Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ട ബ്രിട്ടീഷ് സാമ്രാജ്യത്തിന് പറ്റാത്തത് മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്ന് കരുതുന്നവർ ചരിത്രബോധം ഇല്ലാത്തവർ! വാരിയംകുന്നൻ ആദ്യ താലിബാൻ നേതാവെന്ന വിമർശനത്തിന് പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി എതിരാളികൾ

കോൺഗ്രസ് മുക്ത ഭാരതം സ്വപ്‌നം കണ്ട ബ്രിട്ടീഷ് സാമ്രാജ്യത്തിന് പറ്റാത്തത് മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്ന് കരുതുന്നവർ ചരിത്രബോധം ഇല്ലാത്തവർ! വാരിയംകുന്നൻ ആദ്യ താലിബാൻ നേതാവെന്ന വിമർശനത്തിന് പിന്നാലെ അബ്ദുള്ളക്കുട്ടിയുടെ പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി എതിരാളികൾ

അനീഷ് കുമാർ

കണ്ണൂർ: വാരിയംകുന്നനെ കേരളത്തിലെ ആദ്യ താലിബൻ നേതാവായി ചിത്രീകരിച്ച ബിജെപി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ മത മൗലികവാദ സംഘടനകൾ എതിർപ്പു ശക്തമാക്കുന്നു'. പോപ്പുലർ ഫ്രണ്ടും ജമാത്തെ ഇസ്ലാമിയുമാണ് സോഷ്യൽ മീഡിയയിലൂടെ അബ്ദുള്ളക്കുട്ടിയെ ഫോക്കസ് ചെയ്യുന്നത്. രണ്ടാഴ്‌ച്ച മുൻപ് കണ്ണൂർ മാരാർജി ഭവനിൽ നടന്ന യുവമോർച്ചാ കൺവെൻഷനിലാണ് മലബാർ സമരം സ്വാതന്ത്ര്യ സമരമല്ലെന്നും ഹൈന്ദവ സമുദായത്തിനെതിരെയുള്ള വർഗീയ ലഹളയായിരുന്നുവെന്നും കേരളത്തിലെ ആദ്യ താലിബൻ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണെന്നും അബ്ദുള്ളക്കുട്ടി വിശേഷിപ്പിച്ചത്.

ഇതിനു ശേഷം തന്റെ ഫെയ്‌സ് ബുക്ക് പേജിലും വിവിധ പൊതുപരിപാടികളിലും അബ്ദുള്ളക്കുട്ടി തന്റെ വാദം ആവർത്തിച്ചു. ഇതാണ് തീവ്ര ഇസ് ലാമിക സംഘടനകളെ പ്രകോപിപ്പിച്ചത്.അഫ്ഗാനിൽ താലിബൻ അധികാരം പിടിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ചകൾ. തകൃതിയായി നടക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച തു പോലെ അബ്ദുള്ളക്കുട്ടിയുടെ പരാമർശങ്ങൾ മാറിയിരിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളിൽ സ്ഥിരതയില്ലാത്ത ഒരാളായി അബ്ദുള്ളക്കുട്ടിയെ ചിത്രീകരിക്കുന്നതിനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

മതേതര പാർട്ടികളായ സി. പി.എമ്മും കോൺഗ്രസ് വിട്ട് പരിവാറിന്റെ കൂടാരത്തിൽ ചേക്കേറിയ രാഷ്ട്രീയ ഭിക്ഷാംദേഹിയായാണ് അബ്ദുള്ളക്കുട്ടിയെ ചിത്രീകരിക്കുന്നത്.സ്ഥാനമാനങ്ങൾക്കു വേണ്ടി ആരെയും തള്ളിപ്പറയാൻ മടിക്കാത്ത പ്രത്യേക മാനസികാവസ്ഥയുള്ള രാഷ്ട്രീയക്കാരിലൊരാളാണ് അബ്ദുള്ളക്കുട്ടിയെന്നും വിശേഷിപ്പിക്കുന്നുണ്ട്. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ സ്ഥാനത്ത് വരെയെത്തിയ അബ്ദുള്ളക്കുട്ടി ദേശീയ മുസ്ലിം എന്ന് സ്വയം വിശേഷിപ്പിക്കുന്നത് മോദിയെയും അമിത് ഷായെയും പ്രീണിപ്പിക്കാനാണെന്ന കുറ്റപ്പെടുത്തലും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.

ഇതോടൊപ്പം കോൺഗ്രസിലായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ അബ്ദുള്ള രൂക്ഷ വിമർശനവും പരിഹാസവും കലർത്തിയിട്ട ഫെയ്‌സ് ബുക്ക് പോസ്റ്റുകളും ഇപ്പോൾ കുത്തി പുറത്തിടുന്നുണ്ട്. തന്റെ ഫെയ്‌സ് ബുക്ക് പേജിൽ വർഷങ്ങൾക്കു മുൻപ് അബ്ദുള്ളക്കുട്ടിയിട്ട പോസ്റ്റുകളാണ് ഇപ്പോൾ വീണ്ടുമെടുത്ത് പുറത്തിട്ട് ചിലർ കമന്റു ചെയ്യുന്നത്. കോൺഗ്രസിനെ ശക്തമായി പിൻതുണയ്ക്കുകയും ബിജെപിയെ വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റുകളിലൊന്ന് ഇപ്രകാരമാണ്:

കോൺഗ്രസ് മുക്തഭാരതത്തിന് ആദ്യം ശ്രമിച്ചത് വൈസ്രോയി കഴ്സൺ പ്രഭുവാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് പറ്റാത്തത് മോദിക്കും അമിത് ഷായ്ക്കും കഴിയുമെന്ന് കരുതുന്നവർ ചരിത്രബോധം ഇല്ലാത്തവരാണെന്നും 2017 ഡിസംബർ 31 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിൽ അബ്ദുള്ളക്കുട്ടി പറയുന്നു. രാഹുൽ ഗാന്ധിയേയും മന്മോഹൻ സിങിനെയും പിന്തുണച്ചുള്ള പോസ്റ്റുകളും ചിലർ കുത്തിപ്പൊക്കുന്നുണ്ട്.

ഇത്തരത്തിൽ നിരവധി ചിത്രങ്ങളും എഴുത്തുകളുമാണ് കോൺഗ്രസിനെ പുകഴ്‌ത്തിയും ബിജെപി വിമർശിച്ചും അബ്ദുല്ലക്കുട്ടിയുടെ പേജിലുള്ളത്. കോൺഗ്രസിൽ നിന്നുകൊണ്ട് എംഎൽഎയായ അബ്ദുല്ലക്കുട്ടി സിപിഎമ്മിൽ നിന്നാണ് കോൺഗ്രസിലെത്തിയത്. സിപിഎം സ്ഥാനാർത്ഥിയായി നിന്ന് കണ്ണൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംപിയായിരുന്നു. അതിനു ശേഷം 2019 ജൂൺ 26നാണ് കോൺഗ്രസിൽ നിന്ന് രാജിവച്ച് അബ്ദുല്ലക്കുട്ടി ബിജെപിയിൽ ചേർന്നതെന്നും ഓന്തിന്റെ നിറമുള്ള രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടിയെ പരിഹസിക്കുന്നുമുണ്ട്.

കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്ന അബ്ദുള്ള കുട്ടിയുടെ പരാമർശമാണ് ഏറെ പ്രകോപനം സൃഷ്ടിച്ചത്.ഇതിനെ രാഷ്ട്രീയപരമായി നേരിടാൻ മുസ്ലിം ലീഗും കോൺഗ്രസും സിപിഎമ്മും അരയും തലയും മുറുക്കി രംഗത്തുണ്ടെങ്കിലും വിമർശന ശരങ്ങൾക്ക് മൂർച്ച കൂട്ടുന്നത് അണിയറയിൽ നിന്നും ജമാത്തെ ഇസ്ലാമി - പോപ്പുലർ ഫ്രണ്ട് സംഘടനകളാണ് വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്നു ആവർത്തിക്കുന്ന അബ്ദുള്ളക്കുട്ടി ചരിത്രത്തെ കൂട്ടുപിടിച്ചാണ് വിമർശനമഴിച്ചുവിടുന്നത്.

ഇഎംഎസ് നമ്പൂതിരിപ്പാടും കുടുംബവും വാരിയംകുന്നന്റെ അക്രമത്തിന്റെ ഇരകളാണെന്നാണ് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാണിക്കുന്നത്. വാരിയം കുന്നന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി ചരിത്രം മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി ഉപദേശിക്കുന്നുണ്ട്.  വാരിയംകുന്നനെ ഭഗത് സിംഗിനോടുപമിച്ച സ്പീക്കർ എം.ബി. രാജേഷ് ചെയ്തത് ഭഗത് സിംഗിനെ അപമാനിക്കലാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് കേൾക്കുന്നത് മനുഷ്യൻ ഏതായാലും മതം ഇസ്ലാം മതിയെന്നാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP