Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടം കയറി വാവിട്ട് നിലവിളിക്കുന്ന കെഎസ്ആർടിസിയെ മുക്കി താഴ്‌ത്തി കെടിഡിഎഫ്‌സി; ബിഒടി മാതൃകയിൽ ടെർമിനൽ നിർമ്മിച്ച് കോർപറേഷന് വരുത്തി വച്ചത് കോടികളുടെ നഷ്ടം; കോഴിക്കോട്ടെ ടെർമിനലിൽ ബസുകൾ ദിവസവും അധികം ഓടുന്നത് 16 കി.മീ; സ്വന്തം ഭൂമിയിൽ കെഎസ്ആർടിസി വാടകയും കൊടുക്കണം

കടം കയറി വാവിട്ട് നിലവിളിക്കുന്ന കെഎസ്ആർടിസിയെ മുക്കി താഴ്‌ത്തി കെടിഡിഎഫ്‌സി; ബിഒടി മാതൃകയിൽ ടെർമിനൽ നിർമ്മിച്ച് കോർപറേഷന് വരുത്തി വച്ചത് കോടികളുടെ നഷ്ടം; കോഴിക്കോട്ടെ ടെർമിനലിൽ ബസുകൾ ദിവസവും അധികം ഓടുന്നത് 16 കി.മീ; സ്വന്തം ഭൂമിയിൽ കെഎസ്ആർടിസി വാടകയും കൊടുക്കണം

വിഷ്ണു.ജെ.ജെ.നായർ

കോഴിക്കോട്: കൃത്യമായ ആസൂത്രണമില്ലാതെ നിർമ്മിച്ച കോഴിക്കോട് ടെർമിനൽ മൂലം കെഎസ്ആർടിസിക്ക് കോടികളുടെ നഷ്ടമെന്ന് പരാതി. ടെർമിനലിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് ഗാരേജും വർക്ക് ഷോപ്പും നിർമ്മിച്ചിരിക്കുന്നത്. അതിനെ തുടർന്ന് ബസ് ഒതുക്കാനും വർക്ക് ഷോപ്പിൽ കയറ്റാനും പതിനാറ് കിലോമീറ്റർ യാത്രക്കാരില്ലാതെ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇതുമൂലം ഇന്ധനഇനത്തിൽ കോടികളാണ് ഇതുവരെ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടായിട്ടുള്ളതെന്ന് മുൻ കെഎസ്ആർടിസി ഇൻസ്പെക്ടർ ദേവദാസ് പുന്നത്ത് ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഈ അവസ്ഥ തന്നെ ഇപ്പോഴും തുടരുന്നതിനാൽ നഷ്ടത്തിന്റെ തോത് വർദ്ധിച്ചുകൊണ്ടേയിരിക്കും.

കെഎസ്ആർടിസി, കെടിഡിഎഫ്സി എന്നിവയുടെ ഉടമസ്ഥതയിലാണ് കോഴിക്കോട് ബിഒടി മാതൃകയിൽ ടെർമിനൽ നിർമ്മിച്ചത്. എന്നാൽ നിർമ്മാണത്തിലെ അഴിമതി, കെട്ടിടം വാടകയ്ക്ക് നൽകാനുള്ള തീരുമാനത്തിലെ അപാകതകൾ, ആസൂത്രണപിഴവ് മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ തുടങ്ങിയ കെഎസ്ആർടിസിക്ക് വലിയ സാമ്പത്തിക ബാധ്യതകളാണ് സൃഷ്ടിക്കുന്നത്.

2007 ലാണ് കേരള സർക്കാർ കെഎസ്ആർടിസിയുടെ കൈവശമിരിക്കുന്ന തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് സ്റ്റേഷനുകളിൽ ബിഒടി മാതൃകയിലുള്ള നിർമ്മിതിക്ക് കെടിഡിഎഫ്സിക്ക് അനുമതി നൽകിയത്. എന്നാൽ സ്ഥലം ഉടമയും ഗുണഭോക്താവുമായ കെഎസ്ആർടിസിയും കെടിഡിഎഫ്സിയും സംസ്ഥാന സർക്കാരുമായി ഈ ബിഒടി നിർമ്മിതിയെ പറ്റി ഒരു ഉഭയകക്ഷി കരാറും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ബിഒടി നിർമ്മിതിയിൽ മുൻപരിചയമില്ലാത്ത കെടിഡിഎഫ്സി വരുത്തുന്ന വീഴ്‌ച്ചകൾക്ക് അവർക്ക് ഉത്തരവാദിത്തം ഇല്ലാത്ത അവസ്ഥ വന്നു.

ഈ പദ്ധതിയിൽ പ്രത്യേകിച്ച് റോളൊന്നുമില്ലാതിരുന്ന കെഎസ്ആർടിസിയുടെ ഏകഉത്തരവാദിത്തം കെട്ടിടത്തിനാവശ്യമായ പ്ലാൻ വരച്ചുനൽകുക എന്നത് മാത്രമായിരുന്നു. എന്നാൽ പ്ലാൻ വരയ്ക്കാൻ ഏൽപ്പിച്ച ആർക്കിടെക്സ് ആർ.കെ രമേശനിൽ നിന്നും യഥാസമയം പ്ലാൻ വാങ്ങി കെടിഡിഎഫ്സിയെ ഏൽപ്പിക്കാൻ കെഎസ്ആർടിസി തയ്യാറായില്ലെന്ന് ദേവദാസ് പുന്നത്ത് പരാതിയിൽ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

കെട്ടിടനിർമ്മാണത്തിന് മുമ്പ് അതാത് തദ്ദേശസ്ഥാപനങ്ങളിൽ പ്ലാൻ സമർപ്പിച്ച് അനുമതി വാങ്ങണമെന്നിരിക്കെ കോഴിക്കോട് കോർപ്പറേഷനിൽ സമ്പൂർണപ്ലാൻ സമർപ്പിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് കെഎസ്ആർടിസി ടെർമിനൽ പണി ആരംഭിച്ചതെന്നും പരാതിയിൽ പറയുന്നു. അതിനുള്ള ഉത്തരവാദിത്തം കെടിഡിഎഫ്സിക്കായിരുന്നു. നിർമ്മാണഅനുമതി ഇല്ലാതെ തന്നെ കെടിഡിഎഫ്സി മുന്നോട്ടുപോയെങ്കിലും അത് തടയാൻ കോർപ്പറേഷനും തയ്യാറായില്ല. എന്നാൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കി 2015 മെയ് 23 ന് കെട്ടിടനമ്പരിനായി അപേക്ഷിച്ചെങ്കിലും മൂന്ന് വർഷങ്ങൾക്ക് ശേഷം 2018 ഏപ്രിൽ ആറിന് മാത്രമാണ് കോർപ്പറേഷൻ നമ്പരിട്ടുനൽകിയത്. ഇതുമൂലം മൂന്ന് വർഷത്തോളം കെട്ടിടത്തിലെ കടമുറികൾ വാടകയ്ക്ക് നൽകാനാകാതെ അടഞ്ഞുകിടക്കുകയായിരുന്നു. ഇതുമൂലം കെഎസ്ആർടിസിക്ക് ഏകദേശം 16 കോടിയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ഈ നഷ്ടത്തിന് ഉത്തരവാദികൾ ജോലിയിൽ വീഴ്‌ച്ച വരുത്തിയ കെടിഡിഎഫ്സി ആണെന്ന് ദേവദാസ് പരാതിപ്പെടുന്നു. പൂർണമായ പ്ലാനില്ലാതെ കെട്ടിടം നിർമ്മിച്ചത് മൂലം നിർമ്മാണത്തിൽ അപാകത ഉണ്ടായെന്നും അത് പഠിക്കാൻ കെടിഡിഎഫ്സി മദ്രാസ് ഐഐടിയെ നിയോഗിച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു.

കെഎസ്ആർടിസിയുടെ ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിൽ കെഎസ്ആർടിസി ഉപയോഗിക്കുന്ന 1000 സ്‌ക്വയർ ഫീറ്റിന് വാടക ഈടാക്കാനുള്ള ശ്രമവും കെടിഡിഎഫ്സി നടത്തുന്നതായും പരാതിയിൽ പറയുന്നു.

ഈ കെട്ടിടത്തിന്റെ പേരിൽ കെഎസ്ആർടിസി 140 കോടി രൂപയ്ക്ക് കടപ്പെട്ടിരിക്കുമ്പോൾ സ്‌ക്വയർ ഫീറ്റിന് 10 രൂപ എന്ന നിസാരതുകയ്ക്ക് കടമുറികൾ വാടകയ്ക്ക് നൽകാനാണ് കെടിഡിഎഫ്സി ശ്രമിക്കുന്നത്. കെഎസ്ആർടിസി കക്ഷിയല്ലാത്ത ഈ കരാറിലൂടെ വൻ സാമ്പത്തികബാധ്യത കെഎസ്ആർടിസിയുടെ തലയിലായിരിക്കുകയാണ്. നടപ്പാക്കാൻ പോകുന്ന വാടകകരാർ പ്രകാരം അടുത്ത 30 വർഷം കൊണ്ട് കിയോസ്‌ക് വാടകയടക്കം 260 കോടിയാണ് കെടിഡിഎഫ്സി കണക്കാക്കുന്നത്. അതിൽ പകുതി (130 കോടി) കെഎസ്ആർടിസിക്ക് ലഭിക്കുമെന്ന് കരുതുന്നു. എന്നാൽ കെഎസ്ആർടിസിയുടെ ബാധ്യത തീർക്കാൻ ഇതുമതിയാകില്ല. മാത്രമല്ല 140 കോടി രൂപയുടെ പലിശ 30 വർഷം കൊണ്ട് പതിന്മടങ്ങ് വർദ്ധിക്കും. കെടിഡിഎഫ്സിയുടെ പരിചയക്കുറവും അലംഭാവവും കൊണ്ട് ഉണ്ടാകുന്ന നഷ്ടത്തിന്റെ ഭാരം കെഎസ്ആർടിസി ചുമക്കേണ്ട അവസ്ഥയാണ് ഇപ്പോൾ. ഈ നഷ്ടം കെടിഡിഎഫ്സിയിൽ നിന്നും ഈടാക്കണമെന്നും ദേവദാസ് പരാതിയിൽ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP