Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ടിട്ടും കാണാത്ത മട്ടിൽ സഗൗരവം പിണറായി; സൗഹൃദം കാട്ടാൻ മടിച്ച് മറ്റ് നേതാക്കളും; മുഖ്യമന്ത്രിയെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും എത്തിയിട്ടും മഞ്ഞുരുകിയില്ല; ഗുഡ് ബുക്കിൽ ഇടമില്ലാതെ പി ജയരാജൻ: കണ്ണൂരിലെ ചെന്താരകത്തിന് പാർട്ടി വിധിക്കുന്നത് രാഷ്ട്രീയ അസ്തമയം തന്നെ

കണ്ടിട്ടും കാണാത്ത മട്ടിൽ സഗൗരവം പിണറായി; സൗഹൃദം കാട്ടാൻ മടിച്ച് മറ്റ് നേതാക്കളും; മുഖ്യമന്ത്രിയെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും എത്തിയിട്ടും മഞ്ഞുരുകിയില്ല; ഗുഡ് ബുക്കിൽ ഇടമില്ലാതെ പി ജയരാജൻ: കണ്ണൂരിലെ ചെന്താരകത്തിന് പാർട്ടി വിധിക്കുന്നത് രാഷ്ട്രീയ അസ്തമയം തന്നെ

അനീഷ് കുമാർ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കിൽ നിന്നും മാറ്റി നിർത്തപ്പെട്ട പി.ജയരാജൻ മുഖ്യധാരയിലേക്ക് തിരിച്ചെത്താൻ കഴിയാതെ വിയർക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും പി.ജെ മുൻപന്തിയിലുണ്ടായിരുന്നുവെങ്കിലും നൂറ് കണക്കിന് പ്രവർത്തകർക്കും നേതാക്കൾക്കുമിടെയിൽ തിരിച്ചറിയാത്ത ഒരു മുഖമായി ജയരാജൻ മാറുകയായിരുന്നു.

സിപിഎമ്മിലെ ഏക ഛത്രപതിയായ പിണറായി ഒരു കാലത്ത് തന്റെ വലം കൈയായിരുന്ന പി.ജയരാജനെ കണ്ട ഭാവം പോലും നടിച്ചില്ല. മുൻ മന്ത്രി പി.കെ ശ്രീമതിയുൾപ്പെടെയുള്ള ഏതാനും നേതാക്കളൊഴികെ മറ്റുള്ളവർ ജയരാജനോട് പരസ്യ സൗഹൃദത്തിന് പോലും മടിക്കുകയാണ്. പിണറായി വിഭാഗത്തിലെ പ്രധാനിയായി മാറാൻ വീണ്ടും പി.ജെ മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ മഞ്ഞുരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതൊന്നും ഏൽക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

തലശേരി ഏരിയാ കമ്മിറ്റി ഓഫിസായ സി.എച്ച് മന്ദിരത്തിന്റെ നവീകരണ ഉദ്ഘാടനത്തിന് മുഖ്യ യന്ത്രിയോടൊപ്പം ജയരാജൻ വേദി പങ്കിടുന്നുണ്ടെങ്കിലും അവിടെ കാരായി രാജനും എ.എൻ ഷംസീറിനുമെല്ലാമാണ് മുൻതൂക്കം ലഭിക്കുക. ഇതോടെ വരുന്ന പാർട്ടി സമ്മേളനങ്ങളിൽ നിലനിൽപ്പിനുമുള്ള പോരാട്ടത്തിലാണ് പാർട്ടിക്കായി ഒരു പുരുഷായുസ് മുഴുവൻ സമർപ്പിച്ച പി.ജെ.

എഴുപത് പിന്നിട്ട പി.ജയരാജന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ ആരാധകർക്കു പോലും മങ്ങുകയാണ്. എർണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നു തന്നെ പി.ജെഒഴിവാക്കപ്പെടുമെന്നാണ് സിപിഎമ്മിൽ നിന്നും ലഭിക്കുന്ന സൂചനകൾ വ്യക്തമാക്കുന്നത്. കണ്ണുരിൽ നവാഗത സംസ്ഥാന കമ്മിറ്റി അംഗങ്ങളായി വത്സൻ പനോളിയും എൻ.ചന്ദ്രനും വരാനാണ് സാധ്യത.

കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് വത്സൻ കർഷക തൊഴിലാളി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് എൻ.ചന്ദ്രൻ. ഇതു കൂടാതെ കാരായി രാജനും പുതുതായി കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് എൻട്രി പ്രതിക്ഷിക്കുന്ന നേതാവാണ്. കഴിഞ്ഞ കുറെക്കാലമായി എം.വി ആറിനും ഗൗരിയമ്മയ്ക്കും സമാനമായി പാർട്ടിയിൽ നിന്നും ഒതുക്കൽ നേടുന്ന നേതാവാണ് പി.ജയരാജൻ.

പി.ജെ.ആർമിക്കുള്ള വിലക്കിനും പ്രവർത്തകർക്കെതിരെയുള്ള തുടർച്ചയായ നടപടികൾക്കും പിന്നാലെ സംസ്ഥാന സമിതിയിൽ നിന്നുള്ള താക്കീത് കൂടിയായതോടെ പി.ജയരാജൻ സിപിഎമ്മിൽ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ദീർഘകാലം കണ്ണൂരിൽ സിപിഎമ്മിന്റെ അവസാന വാക്കായിരുന്ന ഇദ്ദേഹം, പാർട്ടി ചുമതലകളില്ലാതെ വർഷങ്ങളായി ഒതുക്കപ്പെട്ട ജയരാജന് സംസ്ഥാന - ജില്ലാ നേതൃയോഗങ്ങളിൽ പങ്കെടുക്കേണ്ട ചുമതലകൾ മാത്രമേയുള്ളു.പാർട്ടി പരിപാടികളിലും വർഗ ബഹുജന സംഘടനാ സമ്മേളനങ്ങളിലും അദ്ദേഹത്തെ വിളിക്കുന്നതും കുറവാണ്.

പാർട്ടി നടപടി ഭയന്ന് അണികളും പ്രാദേശിക നേതാക്കളും പി.ജെയോട് ഇപ്പോൾ അകലം പാലിച്ചു തുടങ്ങിയിട്ടുണ്ട് ഇ.കെ.നായനാർക്ക് ശേഷം കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ ഏറ്റവുമധികം സ്വാധീനമുള്ള നേതാവായിരുന്നു ജയരാജൻ. ഈ സ്വാധീനം വ്യക്തിപൂജയിലേക്കെത്തുകയും പാർട്ടി ചട്ടക്കുടിന് അപ്പുറത്തേക്ക് വളരാൻ ശ്രമിച്ചതുമാണ് ഇദ്ദേഹത്തിന് വിനയായത്. ആർഎസ്എസ് ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വന്നതും മറ്റ് നേതാക്കളെക്കാളുപരി ലളിത ജീവിതം നയിച്ചതും, താഴെക്കിടയിലുള്ള പ്രവർത്തകരുമായി ആത്മബന്ധം സ്ഥാപിച്ചതുമൊക്കെയാണ് ജയരാജനെ അണികൾക്കിടയിൽ പ്രിയങ്കരനാക്കിയത്.

എന്നാൽ ജില്ലാ സെക്രട്ടറി എന്ന നിലയിൽ നടത്തിയ വ്യക്തിപൂജയുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രവർത്തനങ്ങളാണ് ഇദ്ദേഹം നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. തുടർച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഭരണത്തിന്റെ പ്രതിച്ഛായക്കു പോലും മങ്ങലേൽപ്പിക്കുന്ന വിധത്തിൽ വളർന്നതോടെയാണ് ജയരാജനെതിരെ പാർട്ടിക്കുള്ളിൽ നിന്നും നീക്കമാരംഭിച്ചത്. കണ്ണൂരിൽ സംസ്ഥാന സ്‌കൂൾ കലോത്സവം നടക്കുന്ന വേളയിൽ പോലും രാഷ്ടീയ കൊലപാതകം നടന്നതും ബിജെപി ഇത് രാഷ്ടീയ ആയുധമാക്കിയതും ഒന്നാം പിണറായി സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ടിക്കറ്റ് നൽകി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാർട്ടി നൽകിയില്ല. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും അവസരം ലഭിച്ചില്ല.ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വി.എൻ.വാസവൻ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ല സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയാവുകയും ചെയ്തു.

സ്ഥാനമാനങ്ങളില്ലങ്കിലും പി.ജെ.ആർമിയിലൂടെ പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിന്നിരുന്നുവെങ്കിലും രാഷ്ടീയ വിവാദങ്ങളുണ്ടായതോടെ പി.ജെ.ആർമി ക്ക് പാർട്ടി വിലക്കേർപ്പെടുത്തി. റെഡ് ആർമി എന്ന പേരിൽ ഇത് പുനർജീവിപ്പിച്ചുവെങ്കിലും മുനയൊടിഞ്ഞ അവസ്ഥയിലാണിപ്പോൾ.

പി.ജെ.ആർമിയുടെ അമരക്കാരായിരുന്ന അർജുൻ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും സ്വർണ്ണക്കടത്ത് - ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ടതോടെയാണ് പി.ജയരാജൻ വീണ്ടും വിവാദപുരുഷനായത്. ഇവർക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജൻ ഇവരെ തള്ളി പറഞ്ഞു വെങ്കിലും മാധ്യമങ്ങൾ ഇതിന് പിന്നാലെ പോയി വിവാദങ്ങൾ സജീവമാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഇതേ വിവാദമായിരുന്നു. കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ഇവരുമായുള്ള അടുപ്പത്തെക്കുറിച്ച് സിഐ.ടി.യു നേതാവ് കെ.പി.സഹദേവൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയരാജൻ പൊട്ടിത്തെറിച്ചുവെന്നും ഇത് വാഗ്വാദത്തിലേക്ക് മാറുകയും യോഗം നിർത്തിവെക്കേണ്ടി വരികയും ചെയ്തുവെന്നാണ് പറയുന്നത്.

പാർട്ടിക്കകത്തു മാത്രം അറിയേണ്ട താക്കീത് എന്ന നടപടി, യോഗശേഷം മാധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതും ശ്രദ്ധേയമാണ്. കണ്ണൂരിൽ ജയരാജനു പിന്നിൽ അണിനിരന്ന പ്രവർത്തകരിൽ പലരും ഇന്ന് പാർട്ടിയിലില്ല. ഏതാനും ദിവസം മുമ്പ് ആന്തൂരിൽ നടപടിക്ക് വിധേയരായവരിൽ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. മാത്രമല്ല, ജില്ലയിൽ പലയിടങ്ങളിലും ഇത്തരം പ്രവർത്തകരുണ്ട്.

പാർലമെന്ററി രംഗത്ത് അധികകാലമൊന്നും പ്രവർത്തിക്കാത്ത മുതിർന്ന നേതാവായ ജയരാജൻ, നിലവിൽ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല. ജീവകാരുണ്യ സംഘടനയായ ഐ.ആർ.പി.സിയുടെ രക്ഷാധികാരി എന്ന ചുമതല മാത്രമാണുള്ളത്. അടുത്ത മാസത്തോടെ പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിർദ്ദേശം പ്രാവർത്തികമാവുകയും, 75 വയസ്സ് എന്ന നിബന്ധന കർശനമാക്കുകയും ചെയ്താൽ ജയരാജനു മുന്നിലെ വഴികൾ അടയും. അദ്ദേഹത്തിന് 70 വയസ്സാണ് ഇപ്പോൾ പ്രായം.

മുതിർന്ന അംഗങ്ങളിൽ പലരും ജില്ല, സംസ്ഥാന കമ്മിറ്റികളിൽ നിന്ന് ഒഴിയേണ്ടി വരും. കേഡർ പാർട്ടിയിൽ നേതൃത്വത്തിന് അനഭിമതനായവരെ പിൻതുണക്കാൻ അണികളും ഒപ്പമുണ്ടാകില്ലെന്നതാണ് ചരിത്രം ഫലത്തിൽ ജയരാജനു മുന്നിൽ സംഘടനയുടെയും ഭരണത്തിന്റെയും വാതിലുകൾ അടയാൻ സാധ്യതയേറിയിട്ടുണ്ട്. കണ്ണുരിലെ ചെന്താരകമായ പി.ജെ വാനിലുയരുമോ അതോ ആഴിയിൽ പതിക്കുമോയെന്ന കാര്യം മാത്രമാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP