Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണി ചെയിൻ മാതൃകയിൽ ചെമ്മീൻ ഞണ്ട് ഹാച്ചറികളുടെ മറവിൽ തട്ടിപ്പ്; കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് ഒഴുകിയത് കോടികൾ: തമിഴ്‌നാട് അന്വേഷിക്കുന്ന കമ്പനിക്കെതിരെ കേരളത്തിൽ വിവിധ ജില്ലകളിൽനിന്നു പരാതിപ്രവാഹം

മണി ചെയിൻ മാതൃകയിൽ ചെമ്മീൻ ഞണ്ട് ഹാച്ചറികളുടെ മറവിൽ തട്ടിപ്പ്; കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് ഒഴുകിയത് കോടികൾ: തമിഴ്‌നാട് അന്വേഷിക്കുന്ന കമ്പനിക്കെതിരെ കേരളത്തിൽ വിവിധ ജില്ലകളിൽനിന്നു പരാതിപ്രവാഹം

സ്വന്തം ലേഖകൻ

കൊല്ലം: ചെമ്മീൻ, ഞണ്ട് ഹാച്ചറികളിൽ പണം നിക്ഷേപിച്ചാൽ വൻതുക ലാഭം കിട്ടുമെന്നു പറഞ്ഞു മണിചെയിൻ മാതൃകയിൽ ചെന്നൈ ആസ്ഥാനമായ കമ്പനി കേരളത്തിൽനിന്നു കോടികൾ തട്ടിയെടുത്തു. തമിഴ്‌നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കമ്പനിക്കെതിരെ കേരളത്തിൽ വിവിധ ജില്ലകളിൽനിന്നു പരാതിപ്രവാഹം. പൊലീസ് അടുത്ത ദിവസം തമിഴ്‌നാട്ടിലേക്കു പോകും. കമ്പനി ഉടമകൾ ഒളിവിലാണെന്നാണു വിവരം.

ആയിരം കോടി രൂപയെങ്കിലും തട്ടിയെടുത്തതായാണു പ്രാഥമിക സൂചന. വ്യാവസായികാടിസ്ഥാനത്തിൽ 10 പൈസയ്ക്കു വാങ്ങുന്ന ചെമ്മീൻ കുഞ്ഞുങ്ങളെ ഹാച്ചറികളിൽ വളർത്തി 3 മാസം കഴിഞ്ഞു കയറ്റുമതി ചെയ്യുമ്പോൾ ഒരു ചെമ്മീന് 4 ഡോളർ വില കിട്ടുമെന്നും ലാഭവിഹിതം നിക്ഷേപകർക്കു വീതം വയ്ക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കമ്പനിയുടെ വെബ്‌സൈറ്റ് വിലാസം നിലവിലുണ്ടെങ്കിലുംടോൾ ഫ്രീ നമ്പർ പ്രവർത്തിക്കുന്നില്ല.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 8000 രൂപ വീതം 26 ആഴ്ച നൽകും. ഇങ്ങനെ മാത്രം നിക്ഷേപകന് 2,08,000 രൂപ കിട്ടുമെന്നതു കേട്ടു സംസ്ഥാനത്ത് ആയിരക്കണക്കിനു പേർ പണം നിക്ഷേപിച്ചു. ഇതിനു പുറമെ ഒരാളെ പുതുതായി നിക്ഷേപകനാക്കിയാൽ ആ തുകയുടെ ഒരു ശതമാനം കമ്മിഷനായി കിട്ടുമെന്നുമായിരുന്നു വാഗ്ദാനം.

ആദ്യഘട്ടത്തിൽ വിഹിതം തിരികെ നൽകി നിക്ഷേപകരുടെ വിശ്വാസം ആർജിച്ച കമ്പനി, ഇവർ വഴി ബന്ധുക്കളും പരിചയക്കാരും അടക്കം കൂടുതൽ പേരെ ആകർഷിച്ചു. ഒരു കോടി രൂപ വരെ നിക്ഷേപിച്ചവർ ഉണ്ടെന്നാണു വിവരം. 2018 നവംബറിൽ രൂപീകരിക്കപ്പെട്ട കമ്പനി, ജില്ലാ ആസ്ഥാനങ്ങളിലെ ആഡംബര ഹോട്ടലുകളിൽ നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.

മാർക്കറ്റിങ് രംഗത്തു പ്രവർത്തനപരിചയമുള്ളവരെയും പൊതുരംഗത്തു സ്വാധീനമുള്ളവരെയും നിക്ഷേപകരും ഫീൽഡ് പ്രതിനിധികളുമാക്കി. ചെന്നൈ മഹാബലിപുരത്തെയും മറ്റും ചെമ്മീൻ ഹാച്ചറികൾ ഇവരെ കൊണ്ടുപോയി കാണിച്ചു വിശ്വാസം ആർജിച്ച ശേഷം ഇവർ വഴി ആയിരക്കണക്കിനുപേരെ കണ്ണി ചേർക്കുകയും ചെയ്തു. 'ടാർഗറ്റ്' കൈവരിച്ചവരെ മലേഷ്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കൊണ്ടുപോകുകയും ചെയ്തു. നിക്ഷേപത്തുക തിരികെ ലഭിക്കുന്നതു മുടങ്ങിയതോടെ ഇടപാടുകാർ അന്വേഷിച്ചപ്പോഴാണു തട്ടിപ്പു പുറത്തായത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP