Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീലങ്ക വഴി അഫ്ഗാനിലൂടെ ഐഎസിലേക്ക്; ഈ വഴി അടച്ചത് കാബൂളിലെ അമേരിക്കൻ ഇടപെടൽ; എൻഐഎ പൊക്കിയത് കൂറ്റൻ മതിൽകെട്ടി ഉയർത്തിയ കോമ്പൗണ്ടിൽ താമസിച്ച സഹോദരപുത്രിമാരെ; വീണ്ടും താലിബാൻ എത്തുമ്പോൾ റിക്രൂട്ട്‌മെന്റിന്റെ സുരക്ഷിത കേന്ദ്രമായി മാറുമെന്ന് ആശങ്ക

ശ്രീലങ്ക വഴി അഫ്ഗാനിലൂടെ ഐഎസിലേക്ക്; ഈ വഴി അടച്ചത് കാബൂളിലെ അമേരിക്കൻ ഇടപെടൽ; എൻഐഎ പൊക്കിയത് കൂറ്റൻ മതിൽകെട്ടി ഉയർത്തിയ കോമ്പൗണ്ടിൽ താമസിച്ച സഹോദരപുത്രിമാരെ; വീണ്ടും താലിബാൻ എത്തുമ്പോൾ റിക്രൂട്ട്‌മെന്റിന്റെ സുരക്ഷിത കേന്ദ്രമായി മാറുമെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഫ്ഗാനിലെ താലിബാന്റെ കടന്നുവരവ് കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളേയും സ്വാധീനിക്കുമെന്ന ആശങ്ക ശക്തം. തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ് കേന്ദ്രമായി കേരളം വീണ്ടും മറാനിടയുണ്ട്. നേരത്തെ കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയവർ ശ്രീലങ്ക വഴി അഫ്ഗാനിലാണ് എത്തിയത്. അവിടെ ദുരിതമാണ് അവർ അനുഭവിച്ചത്. ഈ കഥകൾ കേരളത്തിലെ റിക്രൂട്ട്‌മെന്റിനേയും ബാധിച്ചു. അഫ്ഗാനിൽ താലിബാൻ അധികാരത്തിലേക്ക് എത്തുമ്പോൾ വീണ്ടും റിക്രൂട്ട്‌മെൻ് പുനരാരംഭിക്കാൻ സാധ്യത ഏറെയാണ്. കേരളത്തിന് ഇതു സംബന്ധിച്ചു സുരക്ഷാ മുന്നറിയിപ്പ് ഉടൻ കേന്ദ്ര ഏജൻസികൾ നൽകും. എല്ലാ വശവും അവർ പരിശോധിക്കുകയാണ്.

കാസർകോട്ടും കണ്ണൂരും പാലക്കാടും മലപ്പുറത്തും എറണാകുളത്തും ഐഎസ് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. പെരുമ്പാവൂർ മേഖലയിൽ രഹസ്യ ഒത്തുചേരലും നടക്കുന്നു. ഐ.എസ്. ബന്ധമാരോപിച്ചു കണ്ണൂരിൽനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്ത യുവതികളുടേതു പത്തു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ശൃംഖലയാണെന്നും കണ്ടെത്തിയിരുന്നു. ഏതു സമയത്തും സജീവമാകാൻ തയാറായിരിക്കണം എന്നായിരുന്നു പെൺപടയ്ക്ക് മുകളിൽ നിന്നുള്ള നിർദ്ദേശം. യുവാക്കളെ തേൻകണിയിൽ വീഴ്‌ത്തി തീവ്രവാദികളാക്കാനും നീക്കമുണ്ടായിരുന്നു.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി നൂറോളം യുവതികളാണ് ഐ.എസ്. ആശയങ്ങൾ പങ്കുവച്ചിരുന്നു. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി പ്രവർത്തിച്ചിരുന്ന ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണു ഡൽഹിയിൽനിന്നുള്ള എൻ.ഐ.എ. സംഘം രണ്ടു ദിവസം മുമ്പു പിടികൂടിയത്. ഇവരുടെ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്ലീപ്പിങ് സെല്ലുകൾ വീണ്ടും സജീവമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികളാണ് സെല്ലുകളുടെ തലപ്പത്തുള്ളത്.

വളരെ നിശബ്ദമായി ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനു പ്രത്യേക ആപ്പ് ഉപയോഗിച്ചിരുന്നു. സ്‌കൂളുകൾ, പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണു പ്രവർത്തനം. മിസ്ഹയ്ക്കും ഷിഫയ്ക്കും മികച്ച സാങ്കേതിക പരിജ്ഞാനം ലഭിച്ചിരുന്നു. വിദേശത്തുനിന്നു സാങ്കേതിക സഹായം ലഭിച്ചിരുന്നു എന്നും വ്യക്തമാണ്. തങ്ങളുടെ ആശയങ്ങൾക്ക് എതിരുനിൽക്കുന്ന പെൺകുട്ടികളെ മാനസികമായി തളർത്താനും അപായപ്പെടുത്താനുമായി ഇവർ ചാവേർ സംഘം രൂപീകരിച്ചിരുന്നു.

കണ്ണൂർ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്ത് തായത്തെരു ചെയിക്കിന്റകത്ത് ഷിഫയെയും മിസ്ഹയെയും എൻ.ഐ.എ അറസ്റ്റ് ചെയ്തത് ഏറെ കാലത്തെ നിരീക്ഷണത്തിന് ശേഷമാണ്. വിദേശത്ത് ജനിച്ച് അവിടെതന്നെ പഠിക്കുകയും ചെയ്ത ഇരുവരും നാട്ടിലെത്തിയാൽ അയൽവാസികളോട് പോലും സമ്പർക്കം പുലർത്താറില്ല. കൂറ്റൻ മതിൽകെട്ടി ഉയർത്തിയ ഒരു കോമ്പൗണ്ടിലെ ആറ് വീടുകളിലാണ് സഹോദരപുത്രിമാരായ ഇവർ താമസിച്ചിരുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർക്കോ വാർഡ് കൗൺസിലർക്കോ, മറ്റു പൊതുപ്രവർത്തകർക്ക് പോലും ഇവരെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അത്രയും രഹസ്യമായാണ് ഇവർ നാട്ടിലെത്തിയാൽ കഴിഞ്ഞിരുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവരുടെ മുഴുവൻ പ്രവർത്തനങ്ങളും. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഗ്രൂപ്പുണ്ടാക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ഇവർ ഭീകരവാദ പ്രചാരണം നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്. കൊല്ലം ഓച്ചിറ മേമനയിലെ ഡോ. റഹീസ് റഷീദ്, തൃക്കരിപ്പൂർ പടന്നയിലെ ഇർഷാദ് തെക്കേ കേളോത്ത്, തിരുവനന്തപുരം അഞ്ചൽ കണ്ണങ്കോട്ടെ രാഹുൽ മനോഹരൻ എന്ന രാഹുൽ അബ്ദുള്ള എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവരെന്നും അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങൾ വഴി യുവാക്കളെ ആകർഷിച്ച് ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന് തുടക്കമായത്. രണ്ടുപേരും നാട്ടിലെത്തിയ കാര്യം കോമ്പൗണ്ടിന് പുറത്ത് താമസിക്കുന്നവർ പോലും അറിഞ്ഞിരുന്നില്ല. ഐസിസിൽ കണ്ണിയാകാൻ രണ്ടുപേരും സിറിയയിൽ പോയിരുന്നു. സിറിയൻ യാത്രയിൽ ഇവർക്കൊപ്പം മറ്റാരെങ്കിലും പോയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. മലപ്പുറം കടമണ്ണയിലെ മുഹമ്മദ് അമീറിന്റെ നിർദ്ദേശപ്രകാരമാണ് ഐസിസിലേക്ക് ആളെ ചേർക്കാൻ ഇൻസ്റ്റഗ്രാമിൽ മിസ്ഹ പേജ് ഉണ്ടാക്കിയതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP