Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടിൽ ആരുമില്ലെന്നും സിസിടിവി നോട്ടം എത്താത്തത് എവിടെയെന്നും മനസിലാക്കി ജനൽ പൂർണമായും ഇളക്കി മാറ്റി മോഷണം; വിവരം പൊലീസിനെയും വീട്ടുകാരെയും അറിയിച്ചതും കള്ളൻ; പെരുനാട്ടിലെ പ്രതി കോൺഗ്രസുകാരനായ അയൽക്കാരൻ; കുറുവ സംഘത്തിന്മേലുള്ള സംശയം നീങ്ങി

വീട്ടിൽ ആരുമില്ലെന്നും സിസിടിവി നോട്ടം എത്താത്തത് എവിടെയെന്നും മനസിലാക്കി ജനൽ പൂർണമായും ഇളക്കി മാറ്റി മോഷണം; വിവരം പൊലീസിനെയും വീട്ടുകാരെയും അറിയിച്ചതും കള്ളൻ; പെരുനാട്ടിലെ പ്രതി കോൺഗ്രസുകാരനായ അയൽക്കാരൻ; കുറുവ സംഘത്തിന്മേലുള്ള സംശയം നീങ്ങി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പെരുനാട് മാമ്പാറയിൽ കുറുവ സംഘമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വീടിന്റെ ജനറൽ പൂർണമായും ഇളക്കി മാറ്റി മോഷണം നടത്തിയ കേസിൽ അയൽക്കാരൻ പിടിയിൽ. സിസിടിവി കാമറ എത്താത്ത ഭാഗം നോക്കി ജനൽ പൊളിച്ച് മോഷണം നടത്തിയ ശേഷം വിവരം പൊലീസിനെയും വീട്ടുകാരെയും വിളിച്ച് അറിയിച്ചതും മോഷ്ടാവ് തന്നെ.

മോഷണം നടന്ന വീട്ടുടമയുടെ ബന്ധുവും അയൽവാസിയും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പഞ്ചായത്തു കക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന മാമ്പാറ വാണിയത്തു മണ്ണിൽ ഭാഗത്ത് ചന്ദ്രമംഗലത്ത് ബിജു ആർ. പിള്ള (46)യാണ് അറസ്റ്റിലായത്. മോഷണ വിവരം പൊലീസിനേയും നാട്ടുകാരേയും അറിയിച്ചതും ഇയാൾ തന്നെയാണ്.

പെരുനാട് മാമ്പാറ ഗോകുൽ ഭവനിൽ കെഎസ്ആർടിസി റിട്ട.ജീവനക്കാരൻ പരമേശ്വരൻ പിള്ളയുടെ വീട്ടിൽ കഴിഞ്ഞ 11 ന് രാത്രി പത്തരയോടെയാണ് മോഷണം നടന്നത്. പേസ് മേക്കർ മാറ്റി ഘടിപ്പിക്കുന്നതിനായി പരമേശ്വരൻപിള്ള പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു മോഷണം. ഭാര്യയും പിള്ളയ്ക്കൊപ്പം ആശുപത്രിയിലായിരുന്നതിനാൽ വീട്ടിൽ മാറ്റാരും ഉണ്ടായിരുന്നില്ല.

വീടിന് പിന്നിൽ സിസിടിവി കാമറ നോട്ടം എത്താത്ത ഭാഗത്തെ മൂന്നുപാളി ജനൽ ഇളക്കി മാറ്റി വീടിനുള്ളിൽ കടന്ന് കിടപ്പു മുറിയിലെ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന 35,000 രൂപയും മുപ്പതു പവനോളം ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തി അര മണിക്കൂറിനു ശേഷം വീടിനു കുറച്ചകലെയുള്ള രണ്ടു പേരേയും ആശുപത്രിയിൽ കഴിയുന്ന പരമേശ്വരൻ പിള്ളയെയും വിവരം അറിയിച്ചത് പ്രതി തന്നെ ആയിരുന്നു. അയൽപക്കത്തെ വീട്ടിൽ മോഷണം നടന്നുവെന്നും ശബ്ദം കേട്ട് താൻ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടെന്നുമായിരുന്നു ഇയാൾ നാട്ടുകാരോടു പറഞ്ഞത്.

പ്രതി തന്നെ പിന്നീട് മോഷണ വിവരം പെരുനാടു പൊലീസിനേയും അറിയിക്കുകയും സംശയം തോന്നാത്തവിധം അന്വേഷണത്തിൽ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. സിസിടിവി കാമറയുടെ കണ്ണിൽപ്പെടാതെയുള്ള മോഷണത്തിനു പിന്നിൽ വീടിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളയാൾ ആയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അ ന്വേഷണത്തിന് വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തിയെങ്കിലും ഫലമുണ്ടായില്ല. കൈയുറ പോലെയുള്ള വസ്തു ധരിച്ചു മോഷണം നടത്തിയതിനാൽ പ്രതിയുടെ വിരലടയാളവും ലഭിച്ചില്ല. മോഷണം നടന്ന വീടിന്റെ ഭാഗം കേന്ദ്രീകരിച്ചു നടത്തിയ സമഗ്രമായ അന്വേഷണമാണ് പ്രതിയെ വലയിൽ കുടുക്കിയത്.

വീടിന്റെ ഭാഗത്ത് മോഷണത്തിനു മുമ്പുള്ള ഏതാനും ദിവസങ്ങളിൽ വന്നു പോയ വാഹനങ്ങൾ, വ്യക്തികൾ എന്നിവയെപ്പറ്റി ഈ മേഖലയിലെ സിസിടിവി കാമറാ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുകയായിരുന്നു. അറസ്റ്റിലായ ബിജുവിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളിൽ ചിലത് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ ജീവനക്കാരനായിരുന്ന പിതാവിന്റെ മരണ ശേഷം പത്തനംതിട്ട ഡിഎംഓഫീസിൽ കുറച്ചുകാലം ഡ്രൈവറായിരുന്നു ബിജു. പിന്നീട് മരുന്നു വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തിരിമറി കാരണം ഇയാൾക്ക് ജോലി നഷ്ടമായി. കഴിഞ്ഞ ഗ്രാമപഞ്ചായത്തു തെരഞ്ഞടുപ്പിൽ കക്കാടു വാർഡിൽ യുഡിഎഫിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച ബിജു മൂന്നാം സ്ഥാനത്താണ് എത്തിയത്.

അയൽ സംസ്ഥാനത്തു നിന്നെത്തിയ കുറുവ സംഘമാണ് മോഷണത്തിനു പിന്നിലെന്നു വരുത്തി തീർക്കാനുള്ള ശ്രമം നടന്നെങ്കിലും അതൊന്നും കാര്യമാക്കാതെ ആയിരുന്നു പൊലീസ് അന്വേഷണം. ജില്ലാ പൊലീസ് സൂപ്രണ്ട് ആർ. നിശാന്തിനിയുടെ നിർദ്ദേശ പ്രകാരം റാന്നി ഡിവൈഎസ്‌പി മാത്യൂസ് ജോർജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഓ യു രാജീവ്കുമാർ, പ്രിൻസിപ്പൽ എസ്ഐ രവീന്ദ്രൻ നായർ, എഎസ്ഐ റെജി തോമസ്, പൊലീസുകാരായ ബിജു മാത്യു, ലിജു, ജിജു, ജോമോൻ, പ്രദീപ്കുമാർ, ശ്രീജിത്ത് ജനാർദനൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP