Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു കാശ്മീരിൽ ഒരു പുതിയ പുലരി; ജനാധിപത്യ സ്ഥാപനങ്ങളിലൂടെ യുവാക്കളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാം; പെൺമക്കളുടെ വിജയത്തിൽ കാണുന്നത് ഭാവിയിലെ വികസിത ഇന്ത്യയുടെ നേർക്കാഴ്‌ച്ച; രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാൻ ആകില്ലെന്നും രാഷ്ട്രപതി

ജമ്മു കാശ്മീരിൽ ഒരു പുതിയ പുലരി; ജനാധിപത്യ സ്ഥാപനങ്ങളിലൂടെ യുവാക്കളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാം; പെൺമക്കളുടെ വിജയത്തിൽ കാണുന്നത് ഭാവിയിലെ വികസിത ഇന്ത്യയുടെ നേർക്കാഴ്‌ച്ച; രാജ്യത്തിന് വേണ്ടി പോരാടിയവരെ  മറക്കാൻ ആകില്ലെന്നും  രാഷ്ട്രപതി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: സർവ്വതോമുഖമായ പുരോഗതിയോടെ, രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ ഔന്നിത്യം ഉയർന്നുവരുന്നുവെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. നിരവധി പ്രധാനപ്പെട്ട ബഹുരാഷ്ട്ര വേദികളിലെ നമ്മുടെ പങ്കാളിത്തത്തിലും നിരവധി രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഇത് പ്രതിഫലിച്ചിട്ടുമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

75 വർഷം മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ, ജനാധിപത്യത്തിന് ഇന്ത്യയിൽ നിലനിൽപ്പുണ്ടാകില്ലെന്നു പലർക്കും സന്ദേഹമുണ്ടായിരുന്നു. പ്രാചീനകാലത്തുതന്നെ ഈ മണ്ണിൽ ജനാധിപത്യത്തിന്റെ വേരുകൾ ഉറച്ചിരുന്നതായി അവർക്കറിയില്ലായിരുന്നു.

ആധുനിക കാലഘട്ടത്തിൽപ്പോലും, എല്ലാ മുതിർന്നവർക്കും വോട്ടവകാശം നൽകുന്നതിൽ പല പാശ്ചാത്യ രാജ്യങ്ങളേക്കാളും മുന്നിലാണ് ഇന്ത്യ. ജനങ്ങളുടെ വിവേകത്തിൽ സ്ഥാപകനേതാക്കൾക്കു വിശ്വാസമുണ്ടായിരുന്നു, മാത്രമല്ല, 'നാം, ഇന്ത്യയിലെ ജനങ്ങൾ' ഇന്ത്യയെ ശക്തമായ ജനാധിപത്യ രാഷ്ട്രമാക്കി മാറ്റി. രാഷ്ട്രപതി പറഞ്ഞു.

ബഹുസ്വരമായ സംസ്‌കാരങ്ങളുടെയും ഊർജസ്വലമായ ജനാധിപത്യത്തിന്റെയും പശ്ചാത്തലത്തിൽ ലോകത്തിന് മുന്നിൽ അത്ഭുതമാകുകയാണ് ഇന്ത്യ. രാജ്യം കടന്നുവന്ന വഴികൾ ഓർത്ത് അഭിമാനിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ദിശയിൽ വേഗത്തിൽ നടക്കുന്നതിന് പകരം ശരിയായ ദിശയിൽ പതിയെ നീങ്ങുവാൻ മഹാത്മഗാന്ധി വഴിക്കാട്ടി.

അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പോരാളികളായ തലമുറകളുടെ പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യമെന്ന നമ്മളുടെ സ്വപ്നം യഥാർഥ്യമായത്. മഹാത്മഗാന്ധിയടക്കമുള്ള ദേശത്തിന്റെ നായകർ കോളനി ഭരണത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ പദ്ധതി തയ്യാറാക്കുകയും രാജ്യത്തെ പുനർനിർമ്മിക്കുകയും ചെയ്തു. ധീരരായ രക്തസാക്ഷികളുടെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.

പെൺമക്കളുടെ വിജയത്തിൽ, ഭാവിയിലെ വികസിത ഇന്ത്യയുടെ നേർക്കാഴ്‌ച്ച കാണുന്നതായും രാഷ്ട്രപതി പറഞ്ഞു. വിജയികളായ പെൺമക്കളുടെ കുടുംബങ്ങളിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഭാവി വാഗ്ദാനങ്ങളായ നമ്മുടെ പെൺമക്കൾക്ക് വളർച്ചയുടെ വഴികളിൽ മുന്നേറാനുള്ള അവസരങ്ങൾ ഒരുക്കാൻ എല്ലാ രക്ഷിതാക്കളും തയ്യാറാകണം.

ടോക്കിയോ ഒളിമ്പിക്‌സിൽ, നമ്മുടെ കായികതാരങ്ങൾ അവരുടെ മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന് കീർത്തിയേകി. 121 വർഷത്തെ ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ ഇന്ത്യ നേടി. നമ്മുടെ പെൺമക്കൾ നിരവധി പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കളിക്കളങ്ങളിൽ ലോകോത്തര മികവ് പ്രകടിപ്പിച്ചു.

സ്‌പോർട്‌സിനോടൊപ്പം ഇന്ന് ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെയും വിജയത്തിലൂടെയും ഐതിഹാസികമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ സായുധ സേനകൾ വരെയും, പരീക്ഷണശാലകൾ മുതൽ കളിസ്ഥലങ്ങൾ വരെയും, നമ്മുടെ പെൺമക്കൾ അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. നമ്മുടെ പെൺമക്കളുടെ ഈ വിജയത്തിൽ, ഭാവിയിലെ വികസിത ഇന്ത്യയുടെ ഒരു നേർക്കാഴ്‌ച്ച കാണുന്നു.രാഷ്ട്രപതി പറഞ്ഞു.

ജമ്മു കാശ്മീരിൽ ഒരു പുതിയ പുലരി ഉദിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള എല്ലാ പങ്കാളികളുമായും ഗവൺമെന്റ് കൂടിയാലോചന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോട്, ഈ അവസരം പ്രയോജനപ്പെടുത്താനും ജനാധിപത്യ സ്ഥാപനങ്ങളിലൂടെ അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും അഭ്യർത്ഥിക്കുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളെ ഓർമ്മിപ്പിച്ചു. കോവിഡ് സാമ്പത്തികമേഖലയെ ബാധിച്ചുവെന്നും എന്നാൽ സാമ്പത്തിക മേഖലയിലെ പ്രതിസന്ധി താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 50 കോടി പേർക്ക് വാക്‌സിൻ നൽകാനായത് നേട്ടമാണെന്നും പാർലമെന്റ് ജനാധിപത്യത്തിന്റെ ശ്രീകോവിലാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാൻ സഹായിച്ചത് മുന്നണിപോരാളികൾ മൂലമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 'വിദേശത്തും രാജ്യത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും ഇത് ആനന്ദവേളയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ 75-ാം വാർഷിക വേളയിൽ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുകയാണ്. ഈ അസുലഭ മുഹൂർത്തത്തിൽ എന്റെ ഹ്യദയം നിറഞ്ഞ് അഭിനന്ദനങ്ങൾ', രാഷ്ട്രപതി പറഞ്ഞു.

കോവിഡിന്റെ അടിയന്തര സാഹചര്യത്തിൽ മെഡിക്കൽ സൗകര്യങ്ങൾ നൽകി സഹായിച്ച ലോകനേതാക്കൾക്ക് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ നന്ദി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം എല്ലാവരും വാക്‌സിനെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മരിച്ച എല്ലാപോരാളികളുടെയും ഓർമ്മകൾക്കുമുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP