Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിയരികിൽ കാത്തുനിന്ന് നടത്തുന്നത് കൂട്ടായ്മക്കവർച്ച; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇല്ലാത്ത അധികാരം കല്പിച്ചുണ്ടാക്കിയാണ് പൊലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് കെമാൽപാഷ; 'പെറ്റി സർക്കാർ' വിവാദം തുടരുമ്പോൾ

വഴിയരികിൽ കാത്തുനിന്ന് നടത്തുന്നത് കൂട്ടായ്മക്കവർച്ച; പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇല്ലാത്ത അധികാരം കല്പിച്ചുണ്ടാക്കിയാണ് പൊലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് കെമാൽപാഷ; 'പെറ്റി സർക്കാർ' വിവാദം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വഴിയരികിൽ കാത്തുനിന്ന് പൊലീസ് നടത്തുന്നത് കൂട്ടായ്മക്കവർച്ചയാണെന്ന് റിട്ട. ജസ്റ്റിസ് കെമാൽ പാഷ. ഒരു നിയമപ്രകാരവും മനുഷ്യാവകാശ ലംഘനം നടത്താൻ പൊലീസിന് അധികാരമില്ലെന്നും കേസെടുക്കാമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. ശാരീരികമായി മർദിക്കാനോ വസ്തുവകകൾ നശിപ്പിക്കാനോ അധികാരമില്ലെന്ന് അഡ്വ. കാളീശ്വരം രാജും പറയുന്നു.

സംസ്ഥാനത്ത് സാധാരണക്കാർക്കുനേരെയുള്ള ഭരണകൂട അതിക്രമം വർധിക്കുന്നുവെന്ന വിലയിരുത്തലിന് ഇടെയാണ് നിയമ വിദഗ്ധരുടെ നിലപാട് വിശദീകരണം. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇല്ലാത്ത അധികാരം കല്പിച്ചുണ്ടാക്കിയാണ് പൊലീസ് മനുഷ്യാവകാശ ലംഘനം നടത്തുന്നതെന്നാണ് കെമാൽപാഷയുടെ നിലപാട്. നിശ്ചിതയെണ്ണം പെറ്റിക്കേസ് എടുക്കണമെന്ന് പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും റിട്ട. ജസ്റ്റിസ് കെമാൽ പാഷ വിശദീകരിക്കുന്നു.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് സാധാരണക്കാരെ മർദിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. നിസ്സാരകാര്യങ്ങൾക്ക് വൻതുക പിഴചുമത്തുന്നതും പതിവായി. പ്രതികരിക്കുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന ഭീഷണിയാണ് പൊലീസിന്റേത് എന്നാണ് അഭിപ്രായം. കോവിഡ് നിയന്ത്രണങ്ങൾ മാന്യമായരീതിയിൽ നടപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവും അട്ടിമറിക്കുകയാണ് പൊലീസ്.

ചൊവ്വാഴ്ച തിരുവനന്തപുരത്തെ ആറ്റിങ്ങൽ നഗരസഭയിൽ വഴിയോരക്കച്ചവടം തടയാനെത്തിയ നഗരസഭാ ജീവനക്കാർ മത്സ്യത്തൊഴിലാളിയായ സ്ത്രീയെയാണ് മർദിച്ചത്. ഈ മർദ്ദനം നടത്തിയവർക്കെതിരെ സ്ത്രീ സുരക്ഷാ നിയമങ്ങളിൽ കേസെടുക്കാം. അതു ചെയ്യുന്നില്ല. ദുരിതകാലത്ത് പൊലീസ് മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതരത്തിൽ പെരുമാറുന്നത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.

കൊല്ലം പാരിപ്പള്ളി-പരവൂർ റോഡരികിലെ പുരയിടത്തിൽ വയോധികയുടെ കച്ചവടത്തിനായുള്ള മീൻ പാരിപ്പള്ളി പൊലീസ് നശിപ്പിച്ചതിൽ തുടങ്ങുന്നു അതിക്രമങ്ങളുടെ കഥകൾ. കാസർകോട് കോടോം-ബെളൂർ പഞ്ചായത്തിലെ പശുവിന് പുല്ലരിയാൻ ആളൊഴിഞ്ഞ പറമ്പിൽ ഇറങ്ങിയ ക്ഷീരകർഷകൻ ആറ്റേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണന് 2000 രൂപ പിഴചുമത്തിയതും ചർച്ചയായി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബലിതർപ്പണത്തിന് കാറിൽപ്പോയ ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിൽ നവമിയിൽ നവീനും അമ്മയ്ക്കും പൊലീസ് 2000 രൂപ പിഴയിട്ടു. അഞ്ഞൂറ് രൂപയുടെ രസീതാണ് നൽകിയത്. സംഭവത്തിൽ ശ്രീകാര്യം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അരുൺ ശശിയെ സസ്‌പെൻഡ് ചെയ്തു.

ചടയമംഗലത്ത് ബാങ്കിനുമുന്നിൽ വരിനിന്നയാൾക്കെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നപേരിൽ പെറ്റിക്കേസെടുത്തു. ഇത് ചോദ്യംചെയ്ത പ്ലസ്ടു വിദ്യാർത്ഥിനി ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്‌ക്കെതിരേ ജോലി തടസ്സപ്പെടുത്തിയെന്ന പേരിൽ ചടയമംഗലം പൊലീസ് കേസെടുത്തു. ഇങ്ങനെ പോകുന്ന മനസാക്ഷിയെ ഞെട്ടിച്ച പൊലീസ് ഇടപെടലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP