Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിമിഷാ ഫാത്തിമയും മെറിൻ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതർ എന്ന് റിപ്പോർട്ട്; ആരോഗ്യ പ്രവർത്തകർക്ക് ഇനി താലിബാന് വേണ്ടി പണിയെടുക്കേണ്ടി വരും; മലയാളികൾക്ക് തുണയായത് ഐഎസും താലിബാനും തമ്മിലെ ബന്ധം; ആരേയും തിരിച്ചു കൊണ്ടു വരില്ലെന്ന നിലപാടിൽ കേന്ദ്രവും

നിമിഷാ ഫാത്തിമയും മെറിൻ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതർ എന്ന് റിപ്പോർട്ട്; ആരോഗ്യ പ്രവർത്തകർക്ക് ഇനി താലിബാന് വേണ്ടി പണിയെടുക്കേണ്ടി വരും; മലയാളികൾക്ക് തുണയായത് ഐഎസും താലിബാനും തമ്മിലെ ബന്ധം; ആരേയും തിരിച്ചു കൊണ്ടു വരില്ലെന്ന നിലപാടിൽ കേന്ദ്രവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐഎസിൽ ചേരാൻ ഭർത്താക്കന്മാർക്കൊപ്പം നാടുവിട്ട മലയാളികളായ നിമിഷാ ഫാത്തിമയും മെറിൻ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ജയിൽ മോചിതരായെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ ഭരണം താലിബാൻ പിടിച്ചെടുത്തതോടെയാണ് ഇത്. ഈ റിപ്പോർട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിച്ചു വരികയാണ്. അഫ്ഗാനിൽ നേരത്തെ പിടിച്ചെടുത്ത പ്രവശ്യകളിൽ കഴിഞ്ഞിരുന്ന തടവുകാരെ താലിബാൻ മോചിപ്പിച്ചിരുന്നു. ഇതേ രീതിയിൽ മലയാളികളേയും മോചിപ്പിച്ചുവെന്നാണ് സൂചന. ഇവർ ആരോഗ്യ പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ ഈ മലയാളികളെ താലിബാൻ വിവധ ആശുപത്രികളിലേക്ക് നിയോഗിക്കുമെന്നും റിപ്പോർട്ടുണ്ട്.

അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകണമെന്ന അഫ്ഗാൻ സർക്കാരിന്റെ നിർദ്ദേശം ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. അഫ്ഗാനിൽ വെച്ച് ഭർത്താക്കന്മാർ കൊല്ലപ്പെട്ടതോടെ ഇവർ കീഴടങ്ങുകയായിരുന്നു. ഐ.എസ്. ഭീകരനായിരുന്ന ബെക്സൻ വിൻസെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിൻ വിൻസെന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെർലിൻ ജേക്കബ് പാലത്ത്. ഭർത്താവ് ബെസ്റ്റിൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരൻ അബ്ദുൾ റഷീദിനെ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുൻ ഭാര്യമാരിലൊരാൾ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്. കൊല്ലപ്പെട്ട ഐ.എസ്. പ്രവർത്തകൻ ഇജാസ് പുരയിലിന്റെ ഭാര്യയാണ് റഹീല പുരയിൽ.

അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി നടപടികൾ എടുത്തിരുന്നു. നിമിഷയുടെ അമ്മ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നടപടി. ഫാത്തിമയും കുഞ്ഞും നിലവിൽ അഫ്ഗാൻ ജയിലിലാണ് കഴിയുന്നത്. ഇവരെ തിരികെ എത്തിക്കന്നതിനായി കേന്ദ്രസർക്കാർ നിർദ്ദേശം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. സമാന ഹർജികൾ സുപ്രീംകോടതിയിലും ഉണ്ട്. അഫ്ഗാൻ ജയിലിൽ കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു പരാതി.

ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഐ.എസ്. ഭീകരരുടെ വിധവകളും നിലവിൽ അഫ്ഗാൻ ജയിലിൽ കഴിയുന്നവരുമായ ഇന്ത്യൻ വനിതകളെ തിരിച്ചെത്തിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ നേരത്തെ നിമിഷയുടെ അമ്മ രംഗത്തെത്തിയിരുന്നു. നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള നാലു പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കാൻ താത്പര്യപ്പെട്ട് അഫ്ഗാൻ സർക്കാർ ഇന്ത്യയെ സമീപിച്ചിരുന്നു. ഇവരെ ഇന്ത്യയിൽ തന്നെ വിചാരണ ചെയ്യുമെന്നും അഫ്ഗാൻ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇവരെ കൊണ്ടു വരാൻ താത്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചത്. ഇവർക്ക് ഇപ്പോഴും തീവ്ര മതമൗലിക വാദ നിലപാടുകൾ ഉണ്ടെന്നും അതുകൊണ്ട് ഇവരെ ഇന്ത്യയിലേക്കെത്തിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനിടെയാണ് അഫ്ഗാനിൽ തീവ്രവിഭാഗം ഭരണം പിടിച്ചെടുത്തത്. ഇതോടെ കാര്യങ്ങൾ മറ്റൊരു തലത്തിലായി. അഫ്ഗാനിൽ ജയിൽ മോചിതയായിട്ടുണ്ടെങ്കിൽ നിമിഷ ഉൾപ്പെടെയുള്ളവർക്ക് അവിടെ സ്വതന്ത്ര ജീവിതം സാധ്യമാകും. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും കോടതിയും എടുക്കുന്ന നിലപാടുകൾ നിർണ്ണായകമാകും.

കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. പെൺകുട്ടിയെ കാസർകോട്ട് പഠിച്ചുകൊണ്ടിരിക്കെ കാണാതായിരുന്നു. കാണാതായ സമയത്ത് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. കാസർകോട് വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടിലാണ് നിമിഷയുടെ മതപരിവർത്തനത്തെക്കുറിച്ചും മറ്റും വിവരിക്കുന്നത്.

കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് നിമിഷ ഫാത്തിമ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയർ വിദ്യാർത്ഥികളും ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു.

നാലു ദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന. അസ്വാഭാവിക സാഹചര്യത്തിൽ കാണാതായ നിമിഷയുമായി 2016ജൂൺ 4-ന് ശേഷം വീട്ടുകാർക്കു ബന്ധപ്പെടാനായിട്ടില്ല. ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും നേരത്തെ വ്യക്തമാക്കിയിരുന്നു. തിരികെയെത്തിയാൽ തങ്ങൾ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കിൽ അമ്മയെ കാണാൻ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറഞ്ഞിരുന്നു.

ഐഎസിൽ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ വിശദീകരിച്ചിരുന്നു. ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങൾ ഐ.എസിൽ ചേർന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാൽ ആ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാൻ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയിയില്ലെന്നാണ് നേരത്തെ ഇരുവരും വ്യക്തമാക്കിയത്. എന്നാൽ അഫ്ഗാനിൽ താലിബാൻ ഭരണം എത്തുമ്പോൾ എന്താണ് ഇവരുടെ നിലപാട് എന്നത് ശ്രദ്ധേയമാകും. ഐഎസുമായി ഏറെ അടുപ്പം താലിബാനുണ്ട്.

അഫ്ഗാനെ കീഴ്പ്പെടുത്തുന്നതിൽ ഐഎസ് പിന്തുണയും താലിബാന് കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഐഎസുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നേതൃത്വത്തിലെ സഖ്യസേനയ്ക്ക് മുമ്പിൽ കീഴടങ്ങിയവരെ പുതിയ സർക്കാർ അനുഭാവ പൂർവ്വം പരിഗണിക്കുമെന്നാണ് വിലയിരുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP