Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മഹാരാഷ്ട്രയിൽ ആക്ടീവ് കേസുകൾ 68,018; കേരളത്തിൽ 1,76,478 വൈറസ് ബാധിതരും; പ്രതിദിന രോഗികൾ കുതിച്ചുയരുമ്പോൾ പാളുന്നത് പ്രതിരോധം; ട്രിപ്പിൾ ലോക്ഡൗൺ വാർഡുകളുടെ എണ്ണം ഒരാഴ്ചകൊണ്ട് 266ൽ നിന്ന് 634 ആയി; ഓണം കഴിഞ്ഞാൽ കേരളം പ്രതിസന്ധിയിലേക്ക് തന്നെ

മഹാരാഷ്ട്രയിൽ ആക്ടീവ് കേസുകൾ 68,018; കേരളത്തിൽ 1,76,478 വൈറസ് ബാധിതരും; പ്രതിദിന രോഗികൾ കുതിച്ചുയരുമ്പോൾ പാളുന്നത് പ്രതിരോധം; ട്രിപ്പിൾ ലോക്ഡൗൺ വാർഡുകളുടെ എണ്ണം ഒരാഴ്ചകൊണ്ട് 266ൽ നിന്ന് 634 ആയി; ഓണം കഴിഞ്ഞാൽ കേരളം പ്രതിസന്ധിയിലേക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇങ്ങനെ പോയാൽ കേരളം ഉടൻ അടയ്‌ക്കേണ്ടി വരും. സംസ്ഥാനത്തു ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ വാർഡുകളുടെ എണ്ണം ഒരാഴ്ചകൊണ്ട് 266ൽനിന്ന് 634 ആയി വർധിച്ചു. ടിപിആർ അടിസ്ഥാനത്തിലെ നിയന്ത്രണങ്ങൾ മാറിയിട്ടും കോവിഡ് വ്യാപനം കുറയുന്നില്ല. കൂടുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ ഓണാഘോഷം കഴിയുമ്പോൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ കാര്യങ്ങളെത്തും. സർക്കാരിന്റെ പുതിയ നിയന്ത്രണ തന്ത്രം ഫലിച്ചോ എന്ന് അറിയാൻ ഇനിയും ഒരാഴ്ച എങ്കിലും കാത്തിരിക്കണം. വിലയിരുത്തൽ മറിച്ചായാൽ കേരളം വലിയ ദുരന്തത്തെ തന്നെ അഭിമുഖീകരിക്കേണ്ടി വരും.

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ നിലവിലുള്ളത് 68,018 ആക്ടീവ് രോഗികളാണ്. കേരളത്തിൽ ആക്ടീവ് രോഗികൾ 176478 ആണ്. ഇന്നലെ മഹാരാഷ്ട്രയിലെ പ്രതിദിന രോഗികളുടെ കണക്ക് 5560. കേരളത്തിൽ ഇത് 23,500ഉം. കർണ്ണാടകയും തമിഴ്‌നാടും ആന്ധ്രയും ഒഡീഷയും പോലും രോഗ വ്യാപനത്തെ പിടിച്ചു നിർത്തി. എന്നാൽ കേരളം ഇപ്പോഴും കൈവിട്ട അവസ്ഥയിലാണ് നീങ്ങുന്നത്. രാജ്യത്തെ കോവിഡ് ഹബ്ബായി കേരളം മാറി കഴിഞ്ഞു. ഇതിൽ നിന്ന് പുറത്തുവരാൻ സർക്കാരിന്റെ കൈയിൽ കൃത്യമായ മാർഗ്ഗ നിർദ്ദേശവും ഇല്ല.

കോവിഡ് വ്യാപനമുണ്ടായാൽ, വാർഡ് അടിസ്ഥാനത്തിലല്ലാതെ, ഏതു ചെറിയ പ്രദേശത്തെയും, വീടിനെപ്പോലും മൈക്രോ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കാനാകുംവിധം ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡങ്ങൾ സർക്കാർ പുതുക്കുകിയിട്ടുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന അവസ്ഥയാണ് കോഴിക്കോടും മലപ്പുറത്തും തൃശൂരും എറണാകുളത്തും ഉള്ളത്. അതുകൊണ്ട് തന്നെ രോഗത്തെ പിടിച്ചു കെട്ടാൻ ഈ നിയന്ത്രണങ്ങളിലൂടെ കഴിയില്ലെന്ന അഭിപ്രായവും സജീവമാണ്.

ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്റെ (ഐപിആർ) പുതിയ കണക്കുപ്രകാരമാണ് 87 തദ്ദേശ സ്ഥാപനങ്ങളിലായി 634 വാർഡുകളിൽ ഇന്നലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ഐപിആർ 8നു മുകളിലുള്ള പ്രദേശങ്ങളാണിവ. കഴിഞ്ഞയാഴ്ച 52 തദ്ദേശ സ്ഥാപനങ്ങളിലായി ഐപിആർ പത്തിനു മുകളിലുള്ള 266 വാർഡുകളിൽ മാത്രമായിരുന്നു ട്രിപ്പിൾ ലോക്ഡൗൺ. വാർഡുകളുടെ എണ്ണം ഇരട്ടിയിലേറെയായത് കൂടുതൽ ജാഗ്രത വേണമെന്ന സന്ദേശമാണ് നൽകുന്നത്.

ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ വാർഡുകൾ കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്171. പാലക്കാട് (102), കോഴിക്കോട് (89) എന്നിവയാണ് മറ്റു രണ്ടു പ്രധാന ജില്ലകൾ. കഴിഞ്ഞയാഴ്ച ഒരു വാർഡുമില്ലാതിരുന്ന കോട്ടയം ജില്ലയിൽ ഇത്തവണ 26 വാർഡുകളുണ്ട്. ഇതുവരെ വാർഡ് അടിസ്ഥാനത്തിലാണു മൈക്രോ കണ്ടെയ്ൻ മെന്റ് സോൺ നിശ്ചയിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നത്. ഇനിമുതൽ കോവിഡ് വ്യാപനമുള്ള ചെറിയ പ്രദേശം മാത്രമായും മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കാം. 100 മീറ്റർ പ്രദേശത്ത് ഒറ്റ ദിവസം 5 കേസുകൾ റിപ്പോർട്ട് ചെയ്താൽ അവിടം മൈക്രോ കണ്ടെയ്ന്മെന്റ് സോൺ ആക്കാമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ (ദുരന്ത നിവാരണ വകുപ്പ്) ഉത്തരവിൽ പറയുന്നു.

പത്തിലേറെ അംഗങ്ങളുള്ള കൂട്ടുകുടുംബത്തിൽ കോവിഡ് വ്യാപനമുണ്ടായാൽ ആ വീട് മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കാം. തെരുവുകൾ, മാർക്കറ്റുകൾ, ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ, തൊഴിൽശാലകൾ, ഓഫിസുകൾ, ഐടി കമ്പനികൾ, വെയർഹൗസുകൾ, ലേല കേന്ദ്രങ്ങൾ, ഹൗസിങ് കോളനി, ഷോപ്പിങ് മാൾ, വ്യവസായ സ്ഥാപനം, ഫ്‌ളാറ്റ്, തുറമുഖം, മത്സ്യവിപണന കേന്ദ്രം എന്നിവയിലേതും മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഓണക്കാലത്ത് ആൾക്കൂട്ടം നിയന്ത്രിക്കാനുള്ള കർശന നടപടികൾ ഉണ്ടായേക്കും.

സംസ്ഥാനത്ത് ഇന്നലെ 21,445 പേർക്കു കോവിഡ്. 1,45,582 സാംപിളുകൾ പരിശോധിച്ചപ്പോൾ 14.73 % ആണു കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ). 160 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 18,280 ആയി. 20,723 പേർ കോവിഡ് മുക്തരായി. ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്: മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂർ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂർ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസർകോട് 578.

ഡബ്ല്യു.ഐ.പി.ആർ. എട്ടിനു മുകളിലുള്ള വാർഡുകൾ

തിരുവനന്തപുരം- 6, കൊല്ലം- 7, പത്തനംതിട്ട- 6, ആലപ്പുഴ- 13, കോട്ടയം- 26, ഇടുക്കി- 0, എറണാകുളം- 51, തൃശ്ശൂർ- 85, പാലക്കാട്- 102, മലപ്പുറം- 171, കോഴിക്കോട്- 89, വയനാട്- 47, കണ്ണൂർ- 7, കാസർകോട്- 24. ഒരു പ്രദേശത്തെ കോവിഡ് ബാധിതരെ മൊത്തം ആളുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്നതാണ് ഡബ്ല്യു.ഐ.പി.ആർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP