Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എം.എസ്.എഫ് നേതാവിനെതിരായ പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗ് നേതാക്കൾ; നടപടിയെടുത്താൽ പിൻവലിക്കാമെന്ന് ഹരിത; വഴിമുട്ടിയതോടെ സംഘടന പിരിച്ച് വിടാൻ നീക്കം; എതിർപ്പുമായി ലീഗിൽ ഒരു വിഭാഗം; സ്ത്രീ വിരുദ്ധ പാർട്ടിയായി വിലയിരുത്തുമെന്ന് എം.കെ മുനീർ അടക്കമുള്ള നേതാക്കൾ

എം.എസ്.എഫ് നേതാവിനെതിരായ പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗ് നേതാക്കൾ; നടപടിയെടുത്താൽ പിൻവലിക്കാമെന്ന് ഹരിത; വഴിമുട്ടിയതോടെ സംഘടന പിരിച്ച് വിടാൻ നീക്കം; എതിർപ്പുമായി ലീഗിൽ ഒരു വിഭാഗം; സ്ത്രീ വിരുദ്ധ പാർട്ടിയായി വിലയിരുത്തുമെന്ന് എം.കെ മുനീർ അടക്കമുള്ള നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എം.എസ്.എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ പരാതി നൽകിയ ഹരിത നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തിൽ മുസ്ലിം ലീഗിൽ ഭിന്നത. വനിതാ കമ്മീഷനിൽ അടക്കം പരാതി നൽകിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ച് നിൽക്കുന്നതിനിടെ നടപടി തടയാൻ മറ്റൊരു വിഭാഗം ലീഗ് നേതാക്കളുടെ സമ്മർദ്ദം.

എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ. കെ.കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ് എന്നീ പാർട്ടിയെ മുതിർന്ന നേതാക്കൾ ഹരിതാ നേതാക്കൾക്കെതിരെ നടപടി പാടില്ലെന്ന നിലപാടിലാണ്. ഹരിത ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇവർ വാദിക്കുന്നത്. സ്ത്രീ വിരുദ്ധ പാർട്ടിയായി ലീഗിനെ എതിരാളികൾ ചിത്രീകരിക്കുമെന്നും നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.

വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാത്ത സാഹചര്യത്തിൽ ഹരിത സംസ്ഥാന സമിതി പിരിച്ചുവിടാൻ മുസ്ലിം ലീഗ് നീക്കം നടക്കുന്നതിനിടെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾതന്നെ രംഗത്ത് വന്നത്. വനിതകൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്ലിം ലീഗിന്റേതെന്ന് എം.കെ മുനീർ പ്രതികരിച്ചു.

വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കാനുള്ള അന്ത്യശാസനവും ഹരിത നേതാക്കൾ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കൾ എത്തിയത്. പ്രശ്നം പരിഹരിക്കാൻ ലീഗ് മുൻകൈയെടുത്തു നടത്തുന്ന ചർച്ചയിൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെ കമ്മിറ്റിയെ പിരിച്ചുവിടാനുള്ള തീരുമാനത്തിലേക്ക് ലീഗ് നേതൃത്വം എത്തിയെന്നാണ് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം. നിലവിലുള്ള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വർഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാർട്ടി നേതൃത്വം ഉള്ളത്.

പരാതി പിൻവലിച്ചാൽ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്ന നിലപാടിൽ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടാൻ ലീഗിൽ ധാരണയായത്. പ്രശ്ന പരിഹാരത്തിനിടെ വനിതാ കമ്മീഷനിൽ പരാതി നൽകിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരതിക്കെതിരേ നടപടിയെടുക്കണമെന്ന് എം.എസ്.എഫും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങൾ ചർച്ച നടത്തിയെങ്കിലും നേതാക്കൾ കടുംപിടിത്തം തുടർന്നതോടെയാണ് കമ്മിറ്റി പിരിച്ച് വിടുന്ന തരത്തിലേക്കെത്തിയത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൾ വഹാബ് എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹരിതയിലെ പത്ത് പെൺകുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നൽകിയത്. ഇതാണ് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തിൽ വേശ്യയ്ക്കും അവരുടേതായ ന്യായീകരണമുണ്ടാവുമല്ലോ....പറയൂ എന്ന തരത്തിൽ പി.കെ നവാസ് ഹരിതയിലെ പെൺകുട്ടികളോട് സംസാരിച്ചതാണ് വിവാദമായത്. എന്നാൽ നേരത്തെ നിരവധി തവണ വിഷയത്തിൽ ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയതെന്നാണ് ഹരിത നേതാക്കൾ പറയുന്നത്.

ഹരിതയുടെ പ്രവർത്തനം ഇനി സംസ്ഥാന, ജില്ലാ തലത്തിൽ വേണ്ടെന്ന് വെക്കാൻ പാർട്ടി നിർദേശിച്ചതായതാണ് സൂചന. നിലവിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിൽ മാത്രമേ ഹരിതയുടെ പ്രവർത്തനമുള്ളൂ.

അതിനിടെ, ഹരിത സംസ്ഥാന നേതൃത്വത്തെ തള്ളി മലപ്പുറം ജില്ലാ കമ്മിറ്റി രംഗത്തെത്തി. പാർട്ടി നേതൃത്വം പരിഗണിക്കുന്ന ഒരു വിഷയത്തിൽ വനിത കമ്മീഷനും പൊലിസും ഇടപെടണമെന്ന് വാശിപിടിക്കുന്നത് ബ്‌ളാക്ക് മെയിംലിംഗാണെന്നായിരുന്നു ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് കെ. തൊഹാനിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പാർട്ടിയെ ഗൺപോയന്റിൽ നിർത്തുന്നത് ശരിയല്ലെന്നും തൊഹാനി പറഞ്ഞു. എന്നാൽ ഇതിനോടകം പൊലീസിന് മൊഴി നൽകിയ നാലുപേരുൾപ്പെടെയുള്ള ഹരിത നേതാക്കളെല്ലാം പരാതിയിൽ ഉറച്ച് നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP