Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'വഴി മുടക്കുന്ന' ജോ റൂട്ടിനെ കോലിയുടെ കയ്യിലെത്തിച്ച ബുമ്ര; ഹമീദിനെയും ബെയർ‌സ്റ്റോയെയും വീഴ്‌ത്തി ഇഷാന്തും; ലോർഡ്‌സിൽ ഐതിഹാസിക ജയത്തിലേക്ക് ഇന്ത്യ; അവസാന സെഷനിൽ വീഴ്‌ത്തേണ്ടത് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിന് പ്രതീക്ഷ ബട്‌ലർ - അലി കൂട്ടുകെട്ടിൽ

'വഴി മുടക്കുന്ന' ജോ റൂട്ടിനെ കോലിയുടെ കയ്യിലെത്തിച്ച ബുമ്ര; ഹമീദിനെയും ബെയർ‌സ്റ്റോയെയും വീഴ്‌ത്തി ഇഷാന്തും; ലോർഡ്‌സിൽ ഐതിഹാസിക ജയത്തിലേക്ക് ഇന്ത്യ; അവസാന സെഷനിൽ വീഴ്‌ത്തേണ്ടത് അഞ്ച് വിക്കറ്റ്; ഇംഗ്ലണ്ടിന് പ്രതീക്ഷ ബട്‌ലർ - അലി കൂട്ടുകെട്ടിൽ

സ്പോർട്സ് ഡെസ്ക്

ലോർഡ്സ്: ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ 272 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. 67 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ചായയ്ക്ക് ശേഷം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് നിലവിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്. മൊയീൻ അലിയും ജോസ് ബട്‌ലറുമാണ് ക്രീസിൽ.

റോറി, ബേൺസ്(0), ഡൊമനിക് സിബ്ലി(0), ഹസീബ് ഹമീദ്(9), ജോണി ബെയർ‌സ്റ്റോ(2) ജോ റൂട്ട്(33) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി ഇഷാന്ത് ശർമയും ജസ്പ്രീത് ബുമ്രയും രണ്ട് വീതവും, മുഹമ്മദ് ഷമി ഓരു വിക്കറ്റും വീഴ്‌ത്തി.

ചായക്ക് തൊട്ടു മുമ്പ് അവസാന പന്തിൽ ജോണി ബെയർ‌സ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഇഷാന്ത് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയത്. ചായക്ക് ശേഷമുള്ള ആദ്യ ഓവറിൽ വിജയത്തിലേക്കുള്ള ഇന്ത്യയുടെ വഴി മുടക്കി നിന്ന ക്യാപ്റ്റൻ ജോ റൂട്ടിനെ(33) ബുമ്ര സ്ലിപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ കൈകളിലെത്തിച്ചു.

അവസാന സെഷനിൽ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന അഞ്ചു വിക്കറ്റ് കൂടി നേടാനായാൽ ലോർഡ്‌സിൽ ഇന്ത്യക്ക് ഐതിഹാസിക ജയം സ്വന്തമാക്കാം. അവസാന അംഗീകൃത ബാറ്റിങ് ജോഡിയായ മൊയീൻ അലിയിലും ജോസ് ബട്ലറിലുമാണ് ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷ.

ജസ്പ്രീത് ബുമ്ര എറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറിലെ ഓപ്പണർ റോറി ബേൺസിനെ നഷ്ടമായ ഇംഗ്ലണ്ടിന് മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ മറ്റൊരു ഓപ്പണറായ ഡൊമനിക് സിബ്ലിയെയും നഷ്ടമായി. സ്‌കോർ ബോർഡിൽ ഒരു റണ്ണെത്തുമ്പേഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്‌സിലേതുപോലെ ക്യാപ്റ്റൻ ജോ റൂട്ട് തകരാതെ പിടിച്ചു നിർത്തി. എന്നാൽ മറുവശത്ത് ഹസീബ് ഹമീദിനെ ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.

ബാറ്റിങ്ങിലെ അവിശ്വസനീയ പ്രകടനത്തിനു പിന്നാലെ ബോളിങ്ങിലും മിന്നിത്തിളങ്ങിയ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ മേൽക്കൈ നേടിയത്.

നേരത്തെ, ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ മുഹമ്മദ് ഷമി, ഉറച്ച പിന്തുണ നൽകിയ ജസ്പ്രീത് ബുമ്ര എന്നിവരുടെ മികവിലാണ് ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യ 272 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 109.3 ഓവറിൽ എട്ടിന് 298 റൺസുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഷമി 56 റൺസോടെയും ബുമ്ര 34 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 120 പന്തിൽ 89 റൺസ്.

ഒരുവേള 200 റൺസ് ലീഡിനുള്ളിൽ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യയെ, ഒൻപതാം വിക്കറ്റിൽ സെഞ്ചുറിയുടെ വക്കോളമെത്തിയ കൂട്ടുകെട്ടിലൂടെയാണ് ഷമിയും ബുമ്രയും ചേർന്ന് രക്ഷപ്പെടുത്തിയത്. ഇന്ത്യയ്ക്ക് മത്സരത്തിലാകെ 271 റൺസ് ലീഡായി. മത്സരത്തിലാകെ 70 പന്തുകൾ നേരിട്ട ഷമി ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 56 റൺസെടുത്തത്. മോയിൻ അലിക്കെതിരെ തുടർച്ചയായ പന്തുകളിൽ ഫോറും സിക്‌സും നേടിയാണ് ഷമി ഐതിഹാസികമായി അർധസെഞ്ചുറി പിന്നിട്ടത്. 64 പന്തുകൾ നേരിട്ട ബുമ്ര മൂന്നു ഫോറുകളോടെ 34 റൺസുമെടുത്തു. ടെസ്റ്റ് കരിയറിൽ ഇരുവരുടെയും ഏറ്റവും മികച്ച സ്‌കോറുകളാണിത്.

ഋഷഭ് പന്ത് (46 പന്തിൽ 22), ഇഷാന്ത് ശർമ (24 പന്തിൽ 16) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ. 146 പന്തിൽ അഞ്ച് ഫോറുകളോടെ 61 റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കെ.എൽ. രാഹുൽ (3), രോഹിത് ശർമ (21), ചേതേശ്വർ പൂജാര (45), വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാർ. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്‌ത്തി. 18 ഓവറിൽ 51 റൺസ് വഴങ്ങിയാണ് വുഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. മോയിൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. സാം കറന് ഒരു വിക്കറ്റ് ലഭിച്ചു.

14 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച പന്ത് ഒരു ബൗണ്ടറി നേടി പ്രതീക്ഷ നൽകിയെങ്കിലും, അധികം വൈകാതെ റോബിൻസണ് രണ്ടാം ഇന്നിങ്‌സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 46 പന്തിൽ ഒരേയൊരു ഫോർ സഹിതമാണ് പന്ത് 22 റൺസെടുത്തത്. ബൗണ്ടറികൾ കണ്ടെത്തി പ്രതീക്ഷ നൽകിയ ഇഷാന്ത് ശർമയെ റോബിൻസൺ എൽബിയിൽ കുരുക്കി. 24 പന്തിൽ രണ്ടു ഫോറുകളോടെ 16 റൺസെടുത്ത ഇഷാന്ത് എൽബി തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ രക്ഷകരായി ബുമ്ര ഷമി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP