Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ പൊലീസ് സംരക്ഷണം നൽകണം; പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് തുറക്കണം: പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഹൈക്കോടതി ഉത്തരവ്

തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ പൊലീസ് സംരക്ഷണം നൽകണം; പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചേർന്ന് തുറക്കണം: പ്രശ്‌നമുണ്ടാക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി: കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാൻ ഓർത്തഡോക്‌സ് സഭയിലെ വികാരിക്കും ഇടവകക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. വികാരി ഫാ.എ.വി.വർഗീസ് നൽകിയ ഹർജിയിലാണു നിർദ്ദേശം. പൂട്ടിക്കിടക്കുന്ന പള്ളി കോട്ടയം കലക്ടറും ജില്ലാ പൊലീസ് മേധാവിയും തുറക്കണം എന്നാണ് നിർദ്ദേശം. തിരുവാർപ്പ് മർത്തശ്മൂനി പള്ളി സംബന്ധിച്ചുള്ള മുൻസിഫ് കോടതിയുടെ ഉത്തരവ് ആറാഴ്ചയ്ക്കകം നടപ്പാക്കാനും ഹൈക്കോടതി ഉത്തരവ് പാലിച്ചതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഹൈക്കോടതി രജിസ്റ്റ്രാർക്ക് ആറാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനുമാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശിച്ചത്.

പള്ളി തുറക്കാൻ രണ്ട് വർഷം മുമ്പ് സിവിൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്‌നം ആരോപിച്ച് പള്ളി തുറക്കാൻ വേണ്ട നടപടികൾ പൊലീസ് ചെയ്തില്ല. ഇതോടെയാണ് പള്ളി വികാരി ഹൈക്കോടതിയെ സമീപിച്ചത്. രണ്ടുവർഷം കഴിഞ്ഞിട്ടും സിവിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. നിയമം നടപ്പാക്കേണ്ടവർ നടപ്പാക്കാത്തത് നാണക്കേടാണെന്നു കോടതി പറഞ്ഞു. കോട്ടയം മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കാൻ വേണ്ട നടപടികൾക്ക് സംസ്ഥാന പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

എതിർ കക്ഷികളുടെ തടസ്സമില്ലാതെ കർമാനുഷ്ഠാനങ്ങൾ ഹർജിക്കാരനും ഇടവകക്കാർക്കും നടത്താൻ സർക്കാരും പൊലീസും അടക്കമുള്ളവർ മതിയായ സംരക്ഷണം നൽകണം. ഉത്തരവ് സുഗമമായി നടപ്പാക്കുന്നതിന് ആരെങ്കിലും പ്രശ്‌നമുണ്ടാക്കുകയോ തടസ്സമുണ്ടാക്കുകയോ ചെയ്താൽ കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രകോപനമുണ്ടാക്കുന്നവരും ഗൂഢാലോചന നടത്തുന്നവരുമുണ്ടെങ്കിൽ അവർക്കെതിരെയും കേസെടുക്കണം.

ഉത്തരവ് നടപ്പാക്കുമ്പോൾ തടസ്സങ്ങളുണ്ടായാൽ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കണം. രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും പ്രത്യേക സംഘം രൂപീകരിക്കണം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ വിചാരണ കോടതി ഈ ഉത്തരവിന്റെ പൊരുളും കണക്കിലെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ക്രമസമാധാന പ്രശ്‌നം മൂലം കോടതിയുടെ ഉത്തരവ് നടപ്പാക്കാനായില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നിലപാട് അംഗീകരിച്ചാൽ രാജ്യത്ത് നിയമവാഴ്ചയില്ലെന്നു കോടതി പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് അരാജകത്വത്തിലേക്ക് നയിക്കും. പള്ളിയും പരിസരവും ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കലക്ടർ ഏറ്റെടുത്തതാണ്. എന്നിട്ടും മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാൻ സമയം വേണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പ്രേരണയിൽ കോൾഡ് സ്റ്റോറേജിൽ വയ്ക്കാനല്ല കോടതി ഉത്തരവിടുന്നത്. കോടതി ഉത്തരവ് നടപ്പാക്കാനായി എത്തുമ്പോൾ ഹർജിക്കാരനെയും ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും തടയാൻ എതിർകക്ഷികൾക്ക് അധികാരമില്ല. സിവിൽ കോടതി ഉത്തരവിനെതിരെ ഒരു പൗരന് തെരുവിൽ പോയി പ്രതിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഓർത്തഡോക്‌സ് സഭ
മർത്തശ്മൂനി പള്ളിയെ സംബന്ധിച്ചുള്ള ഉത്തരവ് ആറാഴ്ചയ്ക്കുള്ളിൽ നടപ്പാക്കണമെന്ന വിധി സഭ സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. ഈ പള്ളി മലങ്കര ഓർത്തഡോക്‌സ് സഭയുടെ 1934 ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന് കോട്ടയം മുൻസിഫ് കോടതി ഉത്തരവ് വന്നിട്ടു രണ്ടു വർഷമായി. ഒരു വർഷം മുൻപ് കോടതി നിർദേശപ്രകാരം പള്ളി ജില്ലാ കലക്ടർ ഏറ്റെടുത്തു. എന്നിട്ടും പള്ളി ഓർത്തഡോക്‌സ് സഭയ്ക്കു കൈമാറാൻ തയാറാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

നിയമവ്യവസ്ഥ അനുസരിച്ച് കോടതിവിധി സമാധാനപരമായി നടപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അധികാരികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നാണു പ്രതീക്ഷയെന്നും മാർ ദിയസ്‌കോറസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP