Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാത്തിരുന്ന് മടുത്ത മരയ്ക്കാർ; ആറാട്ടിന് ഇറങ്ങാനാവാതെ നെയ്യാറ്റിൻകര ഗോപൻ; വൈദ്യുത ചാർജ്ജും നികുതിയും പരിപാലന ചെലവും പിച്ചക്കാരാക്കിയ തിയേറ്റർ ഉടമകൾ; 20,000 കുടുംബങ്ങൾ പെരുവഴിയിൽ; സിനിമ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; ഒടിടിയിലേക്ക് കൂടുതൽ ചിത്രമെത്തും

കാത്തിരുന്ന് മടുത്ത മരയ്ക്കാർ; ആറാട്ടിന് ഇറങ്ങാനാവാതെ നെയ്യാറ്റിൻകര ഗോപൻ; വൈദ്യുത ചാർജ്ജും നികുതിയും പരിപാലന ചെലവും പിച്ചക്കാരാക്കിയ തിയേറ്റർ ഉടമകൾ; 20,000 കുടുംബങ്ങൾ പെരുവഴിയിൽ; സിനിമ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി; ഒടിടിയിലേക്ക് കൂടുതൽ ചിത്രമെത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ടിപിആർ എട്ടിൽ താഴെ ആയാൽ മാത്രമേ സിനിമാ തിയേറ്ററുകൾ തുറക്കൂവെന്നാണ് സർക്കാർ നിലപാട്. വാക്‌സിൻ രണ്ടു ഡോസ് എടുത്തവർക്കായും തിയേറ്റർ മാത്രം തുറക്കില്ല. ഇതോടെ ഇനിയും കുറേ നാളുകൾ തിയേറ്റർ അടച്ചിടേണ്ടി വരുമെന്ന് ഉറപ്പായി. കേരളത്തിലെ കോവിഡ് വ്യാപനം കുത്തനെ ഉയർന്നതോടെ പ്രതിസന്ധി രൂക്ഷമാണെന്ന് തിരിച്ചറിയുകാണ് സിനിമാലോകം.

കോവിഡ് വ്യാപനത്തിനിടെയും മറ്റു പല മേഖലകളും തുറന്നുവെങ്കിലും തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ചു സർക്കാർ അനുകൂല തീരുമാനമെടുത്തിട്ടില്ല. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു പ്രദർശനം നടത്താൻ ഒരുക്കമാണെന്ന നിലപാടിലാണു തിയറ്റർ ഉടമകൾ. 4 പ്രദർശനങ്ങൾ അനുവദിച്ചു തിയറ്ററുകൾ തുറക്കാൻ അനുവദിക്കണമെന്നും അവർ അഭ്യർത്ഥിക്കുന്നു. പറ്റില്ലെന്നാണ് സർക്കാർ നിലപാട്. ഇതോടെ സിനിമാക്കാരെല്ലാം ഒടിടി റിലീസിന്റെ സാധ്യത തേടുകയാണ്.

മോഹൻലാൽ പ്രിയദർശൻ ടീമിന്റെ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഉൾപ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാനുള്ള കാത്തിരിപ്പു തുടങ്ങിയിട്ടു മാസങ്ങളായി. മോഹൻലാലിന്റെ തന്നെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന സിനിമയും പൂർത്തിയായി. ഇതു രണ്ടിനും ഒടിടി റിലീസിനോട് താൽപ്പര്യമില്ല. ബജറ്റാണ് തടസ്സമാകുന്നത്. എന്നാൽ ബാക്കി സിനിമകളെല്ലാം ഒടിടി റിലീസിനുള്ള സാധ്യത തേടുകയാണ്.

കോവിഡ് ഒന്നാം വ്യാപനം ആരംഭിച്ച 2020 ജനുവരി മുതൽ ഈ വർഷം ഏപ്രിൽ വരെയുള്ള ഒന്നര വർഷത്തിനിടെ, രജിസ്റ്റർ ചെയ്തത് 405 പുതിയ ചിത്രങ്ങൾക്കുള്ള ടൈറ്റിലുകൾ. ഇക്കാലയളവിൽ സെൻസർ ചെയ്തു റിലീസിനു സജ്ജമായത് 163 ചിത്രങ്ങൾ. 2020ൽ സെൻസർ ചെയ്തത് 116, ഈ വർഷം 47എണ്ണം.

ചിത്രീകരണത്തിന്റെ പല ഘട്ടങ്ങളിലായി നിർത്തിവച്ചിരിക്കുന്ന ചിത്രങ്ങൾ വേറെയുമുണ്ട്. ചുരുങ്ങിയത് 600 കോടിയിലേറെ രൂപയുടെ നിക്ഷേപമാണു മരവിച്ചത്. വൻ തുക വായ്പയെടുത്തും മറ്റും പൂർത്തിയാക്കിയ ചിത്രങ്ങൾ തിയറ്ററുകളിലെത്തിക്കാൻ കഴിയുന്നില്ല. ഏകദേശം 20,000 ത്തിലേറെപ്പേരുടെ കുടുംബങ്ങളെ പ്രതിസന്ധി ബാധിച്ചു.

തിയറ്ററുകൾ തുറക്കുന്നതിനു സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണു ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്) ആവശ്യപ്പെടുന്നത്. ജീവനക്കാർക്കു കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകണമെന്നും വിനോദ നികുതി പൂർണമായി ഒഴിവാക്കണമെന്നും അവർ അഭ്യർത്ഥിക്കുന്നു. വൈദ്യുതി ഫിക്‌സഡ് ചാർജ് മാർച്ച് മുതൽ ഡിസംബർ 31 വരെ പൂർണമായി ഒഴിവാക്കണമെന്നാണ് മറ്റൊരാവശ്യം.

കഴിഞ്ഞ വർഷം മാർച്ചിൽ കോവിഡ് ആദ്യ വ്യാപനത്തെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറക്കാനായത് ഈ വർഷം ജനുവരി മധ്യത്തോടെ. 50 % സീറ്റുകളിൽ മാത്രമായിരുന്നു കാണികൾക്കു പ്രവേശനം. അപ്പോഴേക്കും കോവിഡ് രണ്ടാം വ്യാപനം ആരംഭിച്ചതോടെ വീണ്ടും തിയറ്ററുകൾ അടഞ്ഞു. വരുമാനം ഇല്ലെങ്കിലും തിയേറ്റർ ഉടമകൾക്ക് ചെലവ് കുറഞ്ഞിട്ടുമില്ല. ഓരോ തിയറ്ററിനും ഏകദേശം ഒന്നര ലക്ഷം രൂപ വരെയാണു പ്രതിമാസ പരിപാലനച്ചെലവ്. ജനറേറ്റർ, എസി, മോട്ടർ, പ്രൊജക്ടർ തുടങ്ങിയവയെല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ അവ തകരാറിലാകും. വൈദ്യുത ചാർജും കെട്ടിട നികുതിയും കൊടുത്ത് മുടിയുകാണ് തിയേറ്റർ ഉടമകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP