Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തൊമ്പതാം വയസിൽ എത്തിയ പൊടിമീശക്കാരനെ ആരും മൈൻഡ് ചെയ്തില്ല; അമേരിക്കയിൽ പഠനം നടത്തി മടങ്ങിയ മീശവടിച്ച 25കാരനെ കൈയടിച്ച് സ്വീകരിച്ചു; 32 തികയുന്ന ഫഹദ് ഫാസിൽ വ്യത്യസ്തനാകുന്നത് ഇങ്ങനെ

പത്തൊമ്പതാം വയസിൽ എത്തിയ പൊടിമീശക്കാരനെ ആരും മൈൻഡ് ചെയ്തില്ല; അമേരിക്കയിൽ പഠനം നടത്തി മടങ്ങിയ മീശവടിച്ച 25കാരനെ കൈയടിച്ച് സ്വീകരിച്ചു; 32 തികയുന്ന ഫഹദ് ഫാസിൽ വ്യത്യസ്തനാകുന്നത് ഇങ്ങനെ

2002-ൽ കൈയെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച പത്തൊമ്പതുകാരൻ ഷാനുവിന് അതൊരു നൊമ്പരപ്പെടുത്തുന്ന ഓർമയായിരുന്നു. ഫാസിലിന്റെ പുത്രനാണെന്ന ലേബലിൽ എത്തിയിട്ടും ആരും കൊതിക്കുന്ന തുടക്കം ലഭിച്ചിട്ടും ചിത്രം അമ്പേ പരാജയം. ഷാനു എന്നൊരു നടൻ മലയാള സിനിമയുടെ ഓർമയിൽ നിന്ന് മാഞ്ഞുപോയിരുന്നു. എന്നാൽ സിനിമ കണ്ടും കേട്ടും ജീവിച്ച ഫഹദിന് സിനിമയല്ലാതെ മറ്റൊരു ജീവിതം ഇല്ലെന്ന തിരിച്ചറിവുണ്ടാകുന്നത്  ഇരുപത്തഞ്ചാം വയസിലാണ്.

പൊടിമീശക്കാരനായി സിനിമയിൽ എത്തി ആരാലും മൈൻഡ് ചെയ്യപ്പെട്ടില്ലെങ്കിലും ഇരുപത്തഞ്ചാം വയസിൽ താടിയില്ലാതെ പ്രത്യക്ഷപ്പെട്ട ഫഹദ് ഫാസിൽ മലയാള സിനിമയിലെ ഒന്നാം നിരക്കാരിൽ ഒരുവനാകാൻ അധികനാൾ എടുത്തില്ല. 2011-ൽ ചാപ്പാ കുരിശിൽ നായകനായതോടെ പിന്നീട് ഫഹദിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

കൈയെത്തും ദൂരത്തിനു ശേഷം അമേരിക്കയിൽ പഠനത്തിനായി ചേക്കേറിയ ഫഹദ് തിരിച്ചെത്തുന്നത് 2009-ൽ കേരള കഫേ എന്ന ചിത്ര പരമ്പരയിലൂടെയാണ്. പിന്നീട് പ്രമാണിയിലും കോക്ക്‌ടെയ്‌ലിലും ടൂർണമെന്റിലും ചെറിയ വേഷം ചെയ്തുവെങ്കിലും കരിയറിൽ ബ്രേക്കാകുന്നത് ചാപ്പാ കുരിശിലൂടെയാണ്. രണ്ടാം വരവിൽ മുപ്പതിലധികം ചിത്രങ്ങൾ. ഓഗസ്റ്റ് എട്ടിന് 32 വയസ് തികയുമ്പോൾ ഫഹദിന് ഒപ്പം കൂട്ടായി ഇപ്പോൾ നസ്രിയയുമുണ്ട്.

നിലവിലുള്ള നായകസങ്കല്പത്തേയും നടനത്തേയും തിരുത്തിയെഴുതിക്കൊണ്ടാണ് ഫഹദിന്റെ രണ്ടാം വരവ്. ആദ്യവരവിൽ അഭിനയം വഴങ്ങില്ലെന്ന് പറഞ്ഞവർക്കു മുന്നിൽ ഫഹദ്  അഭിനയത്തിന്റെ ആഴങ്ങൾ കാട്ടിക്കൊടുക്കുന്ന പ്രകടനങ്ങളായിരുന്നു ഒട്ടുമിക്ക ചിത്രങ്ങളിലും. തികച്ചും അപ്രതീക്ഷിതമായിരുന്നു ഫഹദിന്റെ തിരിച്ചുവരവും. ആദ്യ ചിത്രത്തിനു ശേഷം എട്ടു വർഷത്തെ ഇടവേള. ചാപ്പാ കുരിശിനു ശേഷം ഡയമണ്ട് നെക്ലേസ്, 22 ഫീമേൽ കോട്ടയം, അന്നയും റസൂലും, ആർട്ടിസ്റ്റ്, നോർത്ത് 24 കാതം, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗളൂർ ഡേയ്‌സ്, ഇയ്യോബിന്റെ പുസ്തകം, അയാൾ ഞാനല്ല...ഫഹദിന്റെ അഭിനയപാടവം തെളിയിക്കുന്ന ഒരുപിടി ചിത്രങ്ങൾ.

രണ്ടാം വരവിൽ മുഴുനീള നായകനായ ചാപ്പാകുരിശിൽ ഫഹദിന്റെ പ്രകടനത്തോടൊപ്പം തന്നെ ശ്രദ്ധ നേടിയതാണ് ഇതിൽ രമ്യാ നമ്പീശനുമായുള്ള ചുംബനരംഗവും. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിപ് ലോക്ക് സീനും ഇതായിരുന്നു. തുടക്കത്തിൽ ഏറെ വിവാദം ഉണ്ടായെങ്കിലും പിന്നീട് പ്രേക്ഷകർ ഫഹദിന്റെ അഭിനയത്തോടൊപ്പം തന്നെ ഈ ചുംബന രംഗത്തേയും സ്വീകരിക്കുകയായിരുന്നു.

അഭിനയത്തോടൊപ്പം തന്നെ നായകന്റെ ശാരീരിക ഘടനകളേയും മാറ്റിമറിച്ചുകൊണ്ടാണ് ഫഹദ് മലയാള സിനിമയിൽ വെന്നിക്കൊടി പാറിക്കുന്നത്. അഞ്ചടി ആറിഞ്ച് പൊക്കം മാത്രമുള്ള, കഷണ്ടിയുള്ള നായകൻ. എന്നാൽ ടാലന്റ് ഇതിനെയെല്ലാം കവച്ചുവയ്ക്കുമെന്ന് ഫഹദ് തെളിയിച്ചിരിക്കുന്നു. രണ്ടാം വരവ് നടത്തിയതിലൂടെ മലയാള സിനിമയിലെ ട്രെൻഡ് സെറ്ററാകാൻ ഫഹദിന് സാധിച്ചുവെന്നും വേണമെങ്കിൽ പറയാം. കഥ പറയുന്ന രീതിയിലും കഥ തെരഞ്ഞെടുക്കുന്ന രീതിയിലും മലയാള സിനിമയിലെ നവോത്ഥാന കാലഘട്ടമായത് ഈ നടന്റെ വരവോടെയാണെന്നു വേണമെങ്കിൽ പറയാം. അതിന്റെ മികച്ച ഉദാഹരണമാണ് 22 ഫീമേൽ കോട്ടയം. നായകനെന്നതിലുപരി പ്രതിനായക പരിവേഷമുള്ള വേഷമായിരുന്നു ഇതിൽ ഫഹദിന്.
തനിക്ക് ഒരു നായികയോടുള്ള പ്രണയം തുറന്നു പറഞ്ഞതിലും വ്യത്യസ്തനായിരുന്നു ഫഹദ്.

അന്നയും റസൂലിലേയും നായികയായിരുന്ന ആൻഡ്രിയ ജറമിയയോടുള്ള തന്റെ പ്രണയം ഫഹദ് തന്നെയാണ്  ഒരു ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞത്. എന്നാൽ ആൻഡ്രിയ ഇതു നിഷേധിക്കുകയായിരുന്നു. ആൻഡ്രിയയോടുള്ള പ്രണയത്തകർച്ചയിൽ നിന്നു വിമുക്തനാകാൻ ഏറെനാൾ വേണ്ടി വരുമെന്ന് പറഞ്ഞുവെങ്കിലും അധികം താമസിയാതെ മലയാള സിനിമയിലെ തന്നെ ക്യൂട്ട് സുന്ദരി നസ്രിയ ഫഹദിന്റെ ജീവിതത്തിലെത്തി. തന്നെക്കാൾ പന്ത്രണ്ട് വയസ് ഇളയ നസ്രിയയെ ഫഹദ് 2014 ഓഗസ്റ്റ് 21ന് ജീവിത സഖിയാക്കി. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. വിവാഹത്തിനു മുമ്പ് ഇരുവരും അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗളൂർ ഡേയ്‌സ് എന്ന ചിത്രത്തിൽ ജോഡികളായി അഭിനയിച്ചിരുന്നു.

ഇന്ന് യുവനിരയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച ഫഹദ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന യുവനടനാണ്. 70 ലക്ഷം മുതൽ 80 ലക്ഷം വരെയാണ് ഫഹദിന്റെ പ്രതിഫലമെന്നാണ് പറയപ്പെടുന്നത്. തന്റെ മികച്ച അഭിനയപ്രതിഭയ്ക്കുള്ള അംഗീകാരമെന്ന നിലയിൽ 2011-ലും (അകം) 2013-ലും (ആർട്ടിസ്റ്റ്, നോർത്ത് 24 കാതം) മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ ഫഹദ് കരസ്ഥമാക്കിയിട്ടുണ്ട്. 2012-ലും (22 ഫീമേൽ കോട്ടയം) 2013-ലും (നോർത്ത് 24 കാതം) മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡുകളും ഫഹദ് സ്വന്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP