Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീടുകളുടെ താക്കോൽ സ്വാതന്ത്ര്യദിനത്തിന് തരുമെന്ന് ഉറപ്പുനൽകിയത് മന്ത്രി നേരിട്ടെത്തി; ഈ മാസം കിട്ടി ഇല്ലെങ്കിൽ റോഡിൽ കുടിൽ കെട്ടി താമസിക്കും; രണ്ട് ദിവസം ഭക്ഷണം കഴിച്ചാൽ മൂന്നാം ദിവസം പട്ടിണി; പൊഴിയൂരിൽ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ കരഞ്ഞുപറയുന്നത് മന്ത്രി കേൾക്കുന്നുണ്ടോ?

വീടുകളുടെ താക്കോൽ സ്വാതന്ത്ര്യദിനത്തിന് തരുമെന്ന് ഉറപ്പുനൽകിയത് മന്ത്രി നേരിട്ടെത്തി; ഈ മാസം കിട്ടി ഇല്ലെങ്കിൽ റോഡിൽ കുടിൽ കെട്ടി താമസിക്കും; രണ്ട് ദിവസം ഭക്ഷണം കഴിച്ചാൽ മൂന്നാം ദിവസം പട്ടിണി; പൊഴിയൂരിൽ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ടവർ കരഞ്ഞുപറയുന്നത് മന്ത്രി കേൾക്കുന്നുണ്ടോ?

വിഷ്ണു.ജെ.ജെ.നായർ

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും കേരളം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുപോകുമ്പോൾ അതിന് സാധിക്കാത്ത ഒരുപറ്റം മനുഷ്യരുണ്ട് തിരുവനന്തപുരത്തെ കടലോര മേഖലയായ പൊഴിയൂരിൽ. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഗവ. യുപി സ്‌കൂളിലാണ് മുപ്പത്തിയാറോളം കുടുംബങ്ങളുടെ വാസം. വീടുനഷ്ടപ്പെട്ട പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ഇവിടെ താമസിക്കുന്നവർ പരാതിപ്പെടുന്നു.

മത്സ്യ ബന്ധനം, മൽസ്യവിൽപ്പന തുടങ്ങിയ മൽസ്യബന്ധിത തൊഴിലുകൾ ചെയ്യുന്നവരാണ് ഇവിടെ കഴിയുന്നവരിൽ അധികവും. ഈ പ്രത്യേക സാഹചര്യത്തിൽ ജോലി്ക്ക് പോകാൻ കഴിയാത്ത അവരുടെ അവസ്ഥ തികച്ചും പരിതാപകരമാണ്. സ്ഥിര വരുമാനം നിലച്ച ഇവർ നാളെ എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാതെ ഉഴലുകയാണ്. മറ്റ് തൊഴിലുകൾ അറിയാത്ത ഇവർക്ക് മറ്റൊരു ഉപജീവന മാർഗവും സാധ്യമല്ല. കടംവാങ്ങാൻ ഇനി ആളുകൾ ബാക്കിയില്ല. നാട്ടുകാരോ ഇടവകക്കാരോ ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല എന്ന പരാതിയും ഇവർക്കുണ്ട്.

മുപ്പത്തിയെട്ട് കുടുംബങ്ങളിലായി എണ്ണമറ്റ സ്ത്രീകളും കുട്ടികളൂം ഉൾപ്പടെയുള്ളവരാണ് ഇവിടെ താമസിക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇവിടെ, ഇത്രയും പേർക്ക് ഉപയോഗിക്കാൻ കഴിയുന്ന, ശുദ്ധിയും സുരക്ഷയും ഉള്ള ശുചിമുറികളോ കിടപ്പുമുറികളോ ഇല്ല. പാമ്പുകൾ അടക്കമുള്ള ഉരഗങ്ങളുടെ ശല്യവും ഇവിടെ തലവേദന സൃഷ്ടിക്കുന്നു. ഇവിടെ രണ്ട് തവണയാണ് പാമ്പ് കയറിയത്.

കൂട്ടത്തിൽ അമ്പതോളം കുട്ടികളുണ്ടെങ്കിലും അവരുടെ ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങളൊന്നും അവിടെ ഒരുക്കിയിട്ടില്ല. ആവശ്യത്തിന് മൊബൈലുകളോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ പഠനമെന്ന അവകാശം പോലും നിർദ്ദയം നിഷേധിക്കപ്പെടുന്നു. നേഴ്സറി ക്ലാസുകൾ മുതൽ ഡിഗ്രിതലം വരെയുള്ള വിദ്യാർത്ഥികൾ ഇവിടെയുണ്ട്. പലർക്കും പരീക്ഷ എഴുതാനുള്ള അടിസ്ഥാന സൗകര്യം പോലും ഇവിടെ ലഭിക്കുന്നില്ലെന്നും അവർ പരാതിപ്പെടുന്നു.

ഒന്നരവർഷം മുൻപ് തമിഴ്‌നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് കേരള അതിർത്തിയിൽ തിരയടി ശക്തമായത്. ആ കാലം മുതൽ കടൽക്ഷോഭത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന ഇവർക്ക് വേണ്ടി പുനർഗേഹം പദ്ധതിയിലൂടെ ഫ്ളാറ്റ് സമുച്ഛയം പണി ആരംഭിച്ചിട്ട് കാലം ഏറെയായി. പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പലതവണയായി ഇവരെ പറഞ്ഞു കബളിപ്പിക്കുകയാണ് അധികാരികൾ.

'ഞങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താക്കോൽ തരാൻ നിരവധി തീയതികൾ പ്രഖ്യാപിച്ചതാണ്. ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അവസാനനിമിഷം ആ തീയതികളെല്ലാം മാറ്റപ്പെട്ടു. ഇനി ഞങ്ങൾ അമിത പ്രതീക്ഷകളൊന്നുമില്ല. ഏറ്റവും ഒടുവിൽ സ്വാതന്ത്ര്യദിനത്തിന് തരുമെന്ന് പറഞ്ഞു. മന്ത്രി നേരിട്ടെത്തിയാണ് ഉറപ്പ് തന്നത്. പക്ഷെ ആ ഉറപ്പും ലംഘിക്കപ്പെട്ടു. അത് പിന്നെ ഓഗസ്റ്റ് 31 ലേയ്ക്ക് മാറ്റി. അന്നും അവർ താക്കോൽ തന്നില്ലെങ്കിൽ ഒന്നാം തീയതി മുതൽ റോഡിൽ കുടിൽ കെട്ടി താമസിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം. അതിനായുള്ള സാമ്പത്തികം പോലും ഞങ്ങളുടെ കയ്യിൽ ഇല്ല. എങ്കിലും ഓരോ ഇടവകകളിലും പഞ്ചായത്തുകളിലും ഭിക്ഷയെടുത്ത് ഞങ്ങൾ അതിനുള്ള തുക കണ്ടെത്തും.കടൽക്ഷോഭത്തിൽ വീട് നഷ്ട്ടപ്പെട്ട ഞങ്ങളുടെ തൊണ്ണൂറ്റി മൂന്ന് ദിവസമായുള്ള ക്യാമ്പ് ജീവിതം ഏറ്റവും ദുരിതകരമാണ്. ഇടയനില്ലാത്ത ആടുകളെ പോലെയാണ് ഞങ്ങളുടെ അവസ്ഥ.'

ജീവനും ജീവിതവും കൊടുത്തുണ്ടാക്കിയ കിടപ്പാടം കടലുകൊണ്ടുപോയതായി പൊഴിയൂരുകാർ ജീവിതം പറയുന്നു. സ്‌കൂളിലേയ്ക്ക് മാറിയ ശേഷം ആദ്യത്തെ രണ്ടുമാസം പഞ്ചായത്ത് അവിടത്തെ അന്തേവാസികൾക്കുള്ള ഭക്ഷണം എത്തിച്ചിരുന്നു. എന്നാൽ ആ ഭക്ഷണത്തിന് ചില പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇപ്പോൾ ഭക്ഷണുണ്ടാക്കാനുള്ള സാധനങ്ങൾ എത്തിച്ചുനൽകുകയും അവർ അത് പാകംചെയ്ത് കഴിക്കുകയുമാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ദിവസം ഭക്ഷണം കഴിച്ചാൽ മൂന്നാമത്തെ ദിവസം പട്ടിണിയാണ് ഇവിടെ. അതിനപ്പുറം ഇപ്പോൾ പഞ്ചായത്ത് അധികൃതർക്കും ഇടവകകൾക്കും നാട്ടുകാർക്കുമൊന്നും ഇങ്ങനെയൊരു വിഭാഗം ഇവിടെ ഉള്ളതായി യാതൊരു ഓർമയുമില്ലാതെയായി. അവർക്ക് വീടുകൾ നൽകുന്നതിന് പഞ്ചായത്തുകൾ യാതൊരു താൽപര്യമെടുക്കുന്നില്ലെന്ന് അവരും പറയുന്നു. വീടുകളുടെ പട്ടികയിൽ ചില പേരുകൾ മാത്രം ഒഴിവാക്കിയെന്നും അവർ പരാതിപ്പെടുന്നു.

മുപ്പത്തിയെട്ടു വീടുകൾ ആണ് പൊഴിയൂരിൽ കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടത്. ഇരുപത്തിയെട്ട് വീടുകൾ മുഴുവനായും കടലെടുത്തു. 'പുനർഗേഹം' പദ്ധതി പ്രകാരമാണ് ഇവർക്ക് വീടുകൾ നിർമ്മിച്ചുകൊടുക്കുന്നത്. എന്നാൽ അത് അനന്തമായി ഇഴഞ്ഞുനീങ്ങുകയാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 31-ാം തീയതിയും താക്കോൽ ലഭിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങുകയാണ് ഇവിടത്തെ ദുരിതബാധിതർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP