Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിന്റെ വീട്ടുമുറ്റത്തല്ല കളി' എന്ന് ആൻഡേഴ്‌സന് കോലി മറുപടി നൽകിയത് പരിധി വിട്ടപ്പോൾ; ശാന്തനായ ബുമ്രയെ പ്രകോപിപ്പിച്ചത് ബട്‌ലറും; ലോർഡ്‌സിൽ തോൽവിയുടെ വക്കിൽ നിന്നും ഇന്ത്യ പൊരുതിക്കയറിയത് ഇംഗ്ലണ്ടിന്റെ 'ചൊറിഞ്ഞ' സ്വഭാവം; സ്ലഡ്ജിംഗിന് മറുപടി ഒറ്റക്കെട്ടായെന്ന് രാഹുൽ

'നിന്റെ വീട്ടുമുറ്റത്തല്ല കളി' എന്ന് ആൻഡേഴ്‌സന് കോലി മറുപടി നൽകിയത് പരിധി വിട്ടപ്പോൾ; ശാന്തനായ ബുമ്രയെ പ്രകോപിപ്പിച്ചത് ബട്‌ലറും; ലോർഡ്‌സിൽ തോൽവിയുടെ വക്കിൽ നിന്നും ഇന്ത്യ പൊരുതിക്കയറിയത് ഇംഗ്ലണ്ടിന്റെ 'ചൊറിഞ്ഞ' സ്വഭാവം; സ്ലഡ്ജിംഗിന് മറുപടി ഒറ്റക്കെട്ടായെന്ന് രാഹുൽ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ലോർഡ്‌സിൽ തോൽവിയുടെ വക്കിൽ നിന്നും ഐതിഹാസിക ജയത്തിലേക്ക് പൊരുതിക്കയറാൻ ടീം ഇന്ത്യയെ പ്രേരിപ്പിച്ചതിന് പിന്നിൽ ഇംഗ്ലണ്ട് നിരയുടെ സ്ലഡ്ജിങ് ശീലമെന്നും വിലയിരുത്തൽ.
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനത്തിൽ നേടിയ മേൽക്കൈ കൈവിട്ട് ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യൻ നിരയെ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ് മികച്ച വിജയ ലക്ഷ്യം ഒരുക്കാൻ സഹായിച്ചത്. രണ്ടാം ഇന്നിങ്‌സിൽ തുടക്കത്തിലെ ഇംഗ്ലണ്ട് ഓപ്പണർമാരെ വീഴ്‌ത്തി ഇന്ത്യൻ പേസർമാർ സമ്മർദ്ദത്തിലാക്കിയതോടെ ഇന്ത്യ വിജയം പൊരുതി നേടുകയായിരുന്നു.

ഇന്ത്യയെ വിജയത്തിനായി ആഞ്ഞുപൊരുതാൻ പ്രേരിപ്പിച്ച ഘടകമെന്തെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു. ഇന്ത്യൻ നായകൻ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളെ 'ചൊറിഞ്ഞ് ചൊറിഞ്ഞ്' ഇംഗ്ലിഷ് പട ചോദിച്ചു വാങ്ങിയ തോൽവിയാണ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേത്! ഇംഗ്ലിഷ് നിരയിലെ വെറ്ററൻ താരം ജയിംസ് ആൻഡേഴ്‌സനും വിരാട് കോലിയും തമ്മിലാണ് ആദ്യം കളത്തിൽ മുഖാമുഖമെത്തിയത്. പിന്നാലെ നാലാം ദിനം ബുമ്രയ്ക്കെതിരെ തിരിഞ്ഞു ആൻഡേഴ്‌സൻ. അന്ന് ഒന്നും മിണ്ടാതെ മടങ്ങിയ ബുമ്രയെ തിരിച്ചുപറയിച്ചേ അടങ്ങൂ എന്ന വാശിയിൽ അവസാന ദിനം ജോസ് ബട്‌ലർ നടത്തിയ 'ഇടപെടൽ' കൂടിയായതോടെ എല്ലാം പൂർണം!. വീറും വാശിയും ഉണർന്നതോടെ ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ നിര അഭിമാന നേട്ടം സ്വന്തമാക്കി. ഇംഗ്ലണ്ട് ആകട്ടെ ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ നാണം കെട്ട തോൽവിയും.



മത്സര ശേഷം ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങളുടെ വാക്‌പോരിനെക്കുറിച്ച് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പണർ കെ എൽ രാഹുലിന്റെ പ്രതികരണമാണ് ഇതിന് ഏറ്റവും വലിയ തെളിവ്. സമ്മാനദാനച്ചടങ്ങിനുശേഷം ഇരു ടീമിലെയും കളിക്കാർ തമ്മിലുണ്ടായ വാക്‌പോരിനെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ പ്രതികരണം ശ്രദ്ധേയമായി.

ഞങ്ങളിലൊരാളോട് ഉടക്കിന് വന്നാൽ എല്ലാവരും ചേർന്ന് അത് തിരിച്ചു തരും. കാരണം ഞങ്ങളിരാളോട് കൊമ്പുകോർക്കുന്നത് ടീമിലെ മറ്റ് 10 പേരോടും കൊമ്പുകോർക്കുന്നതിന് തുല്യമാണ്. ഇരുടീമുകളും വിജയം കൊതിച്ചിരുന്നു. അപ്പോൾ രണ്ട് ടീമുകളുടെ ഭാഗത്തു നിന്നും ഇത്തരം വാക്‌പോരുകളുണ്ടാകുക സ്വാഭാവികമാണ്. അതാണ് ടെസ്റ്റ് ക്രിക്കറ്റ്.

പിന്നെ എതിർ ടീമിലെ കളിക്കാർ നമ്മുടെ ടീമിലെ ആരോടെങ്കിലും മോശമായി സംസാരിച്ചാൽ അതിന് അതേ നാണയത്തിൽ മറുപടി കൊടുക്കാൻ ഞങ്ങളെല്ലാവരും ഒരേമനസോടെ തയാറായിരിക്കും. ടീമിലെ ഏതെങ്കിലും ഒരു കളിക്കാരനെ മാത്രമാണ് എതിർ ടീം ലക്ഷ്യം വെച്ചതെങ്കിലും ബാക്കി 10 പേരും അതിന് മറുപടി നൽകിയിരിക്കുമെന്നുറപ്പാണ്. അതാണ് ഞങ്ങളുടെ ടീം സ്പിരിറ്റ്-രാഹുൽ പറഞ്ഞു.

നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിനിൽ ബാറ്റിംഗിനെത്തിയ ജെയിംസ് ആൻഡേഴ്‌സണെ ബൗൺസറുകളെറിഞ്ഞ് ബുമ്ര ഭയപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്നൊണം ബുമ്ര ക്രീസിലെത്തിയപ്പോൾ ഇംഗ്ലീഷ് പേസർമാർ ബൗൺസറുകളെറിഞ്ഞ് പ്രകോപിപ്പിച്ചു. ബൗളിംഗിനിടെ മാർക്ക് വുഡും ജോസ് ബട്ലറും ബുമ്രയെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാമായിരുന്നു.

നാലാം ദിനം വെളിച്ചക്കുറവു മൂലം കളി നിർത്തുമ്പോൾ എങ്ങനെ തോൽവി ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു ഇന്ത്യൻ ക്യാംപ്. ബാറ്റ്‌സ്മാന്മാരുടെ 'ഔദ്യോഗിക പട്ടികയിൽ' ഉൾപ്പെടുന്ന ഒരേയൊരു താരമായ ഋഷഭ് പന്ത് മാത്രം ക്രീസിൽ തുടരുമ്പോൾ ഇന്ത്യയ്ക്ക് ആകെയുണ്ടായിരുന്ന ലീഡ് 154 റൺസ് മാത്രമായിരുന്നു. ഈ ഘട്ടത്തിൽ അവസാന ദിനം എങ്ങനെ തോൽവി ഒഴിവാക്കാമെന്ന ആലോചനയിലായിരുന്നു ഇന്ത്യൻ ക്യാംപ്. നാലാം ദിനം അവസാന സെഷനിൽ വെളിച്ചക്കുറവു ചൂണ്ടിക്കാട്ടി വിരാട് കോലിയും രോഹിത് ശർമയും 'ഇടപെട്ട്' പന്തിനെയും ഇഷാന്തിനെയും തിരികെ പവലിയനിലെത്തിച്ചതും തോൽവി ഒഴിവാക്കാനുള്ള ആലോചനയുടെ ഭാഗമായിരുന്നു.

എന്നാൽ, കളിക്കുന്നതിന് അപ്പുറം കളത്തിൽ ഇംഗ്ലിഷ് താരങ്ങൾ നടത്തിയ ചില 'ഇടപെടലുകളാണ്' വിജയത്തിനായി പൊരുതാനുള്ള ആവേശം ഇന്ത്യൻ താരങ്ങളിൽ നിറച്ചത്. അതിൽ പ്രധാനമായത് അവസാന ദിനം ബുമ്രയെ പ്രകോപിപ്പിച്ച ജോസ് ബട്‌ലറിന്റെ വാക്കുകൾ തന്നെ.

ഇന്ത്യൻ ഇന്നിങ്‌സിന്റെ 91-ാം ഓവറിലായിരുന്നു ബുമ്രയും ഇംഗ്ലീഷ് താരങ്ങളും തമ്മിലുള്ള വാക് പോര് നടന്നത്. രണ്ട് തവണ ബൗൺസർ ഹെൽമറ്റിലിടിച്ചെങ്കിലും ബുമ്ര പിന്മാറാൻ തയാറാല്ലായിരുന്നു. പൊതുവെ ശാന്തനായ ബുമ്രയെ വിക്കറ്റിനു പിന്നിൽനിന്ന് ബട്‌ലർ പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെയാണ് വാക്കുകൾകൊണ്ടുള്ള പ്രകോപനവുമായി ജോസ് ബട്‌ലറും മാർക്ക് വുഡും എത്തിയത്. എന്നാൽ താൻ പന്തിന്റെ വേഗത്തെക്കുറിച്ചല്ല പരാതി പറഞ്ഞതെന്ന് ബുമ്ര ബട്ലറോടും വുഡിനോടും പറഞ്ഞു. ഇവരുടെ സംഭാഷണത്തിനിടിയിലേക്ക് മുഹമ്മദ് ഷമി കൂടി എത്തിയതോടെ അമ്പയർമാർ ഇടപെട്ട് രംഗം ശാന്തമാക്കി.

കളത്തിലെ ആവേശം കളിക്കാരുടെ ശരീരത്തിലേക്കും പടർന്നതോടെ വാക്‌പോരിനും വേദിയായ ലോർഡ്‌സിൽ അംപയർമാർക്കും ഇടപെടേണ്ടി വന്നു. ഓവർ പൂർത്തിയായ ശേഷമുള്ള ഇടവേളയിൽ ബട്‌ലറുമായി കോർത്ത ബുമ്രയെ, തൊട്ടുപിന്നാലെ മാർക്ക് വുഡും എന്തോ പറഞ്ഞോ പ്രകോപിപ്പിച്ചു

ഇതോടെ ഓവർ തീർന്നതിനു പിന്നാലെ അംപയർ ഇല്ലിങ്വർത്തിനെ സമീപിച്ച് ബുമ്ര പരാതിപ്പെട്ടു. മുഹമ്മദ് ഷമിയും ബുമ്രയ്ക്കൊപ്പം ചേർന്നതോടെ അംപയർ ഇരുവരെയും സമാധാനിപ്പിച്ച് മടക്കി അയച്ചു. കളത്തിൽ ബുമ്രയും ഷമിയും ഇംഗ്ലിഷ് താരങ്ങളുടെ പന്തുകളോടും വാക് ശരങ്ങളോടും എതിരിടുമ്പോൾ പവലിയനിൽനിന്ന് പിന്തുണ നൽകുന്ന വിരാട് കോലിയേയും ക്യാമറാമാൻ ഒപ്പിയെടുത്തിരുന്നു. അംപയറുമായി സംസാരിച്ച് മടങ്ങിയ ബുമ്ര തൊട്ടടുത്ത ഓവറിൽ മാർക്ക് വുഡിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയതിലുണ്ട്, താരത്തിന്റെ വാശിയും പ്രതികാര ദാഹവും!

ഇംഗ്ലണ്ടിനെ മത്സരത്തിൽനിന്നു തന്നെ ഔട്ടാക്കിയ മുഹമ്മദ് ഷമി ജസ്പ്രീത് ബുമ്ര ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിന് ഇന്ധനമായത് ഈ വാക്‌പോരാണെന്ന് കരുതുന്നവരേറെ. ഇംഗ്ലിഷ് താരങ്ങളുടെ ബൗൺസറുകളേപ്പോലും കൂസാതെ കോപ്പിബുക്ക് ശൈലിയിലുള്ള ഷോട്ടുകൾ യഥേഷ്ടം പായിച്ചാണ് ഷമിയും ബുമ്രയും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തത്. ഇതിനിടെ മാർക്ക് വുഡിന്റെ ബൗൺസറുകൾ ബുമ്രയുടെ ഹെൽമറ്റിൽ ഇടിച്ചു തെറിച്ചു. കളത്തിൽ പോരാട്ടം മുറുകുന്നതിന്റെ സൂചന.

ബുമ്ര ഷമി കൂട്ടുകെട്ടിന്റെ ഓരോ റണ്ണിനും ലോർഡ്‌സിലെ വിഖ്യാതമായ ബാൽക്കണിയിൽ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് കോലിയും സംഘവും പിന്തുണ നൽകിയത്. ആദ്യം ഇന്ത്യയെ 250 കടത്തിയ സഖ്യം, പിന്നാലെ ഇന്ത്യയുടെ ലീഡ് 200 കടത്തി. പതുക്കെപ്പതുക്കെ അതു വളർന്ന് 250ഉം കടന്ന് 271ൽ എത്തി. ഇതിനിടെ മോയിൻ അലിയുടെ പന്തിൽ തുടർച്ചയായി ഫോറും സിക്‌സും കണ്ടെത്തി ഷമി അർധസെഞ്ചുറി പിന്നിട്ടു. അർധസെഞ്ചുറിയിലെത്തിച്ച സിക്‌സ് സഞ്ചരിച്ച ദൂരം 92 മീറ്റർ! അധികം വൈകാതെ ഇംഗ്ലണ്ടിനു മുന്നിൽ 272 റൺസ് വിജയലക്ഷ്യം കുറിച്ച് കോലി ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. അപ്പോഴേക്കും പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഷമി ബുമ്ര സഖ്യം കൂട്ടിച്ചേർത്തത് 120 പന്തിൽ 89 റൺസ്!

ബാറ്റിങ്ങിന് എത്തിയപ്പോഴാണ് ഷമി ബുമ്ര കൂട്ടുകെട്ടിന്റെ പോരാട്ടച്ചൂട് ഇംഗ്ലണ്ടിനെ ശരിക്കും പൊള്ളിച്ചത്. ബാറ്റിങ്ങിലെ ആവേശം ബോളിങ്ങിലും ആവാശിച്ച ബുമ്ര ആദ്യ ഓവറിൽത്തന്നെ ഓപ്പണർ റോറി ബേൺസിനെ സംപൂജ്യനാക്കി മടക്കി. തൊട്ടടുത്ത ഓവറിൽ സഹ ഓപ്പണർ ഡൊമിനിക്ക് സിബ്‌ലിയെ മുഹമ്മദ് ഷമിയും പുറത്താക്കിയതോടെയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വാതിൽ തുറന്നുകിട്ടിയത്. ഇരുവരും തുറന്നുകൊടുത്ത വഴിയിലൂടെ മുന്നേറിയാണ് മുഹമ്മദ് സിറാജും ഇഷാന്ത് ശർമയും ചേർന്ന് ഇംഗ്ലണ്ടിനെ തോൽവിയിലേക്കു തള്ളിയിട്ടത്.

 

ഇംഗ്ലീഷ് ഇന്നിങ്‌സിനിടെ ഇന്ത്യൻ ടീമും എതിരാളികളെ പ്രകോപിപ്പിക്കാൻ നിരന്തരം ശ്രമിച്ചു. ബട്‌ലർ ബാറ്റ് ചെയ്യുമ്പോൾ ഇത് വൈറ്റ് ബോൾ ക്രിക്കറ്റല്ലെന്ന് കളിയാക്കുന്ന കോലിയുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. എന്നാൽ കളിക്കളത്തിലെ ചൂടൻ പ്രതികരണങ്ങൾ പ്രചോദനമാണെന്നായിരുന്നു മത്സരശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ക്യാപ്റ്റൻ വിരാട് കോലി അഭിപ്രായം.

നേരത്തെ ഇന്ത്യൻ ബാറ്റിംഗിനിടെ വിരാട് കോലിയും ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്‌സണും തമ്മിൽ വാക് പോരിലേർപ്പെട്ടിരുന്നു. ഇന്ത്യൻ ഇന്നിങ്‌സിലെ 17-ാം ഓവറിൽ ആൻഡേഴ്സണിന്റെ പന്ത് പൂജാര ക്രീസിൽ മുട്ടിയിട്ടു. തിരിച്ച് വീണ്ടും പന്തെറിയാൻ നടക്കുന്നതിനിടെ ആൻഡേഴ്സൺ കോലിയോട് എന്തോ പറഞ്ഞു.''നിങ്ങളെന്നോട് തർക്കിക്കാൻ മാത്രം, ഇത് നിങ്ങളുടെ നാശംപിടിച്ച വീട്ടുമുറ്റമല്ല എന്ന് കോലി മറുപടി നൽകിയിരുന്നു. പിന്നീട് അതേ ഓവറിൽ വീണ്ടും കോലി ആൻഡേഴ്സണിനോട് വാക്കുതർക്കത്തിലേർപ്പെട്ടു. ''പ്രായമായ ആളുകളെ പോലെ നിങ്ങളിങ്ങനെ കലപില കലപില പറഞ്ഞുകൊണ്ടിരിക്കും.'' കോലി പറഞ്ഞത് സ്റ്റംപ് മൈക്കിൽ കേൾക്കാമായിരുന്നു എന്നായിരുന്നു കോലിയുടെ മറുപടി.

മത്സരത്തിന്റെ മൂന്നാം ദിനം ജയിംസ് ആൻഡേഴ്‌സനുമായുള്ള വാക്‌പോരിനൊടുവിൽ 'നിന്റെ വീട്ടുമുറ്റത്തല്ല കളി' എന്ന് തുറന്നടിച്ച ക്യാപ്റ്റൻ വിരാട് കോലിയുടെ വീര്യമാണ് ലോർഡ്‌സിൽ ഇന്ത്യയെ നയിച്ചതെന്ന് വ്യക്തം. 'പ്രായമായാൽ ഇങ്ങനെ ഓരോന്നു പറഞ്ഞുകൊണ്ടിരിക്കും' എന്നുകൂടി പറഞ്ഞാണ് അന്ന് കോലി ആൻഡേഴ്‌സന്റെ വായടപ്പിച്ചത്. അന്ന് കോലിയെ പ്രകോപിപ്പിച്ച ശ്രദ്ധ കളയുന്നതിൽ ആൻഡേഴ്‌സൻ വിജയിച്ചെങ്കിലും ബുമ്രയുടെ കാര്യത്തിൽ ആ തന്ത്രം ഏശിയില്ലെന്ന് വേണം കരുതാൻ.



ലോർഡ്‌സ് മൈതാനത്തെ കൈവള്ള പോലെ പരിചയമുള്ള ജയിംസ് ആൻഡേഴ്‌സനെ നിർവീര്യനാക്കിക്കളഞ്ഞ ജസ്പ്രീത് ബുമ്രയുടെ ആ ഓവറിനെക്കുറിച്ചുകൂടി പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് എങ്ങനെ! ഷോർട്ട് പിച്ച് പന്തുകളും ബൗൺസറുകളും മാറി മാറി പ്രയോഗിച്ചാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിന്റെ അവസാന നിമിഷങ്ങളിൽ ബുമ്ര ആൻഡേഴ്‌സനെ ഒതുക്കിക്കളഞ്ഞത്. ആവേശം അതിവിട്ടതോടെ ആ ഓവറിൽ ബുമ്ര നാല് നോബോളുകളും എറിഞ്ഞു. ഫലത്തിൽ ആൻഡേഴ്‌സനെതിരെ ബുമ്ര എറിഞ്ഞത് 10 പന്തുകളുള്ള ഒരു ഓവറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP