Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞങ്ങളെ പേടിക്കണം കേട്ടോ...കണ്ണുരുട്ടിയിട്ടും പേടിച്ചില്ലെങ്കിൽ വരിക ചാവേർ ബോംബർമാർ; ട്രക്കുകളിലും കാറുകളിലും ചാവേറുകൾ പൊട്ടിത്തെറിച്ച് സർവനാശം വിതയ്ക്കും; ആദ്യം അമേരിക്കയും പിന്നീട് പാക്കിസ്ഥാനും പാലൂട്ടി വളർത്തിയവർ; താലിബാനിലെ ഹഖാനി ഭീകരശൃംഖലയുടെ കഥ

ഞങ്ങളെ പേടിക്കണം കേട്ടോ...കണ്ണുരുട്ടിയിട്ടും പേടിച്ചില്ലെങ്കിൽ വരിക ചാവേർ ബോംബർമാർ; ട്രക്കുകളിലും കാറുകളിലും ചാവേറുകൾ പൊട്ടിത്തെറിച്ച് സർവനാശം വിതയ്ക്കും;  ആദ്യം അമേരിക്കയും പിന്നീട് പാക്കിസ്ഥാനും പാലൂട്ടി വളർത്തിയവർ; താലിബാനിലെ ഹഖാനി ഭീകരശൃംഖലയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അന്താരാഷ്ട്ര മാധ്യമങ്ങളിലെല്ലാം ഇപ്പോൾ സംസാരം ഹഖാനി ശൃംഖലയെ കുറിച്ചാണ്. പേടിക്കണം കേട്ടോ എന്നാണ് പൊതുവായ സംസാരം. അഫ്ഗാനിസ്ഥാനിലെ ഏറ്റവും പരിചയസമ്പന്നരും സംഘടിതരുമായ ഗറില്ല തീവ്രവാദ ഗ്രൂപ്പ്. പാക്കിസ്ഥാന്റെ ഐഎസ്‌ഐ പോറ്റി വളർത്തുന്നവർ. ഇപ്പോൾ, ഇവർ ഭരണത്തിന്റെ രുചി അറിയാൻ അധികാരത്തിന്റെ ശീതളച്ഛായയിലേക്ക് നീങ്ങുകയാണ്. കാബൂളിൽ, താലിബാന്റെ ഉന്നത നേതാക്കൾ ഒത്തുകൂടി അഫ്ഗാൻ സർക്കാർ രൂപീകരണം ചർച്ച ചെയ്യുമ്പോൾ, ഹഖാനി ശൃംഖലയുടെ ഒരുപ്രതിനിധിയും ഉണ്ട് എന്നതാണ് വിശേഷം.

സോവിയറ്റ് വിരുദ്ധ പോരാളിയായ ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജ് ഹഖാനിയാണ് ഇപ്പോൾ ഹഖാനി ശംൃഖലയുടെ തലതോട്ടപ്പൻ. അച്ഛനേക്കാൾ കടുപ്പക്കാരൻ. കൂടുതൽ തീവ്രമായ ആശയങ്ങൾ വച്ചുപുലർത്തുന്ന വ്യക്തി. അൽഖ്വായിദ അടക്കം പാക്കിസ്ഥാനിലെ ഭീകരസംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ്.

പാക്കിസ്ഥാൻ പോറ്റി വളർത്തുന്നവർ

താലിബാന്റെ കുടക്കീഴിലാണ് വിളയാട്ടമെങ്കിലും, ഹഖാനികൾക്ക് സവിശേഷമായ കമാൻഡ് ആൻഡ് കൺട്രോൾ ഉണ്ട്. ഓപ്പറേഷൻ രീതികളുണ്ട്. അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ അതിർത്തിയിൽ പാക്കിസ്ഥാനിലെ വടക്കൻ വസിരിസ്ഥാൻ ആണ് ഹഖാനി ശൃംഖലയുടെ സുരക്ഷിത താവളം. അൽഖ്വായിദയുടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യം ഉണ്ടായിട്ടും വടക്കൻ വസിരിസ്ഥാനി്ൽ സൈനിക നടപടി സ്വീകരിക്കാൻ പാക്കിസ്ഥാൻ സൈന്യം തുടർച്ചയായി വിസ്സമിതിച്ചിട്ടുണ്ട്.

പാക് സൈന്യത്തിലെ വലിയൊരു വിഭാഗം ഹഖാനി ശൃംഖലയെ തങ്ങൾക്ക് വളരെ ഉപകാരിയായ സഖ്യകക്ഷിയായാണ് കരുതി പോരുന്നത്. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ താൽപര്യം സംരക്ഷിക്കാനുള്ള ബദൽ ഉപാധിയായും. പാക്കിസ്ഥാനെ സന്തോഷിപ്പിക്കാൻ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിർമ്മിക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എല്ലാം തകർക്കുക എന്നതാണ് ഹഖാനിയുടെ സ്ഥിരം പരിപാടി.

2002 നും 2004 നും മധ്യേയാണ് തങ്ങളുടെ ചരിത്രപരമായി അസ്തിത്വം നിലകൊള്ളുന്ന ലോയ-പക്തിയയിൽ ഹഖാനി പുനഃസംഘടിപ്പിക്കപ്പെട്ടത്. തെക്ക്-കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, പക്തിയ-പക്തിക പ്രവിശ്യകൾ അടങ്ങുന്നതാണ് ഈ മേഖല. 2005 മുതൽ 2006 വരെ ലോയ-പക്തിയയിൽ നിന്ന് കാബൂളിലേക്ക് തങ്ങളുടെ ശൃംഖല വിപുലമാക്കാൻ ഹഖാനിക്ക് കഴിഞ്ഞു. അഫ്ഗാൻ തലസ്ഥാനത്ത് ആക്രമണങ്ങൾ സംഘടിപ്പിക്കാനുള്ള ശേഷി അവർ കൈവരിച്ചുവെന്നതാണ് ഇക്കാലയളവിലെ പ്രത്യേകത.

2008 മുതൽ 2009 വരെ ലോയ-പക്തിയയിലെ തങ്ങളുടെ കരുത്ത് ഉറപ്പിക്കുന്നതിലുള്ള ആക്രമണങ്ങളിലാണ് ഹഖാനി ശൃംഖല മുഴുകിയത്. അഫ്ഗാനിസ്ഥാനിലെ മറ്റേത് ഭീകരസംഘടനയേക്കാളും ക്രൂരമായ ആക്രമണങ്ങൾ, ചാവേർ ബോംബാക്രണങ്ങൾ കാബൂളിൽ അഴിച്ചുവിട്ടു. ആദ്യഘട്ടത്തിൽ അമേരിക്കയ്ക്കും സഖ്യസേനയ്ക്കും ഹഖാനി ശൃംഖലയ്‌ക്കെതിരെ തിരിച്ചടിക്കാൻ ആവശ്യത്തിന് സൈനികരില്ലായിരുന്നു. പിന്നീട് യുഎസ് മേൽക്കൈ നേടിയതോടെ ഹഖാനിയുടെ ശൃംഖലയ്ക്ക് ക്ഷീണം തട്ടി.

അമേരിക്ക വളർത്തി വലുതാക്കിയ നിഴൽ ഗ്രൂപ്പ്

ആരും പേടിക്കുന്ന ഭീകരസംഘടനയ്ക്ക് പുതിയ അഫ്ഗാൻ സർക്കാരിൽ കസേര ഇട്ടുകൊടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. 1980 കളിൽ സോവിയറ്റ് വിരുദ്ധ ജിഹാദി പ്രവർത്തനങ്ങളിലൂടെ പ്രാമുഖ്യം നേടിയ നിഴൽ ഗ്രൂപ്പ് ഇന്ന് ഭരണപങ്കാളിത്തത്തിലേക്ക് എത്തുകയാണ്. പതിവ് പോലെ അമേരിക്കയുടെ പ്രിയപ്പെട്ടവനായിരുന്നു ഹഖാനിയുടെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി. സിഐഎയുടെ വിലപ്പെട്ട സ്വത്ത്. പണവും ആയുധവുമൊക്കെ പാക്കിസ്ഥാൻ മുടങ്ങാതെ എത്തിച്ചുകൊടുത്തു.

സോവിയറ്റ് യൂണിയൻ പിന്മാറിയതിന് പിന്നാലെ ജലാലുദ്ദീൻ ഹഖാനി ഒസാമ ബിൻ ലാദൻ അടക്കമുള്ള വിദേശ ജിഹാദികളുമായി കൂട്ടുകൂടി. പിന്നീട് 1996 ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചപ്പോൾ, അവരുമായി സഖ്യത്തിലായി. 2001 ൽ അമേരിക്ക താലിബാനെ തകിടം മറിക്കും വരെ ജലാലുദ്ദീൻ ഹഖാനി മന്ത്രിയും ആയിരുന്നു. ദീർഘകാലം രോഗബാധിതനായിരുന്ന ജലാലുദ്ദീൻ ഹഖാനി 2018 ൽ മരണമടഞ്ഞു എന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു.

താലിബാന്റെ അർദ്ധസ്വയം ഭരണാധികാരമുള്ള ശൃംഖല

കൈയിൽ നിറയെ കാശും സൈനിക ആൾബലവും ഉള്ളതുകൊണ്ട് ഹഖാനി ശൃംഖല താലിബാന്റെ ഒരു അർദ്ധ സ്വയംഭരണാധികാര യൂണിറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്. ഈ അടുത്ത കാലത്താണ് താലിബാൻ നേതൃത്വത്തിന്റെ തലപ്പത്ത് ഹഖാനിയുടെ നേതാക്കളെ കൂടുതലായി കണ്ടുതുടങ്ങിയത്. 2015 ൽ സിറാജുദ്ദീൻ ഹഖാനിയെ ഉപനേതാവായി പ്രഖ്യാപിച്ചു.

സിറാജുദ്ദീന്റെ ഇളയ സഹോദരൻ അനസിനെ ഒരിക്കൽ മുൻ അഫ്ഗാൻ സർക്കാർ ജയിലിൽ അടച്ച് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. അതേ ആളാണ് മുൻ പ്രസിഡന്റ് ഹമീദ് കർസായിയുമായും, മുൻ ചീഫ് എക്‌സിക്യൂട്ടിവ് അബ്ദുള്ള അബ്ദുള്ളയുമായും കഴിഞ്ഞ ആഴ്ചാവസാനം ചർച്ചകൾ നടത്തിയത്.

വിദേശ ഭീകരസംഘടന എന്ന് മുദ്ര കുത്തി അമേരിക്ക

അമേരിക്ക വിദേശ ഭീകര സംഘടന എന്ന് മുദ്ര കുത്തിയെങ്കിൽ, യുഎൻ ഹഖാനിക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു. കാറുകളിലും ട്രക്കുകളിലും, ഡ്രൈവർമാരെ ചാവേർ ബോംബർമാരാക്കി കനത്ത നാശം വിതയ്ക്കുന്നതാണ് ഹഖാനിയുടെ പതിവ് രീതി. സൈനിക താവളങ്ങൾക്കും, ഏംബസികൾക്കും നേരേ സങ്കീർണവും വിഷമം പിടിച്ചതുമായ ഓപ്പറേഷനുകൾ അനവധി നടത്തി ശേഷി തെളിയിച്ചവരുമാണ്. 2013 ഒക്ടോബറിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ, 28 ടൺ സ്‌ഫോടക വസ്തുക്കളുമായി ഒരു ഹഖാനി ട്രക്ക് അഫ്ഗാൻ സേന പിടിച്ചെടുത്തിരുന്നു.

2008 ൽ മുൻ പ്രസിഡ്ന്റ് ഹമീദ് കർസായിക്ക് നേരേ നിരവധി തവണ വധശ്രമങ്ങൾ നടത്തി നിരവധി വിദേശ പൗരന്മാരെയും ഉദ്യോഗസ്ഥരെയും തട്ടിക്കൊണ്ടുപോയി ബന്ദി പണം പിടിച്ചുവാങ്ങലും തടവുകാരെ മോചിപ്പിക്കലും അടക്കമുള്ള കുതന്ത്രങ്ങൾ പയറ്റി. പാക്കിസ്ഥാൻ സൈനിക നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഹഖാനിയെ കൂടുതൽ കരുത്തരാക്കുന്നത്. യുഎസ് അഡ്‌മിറൽ മൈക്ക് മുള്ളന്റെ അഭിപ്രായപ്രകാരം, പാക് ഇന്റലിജൻസിന്റെ യഥാർത്ഥ കൈയാണ് ഹഖാനി.

എപ്പോൾ വിളിച്ചാലും ആക്രമണങ്ങൾക്ക് സന്നദ്ധരായ സേനയാണ് ഹഖാനിയുടേത്. താലിബാന്റെ അംഗങ്ങളിലെ വീറും വാശിയും കൂടിയവർ. മാരകമായ പ്രഹരശേഷിയും ഉള്ളവർ. സിറാജുദ്ദീൻ ഹഖാനി ഉപനേതാവായി ആറുവർഷം മുമ്പ് റാങ്ക് ഉയർത്തിയതോടെ ഹഖാനിയുടെ റാങ്കും റോളും ഉയർന്നു. 2019 ൽ സിറാജുദ്ദീന്റെ സഹോദരൻ അനസിനെ വിട്ടയച്ചത് യുഎസ്-താലിബാൻ ചർച്ച തുടങ്ങാനുള്ള ഒരു ഉപാധി കൂടിയായി ഭവിച്ചു. അതാണ് യുഎസ് സേനയുടെ പിന്മാറ്റത്തിലേക്ക് പിന്നീട് വഴിതെളിച്ചതും.

കഴിഞ്ഞ വർഷം ന്യൂയോർക്ക് ടൈംസിൽ സിറാജുദ്ദീൻ ഹഖാനി താലിബാന്റെ നിലപാടുകൾ വ്യക്തമാക്കി ലേഖനവും എഴുതിയിരുന്നു. അനസ് ഹഖാനി കർസായിയുമായി ചർച്ച നടത്തുന്നതിനിടെ അമ്മാവൻ ഖാലിൽ ഹഖാനി വെള്ളിയാഴ്ച കാബൂളിൽ പ്രാർത്ഥന നയിക്കുകയായിരുന്നു.

സിറാജുദ്ദീനും ഖാലിലും അമേരിക്കയുടെ വാണ്ടഡ് ലിസ്റ്റിൽ പെട്ടവരാണ്. ലക്ഷങ്ങളാണ് ഇവരുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP