Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ഓണം കൂടി സോപ്പിട്ട് ഡബിൾ മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; അൽപം ശ്രദ്ധിച്ചാൽ ഓണം കഴിഞ്ഞും സന്തോഷം; വീട്ടിലെ ആഘോഷത്തിനും വേണം ഒരു കരുതൽ; ഡെൽറ്റ് വൈറസിന്റെയും മൂന്നാം തരംഗത്തിന്റെയും വലിയ ഭീഷണി; കോവിഡ് കാലമാണേ വിരുന്ന് കാലം ദുഃഖമാക്കരുതേ എന്ന് ആരോഗ്യമന്ത്രി

ഈ ഓണം കൂടി സോപ്പിട്ട് ഡബിൾ മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; അൽപം ശ്രദ്ധിച്ചാൽ ഓണം കഴിഞ്ഞും സന്തോഷം; വീട്ടിലെ ആഘോഷത്തിനും വേണം ഒരു കരുതൽ; ഡെൽറ്റ് വൈറസിന്റെയും മൂന്നാം തരംഗത്തിന്റെയും വലിയ ഭീഷണി; കോവിഡ് കാലമാണേ വിരുന്ന് കാലം ദുഃഖമാക്കരുതേ എന്ന് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്ത് മറ്റൊരു ഓണം കൂടി വന്നെത്തുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നമ്മൾ കോവിഡിൽ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഓണം കഴിഞ്ഞതോടെയും നിയന്ത്രണങ്ങൾ കുറച്ചതോടും കൂടി കേസുകൾ ക്രമേണ വർധിച്ച് ഒക്ടോബർ മാസത്തോടെ കൂടി 11,000ത്തോളമായി. ഇപ്പോൾ അതല്ല സ്ഥിതി. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ്. പ്രതിദിന കോവിഡ് കേസുകൾ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാൽ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

'ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ നമ്മുടെ സന്ദേശം. അതിത്തവണയും തുടരണം. സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. കടകളിൽ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിൾ മാസ്‌കോ, എൻ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാൻ പാടില്ല. എല്ലായിടത്തും 2 മീറ്റർ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാർക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാൻ കടക്കാരും ജാഗ്രത പുലർത്തണം. സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.

കോവിഡ് കാലമാണേ വിരുന്ന് കാലം ദുഃഖമാക്കരുതേ

ആരിൽ നിന്നും ആരിലേക്കും രോഗം വരാം. വീട്ടിലെ ഒരാൾക്ക് കോവിഡ് വന്നാൽ അയാളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലമായതിനാൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകൾ പരമാവധി കുറയ്ക്കണം. വീട്ടിൽ അതിഥികളെത്തിയാൽ മാസ്‌ക് നിർബന്ധമാക്കുക. വന്നയുടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പർശിച്ചു കൊണ്ടുള്ള സ്നേഹ പ്രകടനം ഒഴിവാക്കുക. ഇവർക്ക് വിരുന്നുകാരിൽ നിന്നും രോഗം വന്നാൽ അത് തീരാദുഃഖമാകും.

ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം പടരാൻ സാധ്യത കൂടുതൽ. അതിനാൽ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരിൽ നിന്നും വാക്സിൻ എടുത്തവരിൽ നിന്നുപോലും രോഗം പകരാം എന്നതിനാൽ പല കുടുംബങ്ങളിൽ നിന്നുള്ളവർ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

സംസ്ഥാനത്ത് 18 വയസിന് മുകളിൽ 52 ശതമാനത്തിലധികം ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചുവെങ്കിലും അതിൽ ചെറുപ്പക്കാർ കുറവാണ്. 18നും 44 വയസിന് മുകളിലുള്ള 38 ശതമാനം പേർക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. മാത്രമല്ല കുട്ടികൾക്ക് വാക്സിൻ എടുത്ത് തുടങ്ങിയിട്ടുമില്ല. വാക്സിൻ എടുത്തവരുടെ അശ്രദ്ധ കാരണം പലപ്പോഴും വീണ്ടും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ജാഗ്രത തുടരേണ്ടതാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നവർ മാസ്‌കിട്ട് മാത്രം ഫോട്ടോയെടുക്കുക. ഡെൽറ്റ വൈറസായതിനാൽ പെട്ടന്ന് വ്യാപനമുണ്ടാക്കും. അതിനാൽ അൽപം ശ്രദ്ധിച്ച് ഓണമാഘോഷിച്ചാൽ ഓണം കഴിഞ്ഞും ഈ സന്തോഷം നിലനിർത്താം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP