Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളഞ്ഞ വഴിയിൽ പിആർഡിയിൽ ആളെ കയറ്റാൻ നീക്കം; അസി ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫറിലൂടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ ശ്രമം; സ്വന്തക്കാരെ തിരുകാൻ നോക്കിയത് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, ഹൈക്കോടതി വിധികൾ മറികടന്ന്

വളഞ്ഞ വഴിയിൽ പിആർഡിയിൽ ആളെ കയറ്റാൻ നീക്കം; അസി ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫറിലൂടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ ശ്രമം;  സ്വന്തക്കാരെ തിരുകാൻ നോക്കിയത്  അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ, ഹൈക്കോടതി വിധികൾ മറികടന്ന്

വിഷ്ണു ജെ ജെ നായർ

തിരുവനന്തപുരം: പിആർഡിയിൽ അസി ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനത്തിലൂടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ നടത്തിയ നീക്കത്തിനെതിരെ മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് സൂചന. നിയമനഃശ്രമം ഉപേക്ഷിക്കാൻ നിർദ്ദേശം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

ഹൈക്കോടതി വിധി മറികടന്നായിരുന്നു നിയമന അഴിമതിക്കുള്ള ശ്രമം. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ബൈ ട്രാൻസ്ഫറിലൂടെ അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിന് സ്പെഷ്യൽ റൂളിൽ വ്യവസ്ഥയുണ്ടെന്നും ഇത് പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഒരു ജീവനക്കാരി നൽകിയ അപ്പീലാണ് 2016 ജനുവരി 13ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹനും ജസ്റ്റിസ് പി.വി. ആശയും അടങ്ങിയ ബഞ്ച് തള്ളിയത്.

ഇതേ ആവശ്യമുന്നയിച്ച് നല്കിയ ഹർജി കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ 2014 ഓഗസ്റ്റ് 14 ന് പിആർഡിയോട് പരിഗണിക്കാൻ നിർദ്ദേശം നല്കുകയും അന്നത്തെ വകുപ്പ് സെക്രട്ടറി റാണി ജോർജ് വിശദമായി ഹിയറിങ് നടത്തിയ ശേഷം നിരാകരിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനം കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗീകരിച്ചതിനെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി വാദം കേട്ട് തള്ളിയത്. അസി ഇൻഫർമേഷൻ ഓഫീസർ തസ്തിക പബ്ലിക് റിലേഷൻസ് സബോഡിനേറ്റ് സർവീസിന്റെ ഭാഗമാണെന്നും അതേസമയം കേരള ലാസ്റ്റ് ഗ്രേഡ് സർവീസ് അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള ഫീഡർ കാറ്റഗറി അല്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി തള്ളിയത്.

പിആർഡിക്കു വേണ്ടി 1967ൽ രൂപീകൃതമായ സ്പെഷ്യൽ റൂൾ ഇതുവരെയും കാലോചിതമായി പരിഷ്‌കരിക്കാത്തതാണ് ഇത്തരം തർക്കങ്ങൾക്ക് കാരണം. ഇതിൽ അസി. ഇൻഫർമേഷൻ ഓഫീസർ തസ്തിക സംബന്ധിച്ച ഈ തർക്കത്തിന് കേരള അഡ്‌മിനിസിട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും തീർപ്പു കൽപ്പിച്ചിട്ടും വീണ്ടും വളഞ്ഞ വഴിയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതാണ് പി.എസ്.സി പരീക്ഷ എഴുതിയിരിക്കുന്ന ഉദ്യോഗാർത്ഥികളിലും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരിലും കടുത്ത പ്രതിഷേധത്തിന് വഴി തെളിച്ചിരിക്കുന്നത്.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറിയേറ്റ് സർവീസിന്റെ ഭാഗമായിരുന്ന കാലത്ത് ക്ലർക്കുമാരെ ബൈ ട്രാൻസ്ഫറിലൂടെ അസി ഇൻഫർമേഷൻ ഓഫീസർമാരായി നിയമിക്കുന്നതിന് സ്പെഷ്യൽ റൂളിൽ ഒരു വ്യവസ്ഥ ഉൾക്കൊള്ളിച്ചിരുന്നു. എന്നാൽ വകുപ്പ് സ്വതന്ത്ര സ്വഭാവം കൈവരിച്ചതോടെ നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ മാത്രമാണ് അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തിയിട്ടുള്ളത്. മാത്രമല്ല ക്ലറിക്കൽ കേഡർ സ്വന്തമായി വകുപ്പിൽ ഇല്ല താനും. സെക്രട്ടറിയേറ്റിൽ നിന്നും റവന്യൂ വകുപ്പിൽ നിന്നുമാണ് ഇതിനുള്ള ജീവനക്കാർ വകുപ്പിലേക്കെത്തുന്നത്. ഇതിന്റെ മറ പിടിച്ചാണ് ഓഫീസ് അറ്റൻഡർ, പാക്കർ തുടങ്ങിയ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ബിരുദധാരികളായ ജീവനക്കാരെ മാധ്യമപ്രവർത്തന പരിചയം ഇല്ലാത്തത് പരിഗണിക്കാതെ നിയമിക്കണമെന്ന വാദം ഉയർത്തുന്നത്.

സ്പെഷ്യൽ റൂളിലുള്ള അവ്യക്തതകൾ പരിഹരിച്ച് വിവിധ കാലഘട്ടങ്ങളിൽ എക്സിക്യൂട്ടീവ് ഉത്തരവുകളുണ്ടായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഈ ഉത്തരവുകളും 2014ലെ ട്രിബ്യൂണൽ വിധിയും 2016ലെ ഹൈക്കോടതി ഉത്തരവും കണ്ടില്ലെന്ന് നടിച്ച് സമാന്തര നിയമനം നടത്താനാണ് അധികൃതരുടെ ശ്രമം.

ഇതിനിടെ സമാന്തര നിയമന നീക്കം വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ട് പിആർഡി ഡയറക്ടറോട് വിശദീകരണം തേടി. ഇത്തരമൊരു ആലോചന മാത്രമാണ് വകുപ്പിന് മുന്നിലുള്ളതെന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് വിശദീകരണം നൽകിയിരിക്കുന്നത്. സ്പെഷ്യൽ റൂൾ പരിഷ്‌കരണത്തിന് മുന്നോടിയായി വകുപ്പിലെ എല്ലാ വിഭാഗം ജീവനക്കാരുടെയും അഭിപ്രായം തേടുമെന്നും ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

അസി. ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് വളരെ കർശനമായ വ്യവസ്ഥകളോടെയാണ് പി.എസ്.സി നടത്തുന്നതെന്നതും പിആർഡിയിലെ ഉദ്യോഗസ്ഥ ലോബി കണ്ടില്ലെന്ന് നടിക്കുകയാണ്. ബിരുദവും അംഗീകൃത മാധ്യമ സ്ഥാപനത്തിലെ രണ്ടു വർഷത്തെ മുഴുസമയ പ്രവർത്തനപരിചയവുമാണ് ഈ തസ്തികയിലേക്കുള്ള യോഗ്യതകൾ.

പ്രവർത്തനപരിചയം സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട മാധ്യമ ഓഫീസിലെ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ട് ലേബർ ഓഫീസർ സാക്ഷ്യപ്പെടുത്തിയിരിക്കണം. കേവലം ബിരുദത്തിലുപരി മാധ്യമമേഖലയിലെ പരിചയമെന്ന സുപ്രധാന ഘടകം കണക്കിലെടുക്കാതെയാണ് സമാന്തര നിയമന നീക്കം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP