Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുത്തൻപാലം രാജേഷിന്റെ അനുയായികൾ ഡിനി ബാബുവിന്റെ സഹോദരനെ കൊലപ്പെടുത്തിയത് ഗുണ്ടാ കുടിപ്പകയിൽ; കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയായി; കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിൽ കോടതി ഇടപെടൽ

പുത്തൻപാലം രാജേഷിന്റെ അനുയായികൾ ഡിനി ബാബുവിന്റെ സഹോദരനെ കൊലപ്പെടുത്തിയത് ഗുണ്ടാ കുടിപ്പകയിൽ; കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ പ്രതിയായി; കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസ് വിചാരണയിൽ കോടതി ഇടപെടൽ

അഡ്വ പി നാഗരാജ്‌

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രബല ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയിൽ നടന്ന കണ്ണമ്മൂല സുനിൽ ബാബു കൊലക്കേസിൽ കള്ള സാക്ഷ്യം നൽകിയ സാക്ഷിയെ കള്ള തെളിവ് നൽകിയ കുറ്റത്തിന് പ്രതിയാക്കി കോടതി നേരിട്ട് കേസെടുത്തു. പ്രതിയെ ഒക്ടോബർ 18 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ഗുണ്ടാ കുടിപ്പകയിൽ പുത്തൻപാലം രാജേഷിന്റെ അനുയായികൾ ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് കള്ള സാക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുത്തത്. കൂറു മാറിയ സാക്ഷിയായ

കടകംപള്ളി വില്ലേജിൽ അണ മുഖം വാർഡിൽ കുമാരപുരം ചെന്നിലോട് കല്ലറ കളിയിൽ വീട്ടിൽ ഗോപൻ മകൻ അനുവിനെ പ്രതിയാക്കിയാണ് കോടതി നേരിട്ട് കേസെടുത്തത്. 2015 ൽ സിറ്റി മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ നടന്ന സുനിൽ ബാബു കൊലക്കേസ് വിചാരണയിലാണ് ഗൂഢാലോചന ഭാഗം തെളിയിക്കാനുള്ള ഏഴാം സാക്ഷിയായ അനു പൊലീസ് മൊഴിയും മജിസ്‌ട്രേട്ടിന് നൽകിയ രഹസ്യമൊഴിയും വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നത്.

പുത്തൻപാലം രാജേഷിന്റെ കൂട്ടാളികളായ പ്രതികളുടെ വെട്ടേറ്റ സുനിൽ ബാബു പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും പിന്തുടർന്നെത്തിയ അക്രമികൾ വെട്ടിവീഴ്‌ത്തുകയായിരുന്നു. സംഭവ സമയം രാജേഷ് ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ സെൻട്രൽ ജയിലിൽ പാർക്കുകയായിരുന്നു. രാജേഷിന്റെ സംഘാംഗങ്ങളെ ഡിനി ബാബുവിന്റെ സംഘം ആക്രമിച്ചതാണ് വിരോധ കാരണമെന്നാണ് കേസ്. സി ഐ റ്റി യു ഹെഡ് ലോഡ് വർക്കറായ സുനിൽ ബാബു കൊലക്കേസിൽ കണ്ണമ്മൂല സ്വദേശികളായ രാജൻ എന്ന സിജിത്ത് (32) , ഗബ്രി എന്ന അരുൺ (26) , കിച്ച എന്ന വിനീത് (26) , മാലിയെന്നും അനീഷെന്നും വിളിക്കുന്ന അരുൺ (26) , കാരി ബിനു എന്ന ബിനു , കള്ളൻ സജു എന്ന സജു , പൊറി സജി എന്ന സജി , കൊപ്ര സുരേഷ് എന്ന സുരേഷ് , പ്രവീൺ എന്നിവർക്കെതിരെ 2016 ലാണ് മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടർ ഷീൻ തറയിൽ കുറ്റപത്രം സമർപ്പിച്ചത്. 2018 ൽ നടന്ന വിചാരണക്കൊടുവിൽ ആദ്യ നാല് പ്രതികൾക്ക് വിചാരണ കോടതിയായ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കൊലപാതകം , ഗൂഢാലോചന , കഠിന ദേഹോപദ്രവം എന്നീ കുറ്റങ്ങൾക്ക് ഇരട്ട ജീവപന്ത്യവും 10 വർഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. കൂടാതെ 2 ലക്ഷം രൂപ പിഴയൊടുക്കാനും ജഡ്ജി പി.എൻ. സീത ശിക്ഷ വിധിച്ചു. 5 മുതൽ 8 വരെയുള്ള പ്രതികൾക്ക് ഗൂഢാലോചന കുറ്റത്തിന് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചു.

കേസ് അന്വേഷണത്തിനിടെ സി ഐ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 56 സാക്ഷികളുടെ മൊഴി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പൊലീസ് മൊഴിയായി രേഖപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഉടൻ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ സാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു. വിചാരണ വേളയിൽ പ്രതികളുടെ ഭീഷണിയിലോ സ്വാധീനത്തിലോ സാക്ഷിയായ അനു ആദ്യ പൊലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേരാൻ സാദ്ധ്യതയുണ്ടെന്ന് അറിയാനിടയായതിനാൽ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ അനുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. അപ്രകാരം കൊലക്കേസ് വിചാരണയിൽ നാൽപത്തി മൂന്നാം സാക്ഷിയായ കൊച്ചി ഒന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് ഡി. എസ്. നോബിൾ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം അനുവിന്റെ രഹസ്യമൊഴിയെടുത്തു. മജിസ്‌ട്രേട്ട് മുമ്പാകെ നൽകിയ രഹസ്യമൊഴിയിൽ താൻ സ്വമേധയാലാണ് മൊഴി നൽകുന്നതെന്നാണ് പ്രസ്താവിച്ചത്. ഒരു കോണിൽ നിന്നും തനിക്ക് നിർബന്ധിക്കലോ ഭീഷണിയോ ഇല്ല. രഹസ്യമൊഴി നൽകാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ഭീഷണിയില്ല. സാക്ഷിമൊഴി സ്വമേധയാലാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് മജിസ്‌ട്രേട്ട് രഹസ്യമൊഴിയെടുത്തത്. ഇപ്രകാരം ഒരു മൊഴി തരാൻ സാക്ഷി ബാധ്യസ്ഥനല്ലെന്നും ഈ മൊഴി സാക്ഷിക്കെതിരായ തെളിവായി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പും നൽകി. എല്ലാം സമ്മതിച്ചാണ് മൊഴി നൽകി വിരൽപ്പതിപ്പും ഒപ്പും വച്ചത്.

രഹസ്യമൊഴി ഇപ്രകാരമാണ് : 2015 ഡിസംബർ 13 വൈകിട്ട് 6 മണിക്ക് താൻ വെട്ടുകാട് ചർച്ചിൽ പോകവേ ഏഴാം പ്രതി സജി അമ്മാവനേയും മറ്റ് എട്ടു പേരെയും തന്റെ വീടിന് സമീപം റോഡ് സൈഡിൽ നിൽക്കുന്നത് കണ്ടു. അവരെ 3 - 4 ദിവങ്ങളിൽ അവിടെ കണ്ടു. താൻ വെട്ടുകാട് ചർച്ചിൽ നിന്ന് മടങ്ങവേ ഏഴാം പ്രതി രാത്രി 10 മണിക്ക് മൊബൈലിൽ വിളിച്ച് റീ ചാർജ് കൂപ്പൺ വാങ്ങി പുല്ലുകാട് ഏൽപ്പിക്കാൻ നിർദ്ദേശിച്ചു. അപ്രകാരം താൻ ഇരുപതാം സാക്ഷിയെ വിളിച്ച് തങ്ങൾ ഇരുവരും ഇരുപതാം സാക്ഷിയുടെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ എത്തി റീചാർജ് കൂപ്പൺ വാങ്ങി പാറമടയിൽ വെച്ച് ഏഴാം പ്രതിക്ക് കൈമാറി. താൻ എത്തിയ സമയം അവിടെ 7 - 8 പേർ ഏഴാം പ്രതിക്കൊപ്പം നിൽപ്പുണ്ടായിരുന്നു. അവർ ശബരിമലകും മൂകാംബിക തീർത്ഥാടനത്തിനുമായി ട്രാവലർ ഏർപ്പാടാക്കാനും അഭ്യർത്ഥിച്ചു. അടുത്ത ദിവസമാണ് ഏഴാം പ്രതിയും ഒപ്പം കണ്ട മറ്റുള്ളവരും സുനിൽ ബാബു കൊലക്കേസിലെ പ്രതികളാണെന്ന് അറിഞ്ഞത്.

പൊലീസ് കുറ്റപത്രത്തിലെ പതിമൂന്നാം സാക്ഷിയായിരുന്ന അനുവിനെ പ്രോസിക്യൂഷൻ ഭാഗം ഏഴാം സാക്ഷിയായി വിസ്തരിച്ചു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി. എൻ. സീതയാണ് പ്രതികളെ വിചാരണ ചെയ്തത്. കൊലക്കേസ് പ്രതികൾക്കിടയിലെ ഗൂഢാലോചന തെളിയിക്കാനാണ് അനുവിനെ ഏഴാം സാക്ഷിയാക്കി വിസ്തരിച്ചത്. എന്നാൽ കൊലക്കേസ് പ്രതികളെ സഹായിക്കാൻ അനു മജിസ്ട്രേട്ടിന് നൽകിയ രഹസ്യമൊഴി വിചാരണയിൽ തിരുത്തി കൂറുമാറി പ്രതിഭാഗം ചേർന്നു. താൻ തന്റെ ഓട്ടോറിക്ഷയിൽ പുല്ലുകാടേക്ക് ട്രിപ്പ് പോയില്ല. അഞ്ചും ഏഴും പ്രതികളെ തന്റെ വീടിന് സമീപം 2015 ഡിസംബർ 13 നോ അതിന് 3 - 4 ദിവസങ്ങൾക്ക് മുമ്പോ കണ്ടിട്ടില്ല. 5 ഉം 7 ഉം പ്രതികൾ കൊലക്കേസിലെ മറ്റു പ്രതികൾക്കൊപ്പം താൻ കണ്ട കാര്യവും വിചാരണയിൽ നിഷേധിച്ചു. താൻ റീചാർജ് കൂപ്പൽ വാങ്ങിയതും ഏഴാം പ്രതിക്ക് കൈമാറിയതും തുടർന്ന് നിഷേധിച്ചു. റീചാർജ് കൂപ്പൺ പാറമടയിൽ എത്തിക്കാൻ നിർദ്ദേശിച്ച് തനിക്ക് ഏഴാം പ്രതിയിൽ നിന്നും ഒരു കാളും ലഭിച്ചില്ല. അഞ്ചും ഏഴും പ്രതികൾക്കൊപ്പം മറ്റു പ്രതികൾ പാറമടയിൽ നിൽക്കുന്നത് താൻ കണ്ടില്ല. 2015 ഡിസംബർ 13 രാത്രി 10 മണിക്ക് ഇരുപതാം സാക്ഷി തനിക്കൊപ്പം ഇല്ലായിരുന്നു. ശബരിമലക്കും മൂകാംബികക്കും തീർത്ഥയാത്രക്ക് വാഹനം ഏർപ്പാടിക്കാൻ ഒരു കോളും ചെയ്തില്ല എന്നുമാണ് വിചാരണയിൽ അനു മൊഴി നൽകിയത്. അതിനാൽ ഏഴാം സാക്ഷി അനു വിചാരണ കോടതി മുമ്പാകെ പ്രഥമദൃഷ്ട്യാ കള്ള തെളിവ് നൽകിയതായി ജഡ്ജി പി.എൻ. സീത കണ്ടെത്തി. പൊലീസിനും മജിസ്‌ട്രേട്ടിനും കൊടുത്ത സ്വന്തം മൊഴി അനു നിഷേധിച്ചു.

പ്രഥമദൃഷ്ട്യാ ഏഴാം സാക്ഷി വിചാരണ കോടതി മുമ്പാകെ കള്ള തെളിവ് നൽകിയതായും അത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 (കള്ള തെളിവ് നൽകൽ) പ്രകാരം ശിക്ഷാർഹവുമാണ്. നീതിന്യായനിർവ്വഹണത്തിൽ ഇടപെടാൻ മനഃപൂർവ്വവും ബോധപൂർവ്വകവുമായ ശ്രമം ഏഴാം സാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് കണ്ടെത്തിയ വിചാരണ കോടതി അനുവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിജെഎം കോടതിക്ക് പരാതി തയ്യാറാക്കി ഫോർവേഡ് ചെയ്യുകയായിരുന്നു.

വിചാരണ കോടതിയുടെ പരാതി , അനുവിന്റെ വിചാരണ കോടതിയിലെ സാക്ഷി മൊഴി , രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ടിന്റെ സാക്ഷിമൊഴി , അനുവിന്റെ പൊലീസ് മൊഴി എന്നിവയോടൊപ്പം സാക്ഷിപ്പട്ടികയും വിചാരണ കോടതി സിജെഎം കോടതിക്ക് കൈമാറി. അനുവിനെ വിസ്തരിക്കും മുമ്പ് സാക്ഷിക്കൂട്ടിൽ വച്ച് സത്യം ചെയ്യിച്ച ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് സഹാരി , രഹസ്യമൊഴി രേഖപ്പെടുത്തിയ ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഡി. എസ്. നോബിൾ , മെഡിക്കൽ കോളേജ് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ഷീൻ തറയിൽ , കെ. സജീവ് എന്നിവരാണ് സെഷൻസ് കോടതിയുടെ പരാതിയിലെ സാക്ഷിപ്പട്ടികയിലെ 1 മുതൽ 4 വരെയുള്ള സാക്ഷികൾ.

സിജെഎം കേസ് വിചാരണ ചെയ്യാൻ പതിനൊന്നാം മജിസ്‌ട്രേട്ട് കോടതിക്ക് മെയ്ഡ് ഓവർ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP