Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികൾ വൻതോതിൽ ഭൂമിയും വസ്തുക്കളും വാങ്ങി കൂട്ടി; വൻ വിദേശനിക്ഷേപം; ഓസ്ട്രേലിയയിൽ കമ്പനി; കണ്ടെത്തിയത് 1600 കോടി രൂപയുടെ തട്ടിപ്പെന്നും ഇഡി കോടതിയിൽ; തോമസ് ഡാനിയലിനെയും റിനു മറിയത്തെയും റിമാൻഡ് ചെയ്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികൾ വൻതോതിൽ ഭൂമിയും വസ്തുക്കളും വാങ്ങി കൂട്ടി; വൻ വിദേശനിക്ഷേപം; ഓസ്ട്രേലിയയിൽ കമ്പനി; കണ്ടെത്തിയത് 1600 കോടി രൂപയുടെ തട്ടിപ്പെന്നും ഇഡി കോടതിയിൽ; തോമസ് ഡാനിയലിനെയും റിനു മറിയത്തെയും റിമാൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചു. പ്രതികളെ കോടതി ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രതികൾക്ക് വിേദശത്ത് വൻതോതിൽ നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചു. 2003 മുതൽ തോമസ് ഡാനിയൽ ഓസ്‌ട്രേലിയൻ കമ്പനിയുടെ ഡയറക്ടറാണ്. പോപ്പുലർ ഫിനാൻസിന് ഓസ്ട്രേലിയയിൽ കമ്പനി രൂപീകരിച്ചു. വിദേശത്ത് കമ്പനി രജിസ്റ്റർ ചെയ്തതായി പ്രതികൾ വെളിപ്പെടുത്തിയതായും ഇ.ഡി. കോടതിയിൽ അറിയിച്ചു. 1600 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ടെത്തിയത്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ റോയ് ഡാനിയേൽ, മകൾ റീനു എന്നിവരെ ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയത്.



കേസിലെ പ്രതികൾ ഇവരുടെ നിക്ഷേപ തട്ടിപ്പ് ഓസ്ട്രേലിയയിലേക്ക് കടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇ.ഡി.കണ്ടെത്തി. ഓസ്ട്രേലിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ റോയ് ഡാനിയേൽ ഡയറക്ടറായിരുന്നുവെന്നും കണ്ടെത്തി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ഇഡി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനുവേണ്ടി കേസിലെ രണ്ടുപ്രതികളെയും കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.

പോപ്പുലർ ഫിനാൻസ് എം ഡി തോമസ് ഡാനിയേൽ ഓസ്‌ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്റെ ഡയറക്ടറാണെന്നും കമ്പനിയിൽ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. കമ്പനി ഉടമയുടെ മക്കളും വിദേശ പഠനത്തിനും, കമ്പനി മോടിപിടിപ്പിക്കുന്നതിനും നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

ആദ്യഘട്ടം ചോദ്യം ചെയ്യലിൽ ഓസ്‌ട്രേലിയയിലെ കമ്പനിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും താനല്ല അതിന്റെ ഡയറക്ടർ എന്നുമായിരുന്നു തോമസ് ഡാനിയലിന്റെ ഉത്തരം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. എന്നാൽ കമ്പനിയിൽ എത്ര തുക നിക്ഷേപിച്ചിട്ടുണ്ട് എന്ന ചോദ്യത്തിലടക്കം ഡാനിയൽ ഒളിച്ചുകളി തുടരുകയാണ്.

അയൽ സംസ്ഥാനങ്ങളിലും തോമസ് ഡാനിയലിന്റെയും കുടുംബത്തിന്റെയും കണ്ണെത്തിയിരുന്നു. 2006ൽ ബെംഗളൂരുവിൽ അഞ്ചു നില കെട്ടിടം വാങ്ങി, 2009ൽ തഞ്ചാവൂരിൽ വാങ്ങിയത് 9 ഏക്കർ ഭൂമി. പിന്നാലെ ആന്ധ്രയിലും ഭൂമി വാങ്ങിക്കൂട്ടി. തിരുവല്ലയിലും പത്തനംതിട്ടയിലും ഫ്‌ളാറ്റും ഭൂമിയും സ്വന്തം. പോപ്പുലർ ഫിനാൻസിന്റെ 276 ബ്രാഞ്ചുകൾ നവീകരിക്കാനെന്ന പേരിൽ കോടികൾ ചെലവഴിച്ചു.

കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും എറണാകുളം ജില്ലാ സെഷൻസ് കോടതി അനുവദിച്ചില്ല. തുടർന്ന് തോമസ് ഡാനിയലിനെയും റിനു മറിയത്തെയും ആറ് ദിവത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

അതേസമയം, ഫിനാൻസിന്റെ കൊച്ചി ഇടപ്പള്ളിയിലുള്ള ബ്രാഞ്ചിൽ സിബിഐ പരിശോധന നടത്തി. ഇവിടെനിന്നു ഡിജിറ്റൽ തെളിവുകളും ഇടപാടുകളുടെ രേഖകളും ശേഖരിച്ചതായാണ് വിവരം.



കംപ്യൂട്ടർ ഹാർഡ് ഡിസ്‌കുകൾ ഉൾപ്പടെയുള്ളവ പിടിച്ചെടുത്തു. കേസിൽ സംസ്ഥാന വ്യാപകമായി ഇവരുടെ ഓഫിസുകളിൽ റെയ്ഡ് നടത്താനാണ് സിബിഐ തീരുമാനം. ഇവരുടെ ഇടപ്പള്ളിയിലുള്ള ശാഖയിൽ മാത്രം 6 കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് വിവരം. 67 പരാതികൾ ഇടപ്പള്ളി ബ്രാഞ്ചിൽ മാത്രം ലഭിച്ചിരുന്നു.

ഉടമ തോമസ് ഡാനിയേലിന്റെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ ഇവരുടെ ആസ്ഥാനമായ കോന്നി, വകയാർ എന്നിവിടങ്ങൾ മാത്രം കേന്ദ്രീകരിച്ച് 600 കോടി രൂപയിലേറെ തുകയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആകെ 1,600 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നാണ് ആരോപണം.

ഈ പണം ഓസ്‌ട്രേലിയ ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലേക്കും കടത്തിയതായും വ്യക്തമായി. റിസർവ് ബാങ്കിന്റെ വിലക്കുണ്ടായിട്ടും അതിനെ മറികടന്നായിരുന്നു ഇവർ നിക്ഷേപം സ്വീകരിക്കുകയും പണം തട്ടിയെടുത്തതുമെന്ന് അന്വേഷണ സംഘം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP