Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലവന്നൂർ കായൽ കയ്യേറ്റക്കാരിൽ പ്രമുഖരും; പട്ടിക പുറത്ത് വിട്ട് വിഫോർ പീപ്പിൾ പാർട്ടി; കണ്ടെത്തിയത് 131 ഓളം കൈയേറ്റങ്ങൾ; കയ്യേറ്റത്തിന് ഭരണ - പ്രതിപക്ഷ പാർട്ടികളുടെ ഒത്താശ ഉണ്ടെന്ന് ആരോപണം

ചിലവന്നൂർ കായൽ കയ്യേറ്റക്കാരിൽ പ്രമുഖരും; പട്ടിക പുറത്ത് വിട്ട് വിഫോർ പീപ്പിൾ പാർട്ടി; കണ്ടെത്തിയത് 131 ഓളം കൈയേറ്റങ്ങൾ; കയ്യേറ്റത്തിന് ഭരണ - പ്രതിപക്ഷ പാർട്ടികളുടെ ഒത്താശ ഉണ്ടെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചിലവന്നൂർ കായലിലെ കയ്യേറ്റക്കാരുടെ പട്ടിക പുറത്ത് വിട്ട് വിഫോർ പീപ്പിൾ പാർട്ടി. പ്രമുഖരുടെതുൾപ്പടെ 131 ഓളം കൈയേറ്റങ്ങളാണ് പട്ടികയിൽ ചൂണ്ടിക്കാണിക്കുന്നത്. ചിലവന്നൂർ കായൽ കൈയേറ്റക്കാരെ സംരക്ഷിക്കാൻ കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ പൂർണ ഒത്താശ ഉണ്ടെന്നും വിഫോർ പീപ്പിൾ പാർട്ടി നേതാക്കൾ ആരോപിച്ചു.

ആം ആദ്മി പാർട്ടി സംസ്ഥാന നേതാവും മുൻ ഐ.എ.എസ്. ഓഫീസറുമായ പി.സി. സിറിയക്ക് (ഭാര്യ ആലിസ് സിറിയക്കിന്റെ പേരിൽ , സർവ്വേ നമ്പർ 555 ), കോൺഗ്ഗ്രസ് പാർട്ടി നേതാവ് പത്മജ വേണുഗോപാൽ (ഭർത്താവ് ഡോ. വേണുഗോപാൽ ഇന്റെ പേരിൽ സർവ്വേ നമ്പർ 571 ), സിപിഐ.എം. സ്വതന്ത്ര സ്ഥാനാർത്ഥി ആയിരുന്ന കെ.എം. റോയ് -യുടെ മകൾ സ്വപ്ന ലെസ്സ്‌ലി - യുടെ പേരിൽ സർവ്വേ നമ്പർ 1058 , വ്യവസായി പോൾ ആലൂക്ക സർവ്വേ നമ്പർ 559, 1058, വ്യവസായി യുസഫ് അലി സർവ്വേ നമ്പർ 576, 1053, 825, 827, നേവി ഉദ്യോഗസ്ഥൻ കമാൻഡർ എ.സി. ജോർജ്, സർവ്വേ നമ്പർ 571, എന്നിവരടങ്ങുന്ന വമ്പന്മാരാണ് കൈയേറ്റം നടത്തിയതെന്ന് വിഫോർ പീപ്പിൾ പാർട്ടി നേതാക്കൾ ആരോപിക്കുന്നു.

സഹോദരൻ അയ്യപ്പൻ റോഡിന്റെ വടക്ക് ഭാഗത്തുള്ള ചിലവന്നൂർ കനാൽ സർവ്വേ നടത്തിയിട്ട് പോലുമില്ല. പല പ്രമുഖരായ കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഭരണകൂടം തുടരുന്നു. കഴിഞ്ഞ 2 വർഷക്കാലമായി ഈ സർവ്വേ വിവരങ്ങൾ സർക്കാർ പുറത്തുവിടാത്തത് കൈയേറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ്. കൊച്ചി രാജാവിന്റെ കാലഘട്ടം മുതലുള്ള കൃത്യമായ സർവ്വേ സ്‌കെച്ചുകൾ നിലനിൽക്കെ ആണ് കൈയേറ്റങ്ങൾ നടന്നിരിക്കുന്നത്. ഇപ്പോൾ കൈയേറ്റങ്ങൾ തിട്ടപ്പെടുത്താനുള്ള സർവ്വേ ഈ സ്‌കെച്ചുകളുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതാണ് എന്ന് നിപുൺ ചെറിയാൻ ആവശ്യപ്പെട്ടു.



ഇപ്പോൾ കണ്ടെത്തിയ 131 കയേറ്റങ്ങളിൽ പലതിലും കൈയേറ്റം നടത്തിയവരുടെ വിവരങ്ങൾ ലഭ്യമല്ല. കേരള വില്ലേജ് മാനുവൽ, ലാൻഡ് കൺസെർവൻസി ആക്റ്റ് എന്നിവ പ്രകാരം ഉള്ള ഉത്തരവാദിത്വം റവന്യു അധികൃതർ നിറവേറ്റുന്നില്ല എന്നാണ് പ്രമുഖരുടെ കൈയേറ്റങ്ങൾ സുഖമമായി നടക്കുന്നത് തെളിയിക്കുന്നത്. 131 കൈയേറ്റങ്ങൾ സമൂഹത്തിൽ ഉന്നത സാമ്പത്തിക നിലയിൽ കഴിയുന്ന വ്യക്തികളുടേതാണ്. ചെറിയ കള്ളന്മാരെ പിടിക്കുന്ന നിയമസംവിധാനത്തിന് ഈ വമ്പൻ കൊള്ളക്കാരെ പിടിക്കാൻ സാധിക്കാത്തത് നിയമ വ്യവസ്ഥയുടെ തലപ്പത്ത് ഇരിക്കുന്നവർ ഈ കുറ്റകൃത്യങ്ങൾക്ക് കൂട്ട് നിൽക്കുന്നുണ്ട് എന്നും നിപുൺ പറയുന്നു.

ചിലവന്നൂർ കായൽ കൈയേറ്റക്കാരെ സംരക്ഷിക്കാൻ കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികളുടെ പൂർണ ഒത്താശ ഉണ്ട്. തൃക്കാക്കര നിയമ സഭാ മണ്ഡലത്തിൽ പെടുന്ന കൊച്ചി നഗരത്തിലെ ലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന ഈ പരിസ്ഥിതി വിരുദ്ധ പ്രവർത്തികൾക്കും, കൊള്ളയ്ക്കും എതിരെ ശബ്ദിക്കാൻ എംഎ‍ൽഎ പി.ടി. തോമസിനെ കാണ്മാനില്ല. അദ്ദേഹം ചിലവന്നൂർ കായലിലേക്ക് ഒഴുകുന്ന പോണേത്ത് ചാൽ നികത്തി കൈമാറ്റം ചെയ്ത വിഷയത്തിലെ അഴിമതി കേസ് പ്രതിയുമാണ്. ചിലവന്നൂർ കൈയേറ്റങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ എംഎ‍ൽഎ. പി.ടി. തോമസ് ഉണ്ട് എന്ന് വ്യക്തം.

എൽ.ഡി. എഫ്. സംസ്ഥാന സർക്കാർ, കനാൽ നവീകരണ പദ്ധതി അട്ടിമറിച്ച് ഇപ്പോൾ ഉള്ള കൈയേറ്റ തീരത്ത് കെ.എം.ആർ.എൽ. വക നിർമ്മാണങ്ങൾ നടത്തി കൈയേറ്റങ്ങളെയും അതിന് അപ്പുറത്തുള്ള സി.ആർ.ഇസെഡ്. ലംഘനങ്ങളെയും സംരക്ഷിക്കാനുള്ള പരിശ്രമമാണ് നടത്തുന്നത്. സർവ്വേ നമ്പർ 1473 -ഇൽ കൊച്ചി കോർപറേഷന് വേണ്ടി കെ.എം.ആർ.എൽ. നടത്തിയ അനധികൃത നിർമ്മാണ ശ്രമം കായൽ കൈയേറ്റ ഭൂമിയിലാണെന്ന് ഈ പട്ടികയിൽ നിന്ന് വ്യക്തമാണ്. ഈ കൈയേറ്റം ജൂൺ 2019 ഇൽ ചിലവന്നൂർ കായൽ സംരക്ഷണ സംഘം തടഞ്ഞിരിന്നു. ചിലവന്നൂർ കായലിന് നടുവിലൂടെ അനധികൃത ബണ്ട് നിർമ്മിച്ചതും കെ.എം.ആർ.എൽ. ആണ്. സഹോദരൻ അയ്യപ്പൻ റോഡിന്റെ വടക്ക് ഭാഗത്തുള്ള ചിലവന്നൂർ കായലിന്റെ ഈ പ്രദേശത്താണ് സർവ്വേ ഇനിയും നടത്താത്തത്.

കൈയേറ്റങ്ങൾ ഒഴിപ്പിച്ച്, ചിലവന്നൂർ കായൽ പൂർവ സ്ഥിതിയിൽ ആക്കി കൈയേറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യണം എന്നും പത്രസമ്മേളനത്തിൽ പീപ്പിൾ പാർട്ടി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP