Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാണക്കാടെ ഇളമുറക്കാർക്ക് വരെ എത്തിക്കുന്ന മാസപ്പടിയിൽ മന്ത്രിയായ ഇബ്രാഹിംകുഞ്ഞ്; ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അനുസ്മരിച്ചു പോകും വിധം സാദിഖലി ശിഹാബ് തങ്ങളും പി.വി.വഹാബുമായി ചില കച്ചവട കരാറുകൾ; ചങ്ങാത്ത മുതലാളിത്തം പാണക്കാട്ടെക്കും: തങ്ങൾ കുടുംബത്തിന് ഒരു വിമർശന കുറിപ്പ്

പാണക്കാടെ ഇളമുറക്കാർക്ക് വരെ എത്തിക്കുന്ന മാസപ്പടിയിൽ മന്ത്രിയായ ഇബ്രാഹിംകുഞ്ഞ്; ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അനുസ്മരിച്ചു പോകും വിധം സാദിഖലി ശിഹാബ് തങ്ങളും പി.വി.വഹാബുമായി ചില കച്ചവട കരാറുകൾ; ചങ്ങാത്ത മുതലാളിത്തം പാണക്കാട്ടെക്കും: തങ്ങൾ കുടുംബത്തിന് ഒരു വിമർശന കുറിപ്പ്

ഖാൻ ഷാജഹാൻ

2006 ലെ തെരഞ്ഞെടുപ്പിൽ 8സീറ്റുകളുടെ പരാജയത്തിൽ നിന്നും 2011ൽ കേവല ഭൂരിപക്ഷത്തിന് യൂ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ 20 എംഎ‍ൽഎ മാരെ നിയമസഭയിൽ എത്തിക്കാൻ മുസ്ലിം ലീഗിനു കഴിഞ്ഞു. കേരളീയ സമൂഹത്തെ വിസ്മയിപ്പിച്ച രാഷ്ട്രീയ വിജയം! ഈ വിജയാലസ്യത്തിൽ ലീഗും അണികളും, മുഴുകുമ്പോൾ പാർട്ടിയുടെ രാഷ്ട്രീയ പരാജയം കൃത്യമായി വിലയിരുത്തുന്നതിൽ നേതൃത്വത്തിന് വലിയ പിഴവു പറ്റി.

യഥാർത്ഥത്തിൽ 2006 ലെ സീറ്റുകളുടെ നഷ്ടത്തിനപ്പുറം മുസ്ലിം ലീഗ് ഉൾക്കൊളേളണ്ട ചില രാഷ്ട്രീയ പാഠങ്ങൾ ഉണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ നിന്നും വെല്ലുവിളിച്ച് ഇറങ്ങി പോയി പാർട്ടിയോട് മത്സരിച്ച ഒരു പ്രഗത്ഭനനും രാഷ്ട്രീയ തട്ടകത്തിൽ നിലനിൽക്കാൻ കഴിയാതെ കളം വിടേണ്ടി വന്നിട്ടുണ്ടെന്ന മുൻകാല ചരിത്രം തിരുത്തി കുറിച്ച ഫലം കൂടി ആയിരുന്നു അത്. 2006 ൽ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ കെ.ടി.ജലീൽ 8724 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കൊടുവള്ളിയിൽ കെ.മുരളീധരൻ പി.ടി.എ.റഹീമിനോട് പതിനായിരത്തോളം വോട്ടുകൾക്കാണ് തോറ്റത്. കോഴിക്കോട്-2 ൽ ഐ.എൻ.എൽ പ്രതിനിധി പി.എം.എ.സലാമും വിജയിച്ചിരുന്നു.

ഈ കൂട്ടത്തിൽ പ്രത്യേക നേതൃത്വ ഗുണം ഒന്നും ഇല്ലെങ്കിലും ലീഗിൽ നിന്നും അടർന്ന ഒരു ഭാഗത്തിന് വൈകിയാണെങ്കിലും നേടിയ നിയമസഭാ അംഗത്വം പി.എം.എ.സലാമിനെ കൂടെ കൂട്ടി ഇല്ലാതാക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞു. സലാമിനെക്കാൾ ലീഗ് അണികളിൽ അംഗീകാരമുള്ള മുസ്ലിം ലീഗിന്റെ സംസ്‌കാരവുമായി ഏറെ ചേർന്ന് നിന്നിരുന്ന കെ.ടി.ജലീലും, പി.ടി.എ.റഹീമും വീണ്ടും വർദ്ധിച്ച ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത് ലീഗിന്റെ മിന്നും ജയത്തിനിടയിൽ തീരെ ഗൗനിക്കപ്പെട്ടില്ല. അഥവാ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പുലർത്തേണ്ട ബൗദ്ധീക ശേഷിഅന്നേ ജീർണ്ണിച്ചു തുടങ്ങിരുന്നുവെന്ന് തുടർന്നുള്ള ദൈനംദിന പ്രവർത്തനങ്ങൾ തെളിയിച്ചു കൊണ്ടിരുന്നു.

വെറും 72 സീറ്റുകൾ കൊണ്ടാണ് യു.ഡി.എഫ് ഭരണത്തലേറിയത് അതിൽ 20 അംഗങ്ങൾ മുസ്ലിം ലീഗേന്റേതും. ആ മന്ത്രിസഭയിൽ അഞ്ച് മന്ത്രിമാർക്കുള്ള എല്ലാ യോഗ്യതയും ലീഗിന് ഉണ്ടായിരുന്നിട്ടും അത് വാങ്ങി എടുത്ത രീതി നാളന്നുവരെ പൊതു സമൂഹത്തിന് മുസ്ലിം ലീഗിനോട് ഉണ്ടായിരുന്ന വിശ്വാസത്തെയാണ് തകർത്തത്. അതിവേഗം ബോധപൂർവം വർഗ്ഗീയ ധ്രുവീകരണം നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ എതിരാളികൾ ഫലപ്രദമായി അത് ഉപയോഗിക്കുക കൂടി ചെയ്തപ്പോൾ അതിന്റെ മാരക പ്രഹരം ലീഗിനെക്കാൾ സമുദായത്തിനാണ് ഏൽക്കേണ്ടി വന്നത്.

നാല് മന്ത്രിമാരുടെ കൈവശമുണ്ടായിരുന്ന വകുപ്പുകൾ അഞ്ച് പേർക്കായി വീതിച്ചു നൽകി. അതിനായി പാർട്ടി നൽകേണ്ടിവന്ന വില വളരെ വലുതായിരുന്നു. കേരളത്തിലെ പൊതു സമൂഹവും, മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശത്രുക്കൾ പോലും ബഹുമാനാദരവോടെ മാത്രം കണ്ടിരുന്ന പാണക്കാട് തങ്ങൾമാരുടെ പാരമ്പര്യത്തെ അപഹാസ്യമാക്കി, മുഖ്യമന്ത്രി ചെയ്യേണ്ട ഭരണഘടന ഉത്തരവാദിത്വമായ മന്ത്രിമാരുടെ വകുപ്പുകളുടെ പ്രഖ്യാപനം അദ്ദേഹത്തെ കൊണ്ട് നടത്തിച്ചു. ലീഗിന്റെ ചരിത്രത്തിൽ ഒരിക്കലും കേട്ടു കേൾവി ഇല്ലാത്ത രീതിയിൽ തങ്ങളെ ഉമ്മൻ ചാണ്ടിയെ കാണാൻ കോട്ടയം ഗസ്റ്റ്ഹൗസിൽ എത്തിച്ച് പാർട്ടിയുടെയും സമുദായത്തിന്റെയും യശസ് തകർത്തു. ഇത്തരം അപഹാസ്യ നാടകങ്ങളുടെ സൂത്രധാരന്മാരായ നേതാക്കളുടെ മുഖത്ത് നോക്കി ഒന്ന് പ്രതികരിക്കാൻ പോലും കഴിയാത്ത വിധം 'പട്ടേലരുടെ തൊമ്മി'മാരായി മറിക്കഴിഞ്ഞിരുന്നു മറ്റ് നേതാക്കൾ.

യഥാർത്ഥത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ 'ഇലപൊഴിയും കാലം' ദേശീയ തലം മുതൽ ആരംഭിച്ച ഘട്ടമായിരുന്നു യു.പി.എ.യുടെ ഒന്നും, രണ്ടും സർക്കാറുകളുടെയും, കേരളത്തിൽ 2011ലെ യു.ഡി.എഫ് സർക്കാറിന്റെയും കാലം. മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റ് ആയിരുന്ന ബനാത്തുവാലയുടെ നിര്യാണത്തോടെ ആ സ്ഥാനത്തേക്ക് അന്നത്തെ സാഹചര്യത്തിൽ എത്തേണ്ടിയിരുന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആയിരുന്നു. അദ്ദേഹം അത് ആഗ്രഹിക്കുകയും ചെയ്തു. പക്ഷെ കേന്ദ്രവും, കേരളവുമായി തിരിച്ച് കച്ചവട മാപ്പ് വരച്ചവരുടെ ലക്ഷ്മണ രേഖകൾ താണ്ടാൻ സംഘടനക്കു പ്രാപ്തിയില്ലായിരുന്നു. ഒരു പക്ഷെ തീരുമാനം മറിച്ചായിരുന്നെങ്കിൽ ഇന്ന് ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

മുതലാളിമാരുടെ പാർട്ടിയാണ് മുസ്ലിം ലീഗെന്ന് പല കോണുകളിൽ നിന്നും ആക്ഷേപം വരാറുണ്ട്. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തന്നെ വലിയ കച്ചവടക്കാരനും സമ്പന്നനുമായിരുന്നു. മാത്രമല്ല ആ കാലത്തെ എണ്ണമറ്റ നേതാക്കൾ വലിയ സമ്പത്തുള്ളവരായിരുന്നു. എന്നാൽ അതൊക്കെ സമുദായത്തിന്റെ അഭിവൃദ്ധിക്കും സംഘടന കെട്ടിപ്പടുക്കാനും ചിലവഴിച്ചവരായിരുന്നു അവർ. 1991 മുതൽ പാർട്ടിക്കുള്ളിൽ പുതിയ രീതികൾ വികസിച്ചു വന്നു. 'ചങ്ങാത്ത മുതലാളിത്തം' എന്നത് പ്രയോഗം മാത്രമല്ല പാർട്ടിക്കുള്ളിൽ നേതാക്കൾ അത് പ്രായോഗികമാക്കി കാണിച്ചു.

91ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ നിന്നും മത്സരിപ്പിച്ചതുകൊല്ലം ജില്ലാ ലീഗ് പ്രസിഡന്റ് എ.യൂനുസ് കുഞ്ഞിനെ ആയിരുന്നു. അദ്ദേഹം സ്ഥിരം തോറ്റിരുന്ന കൊല്ലം ഇരവിപുരം മണ്ഡലത്തിൽ നിന്നു പി.കെ.കെ.ബാവയും മത്സരിച്ച് വിജയിച്ചു. ഇത് വളരെ ഗുണകരവും, മാതൃകാപരവുമായ രാഷ്ട്രീയ തീരുമാനമായി വിലയിരുത്തപ്പെട്ടിരുന്നു. കാരണം മുൻപ് തെക്കുനിന്നുമുള്ള ഗനിക്ക് മലബാറിൽ സീറ്റ് നൽകി വിജയിപ്പിച്ച ചരിത്രവും അതുവഴി തെക്കൻ കേരളത്തിൽ ലീഗ് ശക്തിപ്പെട്ട കീഴ് വഴക്കമുണ്ട്.

എന്നാൽ തെക്കുള്ള മുസ്ലിം ലീഗിന്റെ അണികളും അനുഭാവികളും ഏറെ ആശങ്കയോടെയാണ് ആ തീരുമാനത്തെ കണ്ടത്. അതിന്റെ അർത്ഥവും, നാനാർത്ഥവും യൂനുസ് കുഞ്ഞ് തന്നെ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഇരവിപുരത്ത് നിന്നും വിജയിച്ച പി.കെ.കെ.ബാവ മന്ത്രി ആയപ്പോൾ തെക്കൻ കേരളത്തിന്റെ പ്രാതിനിധ്യം തനിക്കാണ് നൽകേണ്ടതെന്നും താൻ മുപ്പതു ലക്ഷം രൂപയും, മൂന്ന് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിലവും നൽകിയാണ് സീറ്റ് തരപ്പെടുത്തിയത് എന്നും പരസ്യമായി പറഞ്ഞതോടെ ആരും അത് അവിശ്വസിച്ചില്ല. കാരണം തെക്കൻ കേരളത്തിൽനിന്നും പ്രസ്ഥാനത്തിന് ഗുണകരമായ ഒരു സ്ഥാനാർത്ഥിയെ മലപ്പുറത്തേക്കു കണ്ടെത്തേണ്ടിയിരുന്നുവെങ്കിൽ ആദർശ വിശുദ്ധിയും, വൈജ്ഞാനികതയും, വിദ്യാഭ്യാസവും, പ്രസ്ഥാനത്തോട് പ്രതിബദ്ധതയുമൊക്കെയുള്ള ഒരുപിടി നേതാക്കൾ ആ ഭാഗത്ത് അന്നുണ്ടായിരുന്നു. അങ്ങനെയുള്ളവരെ ഒഴിവാക്കി യൂനുസ് കുഞ്ഞിന് നറുക്ക് വീഴാനുള്ള കാരണം അദ്ദേഹത്തിന്റെ നക്ഷത്ര ഹോട്ടലും, അണ്ടി ഫാക്ടറികളുമാണെന്ന സന്ദേശം സമൂഹത്തിൽ വ്യാപിച്ചു. അതോടെ തെക്കൻ മേഖലയിൽ നിന്നും സ്ഥാനാർത്ഥിയെ പരിഗണിച്ചതിന്റെ പേരിൽ പാർട്ടിക്ക് ലഭിക്കേണ്ടിയിരുന്ന ഗുണത്തിന്റെ വിപരീത ഫലമാണ് ഉണ്ടായത്.

പി.കെ.കെ.ബാവ വിജയിച്ച് മന്ത്രി ആയി. ഗണ്യമായ നായർ വോട്ടുകൾ ഉള്ള ഇരവിപുരത്ത് വീണ്ടും ബാവയെ സ്ഥാനാർത്ഥി ആക്കണമെന്ന് അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം മനസിലാക്കി എൻ.എസ്.എസ് പോലും ആവശ്യപ്പെട്ടിട്ടും പാർട്ടിക്ക് അദ്ദേഹത്തെ അവിടെ നിർത്താൻ കഴിഞ്ഞില്ല. പിന്നീട് ഒരിക്കലും ആ സീറ്റ് മുസ്ലിം ലീഗിന് വിജയിക്കാൻ കഴിഞ്ഞിട്ടുമില്ല. എന്നിട്ടും യൂനുസ് കുഞ്ഞിന്റെ അപ്രമാദിത്യം ഇപ്പോഴും തുടരുന്നത് നേതൃത്വത്തിലുള്ള ചങ്ങാത്ത മുതലാളിത്തമാണ്.

എറണാകുളത്ത് ഉയർന്നു വന്നത്ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല. അദ്ദേഹം കുഞ്ഞാലിക്കുട്ടിക്കു പകരം മന്ത്രി ആയപ്പോൾ പത്രങ്ങൾ എഴുതിയത് സുനാമി കാലത്തെ ബിനാമി മന്ത്രി എന്നായിരുന്നു. ഇബ്രാഹിം കുഞ്ഞ് മന്ത്രി ആയതോടെ മുസ്ലിം ലീഗിന്റെ ധാർമ്മിക പതനം മറകളില്ലാതെ പുറത്തുവന്നു. അന്നുവരെ ആർക്കും സംശയമില്ലാത്ത വിശുദ്ധി വകവെച്ച് കൊടുത്തിരുന്ന പാണക്കാട്ടെ കുടുംബത്തിന് മുകളിൽ സംശയത്തിന്റെ കരിനിഴൽ വീണു. എറണാകുളം ജില്ലയിലെ ലീഗിനെ സ്നേഹിക്കുന്ന സാധാരണക്കാരിൽ സാധാരണകാരായ മനുഷ്യർക്ക് നീറുന്ന മനസ്സോടു മാത്രമേ കുഞ്ഞിന്റെ ക്യാമ്പുകളിൽ നിന്നും ഉള്ള പ്രചരണത്തെ കേട്ടു നിൽക്കാൻ കഴിഞ്ഞുള്ളൂ.

പാണക്കാട്ടേക്ക് എത്തിച്ച് കൊടുക്കുന്ന സൗകര്യങ്ങളുടെ നീണ്ട പട്ടികയിൽ പാണക്കാടെ ഇളമുറക്കാർക്ക് വരെ എത്തിക്കുന്ന മാസപ്പടി, കുടുബത്തിലെ സ്ത്രീകൾക്ക് എറണാകുളം അടക്കം വമ്പൻ നഗരങ്ങളിൽ ഷോപ്പിങ് സൗകര്യങ്ങൾ, ഒക്കെ ഉൾപ്പെടുന്നു. അങ്ങനെ കുഞ്ഞ് നിർവഹിച്ചു കൊടുക്കുന്ന കാര്യങ്ങളുടെ പട്ടികയിൽ അതിഭാവുകത്വം ഉണ്ടെന്ന് കരുതിയ സാധുക്കളായ മുഴുവൻ ആളുകളേയും ഞെട്ടിച്ചതും, ഇബ്രാഹിം കുഞ്ഞ് അവകാശപ്പെട്ടതെല്ലാം ശരിവെക്കുന്നതുമായിരുന്നു പിന്നീട് ലീഗ് നേതൃത്വത്തിൽ നിന്നും ഓരോ ഘട്ടത്തിലും ഇബ്രാഹിം കുഞ്ഞിന് വേണ്ടി എല്ലാ ജനാധിപത്യ മര്യാദകളും അവഗണിച്ച് എടുത്ത തീരുമാനങ്ങൾ.

എടുത്തു പറയാത്തക്ക ഒരു യോഗ്യതയോ, നേതൃത്വ ഗുണമോ, സംഘാടക ശേഷിയോ, പാരമ്പര്യ സമ്പത്തിന്റെ പിൻബലമോ ഇല്ലാതെ കാശു വാരിയെറിഞ്ഞ് പ്രായോഗിക രാഷ്ട്രീയത്തിന്റെ സമ്പൂർണ്ണ അഴുക്കുചാലിലൂടെ കടന്നു വന്ന കുഞ്ഞിന്റെ ജീവിതരേഖ കൃത്യമായി അറിയുന്ന നാട്ടുകാർക്കും, പത്രക്കാർക്കുമിടയിൽ ഇബ്രാഹിം കുഞ്ഞും പാണക്കാട് കുടുംബവും തമ്മിലുള്ള അതിരു കവിഞ്ഞ ബന്ധം പാർട്ടിക്കും, പാണക്കാട് കുടുംബത്തിനും അപരിഹാര്യമായ അവമതിപ്പ് ഉണ്ടായി. അതറിയാൻ പാലാരിവട്ടം പാലത്തിന്റെ സമര മുഖത്ത് കേട്ട ഓരോരുത്തരുടേയും പ്രസംഗവും പ്രചരണവും ശ്രദ്ധിച്ചാൽ മതി. നേർക്ക് നേർ പാർട്ടിയേയും, പാണക്കാട് കുടുംബത്തെയും ബാധിക്കും വിധമായിരുന്നു അവ. എന്നിട്ടും ഇബ്രാഹിം കുഞ്ഞിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തങ്ങന്മാർ വരിവരിയായി നിന്നത് 'ഹഖും ബാത്തിലും, സുന്നത്തും, ഫർളും' കൊണ്ടൊന്നുമല്ല. അതാണ് 'ചങ്ങാത്ത മുതലാളിത്തം'

കൊല്ലവും, എറണാകുളവും കടന്ന് മലപ്പുറത്ത് എത്തുമ്പോൾ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തവും അതിലേറെ ഗുരുതരവുമായി മാറുന്നു. കോൺഗ്രസ് ദേശീയ നേതാവായ രാഹുൽ ഗാന്ധി മലപ്പുറത്ത് ഒരു ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം വേദിയിൽ നിന്ന് കൊണ്ട് സദസ്സിലുള്ള കുട്ടികൾ ആർക്കെങ്കിലും തന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ കഴിയുമോ എന്ന് ചോദിച്ചു. ധൈര്യമായി മക്കനയിട്ട മലപ്പുറത്തെ ഒരു സ്‌കൂൾ വിദ്യാർത്ഥിനി മുന്നോട്ടു വന്നു. ഒരു മുന്നോരുക്കവും ഇല്ലാതെ ആ കുട്ടി നടത്തിയ പ്രസംഗ പരിഭാഷ ലോകത്തെ ഞെട്ടിച്ച പ്രകടനമായി. രാഹുൽ ഗാന്ധി മുതൽ അത് കേട്ടും കണ്ടുമിരുന്ന ലക്ഷോപലക്ഷം മലയാളികളും ആ പെൺകുട്ടിയുടെ കഴിവിനെ വാഴ്‌ത്തുകയും, പ്രകീർത്തിക്കയും ചെയ്തു. അതു വൈറലായി നാടെങ്ങും പടർന്നപ്പോൾ, സാധാരണക്കാരനായ ഒരു മൗലവിയുടെ മകൾക്ക് മുൻപരിചയം ഏതുമില്ലാതെ ദേശീയ നിലവാരമുള്ള വിവർത്തനം നടത്താൻ പ്രാപ്തി നൽകിയത് സി.എച്ച് ഈ സമുദായത്തിൽ നടത്തിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലമാണെന്നു മുസ്ലിം ലീഗ് പ്രവർത്തകർ ഊറ്റം കൊണ്ടു.

ആ പ്രസ്താവന യാഥാർഥ്യമായി സ്വീകരിച്ചാൽ മറ്റൊരു ചോദ്യമുണ്ട്.സി.എച്ചിന്റെ വിദ്യാഭ്യാസ വിപ്ലവം കൊണ്ട് ഒരു സ്‌കൂൾ വിദ്യാർത്ഥിനിക്ക് ഇത്രയും തിളക്കമാർന്ന നിലയിൽ അനായാസം ഒരു ദേശീയ നേതാവിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്താൻ കഴിയുന്ന കാലത്ത് സി.എച്ച്.ന്റെ സ്വന്തം പാർട്ടിക്ക് ഇന്ത്യയിലെ ഇരുപത്തി മൂന്ന് കോടി മുസ്ലിംകളുടെ പ്രശ്നങ്ങൾ രാജ്യ സഭയിൽ അവതരിപ്പിക്കാൻ നേരെ ചൊവ്വെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരംഗത്തെ എത്തിക്കാൻ കഴിഞ്ഞോ? ലീഗിനെ പ്രതിനിധീകരിക്കാൻ പി.വി.വഹാബിനെ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളോ?

ഇന്ത്യൻ ചരിത്രത്തിൽ ത്രസിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ മുസ്ലിം രാഷ്ട്രീയം വിവരിക്കുന്ന ഇടങ്ങളിലുണ്ട്. 'എന്റെ സമുദായത്തിന് ഒരു കോടിക്ക് ഒരു മിനിട്ട് വച്ച് അനുവദിച്ചാലും ആ അരമണിക്കൂർ കൊണ്ട് പറഞ്ഞവസാനിപ്പിക്കാൻ കഴിയാത്തത്ര കാര്യങ്ങൾ ഞങ്ങൾക്കുണ്ട്' എന്ന മുഹമ്മദലി ജൗഹറിന്റെ പാർലമെന്റിലെ തന്റെ പ്രസിദ്ധമായ പ്രസംഗത്തിൽ പറഞ്ഞതു പോലെ ദിഗന്തങ്ങളിൽ ഇന്നും പ്രകമ്പനം കൊള്ളുന്ന നിരവധി വാഗൈ്വഭവങ്ങൾ. അതൊക്കെ പഴയ കഥകൾ.

വാക്കുകൾ കൊണ്ട് ഇടിത്തീ സൃഷ്ടിച്ച ധീരന്മാരെ സംഭാവന ചെയ്ത ആ സമുദായത്തിന്റെ പിന്മുറക്കാരൻ രാജ്യസഭയിൽ തനിക്ക് സംസാരിക്കാൻ അനുവദിച്ചു കിട്ടിയ അഞ്ചു മിനിട്ടിൽ രണ്ടു മിനിട്ട് മാത്രം തനിക്കു മതിയെന്ന് തീരുമാനിച്ചു ബാക്കി ആം അദ്മി പാർട്ടിക്ക് വേണ്ടി നൽകി 'മാതൃകയായി'. മുസ്ലിം ലീഗിന്റെ രാജ്യസഭ അംഗം ഈ കാര്യത്തിൽ മാത്രമല്ല, എത്ര ഉദാരനാണ് ഈ മനുഷ്യൻ എന്ന് അദ്ദേഹത്തിന്റെ ഡൽഹിയിലെ പ്രവർത്തനങ്ങൾ വലിയിരുത്തിയൽ മനസ്സിലാകും. പേരിനെങ്കിലും മുസ്ലിം ലീഗ് ദേശീയ തലത്തിൽ കൊണ്ടു നടക്കുന്ന എം.എസ്.എഫ്.,യൂത്ത്ലീഗ് ദേശീയ കമ്മിറ്റിയുടെ ചുമതലക്കാരായ കേരളത്തിൽനിന്നും ഉള്ള യുവ നേതാക്കളെ ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളിലും കത്വ പോലെയുള്ള വൈകാരികമായ ഘട്ടങ്ങളിലും ഇടപെടാനും കാരുണ്യ പ്രവർത്തനമുൾപ്പെടെയുള്ള സംഘടനാ കാര്യങ്ങൾ നിർവ്വഹിക്കാനും ചുമതലപ്പെടുത്താറുണ്ട്. ഒട്ടേറെ പേർക്ക് സഹായം നൽകുന്ന പരിപാടികൾ ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന യുവ 'ശിങ്കങ്ങൾ' ക്ക് അന്തിക്കു തലചായ്ക്കാൻ കരോൾ ബാഗ് പോലുള്ള സ്ഥലങ്ങളിലെ ഇടുങ്ങിയ ലോഡ്ജ് മുറികളിൽ ചേക്കേറേണ്ടി വരുന്നു.

അതേസമയം മുസ്ലിം ലീഗ് പാർട്ടിയുടെ എംപിക്ക് ഡൽഹിയിൽ അനുവദിച്ച കൊട്ടാര സമാനമായ വീട് സുരേഷ് ഗോപി. എംപി യുടെ സഹോദരനും സുഹൃത്തുകൾക്കും അടക്കമുള്ള വലിയ സൗഹൃദയ വലയത്തിന് വെടിവട്ടം പറഞ്ഞിരിക്കുന്ന ഇടമാണ്. അവിടെ സംഘടനയുണ്ടാക്കാൻ നടക്കുന്ന പാവങ്ങൾക്ക് പ്രവേശനമില്ല. ഒരു മേനോൻ അവിടുത്തെ മേൽനോട്ട ചാർജ്ജുകാരനായത് എംപി തികഞ്ഞ മതേതര വാദി ആയതിനാലാണ്. ആകെ മുസ്ലിം ലീഗിന് രാജ്യസഭയിലുള്ളത് ഏകാഗംമാണെല്ലോ. അതുകൊണ്ട് ആദ്യം മതേതരത്വം. അല്ലാതെ 'കാക്ക' മാർ നീട്ടി സലാം പറഞ്ഞ് ചാടിക്കയറാതിരിക്കാനുള്ള പ്രതിരോധമൊന്നുമല്ല.

വിശാല വീക്ഷണത്തിന്റെ നിരവധി ഉദാഹരണങ്ങൾ ദിനം പ്രതി അദ്ദേഹത്തിൽ നിന്നും പുറത്തു വരാറുണ്ട്. പക്ഷെ ഈ പാർട്ടി അത് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. ഏറ്റവും ഒടുവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ട്രഷറർ ആയ പി.വി.വഹാബ്, കഴിഞ്ഞ കാൽ നൂറ്റാണ്ടായി മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകൾ തെറ്റാണെന്ന് നിരന്തരം പ്രചരിപ്പിച്ച് നടന്ന ഐ.എൻ.എൽ ന് ഒരിക്കലെങ്കിലും അധികാരത്തിൽ എത്താൻ മൂന്ന് ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ദി ഹിന്ദു പത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഐ.എൻ. എൽ സ്ഥാനാർത്ഥിക്ക് വിജയം അനായാസം ആയിരുന്നില്ല കാരണം ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം മുസ്ലിം ലീഗ് അവിടെ ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചതിനാൽ പൊതു സമൂഹവും, രാഷ്ട്രീയ കേരളവും ഏറെ പ്രതീക്ഷയോടെയാണ് ആ മത്സരത്തെ വീക്ഷിച്ചതും പ്രതീക്ഷിച്ചതും. കാരണം രാഷ്ട്രീയത്തിലെ ആണധികാരങ്ങളുടെ തലപ്പാവ് അഴിച്ചു മാറ്റി ജനാധിപത്യത്തിന്റെ ഔന്നിത്യം ബോധ്യപ്പെടുത്താൻ ശേഷിയുള്ള സ്ഥാനാർത്ഥി ആയിരുന്നു മുസ്ലിം ലീഗിന്റെ അഡ്വ:നൂർബീന റഷീദ്.അവരെ പരാജയപ്പെടുത്താനാണ് അദ്ദേഹം ലക്ഷങ്ങൾ മുടക്കിയത്. എന്നിട്ടും പി.വി.വഹാബ് ഇപ്പോഴും ഉന്നത അധികാര സമിതിയിൽ തുടരുന്നത് എങ്ങനെ എന്ന് ചോദിച്ചാൽ ഊറിച്ചിരിച്ചു കൊണ്ട് തങ്ങന്മാരുടെ മുറ്റത്തെ വിലയേറിയ ആഡംബര കാറുകൾ പി.വി ചൂണ്ടിക്കാണിക്കും കൊടപ്പനക്കൽ ഉമ്മറത്ത് എത്തിയ ചങ്ങാത്ത മുതലാളിത്തം

പി.വി.വഹാബിന് രണ്ടാമൂഴവും രാജ്യസഭ സീറ്റ് നിശ്ചയിച്ച ഉന്നത അധികാര സമിതിയിലെ തീരുമാനം ഒരൊറ്റയാളിന്റെ ഭൂരിപക്ഷത്തിന് അഥവാ താത്പര്യത്തിനായിരുന്നു എന്നു വേണമെങ്കിലും പറയാം. അത് സാദിഖലി തങ്ങളുടെതായിരുന്നു. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും കെ.പി.ഏ.മജീദിന് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും ആ അഭിപ്രായങ്ങൾ എങ്ങനെ അട്ടിമറിക്കപ്പെട്ടു?. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അനുസ്മരിച്ചു പോകും വിധം സാദിഖലി ശിഹാബ് തങ്ങളും പി.വി.വഹാബുമായി ചില കച്ചവട കരാറുകൾ ഒപ്പുവെച്ചു കഴിഞ്ഞെന്ന് മലപ്പുറം അങ്ങാടിയിൽ പോലും അടക്കിപ്പറച്ചിലുകളുണ്ടായി. തുടർന്ന് ഏറെ നാൾ ലീഗ് രാഷ്ട്രീയം പി.വി.ക്കും സാദിഖലി തങ്ങൾക്കും ഇടയിലായി ചുറ്റിത്തിരിഞ്ഞപ്പോൾ ഒരധികാരവുമില്ലാത്ത കാര്യങ്ങളിൽ പോലും അനാവശ്യമായി സാദിഖലി തങ്ങളുടെ ഇടപെടലുകൾ വർദ്ധിച്ചു വന്നു. എല്ലാത്തിലും അദ്ദേഹത്തിനുള്ള കച്ചവട താല്പര്യങ്ങൾ അണികളും, സമൂഹവും തിരിച്ചറിഞ്ഞു.

ഈ സാഹചര്യത്തിൽ മുസ്ലിം ലീഗുമായി തങ്ങന്മാർക്കുള്ള നാഭിനാള ബന്ധം കൂടി അന്വേഷിക്കുകയാണ്. അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു. ഒപ്പം പ്രമുഖ കച്ചവടക്കാരനും. അദ്ദേഹത്തിന് മക്കളുണ്ടായിരുന്നെങ്കിലും അവരാരും രാഷ്ട്രീയത്തിൽ അടുത്തില്ല, അടുപ്പിച്ചുമില്ല. അതിനു ശേഷമാണ് മലപ്പുറത്തെ പാണക്കാട് പൂക്കോയ തങ്ങളെ മുസ്ലിം ലീഗിലേക്ക് കൊണ്ടു വന്നത്. സൗമ്യനുമായ അദ്ദേഹം ഏറെ ജനപ്രീതയുള്ള വ്യക്തിത്വമായിരുന്നു ജീവിത വിശുദ്ധിയും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും, സത്യസന്ധതയും മുസ്ലിം ലീഗിന്റെ വളർച്ചക്കും, അണികളുടെ വിശ്വാസ്യതക്കും ഏറെ ഗുണകരമായിരുന്നു. അദ്ദേഹത്തിന് അന്ന് മൂന്ന് മക്കളുണ്ടായിരുന്നു. ആരേയും രാഷ്ട്രീയത്തിൽ കൊണ്ടു വന്നില്ല. വളരെ കുറഞ്ഞ കാലമെ അദ്ദേഹത്തിന് നേതൃ സ്ഥാനത്ത് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളൂ.

മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ വിദേശ പഠനവും കഴിഞ്ഞ് വീട്ടിൽ എത്തി പഠനവും, എഴുത്തും, മറ്റ് ബൗദ്ധീക മേഖലകളിലുമായി പ്രവർത്തിക്കുന്ന സമയത്താണ് മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റ സമ്മേളനം വന്നത്. പക്ഷെ പൂക്കോയ തങ്ങൾ അന്ന് അസുഖ ബാധിതനായിരുന്നു. എന്നാൽ പുറംലോകം അത് അറിഞ്ഞിരുന്നില്ല. ജില്ലാ സമ്മേളന വേദിയിൽ വെച്ച് ആദ്യമായി സി.എച്ച് ആണ് തങ്ങളുടെ രോഗ വിവരം പരസ്യമായി പറഞ്ഞത്.

'ബഹുമാന്യനായ തങ്ങൾ ഗുരുതരമായ രോഗാവസ്ഥയിലാണ്, അതുകൊണ്ട് ഈ യോഗത്തിൽ പങ്കെടുക്കാനും അദ്ധ്യക്ഷത വഹിക്കാനും അദ്ദേഹത്തിന് കഴിയില്ല. ഈ യോഗത്തിൽ തങ്ങളുടെ പ്രിയപ്പെട്ട മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും' എന്ന് സി.എച്ച് പ്രഖ്യാപിച്ചപ്പോൾ വമ്പൻ കരഘോഷത്തോടെയും ആവേശത്തോടെയുമാണ് ജനം എതിരേറ്റത്. അങ്ങനെ നിർബന്ധിതമായ സാഹചര്യത്തിലാണ് മുഹമ്മദലി ശിഹാബ് തങ്ങൾ നേതൃത്വത്തിൽ എത്തിയത്. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ട് കാൽ നൂറ്റാണ്ടിനും മുകളിൽ സംസ്ഥാന പ്രസിഡന്റ് പദവിയിൽ തുടർന്നു.

അദ്ദേഹത്തിന്റെ വിയോഗ ശേഷം അതേ ശ്രേണിയിൽ പെട്ട ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വത്തിൽ എത്തിയത് അതേപോലെ സൗമ്യനും സത്യസന്ധനും എല്ലാരാലും ബഹുമാന്യനുമായ വ്യക്തിത്വവും ആയതുകൊണ്ടാണ്. എന്നാൽ വർത്തമാന കാലത്ത് ആ കുടുംബത്തിൽ നിന്നും പുറത്തു വരുന്ന വാർത്തകൾ ഒട്ടും ആശ്വാസകരമോ, പ്രതീക്ഷാ നിർഭരവുമല്ല.

മുസ്ലിം ലീഗിന്റെ ഉടമസ്ഥാവകാശം ആ കുടുംബത്തിന് ഉണ്ടെന്ന് ചിലർ ധരിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം സ്വന്തം ജീവനും, ജീവിതവും കൊണ്ട് നിർമ്മിച്ചെടുത്തവർ സ്വപ്നത്തിൽ പോലും നിനക്കാത്ത ദുഷ്ടലാക്ക് ഈ ചിന്തകൾക്കു പിന്നിലുണ്ട്. പാണക്കാട് കുടുംബത്തിൽ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത് വിനയവും, വിശുദ്ധിയും, മൂല്യവത്തായ കാഴ്ചപ്പാടുകളും, നീതി പൂർവ്വമായ പ്രശ്ന പരിഹാരങ്ങളുമാണ്. ആശ്രയിക്കാൻ ഒരു ഇടമാണ്.

നിർഭാഗ്യവശാൽ ഇന്ന് പാണക്കാട് കുടുംബത്തിൽ ഒരോരുത്തരായി 'പട്ടാഭിഷേകത്തിന് ' ഊഴം കാത്തു നിൽക്കുമ്പോഴും ലക്ഷക്കണക്കിനു ജനങ്ങളുടെ ഹൃദയ വികാരം അവർ കാണാതെ പോകുന്നു. മുസ്ലിം ലീഗിന്റെ അണികളും അവരുടെ പ്രതീക്ഷയിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ കൊടപ്പനക്കൽ തറവാടിനും, ലീഗ് സംസ്‌കാരത്തിനും യോജിക്കാത്തതുമാണ്.

ഇന്ന് മുസ്ലിം സമുദായം ആവശ്യപ്പെടുന്നത് , ദാരിദ്ര്യ നിർമ്മാർജനമല്ല, കാരുണ്യ പ്രവർത്തനങ്ങളല്ല, ഫാഷിസ്റ്റ് ഭരണത്തിന്റെ ഈ കെട്ട കാലത്ത് ന്യൂനപക്ഷങ്ങൾക്ക് ഒരു രാഷ്ട്രീയ ബദലാണ് വേണ്ടത്. അതിനുള്ള ശക്തി സമാഹരിക്കണമെങ്കിൽ ത്യാഗ പൂർണ്ണവും, കളങ്കരഹിതവുമായ രാഷ്ട്രീയ നേതൃത്വമാണ് വേണ്ടത്. അല്ലാതെ കുടുംബാധിപത്യം വഴി പരിഹാരം തേടിയാൽ വലിയ ദുരന്തമായിരിക്കും പാർട്ടിയെ കാത്തിരിക്കുന്നത്.

ഇപ്പോൾ പാർട്ടിയിൽ രാഷ്ട്രീയ പ്രവർത്തനംനടക്കുന്നില്ല. പ്രതിസന്ധി കൈകാര്യം ചെയ്യൽ മാത്രമാണുള്ളത് (Crisis Management). അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനറൽ സെക്രട്ടറി തയ്യാറാകുമ്പോൾ പകരം ഒരു സംവിധാനം ഒരുക്കാതിരുന്നത്. സീറ്റ് ലഭിച്ചില്ലെന്ന പേരിൽ രഹസ്യ യോഗം ചേർന്ന് പാർട്ടിക്ക് എതിരെ നീങ്ങുവാൻ തീരുമാനിച്ചവനെ അനുനയിപ്പിക്കാൻ ഉപയോഗിച്ചത് പാർട്ടിയുടെ ജനറൽ സെക്രട്ടറി കസേര തന്നെ. ആരൊക്കെയാണ് മുമ്പ് ആ കസേരയിൽ ഇരുന്നവർ?

കെ.എം. സീതി സാഹിബ്, സി.എച്ച്, സവാൻ കുട്ടി, യു.എ. ബീരാൻ, ബീ.വി.അബ്ദുള്ള കോയ, കൊരമ്പയിൽ അഹമ്മദ് ഹാജി.....
ആ സീറ്റിലാണ് ലീഗിനെതിരെ നാലുപേർ കൂടിയ എല്ലാ ഗ്രൂപ്പുകളിലും കയറിയിറങ്ങിയ ഒരു രാഷ്ട്രീയ വിദൂഷകരത്നത്തെ ഇരുത്തിയത്. ഇതാണ് പ്രശ്ന പരിഹാരം. പൊട്ടി നിൽക്കുന്ന കച്ചവടക്കാരൻ പലിശക്ക് പണം എടുക്കുമ്പോൾ പലിശ പത്തോ പതിനഞ്ചോ ശതമാനം അയിക്കോട്ടെ എന്ന് പറയുന്നവന്റെ മാനസിക അവസ്ഥ.

തിരുത്തുകൾ നിർദ്ദേശിക്കാനും തെറ്റായ പ്രവണതകൾ എതിർക്കാനും ഏതു സമൂഹത്തിലും ആളുണ്ടാകണം. വിമർശനങ്ങൾ ഉൾക്കൊണ്ടു തിരുത്താൻ തയാറുള്ള നേതൃത്വവും വേണം. ഇന്നിപ്പോൾ ആരോടാണ് പരാതി പറയാനും തിരുത്തൽ നിർദ്ദേശിക്കാനും കഴിയുക? അങ്ങനെയൊരു പാർട്ടി ഘടകമോ നേതാവോ ഇല്ലാതായിരിക്കുന്നു. ക്ലാസിൽ നിന്നു മൂത്രമൊഴിച്ച കുട്ടിക്കെതിരെ പരാതി പറയാൻ അവന്റെ വീട്ടിൽ പോയ സ്‌കൂൾ മാഷ് വീടിനുള്ളിൽ നടന്നു മൂത്രിക്കുന്ന അച്ഛനെ കണ്ട് തമ്മിൽ ഭേതം കുട്ടിയാണെന്ന തിരിച്ചറിവിൽ തിരികെ പോയ ഒരു കഥയുണ്ട്. അതുപോലെയാണ് പാർട്ടി നേതൃത്വത്തിന്റെ അവസ്ഥയും.

മുസ്ലിം ലീഗിന്റെ സംഘടനാപരമായ നവീകരണത്തെ സംബന്ധിച്ച് എത് നേതാക്കളോടും, ആശയങ്ങളും ആശങ്കകളും ആർക്കും പങ്കുവയ്ക്കാം അവർ സശ്രദ്ധം കേട്ടിരിക്കും. മറ്റു നേതാക്കളുടെ പിഴവുകൾ തലയാട്ടി സമ്മതിക്കും. പിന്നെയും പഴയ സൗഹൃദത്തോടെ വീണ്ടും അവർ സജീവമാകും. ഈ തുടർ നാടകത്തിന് പകരം മധുസൂദനൻ നായരുടെ നാല് വരി കവിത സമർപ്പിക്കുന്നു.

'തങ്ങളിൽ തങ്ങളിൽ മുഖത്തു തുപ്പും പിന്നെ നമ്മളോന്നന്നു ചൊല്ലും ചിരിക്കും പിണ്ഡം പിതൃക്കൾക്കു വെക്കാതെ കാവിനും പള്ളിക്കുമെന്നെണ്ണിമാറ്റും പിന്നെ അന്നത്തെ അന്നത്തിന് അന്യന്റെ ഭാണ്ഡങ്ങൾ തന്ത്രത്തിലോപ്പിചെടുക്കും'

രാജ്യത്തെ രാഷ്ട്രീയ സ്പന്ദനം തിരിച്ചറിയാൻ ശേഷിയുള്ളവർ ഉണ്ടെങ്കിൽ നാളെയെക്കുറിച്ച് പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ചരിത്ര പാഠങ്ങളിൽ ഒരു അദ്ധ്യായമായി മാത്രം മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP