Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ സൗന്ദര്യവർധക വസ്തുക്കളും മറ്റും കള്ളക്കടത്തു നടത്തി ബീമാപള്ളിയിൽ വിൽക്കുന്ന കാര്യം പറഞ്ഞിരുന്നു; കോൺസൽ മാങ്ങ തിന്നുന്നു എന്നാണ് കോഡ്; ആ പാക്കറ്റിൽ ഉണ്ടായിരുന്നത് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ആർട്ടിസ്റ്റ് പ്രത്യേകം ഡിസൈൻ ചെയ്ത മെമെന്റോ; മുഖ്യമന്ത്രിയെ പൂർണ്ണമായും സംരക്ഷിച്ച് ശിവശങ്കർ; ആ മൊഴി പുറത്തു വരുമ്പോൾ

കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ സൗന്ദര്യവർധക വസ്തുക്കളും മറ്റും കള്ളക്കടത്തു നടത്തി ബീമാപള്ളിയിൽ വിൽക്കുന്ന കാര്യം പറഞ്ഞിരുന്നു; കോൺസൽ മാങ്ങ തിന്നുന്നു എന്നാണ് കോഡ്; ആ പാക്കറ്റിൽ ഉണ്ടായിരുന്നത് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ആർട്ടിസ്റ്റ് പ്രത്യേകം ഡിസൈൻ ചെയ്ത മെമെന്റോ;  മുഖ്യമന്ത്രിയെ പൂർണ്ണമായും സംരക്ഷിച്ച് ശിവശങ്കർ; ആ മൊഴി പുറത്തു വരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തിരുവനന്തപുരം നയതന്ത്ര ബാഗേജ് സ്വർണക്കടത്ത്, 1.90 ലക്ഷം യുഎസ് ഡോളർ കടത്ത് കേസുകളിൽ പ്രതിസ്ഥാനത്തുള്ളയാളാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. എന്നാൽ ഈ കേസുകളിൽ ഒന്നും മുഖ്യമന്ത്രി പിണറായി വിജനെ പ്രതിക്കൂട്ടിൽ നിർത്തുന്നതൊന്നും ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടില്ല. ഡോളർ കടത്തിലെ ആരോപണങ്ങൾ പോലും മുഖ്യമന്ത്രിയെ ബാധിക്കാതെ നോക്കുകയായിരുന്നു ഒരു കാലത്ത് സർക്കാരിന്റെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥൻ. കേസിൽ താൻ പെടാതിരിക്കാനുള്ള മുൻകരുതലും ശിവശങ്കറിന്റെ മൊഴികളിലൂണ്ട്.

ഡോളർ കടത്ത് എന്ന തരത്തിൽ ആരോപണം ഉയരുന്ന പാക്കറ്റിൽ മൊമന്റോ ആണെന്നാണ് ശിവശങ്കർ പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ ഒരു തരി തെളിവ് പോലും ഈ മൊഴികളിൽ ഇല്ല. സ്വപ്‌നാ സുരേഷുമായുള്ള അടുപ്പവും വിശദീകരിക്കുന്നു. തനിക്ക് സ്വപ്‌നയിൽ നിന്ന് സമ്മാനം കിട്ടിയെന്നും പറയുന്നു. എന്നാൽ സ്വപ്‌നയുടെ ഇടപാടുകളെ കുറിച്ചെല്ലാം ശിവശങ്കർ അറിയില്ലെന്ന മറുപടിയാണ് നൽകുന്നത്. മനോരമയാണ് ശിവശങ്കറിന്റെ വിശദ മൊഴി പുറത്തു വിടുന്നത്. എന്തുകൊണ്ട് ആ മൊമന്റോ കുറിയർ വഴി അയച്ചില്ലെന്ന ചോദ്യത്തിന് എല്ലാ പഴുതും അടച്ചുള്ള മൊഴിയാണ് ശിവശങ്കർ നൽകുന്നത്. അതുകൊണ്ട് കൂടിയാണ് ഈ കേസുകളിൽ ഒന്നും മുഖ്യമന്ത്രി പ്രതിയാകാത്തതും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാൻ എത്താത്തതും.

2017ന്റെ തുടക്കത്തിൽ, യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് എത്തിച്ചു നൽകിയ പായ്ക്കറ്റിൽ വിദേശ കറൻസിയാണെന്നു യുഎഇ കോൺസുലേറ്റിൽ നടത്തിയ എക്‌സ്‌റേ പരിശോധനയിൽ കണ്ടതായി പി.എസ്. സരിത്തിന്റെ മൊഴിയുണ്ടല്ലോ? സ്വപ്നയും സമാനമായ മൊഴിയാണു നൽകിയിരിക്കുന്നത്. ?

എം. ശിവശങ്കർ: 'മുഖ്യമന്ത്രിക്കു വേണ്ടി യുഎഇയിലേക്ക് യുഎഇ കോൺസുലേറ്റ് പ്രതിനിധിയുടെ കയ്യിൽ കൊടുത്തയച്ച പായ്ക്കറ്റുകളിൽ, കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുപയോഗിച്ച് ആർട്ടിസ്റ്റ് പ്രത്യേകം ഡിസൈൻ ചെയ്ത മെമെന്റോകളായിരുന്നു. മുഖ്യമന്ത്രിയും സംഘവും യാത്രതിരിക്കും മുൻപ് ഒരു മെമെന്റോ മാത്രമാണു പൂർത്തിയായിരുന്നത്. മനോഹരമായ മെമെന്റോ ആയിരുന്നു ഇത്. ബാക്കിയുള്ള മൂന്നോ നാലോ മെമെന്റോകൾ എങ്ങനെ എത്രയും പെട്ടെന്നു യുഎഇയിലെത്തിക്കാമെന്ന് ആലോചിച്ചപ്പോഴാണു കോൺസൽ ജനറലിന്റെ സഹായവാഗ്ദാനം ഓർമ വന്നത്.

മുഖ്യമന്ത്രിയുടെ കയ്യിൽ അടിയന്തരമായി എത്തേണ്ട, മെമെന്റോകൾ കുറിയർ വഴി അയയ്ക്കുന്നതും ഏതെങ്കിലും യാത്രക്കാരന്റെയോ കയ്യിൽ കൊടുത്തുവിടുന്നതും ശരിയല്ല. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥന്റെ കൈയിൽ കൊടുത്തയക്കാമെന്നു വച്ചാൽ, നടപടിക്രമങ്ങൾ നീളും. കോൺസുലേറ്റ് വഴിയാകുമ്പോൾ ഈ തലവേദനകളൊന്നുമില്ല. തീരുമാനം ഉദ്യോഗസ്ഥരെല്ലാം ചേർന്നെടുത്തതാണ്. കോൺസുലേറ്റിൽനിന്ന് ആരാണു മെമെന്റോ യുഎഇയിലെത്തിച്ചതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തുടങ്ങുന്നതിനു മുൻപുതന്നെ മെമെന്റോകൾ കേരള സംഘത്തിന്റെ കയ്യിലെത്തി.'

ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണം യൂണിടാക്കിനെ ഏൽപിക്കാൻ വേണ്ടി ഇടപെടലുകൾ നടത്തിയതായും ഇതിനുള്ള പ്രതിഫലമായാണ് ഒരു കോടി രൂപയുടെ കോഴ താങ്കൾക്കു ലഭിച്ചതെന്നുമുള്ള പി.എസ്. സരിത്തിന്റെ മൊഴിയെപ്പറ്റി എന്താണു പറയാനുള്ളത്?

എം. ശിവശങ്കർ: കോഴയെപ്പറ്റിയോ സ്വപ്നയുടെ ലോക്കറിൽനിന്നു പിടികൂടിയ ഒരു കോടി രൂപയെ പറ്റിയോ ഒന്നുമറിയില്ല. മുൻ കോൺസൽ ജനറൽ ആവശ്യപ്പെട്ടതു പ്രകാരമാണു ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടു കോൺസുലേറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ആ യോഗത്തിൽ പങ്കെടുത്തുവരിൽ, മുൻ കോൺസൽ ജനറലിനെ മാത്രമാണു പരിചയമുണ്ടായിരുന്നത്. അന്നത്തെ യോഗത്തിൽ പക്ഷേ, സ്വപ്നയോ സരിത്തോ പങ്കെടുത്തിട്ടില്ല. യൂണിടാക്കിനെ കരാറുകാരായി ഒരു പദ്ധതിയിലേക്കും ശുപാർശ ചെയ്തിട്ടില്ല. ഒരു കമ്പനിയുടെ പേര് വന്നപ്പോൾ, ആ കമ്പനി സർക്കാരിന്റെ കരിമ്പട്ടികയിലില്ലാത്തതാണെന്നു പരിശോധിച്ചു പറഞ്ഞു കൊടുത്തിട്ടുണ്ട്. മറ്റൊരു വിവരവും കൈമാറിയിട്ടില്ല. അതിനപ്പുറം ആ കമ്പനിയുടെ ആധികാരികതയെ പറ്റി ഒന്നുമറിയില്ല.

ലൈഫ് മിഷൻ പദ്ധതിയുമായി ശിവശങ്കറിനെന്താണു ബന്ധം?

എം. ശിവശങ്കർ: ലൈഫ് മിഷൻ വേറെത്തന്നെയൊരു പദ്ധതിയാണ്. ലൈഫ് മിഷന്റെ സിഇഒയുമായും ഉന്നത ഉദ്യോഗസ്ഥരുമായും പദ്ധതിയുടെ നിരീക്ഷണം, മാർഗനിർദ്ദേശം നൽകൽ എന്നിവയ്ക്കായി അടുത്തിടപെടാറുണ്ട്. ലൈഫ് മിഷന്റെ രൂപരേഖ തയാറാക്കിയതു ഞാനാണ്. ഇടയ്ക്ക് സിഇഒ സ്ഥാനം വഹിച്ചിട്ടുമുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ കോർപറേറ്റ് സ്‌പോൺസർഷിപ്പ് വഴിയും നിർമ്മാണം നടത്താറുണ്ട്. സ്ഥലവും കെട്ടിടവും സ്‌പോൺസർതന്നെ നൽകുകയാണെങ്കിൽ ഭൂമി ഏറ്റെടുക്കും. വീടു നൽകാൻ മാത്രമാണു സ്‌പോൺസർ തയ്യാറെങ്കിൽ, സർക്കാരിന്റെ സ്ഥലത്തു വീടു വച്ചു നൽകാൻ സ്‌പോൺസർക്ക് അനുമതി നൽകും. സ്‌പോൺസറുടെ ഭൂമിയിലോ സർക്കാർ ഭൂമിയിലോ വീടുവയ്ക്കാൻ സ്‌പോൺസർ തയാറായാൽ 3 ഓപ്ഷനുകളാണുള്ളത്. തുക സർക്കാരിലടയ്ക്കുക. കരാറുകാരനെ ലൈഫ് മിഷൻ കണ്ടെത്തും.

സർക്കാർ എംപാനൽ ചെയ്ത നിർമ്മാണ കരാറുകാരിലൊരാളെ സ്‌പോൺസർ തിരഞ്ഞെടുക്കുകയും കരാർ നൽകുകയുമാണു രണ്ടാമത്തെ വഴി. കരാറുകാരനെ സ്‌പോൺസർ തന്നെ തീരുമാനിക്കുകയും നിർമ്മാണ നിലവാരം ലൈഫ് മിഷൻ വിലയിരുത്തുകയും ചെയ്യുകയെന്നതാണു മൂന്നാമത്തെ ഓപ്ഷൻ. ഈ ഓപ്ഷൻ സ്വീകരിക്കുന്നവരെ സഹായിക്കാനായി ജില്ലാ തലത്തിൽ പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൽറ്റൻസികളെ നിയോഗിച്ചിട്ടുണ്ട്.

സർക്കാരോ ലൈഫ് മിഷനോ ആണു വീടുകളും കെട്ടിടങ്ങളും നിർമ്മിക്കാൻ പണം ചെലവിടുന്നതെങ്കിൽ ടെൻഡർ നടപടികളിലൂടെയാണു നിർമ്മാണ കരാറുകാരെ തീരുമാനിക്കുക. സ്‌പോൺസർ നേരിട്ടു നിർമ്മിക്കുന്നതാണെങ്കിൽ, ലൈഫ് മിഷൻ എംപാനൽ ചെയ്ത പട്ടികയിൽ നിന്നുള്ളതോ അല്ലാത്തതോ ആയ ഏജൻസികളെ സ്‌പോൺസർക്കു തീരുമാനിക്കാം. എംപാനൽ പട്ടികയിൽ ഏതൊക്കെ ഏജൻസികളാണുള്ളതെന്നു ലൈഫ്മിഷനു മാത്രമേ അറിയൂ.

യൂണിടാക്കിനെ തീരുമാനിച്ചതാര്?

എം. ശിവശങ്കർ: യൂണിടാക്കിനെ നിർമ്മാണം ഏൽപിച്ചതു യുഎഇ കോൺസുലേറ്റാണ്. നിർമ്മാണ ഏജൻസിയെ തീരുമാനിക്കാൻ സ്‌പോൺസർമാരായ റെഡ് ക്രസന്റ്, യുഎഇ കോൺസുലേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. നിർമ്മാണം സംബന്ധിച്ചു റെഡ്ക്രസന്റും യൂണിടാക്കും തമ്മിൽ 2019 ജൂലൈയിൽ ധാരണാപത്രം ഒപ്പിട്ടതായി അറിയാം. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ എന്നെ വന്നുകണ്ടിരുന്നു.

ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നും ബിൽഡിങ് പെർമിറ്റ്, വൈദ്യുതി കണക്ഷൻ, ശുദ്ധജല കണക്ഷൻ, വീടുകളുടെ നമ്പറിടൽ തുടങ്ങിയവയ്ക്കുള്ള അനുമതി വൈകുമോയെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. ലൈഫ് മിഷൻ സിഇഒ, അനുമതികളെല്ലാം യഥാസമയം ലഭ്യമാക്കാനുള്ള നടപടിയെടുക്കുമെന്നാണു മറുപടി നൽകിയത്. ലൈഫ് മിഷൻ സിഇഒയെ നേരിട്ടു കാണാനുള്ള അവസരം ഒരുക്കിക്കൊടുത്തിരുന്നു. അത്യാവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാനും പറഞ്ഞു.

യൂണിടാക്കിനെ നിർമ്മാണ കരാറുകാരായി തീരുമാനിച്ചതു ശിവശങ്കറാണോ?

എം. ശിവശങ്കർ: യൂണിടാക്കിനെ അതുവരെ അറിയുമായിരുന്നില്ല. അവരെ നിർമ്മാണം ഏൽപിക്കണമെന്ന് ആരോടും ശുപാർശ ചെയ്തിട്ടുമില്ല. തങ്ങൾ തന്നെ നിർമ്മാണ മേൽനോട്ടം നിർവഹിക്കാമെന്നു കോൺസുലേറ്റ് തീരുമാനിച്ചപ്പോൾ, അവർ നിശ്ചയിച്ച കമ്പനി സർക്കാരിന്റെ കരിമ്പട്ടികയിൽ പെട്ടതല്ലെന്ന് ഉറപ്പുവരുത്തിയതല്ലാതെ മറ്റൊരു ഇടപെടലും നടത്തിയിട്ടില്ല.

റെഡ് ക്രസന്റ് പ്രതിനിധികളെ നേരിട്ടു കണ്ടിരുന്നോ?

എം. ശിവശങ്കർ: കോൺസൽ ജനറലിന്റെ ആവശ്യപ്രകാരം, യുഎഇ കോൺസുലേറ്റിൽ വച്ച് റെഡ് ക്രസന്റ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2019ന്റെ ആദ്യപകുതിയിലായിരുന്നു ഇത്. ആരൊക്കെയാണു പ്രതിനിധി സംഘത്തിലുണ്ടായിരുന്നതെന്നറിയില്ല. മൂന്നോ നാലോ പേരുണ്ടായിരുന്നു. ചില കോൺസുലേറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺസൽ ജനറലിനെ മാത്രമാണു പരിചയമുണ്ടായിരുന്നത്. പ്രതിനിധികൾ അറബ് വേഷത്തിലായിരുന്നു.

എന്ത് അധികാരത്തിലാണ്, കോൺസുലേറ്റിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തത്?

എം. ശിവശങ്കർ: ലൈഫ്മിഷനുമായി ബന്ധപ്പെട്ട സർക്കാരിന്റെ നയങ്ങൾഅറിയുന്നതിനുള്ള കൂടിക്കാഴ്ചയെന്ന നിലയിലാണു കോൺസുലേറ്റിൽ ചെന്നത്. ഒരു മോഡൽഹൗസിങ് പ്രോജക്റ്റ് ആക്കാൻ കഴിയുമോയെന്ന കാര്യം നോക്കാമെന്നു പറഞ്ഞപ്പോൾ, മുഖ്യമന്ത്രി അംഗീകരിക്കുകയും എന്താണ് അവർ ചെയ്യാനുദ്ദേശിക്കുന്നതെന്നു വ്യക്തമായി മനസ്സിലാക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു.

പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഏകോപനച്ചുമതലയുള്ളയാളെന്ന നിലയിലാണു പങ്കെടുത്തത്. ഇതിനായി മുഖ്യമന്ത്രിയിൽനിന്നു വാക്കാൽ അനുമതി നേടിയിരുന്നു. റെഡ്ക്രസന്റിന്റെ ഒന്നോ രണ്ടോ പ്രതിനിധികളും കോൺസൽ ജനറലും ചില കോൺസുലേറ്റ് ഉദ്യോഗസ്ഥരുമാണു കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കോൺസൽ ജനറൽ ഒഴിച്ചുള്ള ആരെയുമറിയില്ല. ലൈഫ് മിഷൻ പദ്ധതിയിൽ റെഡ് ക്രസന്റിന്റെ സഹായം ഉറപ്പാക്കിയെന്നതാണു യോഗത്തിന്റെ നേട്ടം.

ഉന്നത പദവി വഹിക്കുന്ന താങ്കൾ, വ്യക്തമായി പരിചയമില്ലാത്ത ആളുകളുമായി കൂടിക്കാഴ്ചകളിൽ പങ്കെടുക്കാമോ?

എം. ശിവശങ്കർ: ഉന്നത വ്യക്തികൾ വിളിക്കുന്ന കൂടിക്കാഴ്ചകളിൽ പങ്കെടുക്കാറുണ്ട്. പ്രത്യേകിച്ച് ആവശ്യമുണ്ടെങ്കിലേ അതിൽ പങ്കെടുക്കുന്ന എല്ലാവരുടെയും വിശദാംശങ്ങൾ ചോദിക്കാറുള്ളൂ. കോൺസൽ ജനറൽ വിളിച്ചതിനാലും കൂടിക്കാഴ്ചയുടെ തുടർച്ച കോൺസൽ ജനറൽ വഴിയേ ഉണ്ടാവൂ എന്നതിനാലുമാണു പങ്കെടുത്തത്. സരിത്തോ സ്വപ്നയോ യോഗത്തിൽ പങ്കെടുത്തിട്ടില്ല.

യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രിയെ അറിയുമോ?

എം. ശിവശങ്കർ: യുഎഇ കോൺസുലേറ്റിലെ മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയെ മാത്രാണു പരിചയം.

സന്തോഷ് ഈപ്പനുമായുള്ള പരിചയം?

എം. ശിവശങ്കർ: ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടാണു സന്തോഷ് ഈപ്പനെ കണ്ടത്. ടെക്‌നോപാർക്കിൽ ഒരു കെട്ടിട നിർമ്മാണ പദ്ധതിയിൽ സന്തോഷ് ഈപ്പൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ടെക്‌നോപാർക്ക് സിഇഒയെ കാണാനാണു ഞാൻ ആവശ്യപ്പെട്ടത്. ടെക്‌നോപാർക്ക് അധികൃതർ താൽപര്യം പ്രകടിപ്പിക്കാതായതോടെ, ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

സ്വപ്നയുമായി എന്താണു ബന്ധം?

എം. ശിവശങ്കർ: സ്വപ്നയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. 2017 മുതൽ, ആഴ്ചയിലൊരിക്കലെങ്കിലും അവരുടെ വീട്ടിൽ ഡിന്നറിനു പോകും. തുടക്കത്തിൽ സ്വപ്നയും കുടുംബവും മാത്രമാണുണ്ടായിരുന്നത്. പിന്നീട്, മറ്റുള്ളവരും വന്നു തുടങ്ങി. സരിത്തിനെ ശരത് എന്നാണു വിളിച്ചിരുന്നത്. പിന്നീടാണു സന്ദീപ് നായർ വന്നത്. സരിത്തും ആതിരയും സന്ദീപും സഹപാഠികളായിരുന്നുവെന്നാണു സ്വപ്ന പറഞ്ഞിരുന്നത്. സ്വപ്നയുടെ അപ്പാർട്‌മെന്റിൽ വച്ച് നാലോ അഞ്ചോ തവണ സന്ദീപിനെ കണ്ടിട്ടുണ്ട്. സരിത്തിന്റെ വിവാഹമോചന കേസ് നടത്തുന്ന ഒരു അഭിഭാഷകനും ഇവിടെയെത്താറുണ്ടായിരുന്നു. ഇയാളെ നേരിട്ടു കണ്ടിട്ടില്ല.

രണ്ടു മൂന്നു തവണ 25,000 രൂപ, 35,000 രൂപ എന്നിങ്ങനെ സ്വപ്നയ്ക്കു കടം കൊടുത്തിരുന്നു. യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോൾ സ്വപ്നയ്ക്കു ടിപ്‌സ് ലഭിക്കുമായിരുന്നു. ജമാൽ ഹുസൈൻ അൽസാബിയുടെ ചില രഹസ്യ ഇടപാടുകൾ അറിയുന്നതിനാലാണു തന്നെ ജോലിയിൽ നിന്നു നീക്കം ചെയ്തതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. പുതിയ കോൺസൽ ജനറൽ വന്നാൽ, ഈ രഹസ്യങ്ങൾ അയാളുടെ ചെവിയിലെത്തുമെന്നു ജമാൽ ഹുസൈൻ അൽസാബി ഭയന്നിരുന്നു. യുഎഇ കോൺസുലേറ്റ് വിടുമ്പോൾ, തനിക്കു പണം ലഭിച്ചതായി സ്വപ്ന പറഞ്ഞിട്ടുണ്ട്. പക്ഷേ തുകയെത്രയാണെന്നറിയില്ല. കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായ ഖാലിദാണു തുക നൽകിയതെന്നുമറിയാം. ഒരു കാറും ആ സമയത്തു സ്വപ്ന വാങ്ങിയിരുന്നു.

സ്വപ്നയുടെ 2 ലോക്കറുകളിൽ നിന്ന് എൻഐഎ പിടിച്ചെടുത്ത ഒരു കോടിയോളം രൂപ താങ്കൾക്കുള്ള കോഴപ്പണമെന്നാണു സരിത്തിന്റെയും സ്വപ്നയുടെ മൊഴി.?

എം. ശിവശങ്കർ: സ്വപ്ന എന്റെ അടുത്ത സുഹൃത്താണ്, കൂട്ടുകക്ഷിയല്ല. അവരെന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നറിയില്ല. ലോക്കറിൽ സൂക്ഷിക്കാനായി അവർക്കു പണം നൽകിയിട്ടില്ല. എനിക്കു വേണ്ടി ഏതെങ്കിലും ലോക്കറിൽ അവർ പണം സൂക്ഷിച്ചതായി അറിവില്ല. തന്റെ പേരിലുള്ള കുറ്റം ഒഴിവാക്കാനായി മറ്റുള്ളവരുടെ പേരു പറയുന്നതാകാം. സ്വപ്നയും വേണുഗോപാലും ചേർന്ന് 2018ൽ എസ്‌ബിഐയിൽ ലോക്കർ തുടങ്ങിയതായി അറിയാം. 2019 ഏപ്രിൽ, മെയ്‌ മാസങ്ങളോടെ ലോക്കറിലെ പണം സ്ഥിരനിക്ഷേപത്തിലേക്കു മാറ്റി ലോക്കർ കാലിയാക്കിയതായാണ് അറിവ്. മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുകളോ ലോക്കറുകളോ സ്വപ്നയ്ക്കുള്ളതായി അറിയില്ല. എൻഐഎ പിടിച്ചെടുത്ത പണം എന്റേതാണെന്നു സ്വപ്ന ഇതുവരെ എന്നോടു പറഞ്ഞിട്ടില്ല.

ലോക്കറിന്റെ രഹസ്യം?

എം. ശിവശങ്കർ: ലോക്കർ തുറക്കുന്നതിനായി സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടിന്റിനു പരിചയപ്പെടുത്തിയിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നു ലഭിച്ച തുക, കുട്ടികളുടെ പേരിൽ സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായാണറിഞ്ഞിരുന്നത്. സ്വപ്ന കോൺസുലേറ്റ് വിട്ടുവെങ്കിലും കോൺസൽ ജനറൽ സ്ഥലം മാറിപ്പോയില്ല. മറ്റാരെയും ലഭിക്കാത്തതിനാലാണു സ്വപ്നയെ കോൺസൽ ജനറൽ വീണ്ടും ചില ജോലികൾ ഏൽപിച്ചത്. ഖാലിദ് എന്നയാളാണു പണം നൽകിയതെന്നു സ്വപ്ന പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നു പിരിയുമ്പോൾ, സ്വപ്ന മാരുതി എസ്‌ക്രോസ് കാർ വാങ്ങിയതായും അറിയാം.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചറിലെ സ്വപ്നയുടെ നിയമനത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടോ?

എം. ശിവശങ്കർ: സ്വപ്നയെ കെഎസ്‌ഐടിഐഎല്ലിൽ സ്ഥിരമായി നിയമിച്ചതല്ല. ഒരു പ്രൊജക്റ്റിൽ ഓപറേഷൻസ് മാനേജരായി, പിഡബ്ല്യുസി വഴി താൽക്കാലികമായി നിയമിച്ചതാണ്. ഒഴിവു വരാനിടയുണ്ടെന്നും അപേക്ഷിക്കണമെന്നും സ്വപ്നയോടു പറഞ്ഞതല്ലാതെ, നിയമനത്തിൽ ഇടപെട്ടിട്ടില്ല.

സ്വർണക്കടത്തു ഗൂഢാലോചനകൾ നടന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ താങ്കൾ ഒരു അപാർട്‌മെന്റ് വാടകയ്‌ക്കെടുക്കാനുണ്ടായ സാഹചര്യം?

എം. ശിവശങ്കർ: വാക്കാലുള്ള കരാറിൽ, വാടകയ്ക്ക് എടുത്തതാണ്. കോവിഡ് കാലത്ത് ഡ്രൈവറെ രാത്രി വരെ നിർത്തേണ്ടെന്നു കരുതിയാണ് ഓഫിസിനു തൊട്ടടുത്തുള്ള ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്.

കോൺസുലേറ്റിലെ കള്ളക്കളിയെ പറ്റി അറിവുണ്ടായിരുന്നോ?

എം. ശിവശങ്കർ: കൺസുലേറ്റിലെ ഉദ്യോഗസ്ഥർ സൗന്ദര്യവർധക വസ്തുക്കളും മറ്റും കള്ളക്കടത്തു നടത്തി ബീമാപള്ളിയിൽ വിൽക്കുന്ന കാര്യം സ്വപ്ന പറഞ്ഞിരുന്നു. കോൺസൽ മാങ്ങ തിന്നുന്നു എന്നാണ് ഇതിന്റെ കോഡ്.

കള്ളപ്പണം വെളുപ്പിക്കാൻ സ്വപ്ന സഹായം തേടിയിരുന്നോ?

എം. ശിവശങ്കർ: കള്ളപ്പണം വെളുപ്പിക്കണമെന്നൊന്നും ആവശ്യപ്പെട്ടിട്ടില്ല. കോൺസുലേറ്റിൽനിന്ന് 20 ലക്ഷത്തോളം രൂപ ലഭിച്ചതായും അതു നൽകിയ നയതന്ത്ര ഉദ്യോഗസ്ഥൻ, പണം കുട്ടികളുടെ പേരിൽ സ്ഥിരനിക്ഷേപമിട്ട ശേഷം രശീതി അയാളെ കാണിക്കണമെന്ന് ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു. ഷാർജ ഭരണാധികാരിയും ഭാര്യയും സ്വപ്നയ്ക്ക് 20,000 ഡോളർ, 25,000 ഡോളർ വീതം ടിപ് നൽകിയതായി അറിയാം. യുഎഇയിൽനിന്നുള്ള വിഐപി സന്ദർശകർ സ്വപ്നയ്ക്കു ടിപ് നൽകാറുണ്ട്. ഈ തുകകൾ ഖാലിദ് എന്ന, കോൺസുലേറ്റ് ഉദ്യോഗസ്ഥനെയാണ് ഏൽപിക്കാറെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്.

നേരായ മാർഗത്തിലൂടെ ലഭിച്ച പണമാണെതന്നാണു തോന്നിയിരുന്നത്. കള്ളപ്പണമാണെന്നു തോന്നിയിരുന്നില്ല. നികുതിയുടെയും മറ്റും കാര്യത്തിൽ ഉപദേശിക്കാൻ എനിക്ക് അറിയാത്തതിനാൽ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. 2018 അവസാനമായിരുന്നു ഇത്. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതു പോലെ, മുഴുവൻ വരുമാനവും നിയവിധേയമായ രീതിയിൽ നിക്ഷേപിക്കുന്നതു സംബന്ധിച്ച് സ്വപ്നയ്ക്ക് ഉപദേശം നൽകാൻ ചാർട്ടേഡ് അക്കൗണ്ടിന്റിനെ കൊണ്ടു സാധിക്കുമെന്നു കരുതി.

34 വർഷമായി സ്വപ്ന ആദായനികുതി അടയ്ക്കുകയോ രേഖകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു കണ്ട ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്മീഷൻ ഇനത്തിലും മറ്റും സ്വപ്നയുടെ വരുമാനം സംബന്ധിച്ച ഒരു കത്ത് കോൺസുലേറ്റിൽ നിന്നു ലഭിക്കുമോയെന്ന് സ്വപ്നയോട് ആരാഞ്ഞു. മുഴുവൻ വരുമാനവും കണക്കിൽ കാണിക്കാനാണു സ്വപ്ന ആഗ്രഹിക്കുന്നതെന്നു കരുതിയാകണം ചാർട്ടേഡ് അക്കൗണ്ടന്റ് ഇങ്ങനെ പറഞ്ഞത്. കണക്കുകൾ മുഴുവൻ ശരിയാക്കാൻ അഞ്ചോ ആറോ മാസമെടുക്കുമെന്നും അടുത്ത 201819, 201920 ധനകാര്യ വർഷങ്ങളിലെ കണക്കിൽ കൊള്ളിക്കാമെന്നും അതുവരെ മക്കളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്താൻ കഴിയില്ലെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് സ്വപ്നയോടു പറഞ്ഞു. ഇതോടെ, പണം എന്തു ചെയ്യണമെന്നായി സ്വപ്ന.

കോൺസുലേറ്റ് ഉദ്യോഗസ്ഥനു തിരിച്ചു കൊടുക്കണോയെന്നും സ്വപ്ന ചോദിച്ചു. ലോക്കറിൽ സൂക്ഷിക്കാനും നികുതിയിളവു കിട്ടുന്ന രീതിയിൽ നിക്ഷേപിക്കാനും ചാർട്ടേഡ് അക്കൗണ്ടന്റാണു സ്വപ്നയ്ക്ക് ഉപദേശം നൽകിയത്. ഇതിനു ശേഷം, മക്കളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്താമെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് സ്വപ്നയെ ഉപദേശിച്ചിരുന്നു. തുടർന്നാണു ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ, അപ്പോഴേക്കും പണം മക്കളുടെ പേരിൽ ഒരു സഹകരണ ബാങ്കിൽ നിക്ഷേപിക്കാമെന്നു സ്വപ്ന തീരുമാനിച്ചിരുന്നു. ഇതാണ്, സ്വപ്നയുടെ ഇടപാടുകളെ പറ്റി അറിയാവുന്നത്.

സ്വപ്ന താങ്കൾക്കു വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയിരുന്നോ?

എം. ശിവശങ്കർ: സ്വപ്നയും കുടുംബവും ചേർന്നു സമ്മാനങ്ങൾ നൽകിയിരുന്നു. 2 വാച്ചുകൾ, ഒരു ലാപ്‌ടോപ്, ഒരു ഐ ഫോൺ എന്നിവയാണു സമ്മാനമായി ലഭിച്ചത്. സ്വപ്ന, ഭർത്താവ് ജയശങ്കർ, മക്കൾ എന്നിവർക്കു ഞാൻ ജന്മദിന സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു.

യൂ ടുക് ദ് മണി ഔട്ട് എന്ന വാട്സാപ് സന്ദേശത്തിനു പിറകിലെന്താണ്?

എം. ശിവശങ്കർ: സ്വപ്നയ്ക്കു ടിപ്‌സും മറ്റുമായി ലഭിച്ച 30 ലക്ഷത്തോളം രൂപ സ്ഥിരനിക്ഷേപവും മറ്റുമായി മാറ്റുന്ന കാര്യം ഏതാണ്ട് പൂർത്തിയായതായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നെ അറിയിച്ചിരുന്നു. ഇതിൽ നിന്നു കുറച്ചു പണം എൽഐസി പോളിസിക്കായി മാറ്റുന്ന കാര്യം സ്വപ്ന ചോദിച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. ഇതേക്കുറിച്ചായിരിക്കണം, ഈ വാട്‌സാപ് മെസേജ്.

സംസ്ഥാന സർക്കാർ പദ്ധതികളെ പറ്റി സ്വപ്നയ്ക്കു വിവരം ചോർത്തിയോ?

എം.ശിവശങ്കർ: പൊതുവായതും എല്ലാവർക്കും ലഭിക്കുന്നതുമായ കാര്യങ്ങൾ മാത്രമേ സ്വപ്നയോടു പറഞ്ഞിട്ടുള്ളു.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു പിടികൂടുന്നതിനു മുൻപ്, സ്വപ്നയ്ക്കു കള്ളക്കടത്തു ബന്ധമുള്ളതായി അറിയാമോ?

എം.ശിവശങ്കർ: ഇല്ല.

2020 ജൂലൈ 5ന് മുൻപ്, സ്വപ്ന മറ്റാരുടെയെങ്കിലും ഫോണിൽനിന്നു രഹസ്യസ്വഭാവമുള്ള എന്തെങ്കിലും കാര്യം പറയുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ?

എം.ശിവശങ്കർ: ഇല്ല.

താങ്കൾ ഐടി സെക്രട്ടറിയായിരിക്കെ കേരളത്തിൽ തുടങ്ങിയ സ്റ്റാർട്ടപ്പുകളിൽ അധികവും യുഎഇ, മിഡിലീസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളതായതെന്തു കൊണ്ട്?

എം.ശിവശങ്കർ: വിദേശങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളധികമില്ല. ഇവിടെനിന്നുള്ള സംരംഭങ്ങൾ യുഎഇ അടക്കമുള്ള ലോകവിപണിയിൽ സാന്നിധ്യമുറപ്പിക്കാൻ ശ്രമിക്കുകയാണ്.

കോൺസൽ ജനറലുമായി ശിവശങ്കർ നടത്തിയ എല്ലാ കൂടിക്കാഴ്ചകളിലും താനും പങ്കെടുത്തിട്ടുണ്ടെന്നാണല്ലോ സ്വപ്നയുടെ മൊഴി?

എം.ശിവശങ്കർ: ലൈഫ് മിഷൻ സംബന്ധിച്ചു കോൺസുലേറ്റിൽ നടന്ന യോഗത്തിൽ സ്വപ്ന പങ്കെടുത്തിട്ടില്ലെന്നുറപ്പാണ്. കോൺസൽ ജനറലുമായി അദ്ദേഹത്തിന്റെ ഓഫിസിൽ നടന്ന മറ്റു കൂടിക്കാഴ്ചകളും നേരിട്ടായിരുന്നു. ലൈഫ് മിഷൻ സംബന്ധിച്ച യോഗത്തിൽ സ്വപ്ന പങ്കെടുത്തിട്ടില്ലെന്നു തന്നെയാണു ബലമായ വിശ്വാസം. അറബ്‌ േവഷത്തിലുള്ള പുരുഷന്മാർ മാത്രമാണു യോഗത്തിനുണ്ടായിരുന്നത്. സ്വപ്നയുടെ സാന്നിധ്യം ആവശ്യമുള്ളപ്പോഴെല്ലാം കോൺസൽ ജനറൽ പ്രത്യേകമായി വിളിച്ചു വരുത്തുകയായിരുന്നു.

മുഖ്യമന്ത്രിയും കോൺസൽ ജനറലും തമ്മിലുള്ള അനൗദ്യോഗിക ബന്ധത്തെ പറ്റി?

എം.ശിവശങ്കർ: അനൗദ്യോഗിക ബന്ധമൊന്നുമില്ല. മുഖ്യമന്ത്രിയെ കാണേണ്ട കാര്യമുണ്ടെങ്കൽ സ്വപ്ന മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വിളിച്ച്, കൂടിക്കാഴ്ചയ്ക്കു സമയം ചോദിക്കുകയാണു പതിവ്. മുഖ്യമന്ത്രിയുടെ ഓഫിസിലാണ് ആദ്യമൊക്കെ കൂടിക്കാഴ്ച നടന്നത്. പിന്നീടു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും കൂടിക്കാഴ്ചകൾ നടന്നു. 34 മാസത്തിലൊരിക്കൽ കൂടിക്കാഴ്ച നടന്നുവെന്നു പറയാം. അപ്പോഴൊക്കെ സ്വപ്ന കോൺസൽ ജനറലിന്റെ കൂടെയുണ്ടായിരുന്നു. യുഎഇ ദേശീയദിനം, ഇഫ്താർ, യുഎഇയിൽ നിന്നുള്ള വിവിഐപികളുടെ സന്ദർശനം തുടങ്ങിയകാര്യങ്ങളിൽ ക്ഷണിക്കാനായിരുന്നു ഈ കൂടിക്കാഴ്ചകൾ.

സരിത്ത് അടങ്ങുന്ന സംഘം കള്ളക്കടത്തു നടത്തുന്നതായി വിവരം ലഭിച്ചിട്ടു പോലും, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ താങ്കൾ അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചില്ല?

എം.ശിവശങ്കർ: നിയമവിരുദ്ധമായ പ്രവർത്തനം നടക്കുന്നതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ല. ചില തരികിടകൾ നടക്കുന്നതായി സ്വപ്ന പറഞ്ഞിട്ടുണ്ടെന്നു മാത്രം. കോൺസുലേറ്റ് മറ്റൊരു രാജ്യമാണ്. അതിൽ ഇടപെടാനും തിരുത്താനുമൊക്കെ നേരിയ അവസരം പോലുമില്ല. നമ്മുടെ സുഹൃത്തുക്കൾക്ക് അപകടം വരാതെ നോക്കാനേ കഴിയൂ. അതുകൊണ്ടാണു സ്വപ്നയോടു മറ്റു ജോലി അന്വേഷിക്കാൻ നിർബന്ധിച്ചിരുന്നത്. കോൺസുലേറ്റിൽ ഓരോദിവസവും എന്താണു നടക്കുന്നതെന്നു ചികയാൻ താൽപര്യമുണ്ടായിരുന്നില്ല. സരിത്തിനു കള്ളക്കടത്തുകാരായ സുഹൃത്തുക്കളുണ്ടെന്ന് 2020 ഏപ്രിൽ, മേയിലാണു വിവരം കിട്ടിയത്. അപ്പോൾ തന്നെ അക്കാര്യം സ്വപ്നയെ അറിയിക്കുകയും ചെയ്തു.

2017ൽ കേരളം സന്ദർശിക്കുന്നതിനിടെ, ഔദ്യോഗിക പരിപാടികളിലോ ഔദ്യോഗിക വിരുന്നിലോ അല്ലാതെ ഷാർജ ഭരണാധികാരിയെ ഏതെങ്കിലും രാഷ്ട്രീയ നേതാവ് സന്ദർശിച്ചിരുന്നോ?

എം.ശിവശങ്കർ: ഉദ്യോഗസ്ഥരെ കൂടാതെ, അന്നത്തെ മന്ത്രി കെ.ടി. ജലീലാണു ഷാർജ ഭരണാധികാരിക്കൊപ്പം മുഴുവൻ സമയവുമുണ്ടായിരുന്നത്.

മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഷാർജ ഭരണാധികാരിയെ സന്ദർശിച്ചിരുന്നോ?

എം.ശിവശങ്കർ: മുഖ്യമന്ത്രി ഒരുക്കിയ അത്താഴ വിരുന്നിൽ, പി.ശ്രീരാമകൃഷ്ണൻ പങ്കെടുത്തിരുന്നു. ഇതിനു പുറമെ വല്ല കൂടിക്കാഴ്ചയും നടന്നതായി അറിയില്ല. അതിനു സാധ്യത കുറവാണ്.

പി. ശ്രീരാമകൃഷ്ണനുമായി താങ്കൾ ഇന്ത്യയ്ക്കു പുറത്തു വച്ചു കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? വിരമിച്ച ശേഷം ഇന്ത്യയ്ക്കു പുറത്തു ജീവിക്കാൻ താങ്കൾ ആലോചിച്ചിരുന്നോ?

എം.ശിവശങ്കർ: ഇല്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP