകളിലും മുൻഗണനാ വിഭാഗങ്ങൾക്കു വാക്‌സിനേഷൻ പൂർത്തിയാകാത്തതിനാൽ നിശ്ചിത ദിവസത്തിനകം തീർക്കണമെന്നു മുഖ്യമന്ത്രി ഓഗസ്റ്റ് 3നു ചേർന്ന യോഗത്തിൽ നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല. കോവിഡ് വാക്‌സീനുകൾ യാതൊരു കാരണവശാലും കൈയിൽ സൂക്ഷിക്കരുതെന്നും അനുവദിക്കുന്ന വാക്‌സീനുകൾ നൽകിയശേഷം മാത്രം കൂടുതൽ ആവശ്യപ്പെടണമെന്നും ഓഗസ്റ്റ് 7ന് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനു കർശന നിർദ്ദേശം നൽകി.

ഓഗസ്റ്റ് 15ന് മുൻപ് എല്ലാ മുതിർന്ന പൗരന്മാർക്കും വാക്‌സീൻ നൽകാനും നിർദേശിച്ചു. ഇതിനു മുൻപ് ജൂലൈ 23ന് ചേർന്ന യോഗത്തിൽ, മുൻപ് പല കോവിഡ് അവലോകന യോഗങ്ങളിലും പറഞ്ഞതാണെന്നും, സംസ്ഥാനത്തിന്റെ കൈവശമുള്ള വാക്‌സീൻ വേഗം നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതു കൃത്യമായി ഉറപ്പുവരുത്താൻ ആരോഗ്യവകുപ്പിനു കർശന നിർദേശവും നൽകി. എന്നാൽ, പലയിടങ്ങളിലും ഇതു പാലിക്കപ്പെട്ടില്ല.

ആകെ 3 ജില്ലകളിൽ മാത്രമാണ് ടിപിആർ പത്തിൽ താഴെയുള്ളതെന്നും ഇത് മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്നും ചീഫ് സെക്രട്ടറി ജൂലൈ 23ന് ചേർന്ന അവലോകന യോഗത്തിൽ ആശങ്ക അറിയിച്ചു. ജനങ്ങളുടെ ഭാഗത്ത് കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുന്നതായി ആരോഗ്യസെക്രട്ടറിയും ഡിജിപിയും ഈ യോഗത്തിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റീപ്രൊഡക്ഷൻ നിരക്ക് ഒന്നിനു മുകളിലാണെന്നും അടുത്ത ഒരു മാസം കോവിഡ് കൂടാനുള്ള സാധ്യതയാണെന്നും ജൂലൈ 30നു ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ പതിനായിരത്തോളമുള്ള കോവിഡ് മരണങ്ങളിൽ കഴിഞ്ഞ ജൂൺ മാസത്തിനുശേഷമാണ് ആറായിരത്തിൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നു ജൂലൈ 27ലെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മരണ റിപ്പോർട്ടിങ് സംസ്ഥാനതലത്തിൽനിന്ന് ജില്ലാ തലത്തിലേക്കു മാറ്റിയശേഷമാണു വർധനവുണ്ടായത്. അതിനാൽ ജില്ലകൾ റിപ്പോർട്ടു ചെയ്യുന്ന കണക്ക് സംസ്ഥാന തലത്തിൽ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ജനത്തിരക്കു കൂടുതലുള്ള സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ തുടങ്ങിയ ഇടങ്ങളിൽനിന്നാണ് കൂടുതൽ കോവിഡ് വ്യാപനം സംഭവിക്കുന്നതെന്നും ഇവിടെ കൂടുതൽ നിയന്ത്രണം വേണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മരണനിരക്കിൽ വർധനയുണ്ടാകുന്നത് എന്താണെന്നു പരിശോധിക്കണമെന്നും പ്രായവ്യത്യാസമനുസരിച്ചുള്ള കണക്കുകൾ ഇതിനായി ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധസമിതി ചെയർമാൻ ഈ യോഗത്തെ അറിയിച്ചു. റീ ഇൻഫെക്ഷൻ, ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ എന്നിവ വന്നവരുടെ വിവരശേഖരണം എത്രയും വേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP