Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജാതി സെൻസസ് വേണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതോടെ ആദ്യം പ്രക്ഷോഭത്തിന് ഒരുങ്ങിയത് ആർജെഡി; പിന്നാലെ തേജസ്വിയോട് യോജിച്ചു നിതീഷ് കുമാറും; ബിഹാറിൽ നിന്നുള്ള സർവകക്ഷി സംഘം 23ന് പ്രധാനമന്ത്രിയെ കാണുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ചിത്രം മാറുമോ? സാകൂതം വീക്ഷിച്ച് ബിജെപി

ജാതി സെൻസസ് വേണമെന്ന ആവശ്യം കേന്ദ്രം നിരസിച്ചതോടെ ആദ്യം പ്രക്ഷോഭത്തിന് ഒരുങ്ങിയത് ആർജെഡി; പിന്നാലെ തേജസ്വിയോട് യോജിച്ചു നിതീഷ് കുമാറും; ബിഹാറിൽ നിന്നുള്ള സർവകക്ഷി സംഘം 23ന് പ്രധാനമന്ത്രിയെ കാണുമ്പോൾ ദേശീയ രാഷ്ട്രീയത്തിലെ ചിത്രം മാറുമോ? സാകൂതം വീക്ഷിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ജാതി സെൻസസ് വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിൽ നിന്നുള്ള സർവകക്ഷി സംഘം 23നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഒരുങ്ങുമ്പോൾ ദേശീയ രാഷ്ട്രീയത്തിലും അതു സജീവ ചർ്ച്ചകൾക്ക് ഇട നൽകുകയാണ്. പ്രതിപക്ഷ ഐക്യത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ നടക്കവേയാണ് ബിജെപി പിന്തുണയിൽ മുഖ്യമന്ത്രിയായ വ്യക്തി പ്രതിപക്ഷ നിരയിലെ പ്രധാനികളായി ആർജെഡിയുമായി ഈ വിഷയത്തിൽ കൈ കോർക്കുന്നത്.

നിതീഷ് കുമാർ നേതൃത്വം കൊടുക്കുന്ന സംഘത്തിൽ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ പത്ത് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നത്.

2021ലെ സെൻസസിൽ ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യാ കണക്കെടുപ്പ് ഉണ്ടാകില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിൽ അറിയിച്ചിരുന്നു. തുടർന്നാണു ജാതി സെൻസസ് ആവശ്യവുമായി ആർജെഡി ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തിയത്. ജാതി സെൻസസ് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം ബിഹാർ നിയമസഭ പാസാക്കിയ പ്രമേയത്തെ ജെഡിയു, ആർജെഡി കക്ഷികൾക്കു പുറമെ ബിജെപിയും പിന്തുണച്ചിരുന്നു. ബിഹാറിൽ ആർജെഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ മുഖ്യമന്ത്രി നിതീഷുമായി നടത്തിയ ചർച്ചയിലാണു പ്രധാനമന്ത്രിയെ സമീപിക്കാൻ തീരുമാനമായത്.

ജാതി രാഷ്ട്രീയത്തിന്റെ കേന്ദ്രമാണ് ബിഹാർ എന്നതു കൊണ്ടു കൂടിയാണ് ഈ കൂടിക്കാഴ്‌ച്ച കടുതൽ നിർണായകമായി മാറുന്നത്. എൻഡിഎ സഖ്യകക്ഷികളിൽ ജെഡിയുവിനു പുറമെ അപ്നാ ദളും റിപ്പബ്ലിക്കൻ പാർട്ടിയും ജാതി സെൻസസിന് അനുകൂലമാണ്. പ്രതിപക്ഷത്തു കോൺഗ്രസ്, ആർജെഡി, സമാജ്വാദി പാർട്ടി, എൻസിപി കക്ഷികൾ ജാതി സെൻസസ് ആവശ്യമുന്നയിച്ചിട്ടുണ്ട്. യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം ജാതി സെൻസസ് ആവശ്യപ്പെട്ടു രംഗത്തിറങ്ങിയതു ബിജെപിക്ക് ആശങ്കയുളവാക്കുന്നു.

ജാതി സെൻസസ് വിഷയത്തിൽ മണ്ഡൽ പ്രക്ഷോഭകാലത്തെ പിന്നാക്ക ജാതി രാഷ്ട്രീയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ആർജെഡി, സമാജ്വാദി പാർട്ടി നേതൃത്വങ്ങൾ. ആ സാധ്യത മുന്നിൽ കണ്ടാണ് അവർ രാഷ്ട്രീയ കരുക്കൽ നീക്കുന്നതും. 2021 സെൻസസിൽ പിന്നാക്ക സമുദായ വിവരശേഖരണമുണ്ടാകില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയിൽ അറിയിച്ചതോടെയാണ് ആർജെഡി പ്രക്ഷോഭം പ്രഖ്യാപിച്ചത്.

ലോക്‌സഭയിൽ പിന്നാക്ക ജാതി സെൻസസ് ഇല്ലെന്നു പ്രഖ്യാപിച്ചതു വഞ്ചനയാണെന്നു ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി രംഗത്തുവന്നിതുന്നു. മൃഗ സെൻസസിൽ നായയുടേയും പൂച്ചയുടെയും ആനയുടെയും കുതിരയുടെയും കണക്കെടുക്കാമെങ്കിൽ പിന്നാക്ക ജാതി സെൻസസിനോടു മാത്രം അവഗണനയെന്താണെന്നു തേജസ്വിയുടെ ചോദ്യം.

പിന്നാക്ക ജാതിക്കാരുടെ യഥാർഥ ജനസംഖ്യ ലഭ്യമായാൽ മാത്രമേ ക്ഷേമ പദ്ധതികൾ കാര്യക്ഷമമായി ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിയുകയുള്ളു. പിന്നാക്ക ജാതി സെൻസസിനായി ദീർഘകാലമായി ആർജെഡി നടത്തുന്ന പ്രക്ഷോഭം തുടരുമെന്നു തേജസ്വി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP