Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയിലെ കുടുംബങ്ങളിലും ഓണ സദ്യക്കൊപ്പം വനിതാ രുചിക്കൂട്ടിലൊരുക്കിയ പതിഞ്ഞ ഉപ്പേരിയും ശർക്കര വരട്ടിയും; ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയത് ഒന്നേകാൽ ലക്ഷം പാക്കറ്റുകൾ

ഇടുക്കിയിലെ കുടുംബങ്ങളിലും ഓണ സദ്യക്കൊപ്പം വനിതാ രുചിക്കൂട്ടിലൊരുക്കിയ പതിഞ്ഞ ഉപ്പേരിയും ശർക്കര വരട്ടിയും; ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയത് ഒന്നേകാൽ ലക്ഷം പാക്കറ്റുകൾ

സ്വന്തം ലേഖകൻ

ഇടുക്കി : ജില്ലയിലെ ഒന്നേകാൽ ലക്ഷം കുടുംബങ്ങളിൽ ഇക്കുറി ഓണ സദ്യക്കൊപ്പം ജില്ലയിലെ വനിതാ രുചിക്കൂട്ടിലൊരുക്കിയ പതിഞ്ഞ ഉപ്പേരിയും ശർക്കര വരട്ടിയും. സംസ്ഥാന സർക്കാർ നൽകുന്ന16 ഇന ഓണക്കിറ്റിൽ ഈ വർഷം കുടുംബശ്രീ ഉൽപ്പന്നങ്ങൾ കൂടി ഉണ്ടാകും. ഉപ്പേരിയും ശർക്കര വരട്ടിയും കൂടി ഒന്നേകാൽ ലക്ഷം പാക്കറ്റുകളാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയത്.

ജില്ലയിലെ കുടുംബശ്രീ സംരഭങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കുമാണ് ഉപ്പേരി തയ്യാറാക്കി ഡിപ്പോകളിൽ എത്തിക്കുന്ന ചുമതല. ഏത്തക്കായ അരിയുന്നത് മുതൽ രുചികരമായ ഉപ്പേരിയും ശർക്കര വരട്ടിയും തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവർ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമ്മാണം. ഒരു ദിവസം ഉപയോഗിച്ച എണ്ണ അടുത്ത ദിവസം ഉപയോഗിക്കില്ല. പാചകമുറിയിലും പായ്ക്കിങ് കേന്ദ്രങ്ങളിലും പുറമേ നിന്നുള്ളവർക്ക് പ്രവേശനമില്ല. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലെക്കോ അധികൃതരുടെയും നിരീക്ഷണവുമുണ്ടാകും.

തൊടുപുഴ (29,000), മൂന്നാർ (42,000), നെടുങ്കണ്ടം (54,000) എന്നിങ്ങനെ ജില്ലയിലെ സപ്ലൈക്കോ ഡിപ്പോകളിലേക്കായി ഒന്നേകാൽ ലക്ഷം പാക്കറ്റുകളുടെ ഓർഡറാണ് ഇതുവരെ ലഭിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇതിനോടകം നൽകിക്കഴിഞ്ഞു. നൂറ് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി കിറ്റുകളിൽ നിറക്കാനാവും വിധമാണ് ഇവ നൽകുന്നത്. ഒരു പാക്കറ്റിന് കുടുംബശ്രീക്ക് 26 രൂപാ വീതമാണ് ലഭിക്കുക. സപ്ലൈകോ ഗോഡൗണുകളിൽ ഉൽപ്പന്നം എത്തിച്ച് കഴിഞ്ഞാൽ രണ്ടാഴ്‌ച്ചക്കകം പണം നൽകും. ജില്ലാതല കുടുംബശ്രീ കോ.ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വം നൽകും.

ജില്ലയിലെ കർഷകർ ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച ഏത്തക്കായകളാണ് ഉപ്പേരി നിർമ്മാണത്തിനായി മുഖ്യമായും സംഭരിച്ചത്. കുടുംബശ്രീ അംഗങ്ങൾക്ക് പുറമേ കോവിഡ് പ്രതിസന്ധിക്കിടെ കർഷകർക്കും ഇത് വലിയ ആശ്വാസമായി. കർഷകരിൽ നിന്ന് ഏത്തക്കായ നേരിട്ട് സംഭരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് പൊതു വിപണിയെ ആശ്രയിച്ചത്. കൂടുതൽ ഓർഡറുകൾ ലഭിച്ചാലും തയ്യാറാക്കി നൽകാൻ സജ്ജമാണെന്ന് സംരഭകർ പറഞ്ഞു.

കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഓണക്കിറ്റിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ അംഗങ്ങൾ അഭിനന്ദിച്ചു. ഏറെക്കാലമായുള്ള തങ്ങളുടെ ആവശ്യമാണിപ്പോൾ സാക്ഷാത്കരിച്ചതെന്ന് ഇവർ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു.

തൊടുപുഴ നഗരസഭയിൽ 12 ആം വാർഡിലെ കുന്നത്ത് പ്രവർത്തിക്കുന്ന വീണ കുടുംബശ്രീ യൂണിറ്റിൽ നിന്നാണ് പ്രധാനമായും തൊടുപുഴയിലും പരിസരങ്ങളിലേക്കുമുള്ള ഉൽപ്പന്നം എത്തിക്കുന്നത്. സപ്ലൈകോ, മാവേലി സ്റ്റോർ എന്നിവയുടെ 14 പ്രാദേശിക പാക്കിങ് കേന്ദ്രങ്ങളിലേക്ക് ഓർഡർ നൽകിയ ശർക്കര വരട്ടി ഇതിനോടകം എത്തിച്ച് കഴിഞ്ഞതായി കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP