Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി.ടി.യുടെ അടിയന്തര പ്രമേയ നോട്ടിസിന് 'കടക്കു പുറത്ത്' എന്ന് 'മുഖ്യമന്ത്രി' പികെ ബഷീറിന്റെ മറുപടി; സമാന്തര സമ്മേളനത്തിൽ നടന്നത് ട്രോളൽ; നിയമസഭാ ഗേറ്റിലെ ഇടപെടലിൽ വിഡിയും കൂട്ടരും ഞെട്ടിച്ചത് പിണറായിയെ; കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ 'ഹൈക്കമാണ്ട്' ഇടപെടലും വെറുതെയായി; ഡോളർ കടത്തിൽ നേട്ടം പ്രതിപക്ഷത്തിന്

പി.ടി.യുടെ അടിയന്തര പ്രമേയ നോട്ടിസിന് 'കടക്കു പുറത്ത്' എന്ന് 'മുഖ്യമന്ത്രി' പികെ ബഷീറിന്റെ മറുപടി; സമാന്തര സമ്മേളനത്തിൽ നടന്നത് ട്രോളൽ; നിയമസഭാ ഗേറ്റിലെ ഇടപെടലിൽ വിഡിയും കൂട്ടരും ഞെട്ടിച്ചത് പിണറായിയെ; കോൺഗ്രസിലെ ഗ്രൂപ്പ് മാനേജർമാരുടെ 'ഹൈക്കമാണ്ട്' ഇടപെടലും വെറുതെയായി; ഡോളർ കടത്തിൽ നേട്ടം പ്രതിപക്ഷത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ ബഹളം രൂക്ഷമാക്കാതിരിക്കുക. സഭ സത്ംഭിപ്പിച്ചുള്ള മുദ്രാവാക്യം പരമാവധി ഒഴിവാക്കുക-ഇതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. മുട്ടിൽ മരം മുറിയിലെ പ്രതിഷേധത്തിലും എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടുള്ള ഇടപെടലിലും നിറഞ്ഞത് ഈ തന്ത്രമാണ്. ഇത് തന്നെ സ്വർണ്ണ കടത്തിലും നടക്കുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. ഇതാണ് എല്ലാ അർത്ഥത്തിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും കൂട്ടരും അപ്രസക്തമാക്കിയത്.

ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ വിവാദ മൊഴി ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാൻ പോലും സ്പീക്കർ തയാറാകാത്തതിനെതിരെ നിയമസഭാ ഗേറ്റിൽ സമാന്തര നിയമസഭാ സമ്മേളനം ചേർന്നു പ്രതിപക്ഷത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം മുഖ്യമന്ത്രിയേയും ഞെട്ടിച്ചു. ഇത്തരം പ്രതിഷേധങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കരുതെന്നാണ് സർക്കാരിന്റെ നിലപാട്. ഇതിനെതിരെ റൂളിങ് നൽകാൻ സ്പീക്കറും തയ്യാറാകുമെന്ന് റിപ്പോർട്ടുണ്ട്.

സഭയ്ക്കു പുറത്തു പ്രതിപക്ഷം സമാന്തര സമ്മേളനം നടത്തി മുഖ്യമന്ത്രിയെ ഞെട്ടിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും എല്ലാം സഭയ്ക്ക് പുറത്തെ സമാന്തര സമ്മേളനത്തിൽ എത്തി. പറയാനുള്ളതെല്ലാം വ്യക്തതയോടെ അവർ അവതരിപ്പിച്ചു. എല്ലാ ചാനലുകളിൽ ലൈവായി പോവുകയും ചെയ്തു. പ്രതിപക്ഷ ഭാഗം ജനങ്ങളിലേക്ക് എത്തുമ്പോൾ സർക്കാരിന് വിശദീകരണവും ഇല്ലാതെയായി. ഈ പുതിയ പ്രതിഷേധം ഇടതു സർക്കാരിനേടും ഞെട്ടിച്ചു. സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇത്തരത്തിലൊരു പ്രതിഷേധം.

പ്രതിപക്ഷ ഇടപെടലുകൾ പോരെന്നും വിഡി സതീശൻ പരാജയമാണെന്നും കോൺഗ്രസ് ഹൈക്കമാണ്ടിന് ചില ഗ്രൂപ്പ് മാനേജർമാർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതു മാതൃകയിലെ പ്രതിഷേധ രീതിപുറത്തെടുത്ത് ഭരണപക്ഷത്തേയും ഒപ്പം കോൺഗ്രസിലെ ഗ്രൂപ്പ് ശത്രുക്കളേയും വിഡി ഞെട്ടിച്ചത്. സർക്കാരിനെതിരായ വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന പ്രതിപക്ഷ ധർമ്മമാണ് സഭയിൽ അടിപിടിയും വാക്കേറ്റവും ഇല്ലാതെ വിഡിയും ടീമും ചെയ്തത്.

സഭയുടെ മുഖ്യ കവാടത്തിനു മുന്നിൽ 2014 ൽ ജനുവരി 7ന് ഷാമിയാന കെട്ടി അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് നടത്തിയ പ്രതിഷേധം ശ്രദ്ധേയമായിരുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ നടത്തിയ പ്രതിഷേധത്തിൽ അന്നത്തെ സ്പീക്കർ ജി കാർത്തികേയന്റെ റൂളിങ് വന്നിരുന്നു. സഭയുടെ ചരിത്രത്തിൽ ആദ്യമായാണു സഭാ കവാടത്തിനു മുന്നിൽ ഷാമിയാന കെട്ടിയുള്ള പ്രതിഷേധമെന്നും ഇത് ആശാസ്യമല്ലെന്നും ഭാവിയിൽ ഇത്തരം നടപടികൾ പാടില്ലെന്നും സ്പീക്കർ അന്നു പറഞ്ഞു.

നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് സഭയുടെ മുഖ്യ കവാടവും പരിസരവും ഉൾപ്പെടെയുള്ള ഭാഗങ്ങൾ സ്പീക്കറുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ഇന്നലത്തെ പ്രതിഷേധത്തിനെതിരെ ഇന്നു സ്പീക്കറുടെ റൂളിങ് ഉണ്ടാകാൻ ഇടയുണ്ട്. സഭയുടെ അന്തസ്സിനെ ഇടിക്കുന്ന പരിപാടിയാണ് ഇതെന്ന വാദമാണ് ഇടതുപക്ഷത്തിനുള്ളത്. ഇതാകും റൂളിങിലും പ്രതിഫലിക്കുക.

മുഖ്യമന്ത്രിക്കു ഡോളർ കടത്തിൽ പങ്കുണ്ടെന്ന സ്വർണക്കടത്തു കേസ് പ്രതികളുടെ മൊഴി പുറത്തു വന്നതിനാൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്നു വി.ഡി.സതീശൻ ആവശ്യപ്പെട്ടു. നിരപരാധിയായ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തവർക്കു കാലം മുഖമടച്ചു കൊടുത്ത അടിയാണു സ്വർണക്കടത്തു കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ. കേസിലെ പ്രതിയായ സ്വപ്നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നു പറയുന്ന സിപിഎം, തട്ടിപ്പു കേസിൽ പ്രതിയായ സ്ത്രീയുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും മറക്കരുത്-ഇതായിരുന്നു വിഡിയുടെ ആവശ്യം.

സമാന്തര സമ്മേളനത്തിൽ മുസ്ലിം ലീഗ് അംഗങ്ങളായ എൻ.ഷംസുദ്ദീൻ 'സ്പീക്കറും' പി.കെ.ബഷീർ 'മുഖ്യമന്ത്രി'യുമായപ്പോൾ പി.ടി.തോമസ് സഭയ്ക്കകത്തു നിഷേധിക്കപ്പെട്ട അടിയന്തര പ്രമേയ നോട്ടിസ് പുറത്ത് അവതരിപ്പിച്ചു മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. പുറത്തും പ്രതിപക്ഷ നേതാവായിത്തന്നെ വോക്കൗട്ട് പ്രസംഗം നടത്തിയ വി.ഡി.സതീശൻ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ തെറ്റായിരുന്നെങ്കിൽ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്ക് നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നെന്നും അദ്ദേഹത്തിനു ഭയമാണെന്നും കുറ്റപ്പെടുത്തി.

അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ പ്രതിപക്ഷ അംഗത്തിന് അവസരം നൽകുകയും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ മറുപടിക്കു ശേഷം പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും ചെയ്യുന്നതാണു സഭയിലെ പൊതുരീതി. വോക്കൗട്ട് പ്രസംഗത്തിനു പ്രതിപക്ഷ നേതാവിനും അവസരം നൽകും. എന്നാൽ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ചട്ടപ്രകാരം നോട്ടിസ് തന്നെ തള്ളുകയാണെന്നു സ്പീക്കർ അറിയിച്ചു.

10 മിനിറ്റോളം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു കവാടത്തിലെത്തി അവിടെ കുത്തിയിരുന്നു. തുടർന്നാണു ഗേറ്റിനു പുറത്തേക്കു നീങ്ങി സമാന്തര സമ്മേളനം ചേർന്നത്. അവിടെ പി.ടി.തോമസിന്റെ അടിയന്തര പ്രമേയ നോട്ടിസിന് 'കടക്കു പുറത്ത്' എന്നായിരുന്നു 'മുഖ്യമന്ത്രി' പി.കെ.ബഷീറിന്റെ മറുപടി. പിന്നാലെ 'സ്പീക്കർ' എൻ.ഷംസുദ്ദീൻ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. സതീശനു പുറമേ ഘടകകക്ഷി നേതാക്കളും ആർഎംപി അംഗം കെ.കെ.രമയും 'വോക്കൗട്ട്' പ്രസംഗം നടത്തിയതോടെ 'സമാന്തര സഭ' പിരിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP