Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാബൂൾ കൊട്ടാരത്തിൽ പ്രവേശിച്ചു താലിബാൻ; കറുപ്പും ചുവപ്പും പച്ചയും ചേർന്ന ദേശീയ പതാക നീക്കി താലിബാൻ പതാക കെട്ടി; 'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന് രാജ്യത്തിന് പുനർ നാമകരണം ചെയ്തു; രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനെന്ന് പലായനം ചെയ്ത പ്രസിഡന്റ് അഷ്‌റഫ് ഗനി; അഫ്ഗാനിൽ ഇനി താലിബാന്റെ കാലം

കാബൂൾ കൊട്ടാരത്തിൽ പ്രവേശിച്ചു താലിബാൻ; കറുപ്പും ചുവപ്പും പച്ചയും ചേർന്ന ദേശീയ പതാക നീക്കി താലിബാൻ പതാക കെട്ടി;  'ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്ന് രാജ്യത്തിന് പുനർ നാമകരണം ചെയ്തു; രാജ്യം വിട്ടത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാനെന്ന് പലായനം ചെയ്ത പ്രസിഡന്റ് അഷ്‌റഫ് ഗനി; അഫ്ഗാനിൽ ഇനി താലിബാന്റെ കാലം

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇനി താലിബാൻ കാലം. അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ കാബൂൾ കൊട്ടാരത്തിൽ നിന്നും അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്തു, പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തു. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ അൽ ജസീറ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാന്റെ പേരു മാറ്റാനും താലിബാൻ തീരുമാനിച്ചിട്ടുണ്ട്. ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപനം മാത്രമേ ഇനി ബാക്കിയുള്ളൂ. ഈ പ്രഖ്യാപനവും ഉടൻ ഉണ്ടാകും.

താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നായിരിക്കും എന്നാണ് താലിബാന്റെ പ്രഖ്യാപനം. പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അധികാര കൈമാറ്റം സമാധാനപരമാക്കാനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മുൻ പ്രസിഡന്റ് ഹാമിദ് കർസായി, എച്ച്‌സിഎൻആർ ചെയർമാൻ അബ്ദുള്ള അബ്ദുള്ള , ഹെസ്ബ് - ഇ - ഇസ്ലാമി നേതാവ് ഗുൽബുദ്ദീൻ ഹെക്മത്യാർ എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്. ഹാമിദ് കർസായി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രസിഡന്റ് അഷ്‌റഫ് ഗനി താജിക്കിസ്ഥാനിൽ അഭയം തേടിയെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിൽ കടക്കില്ലെന്നും ഇടക്കാല സർക്കാരിന് അധികാരം കൈമാറുമെന്നും ആദ്യം പറഞ്ഞ താലിബാൻ കാബൂൾ പിടിച്ചെടുക്കുകയായിരുന്നു. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ രാജ്യം വിട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്നാണ് ഗനിയുടെ വിശദീകരണം.

താലിബാൻ കാബൂൾ പിടിച്ചെടുത്തതോടെ കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസ് നിർത്തി. സൈനിക വിമാനങ്ങൾക്കു മാത്രമേ അനുമതി നൽകുകയുള്ളൂവെന്നു നാറ്റോ അറിയിച്ചു. രാജ്യത്തിന്റെ മൂന്നിൽരണ്ടു പ്രദേശങ്ങളും കീഴടക്കിയാണു താലിബാൻ കാബൂളിലെത്തിയത്. ഗസ്‌നി അടക്കം പ്രധാനപ്പെട്ട പ്രവിശ്യ തലസ്ഥാനങ്ങളും ഹെറാത്ത് ഉൾപ്പെടെ പ്രധാനപ്പെട്ട നഗരങ്ങളുമെല്ലാം താലിബാന്റെ അധീനതയിലായി.

അധികാരം കൈമാറില്ലെന്നും താലിബാൻ തലസ്ഥാനത്തു പ്രവേശിക്കാതിരിക്കാൻ പ്രതിരോധം തീർക്കുമെന്നും പ്രഖ്യാപിച്ച അഷ്‌റഫ് ഗനി, നാലു വശങ്ങളിൽനിന്നും താലിബാൻ വളഞ്ഞപ്പോൾ നിലനിൽപ്പില്ലാതെ തീരുമാനം മാറ്റി. സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രി അബ്ദുൽ സത്താർ മിർസാക്വാൽ പറഞ്ഞത്.

അഫ്ഗാൻ സൈന്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് അപ്രതീക്ഷിത വേഗത്തിലാണു താലിബാൻ കാബൂളിലെത്തിയത്. ഭരണകൂടത്തെ അനുകൂലിക്കുന്നവർക്ക് മുൻതൂക്കമുണ്ടെന്ന് കരുതിയ മസാരെ ഷെരീഫും ജലാലാബാദും അനായാസേന താലിബാൻ കീഴടക്കിയപ്പോൾ അഫ്ഗാന്റെ വിധി വ്യക്തമായിരുന്നു. ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്നാണു താലിബാൻ വക്താക്കൾ പറയുന്നത്. 9/11 ഭീകരാക്രമണത്തിനു പിന്നാലെ 20 വർഷം മുൻപ് യുഎസ് കാബൂളിൽനിന്ന് പുറത്താക്കിയതാണു താലിബാനെ. പിന്നീട് ഇപ്പോഴാണു തലസ്ഥാന നഗരിയിലേക്ക് ഇവർ ഇരച്ചുകയറുന്നതും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതും.

അതിനിടെ, കാബൂൾ വിമാനത്താവളത്തിൽനിന്ന് തീ ഉയർന്നതായി അമേരിക്കയിലെ യു.എസ് എംബസി വൃത്തങ്ങൾ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽനിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നീക്കം വേഗത്തിലാക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, യുഎസ്എ, ജർമനി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നതിന് യുഎഇയിലെ വിമാനത്താവളങ്ങളിൽ സൗകര്യം ഒരുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

2021 ഏപ്രിൽ 14നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സേനാ പിന്മാറ്റം പ്രഖ്യാപിച്ചത്. അന്ന് മുതൽ സംഭവബഹുലമാണ് അഫ്ഗാനിലെ കാര്യങ്ങൾ. മെയ്‌ ഒന്നിനും സെപ്റ്റംബർ 11നും ഇടയിൽ സേനാപിന്മാറ്റം പൂർത്തിയാക്കുമെന്നും ബൈഡൻ. മെയ്‌ 4അഫ്ഗാൻ സേനയ്ക്കുനേരെ താലിബാൻ ആക്രമണം തുടങ്ങി. പിന്നീട് മെയ്‌ 11 കാബൂളിനോടു ചേർന്ന നെർക് ജില്ല താലിബാൻ പിടിച്ചെടുത്തു. ജൂൺ 7 34 പ്രവിശ്യകളിൽ 26 എണ്ണത്തിലും താലിബാൻ ആക്രമണം നടത്തിയപ്പോൾ അഫ്ഗാനാന്റെ ഭാവി നിർണയിക്കപ്പെട്ടിരുന്നു.

ജൂൺ 22 വടക്കൻ പ്രവിശ്യകൾ ശക്തമായ ആക്രമണം നടത്തിയ താലിബാൻ 50 ജില്ലകൾ പിടിച്ചെടുത്തു. ജൂലൈ 2
യുഎസ് സേന പ്രധാനവ്യോമതാവളമായ ബാഗ്രാമിൽനിന്ന് പിന്മാറി. ജൂലൈ 5ന് സമാധാന ഉടമ്പടി ഓഗസ്റ്റിൽ കൈമാറാമെന്നു താലിബാൻ പ്രഖ്യാപിച്ചു. ജൂലൈ 21ന് അഫ്ഗാനിലെ പകുതിയോളം ജില്ലകൾ താലിബാൻ നിയന്ത്രണത്തിലായി. ജൂലൈ 25ന് താലിബാൻ നീക്കം തടസ്സപ്പെടുത്താൻ ഭീകരരുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം നടത്തി. ഓഗസ്റ്റ് 6
സരൺജ് പ്രവിശ്യ താലിബാൻ പിടിച്ചെടുത്തു.

ഓഗസ്റ്റ് 13 രണ്ടാമത്തെയും മൂന്നാമത്തെയും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതോടെ അഫ്ഗാൻ സർക്കാറിന്റെ പതനം ആസന്നമായി. ഓഗസ്റ്റ് 14ന് താലിബാൻ കാബൂളിലെത്തി. വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിലെ പ്രവിശ്യകൾ പൂർണായി താലിബാൻ നിയന്ത്രണത്തിലാകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP